വിസ്കോൺസിനിൽ നിന്ന് എത്തിച്ച പതിനെട്ടടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയ

 
World

ക്രിസ്മസിനെ വരവേൽക്കാൻ വൈറ്റ് ഹൗസ്|വീഡിയോ

വിസ്കോൺസിനിൽ നിന്ന് എത്തിച്ച പതിനെട്ടടി ഉയരമുള്ള ക്രിസ്മസ് ട്രീയെ സ്വീകരിച്ച് മെലാനിയ

വാഷിങ്ടൺ ഡിസി: അമെരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി . 2026ലെ ഔദ്യോഗിക ക്രിസ്മസ് ട്രീയെ പ്രഥമ വനിത മെലാനിയ ട്രംപ് നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വീകരിച്ചു. വിസ്കോൺസിൻ സംസ്ഥാനത്തെ എൻഡവറിലുള്ള സൈലന്‍റ് നൈറ്റ് എവർഗ്രീൻസ് എന്ന വൃക്ഷത്തോട്ടത്തിൽ വളർത്തിയ പതിനെട്ട് അടി ഉയരമുള്ള കോൺകളർ ഫിർ മരമാണ് ഇത്തവണ വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക ക്രിസ്മസ് ട്രീയായി തെരഞ്ഞെടുക്കപ്പെട്ടത്.

ക്രിസ്മസ് ട്രീ എത്തിയത് പരമ്പരാഗത രീതിയിൽ അലങ്കരിച്ച കുതിര വണ്ടിയിൽ

പരമ്പരാഗത രീതിയില്‍ കുതിരകള്‍ വലിക്കുന്ന അലങ്കരിച്ച വാഹനത്തിലാണ് ക്രിസ്മസ്ട്രീ വൈറ്റ് ഹൗസിലേക്ക് എത്തിച്ചത്. പത്തുവര്‍ഷം അമേരിക്കന്‍ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഫെഡെക്‌സ് ഫ്രെയ്റ്റ് ഡ്രൈവര്‍ ചക്ക് ജെന്‍സനാണ്‌ വിസ്‌കോണ്‍സിനില്‍നിന്ന് വാഷിങ്ടണിലേക്ക് മരം എത്തിച്ചത്.ചാപ്മാന്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഈ വൃക്ഷത്തോട്ടം നാലാം തവണയാണ് വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക ക്രിസ്മസ് ട്രീ നല്‍കാനുള്ള ബഹുമതി നേടുന്നത്.ഇതിനുമുമ്പ് 1998, 2003, 2017 വര്‍ഷങ്ങളിലും ഇവിടെനിന്നാണ് ക്രിസ്മസ് ട്രീ എത്തിച്ചിരുന്നത്.

നാഷണല്‍ ക്രിസ്മസ് ട്രീ അസോസിയേഷന്‍റെ ദേശീയ മത്സരത്തില്‍ വിജയിച്ചതിനെതുടര്‍ന്ന് സെപ്റ്റംബര്‍ 21-നാണ് വൈറ്റ് ഹൗസ് അധികൃതര്‍ ഈ മരം തിരഞ്ഞെടുത്തത്.1966 മുതല്‍ ദേശീയ മത്സരത്തിലൂടെ വൈറ്റ് ഹൗസിലേക്ക് ക്രിസ്മസ് ട്രീ നല്‍കുന്ന പാരമ്പര്യം അസോസിയേഷന്‍ തുടരുകയാണ്.

ക്രിസ്മസ് ട്രീ സ്ഥാപിക്കുക വൈറ്റ് ഹൗസിലെ ബ്ലൂ റൂമിൽ

പ്രമേയം "അമെരിക്കൻ ബ്ലൂം'

വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണ് ഈ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നത്. ക്രിസ്മസ് ആഘോഷകാലം മുഴുവന്‍ വൈറ്റ് ഹൗസിലെ പ്രധാനആകര്‍ഷണങ്ങളിലൊന്നായി ഇത് മാറും. ‘അമേരിക്കന്‍ ബ്ലൂം’ എന്ന പ്രമേയത്തിലാണ് ഇത്തവണ വൈറ്റ്ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താങ്ക്‌സ്ഗിവിങ് ആഘോഷങ്ങള്‍ക്കുശേഷം അലങ്കാരങ്ങള്‍ ഔദ്യോഗികമായി അനാവരണംചെയ്യും.ക്രിസ്മസ് ട്രീ സ്വീകരിച്ച മെലാനിയ ട്രംപ് എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകൾ നേരുന്നതിനൊപ്പം ലോക സമാധാനമാണ് തന്‍റെ ക്രിസ്മസ് ആഗ്രഹമെന്നും വ്യക്തമാക്കി.