അഫ്ഗാനിസ്ഥാനിൽ ഐസിസ്-കെ ശക്തിപ്രാപിക്കുന്നു: യുഎൻ
ഐസിസ്-കെ വീണ്ടും ശക്തി പ്രാപിക്കുന്നു എന്ന് യുഎൻ മുന്നറിയിപ്പ് .അഫ്ഗാനിസ്ഥാനിൽ മാത്രം ഐസിസ്-കെയ്ക്ക് ഏകദേശം 2000 അംഗങ്ങളുണ്ടെന്നാണ് അമെരിക്കൻ രഹസ്യാന്വേഷണ വിലയിരുത്തൽ. ആക്രമണ ശേഷി വീണ്ടെടുക്കുന്നതിനൊപ്പം മധ്യേഷ്യയിലേയ്ക്കും റഷ്യയിലേയ്ക്കും ഭീഷണി വ്യാപിപ്പിക്കാനും സംഘടന ശ്രമിക്കുന്നു.
ഡ്രോണുകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, തെർമൽ ഇമേജറുകൾ, എന്നിവ സ്വന്തമാക്കിയതായും അതിർത്തി മേഖലകളിൽ പരിശീലന പ്രവർത്തനങ്ങൾ ഐസിസ് കെ വിപുലീകരിച്ചതായും മുന്നറിയിപ്പു നൽകുന്ന റിപ്പോർട്ടുകൾ ഇതിനകം യുഎൻ പുറത്തു വിട്ടു കഴിഞ്ഞു. 2024ൽ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഐസിസ് ശൃംഖലകളെ റഷ്യ നേരിട്ടുള്ള സുരക്ഷാ ഭീഷണിയായാണ് കാണുന്നത്.
താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് റഷ്യ. മറു വശത്ത് പാക്കിസ്ഥാനും റഷ്യയ്ക്ക് ഭീകര വിരുദ്ധ പങ്കാളിയാണ്. താലിബാനും പാക്കിസ്ഥാനും കടുത്ത ശത്രുതയിലും ആണ്. ഇതാണ് റഷ്യയുടെ തന്ത്രപരമായ പ്രതിസന്ധി. ഐസിസ്-കെയെ നേരിടാൻ താലിബാനുമായി സഹകരിക്കേണ്ടി വരുമ്പോഴും പാക്കിസ്ഥാനുമായുള്ള ബന്ധം സംരക്ഷിക്കേണ്ട ഈ സാഹചര്യം മോസ്കോയുടെ നയതന്ത്രത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
2025 ജൂലൈയിലാണ് റഷ്യ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചത്. അഫ്ഗാനിൽ സുരക്ഷാ സ്വാധീനം നിലനിർത്തേണ്ടത് ഇപ്പോൾ റഷ്യയ്ക്ക് അത്യാവശ്യവുമാണ്. ഐസിസ്-കെയുടെ വളർച്ച മധ്യേഷ്യയുടെ സുസ്ഥിരതയ്ക്കാകെ ഭീഷണിയാണ്. അതു കൊണ്ടു തന്നെ ഐസിസ് കെയെ നേരിടാൻ താലിബാന്റെ ശേഷി വർധിപ്പിക്കേണ്ടത് ഇപ്പോൾ മോസ്കോയുടെ ആവശ്യമായി മാറിയിരിക്കുന്നു. എന്നാൽ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മണ്ണിൽ മറ്റു നിരവധി തീവ്രവാദ സംഘടനകൾക്കും വളക്കൂറുള്ള വേരുകളുണ്ട്. ഈ ആശങ്കയിലാണ് റഷ്യ ഇപ്പോൾ.
അഫ്ഗാൻ മണ്ണിൽ അഭയം കണ്ടെത്തുന്ന തെഹ് രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ(റ്റിറ്റിപി) ഉൾപ്പടെയുള്ള സായുധ സംഘടനകൾ പാക്കിസ്ഥാനെതിരേ ആക്രമണം നടത്തുന്നതു മൂലം അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം വർധിച്ചു വരികയാണ്. ഒരു വശത്ത് താലിബാനെ
ഐസിസ്-കെയ്ക്കെതിരേ ശക്തിപ്പെടുത്താൻ റഷ്യ ശ്രമിക്കുമ്പോൾ മറുവശത്ത് പാക്കിസ്ഥാന്റെ സുരക്ഷാ താൽപര്യങ്ങൾക്കെതിരേ ഏറ്റു മുട്ടേണ്ട സാഹചര്യത്തിലുമാണ്. ഐസിസ്-കെയുടെ താജിക്, ഉസ്ബെക്, റഷ്യൻ ഭാഷകളിലുള്ള പ്രചാരണ ശൃംഖലകളും മോസ്കോയുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഭീകരവാദം സൈനിക ആക്രമണങ്ങളിൽ മാത്രം ഒതുങ്ങാതെ ഡിജിറ്റൽ പ്രചാരണത്തിലൂടെയും അതിർത്തികൾ കടന്ന് വ്യാപിക്കുകയാണെന്നതും വെല്ലുവിളിയാണ്