ഐസിസ് ഭീകരർ തിരിച്ചു വരുന്നു

 
World

ഐസിസ് ഭീകരർ തിരിച്ചു വരുന്നു

സിറിയയിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ ഐസിസ് കൊലപ്പെടുത്തി

Reena Varghese

മുഷൈർഫ (സിറിയ): സിറിയയിലെ ഹസകയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ രണ്ട് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്.ഹസകയിലെ മുഷൈർഫ പ്രദേശത്തുള്ള ഒരു സൈനിക ആസ്ഥാനമാണ് ഐസിസ് ആക്രമണത്തിന് ഇരയായത് എന്ന് ഹസകയിലെ ആഭ്യന്തര സുരക്ഷാ മേധാവി മർവാൻ അൽ-അലി, ഔദ്യോഗിക വാർത്താ ചാനലായ "എഖ്ബാരിയ'യോടു പറഞ്ഞു. വടക്കു കിഴക്കൻ നഗരമായ ഹസകയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ രണ്ടു സിറിയൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ സർക്കാർ ടെലിവിഷൻ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

നാലോളം ഐസിസ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര സുരക്ഷാ സേന പ്രസ്താവനയിൽ അറിയിച്ചു. നാലു ഭീകരരും കൊല്ലപ്പെട്ടു. ഇതിൽ രണ്ടു പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലും മറ്റു രണ്ടു പേർ ചാവേർ സ്ഫോടനങ്ങളിലുമാണ് മരിച്ചത്. ഫെബ്രുവരിയിൽ പ്രസിഡന്‍റ് അഹമ്മദ് അൽ-ഷറയുടെ സർക്കാരിനെതിരേ ഇസ്ളാമിക് സ്റ്റേറ്റ് പുതിയൊരു ആക്രമണ ഘട്ടം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം പ്രത്യേകിച്ച് വടക്കു കിഴക്കൻ സിറിയയിൽ സൈനിക, സുരക്ഷാ വിഭാഗങ്ങൾക്കെതിരേ അവർ തുടർച്ചയായ ആക്രമണങ്ങൾ നടത്തി വരികയാണ്.

നാലു പ്രവിശ്യകളിലായി പ്രവർത്തിച്ചിരുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റ് ശൃംഖലയെ തകർക്കുകയും അതിലെ നിരവധി നേതാക്കളെയും അംഗങ്ങളെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി സെപ്റ്റംബറിൽ സിറിയൻ അധികൃതർ അറിയിച്ചിരുന്നു.സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് അൽ -ഖ്വയ്ദയുമായി ബന്ധമുള്ള "നുസ്ര ഫ്രണ്ടി'നെ നയിക്കുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ അഹ്മദ് അൽ- ഷറ, 2016-ൽ അൽ-ഖ്വയ്ദയുമായുള്ള ബന്ധവും വിച്ഛേദിച്ചു. അദ്ദേഹത്തിന്‍റെ സർക്കാർ 2025 നവംബറിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നു.

2019-ൽ സിറിയയിൽ തങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന അവസാന പ്രദേശവും ഈ ഭീകരസംഘടനയ്ക്ക് നഷ്ടപ്പെട്ടെങ്കിലും, രഹസ്യ ശൃംഖലകളിലൂടെ അവർ ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.