"ലാൻഡ് ചെയ്യരുത്, വീണ്ടും വട്ടമിട്ടു പറക്കൂ": വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ ഭൂചലനം| നടുക്കുന്ന ദൃശ്യങ്ങൾ
ലോസ് ആഞ്ചലസ്: ഞായറാഴ്ച രാവിലെയാണ് അമെരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനെത്തുടർന്ന്, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ, ലാൻഡിങ്ങിനായി എത്തിയ ഡെൽറ്റ എയർലൈൻസ് വിമാനത്തോട് ലാൻഡിങ് ഒഴിവാക്കാൻ നിർദേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന്, ഡെൽറ്റ ഫ്ലൈറ്റ് 1972-നോട് വീണ്ടും വട്ടമിട്ടു പറക്കാൻ കൺട്രോളർ ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നു."ഡെൽറ്റ 1972, വീണ്ടും വട്ടമിട്ടു പറക്കുക ഡെൽറ്റ 1972, വീണ്ടും വട്ടമിട്ടു പറക്കുക. ഇവിടെ വലിയൊരു ഭൂകമ്പം ഉണ്ടാകുന്നുണ്ട്," എന്ന് കൺട്രോളർ പറയുന്നത് വീഡിയോയിൽ കേൾക്കാം.ഭൂകമ്പം വിമാനത്താവളത്തിന്‍റെ ചില ഭാഗങ്ങളെ കുലുക്കിയപ്പോൾ, പൈലറ്റ് നിർദേശങ്ങൾ പാലിച്ച് ലാൻഡിങ് ശ്രമം ഉപേക്ഷിക്കുന്നതും വീണ്ടും ഉയർന്ന് വട്ടമിട്ട് പറക്കുന്നതും കാണാം.
ലോസ് ആഞ്ചലസ് നഗരത്തിന് തെക്കുപടിഞ്ഞാറായി തീരദേശ നഗരമായ മാൻഹട്ടൻ ബീച്ചിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തുടർന്ന് നിരവധി തുടർചലനങ്ങളുണ്ടായി. ഭൂചലനത്തിൽ റോസ് ബൗൾ സ്റ്റേഡിയത്തിലെ പ്രസ് ബോക്സ് കുലുങ്ങി. സതേൺ കാലിഫോർണിയ സർവകലാശാലയും കാലിഫോർണിയ സർവകലാശാലയും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിന് മുന്നോടിയായാണ് സംഭവം.