ലോസ് ഏഞ്ചൽസ് മേയർ പോരാട്ടത്തിനു നിത്യ രാമനും
ലോസ് ഏഞ്ചൽസ്: അമെരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചൽസിന്റെ മേജർ പദവിയിലേയ്ക്ക് കേരളത്തിൽ വേരുകളുള്ള നിത്യ രാമൻ തെരഞ്ഞെടുക്കപ്പെടുമോ എന്നത് അമെരിക്കയിലെ ഇന്ത്യൻ വംശജർ ഉറ്റുനോക്കുകയാണ്.നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ കാരെൻ ബാസിനെതിരേ ശക്തമായ ജനവികാരമുയർത്തിയാണ് 45 കാരിയായ നിത്യ രാമൻ മുന്നേറുന്നത്. വിജയിച്ചാൽ ലോസ് ഏഞ്ചൽസിന്റെ ചരിത്രത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ/ ഇന്ത്യൻ വംശജയായ മേയർ എന്ന ചരിത്ര നേട്ടം തൃശൂരിൽ വേരുകളുള്ള നിത്യയ്ക്ക് സ്വന്തമാകും.
അവസാന ഘട്ടത്തിലേയ്ക്കു നീങ്ങുന്ന പ്രചരണങ്ങളിൽ നിത്യയ്ക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ. സെപ്റ്റംബർ പകുതിയോടെ യുസി ബെർക്ക് ലി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗവണ്മെന്റൽ സ്റ്റഡീസ് (UC Berkeley IGS) നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിത്യ രാമൻ കാരെൻ ബാസിനേക്കാൾ 11 പോയിന്റുകൾക്കു മുന്നിലാണ്.കൂടാതെ ഒക്റ്റോബർ രണ്ടാം വാരത്തിലെ കണക്കുകൾ പ്രകാരം ബെറ്റിങ് ഏജൻസിയായ ‘കൽഷി’ (Kalshi) നിത്യയ്ക്ക് 54 മുതൽ 56 ശതമാനം വരെ വിജയസാധ്യതയാണ് പ്രവചിക്കുന്നത്. 2025 ജനുവരിയിൽ ലോസ് ഏഞ്ചൽസിലെ ‘പാലിസേഡ്സ് കാട്ടുതീ’ ദുരന്തസമയത്ത് മേയർ കാരെൻ ബാസ് രാജ്യത്തുണ്ടായിരുന്നില്ല. ഇതുയർത്തിക്കാട്ടി ദുരന്ത നിവാരണ വീഴ്ചകൾ ഭരണകൂടത്തോടുള്ള ജനങ്ങളുടെ അസംതൃപ്തിയാക്കി മാറ്റാൻ നിത്യ രാമനു സാധിച്ചു.
പുരോഗമന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മൂവ് മെന്റിന്റെ ശക്തമായ അടിത്തറയുള്ള നേതാവാണ് നിത്യ. താഴെത്തട്ടിലുള്ള വോർട്ടമാരിലേയ്ക്ക് നേരിട്ടെത്താൻ പോന്ന അടിസ്ഥാനമാണ് അത്. വാടക നിയന്ത്രണ നിയമങ്ങൾ കൊണ്ടുവരുന്നതിൽ കൗൺസിൽ അംഗമെന്ന നിലയിൽ നിത്യ കാഴ്ചവെച്ച പ്രകടനം സാധാരണക്കാരായ വോട്ടർമാരെ ആകർഷിക്കുന്നുണ്ട്
എന്നാൽ രണ്ടാഴ്ച മാത്രം വോട്ടെടുപ്പിനു ശേഷിക്കെ കാരൻ ബാസിന്റെ നെഗറ്റീവ് ക്യാംപെയ്നുകൾ വോട്ടർമാരെ സ്വാധീനിച്ചാൽ നിത്യയ്ക്ക് അത് വിപരീത ഫലമായേക്കാം. ലോസ് ഏഞ്ചലസ് സിറ്റി ഹാളിലെ ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും കാരെൻ ബാസിനെയാണ് പിന്തുണയ്ക്കുന്നത്. നിത്യ രാമൻ സഹപ്രവർത്തകരുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടുന്ന ആളാണെന്നും 2028 ഒളിമ്പിക്സിന് വേദിയാകാനിരിക്കുന്ന നഗരത്തെ നയിക്കാൻ പ്രായോഗിക പരിചയമില്ലാത്ത ആളാണെന്നുമാണ് ബാസിന്റെ പ്രധാന ആക്ഷേപം. മുൻ മേയർ സ്ഥാനാർഥിയായ കോടീശ്വരൻ റിക്ക് കരുസോ ഉൾപ്പെടെയുള്ളവർ നിത്യയുടെ പൊലീസ് നയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെയുള്ള ബിഡിഎസ് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിത്യ സ്വീകരിച്ച നിലപാടുകൾ മൂലം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നാഷണൽ കമ്മിറ്റി നിത്യയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇടതു പക്ഷ ഗ്രൂപ്പുകളിലുണ്ടായ ഈ ഭിന്നത ഇടതു പക്ഷ വോട്ടു ചോർച്ചയ്ക്കും ഇടയാക്കിയേക്കാം.