അമെരിക്കയ്ക്കു മേൽ സമ്മർദ്ദം ചെലുത്തി ജി 7 രാജ്യങ്ങൾ
പാരിസ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നീതിപൂർവമായ സമാധാന കരാർ ഉറപ്പാക്കണമെന്നും ഇറാനുമായുള്ള പുതിയ സൈനിക സംഘർഷം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ജി7 രാജ്യങ്ങൾ. പാരിസിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന യോഗത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ നിലപാടിൽ വ്യക്തത തേടുന്നത്.
ബ്രിട്ടൻ, ക്യാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അമെരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ ആഗോള സുരക്ഷാ വെല്ലുവിളികളും അന്താരാഷ്ട്ര പ്രതിസന്ധികളും പ്രധാന ചർച്ചാ വിഷയങ്ങളാണ്. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ പ്രതികൂലമായ വ്യവസ്ഥകൾ അംഗീകരിക്കാൻ അമെരിക്ക നിർബന്ധിക്കുമോ എന്ന ആശങ്കയാണ് യൂറോപ്യൻ രാജ്യങ്ങളെ പ്രധാനമായും അലട്ടുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ സമ്പൂർണ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കാനിരിക്കെ, സമാധാന ചർച്ചകളിൽ യുക്രെയ്ന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് യൂറോപ്പിന്റെ ആവശ്യം. യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കി റഷ്യയുമായി അമേരിക്ക പ്രത്യേക സുരക്ഷാ ധാരണയിലെത്താനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നുണ്ട്
ഇടതു നിന്ന്- 2026 നവംബർ 9-ന് പാരീസിലെ ക്വായ് ഡി ഓർസേയിൽ നടന്ന G7 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ അന്താരാഷ്ട്ര പ്രതിസന്ധികളെയും വെല്ലുവിളികളെയും കേന്ദ്രീകരിച്ചുള്ള ഒരു വർക്കിംഗ് ലഞ്ചിൽ ജർമ്മനിയുടെ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, EU ഉന്നത പ്രതിനിധിയും വിദേശകാര്യ, സുരക്ഷാ നയ വൈസ് പ്രസിഡന്റുമായ കാജ കല്ലാസ് എന്നിവർ പങ്കെടുക്കുന്നു.
റഷ്യയുമായുള്ള യുക്രെയ്ന്റെ യുദ്ധപരിഹാരത്തിനു പുറമെ യൂറോപ്പിന്റെ സുരക്ഷയും ഉൾക്കൊള്ളുന്ന വിപുലമായ കരാറിന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതും യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചു.അതോടൊപ്പം ഇറാനുമായുള്ള സംഘർഷം പുതിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും ജി7 രാജ്യങ്ങൾ ശ്രമിക്കുന്നു. ആഗോള ഊർജവിതരണത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിച്ച് കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യം.
ഇറാനെതിരായ പുതിയ സൈനിക നടപടികളുടെ സാധ്യത അമേരിക്ക പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെന്ന സാഹചര്യത്തിൽ നയതന്ത്ര പരിഹാരത്തിനാണ് യൂറോപ്യൻ രാജ്യങ്ങൾ മുൻഗണന നൽകുന്നത്. ഇതിനിടെ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അബുദാബിയിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ചർച്ചകൾ നടക്കാനിരിക്കുകയാണ്. പാരീസിലെ ജി7 യോഗവും അബുദാബിയിലെ സമാധാന നീക്കങ്ങളും ഒരേസമയം പുരോഗമിക്കുന്നത് യുക്രെയ്ൻ യുദ്ധത്തിന്റെ ഭാവിയിലും യൂറോപ്പിന്റെ സുരക്ഷാ സാഹചര്യത്തിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധ നിരീക്ഷണം.