ഇറാന്‍റെ ആയുധ ശേഖരം സുസജ്ജം

 
World

ഇറാന്‍റെ ആയുധ ശേഖരം സുസജ്ജം

200 കോടി ഡോളറിന്‍റെ രഹസ്യ സൈനിക വിതരണ ശൃംഖല, അയ്യായിരത്തിലധികം ഏജൻസികൾ!

Reena Varghese

ടെഹ്റാൻ: അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങൾക്കു പിന്നാലെ ആരംഭിച്ച സംഘർഷത്തിനിടെ ആയിരക്കണക്കിനു മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടും ആയുധ ശേഖരം പുന:സജ്ജമാക്കാൻ ഇറാന് എങ്ങനെ സാധിക്കുന്നു എന്നതിന്‍റെ നിർണായക വിവരങ്ങൾ പുറത്തായി. 2025 ജനുവരി മുതൽ കുറഞ്ഞത് 200 കോടി ഡോളറിന്‍റെ സൈനിക ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും ഹെവി ഡ്യൂട്ടി ട്രക്കുകളും ഇറക്കുമതി ചെയ്യുന്നതിനായി ‘MOD’ എന്ന പേരില്‍ ആരംഭിക്കുന്ന അയ്യായിരത്തിലധികം രഹസ്യ സൈനിക ഏജൻസികളുടെ ശൃംഖല ഇറാൻ പ്രവർത്തിപ്പിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് റോയിട്ടേഴ്സാണ്. അമെരിക്കൻ നാവിക ഉപരോധവും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും നിലനിൽക്കുമ്പോഴാണ് ഈ നീക്കങ്ങളെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായും രാജ്യത്തെ ഉന്നത നേതൃത്വത്തിന്‍റെ നിയന്ത്രണത്തിലുള്ള ‘ബൊന്യാദ്’ എന്നറിയപ്പെടുന്ന വന്‍കിട ബിസിനസ് സ്ഥാപനങ്ങളുമായും ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ‘MOD’ എന്ന അക്ഷരങ്ങളില്‍ ആരംഭിച്ച് അഞ്ചോ ആറോ അക്കങ്ങളുള്ള നമ്പറുകള്‍ ചേര്‍ത്താണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ടെഹ്റാനിലെ വിലാസമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. 1979 ഫെബ്രുവരി 11 ആണ് സ്ഥാപിത തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും മിക്ക സ്ഥാപനങ്ങളും യഥാര്‍ഥത്തില്‍ രൂപീകരിച്ചത് 2013-ലാണെന്ന് കോര്‍പറേറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. വ്യാജ കമ്പനികളും ഇടനിലക്കാരും വിദേശ ഷെല്‍ കമ്പനികളും ഉപയോഗിച്ച് എണ്ണവില്‍പ്പനയില്‍ നിന്നുള്ള വരുമാനം സൈനിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ഈ ശൃംഖലയുടെ പ്രധാന പ്രവര്‍ത്തനം. റോയിട്ടേഴ്സ് പരിശോധിച്ച ഇടപാടുകളില്‍ 97 ശതമാനവും നേരിട്ടുള്ള പണമിടപാടുകളില്ലാതെയാണ് തീര്‍പ്പാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

240 അനലിറ്റിക്സിലെ സാമ്പത്തിക വിദഗ്ധന്‍ നോമ് ബിന്‍സ്റ്റോക്കാണ് 2025 ജൂണില്‍ ചോര്‍ന്ന ബാങ്ക് സെപാ രേഖകള്‍ പരിശോധിക്കുന്നതിനിടെ ഈ ശൃംഖലയുടെ പ്രവര്‍ത്തനരീതി കണ്ടെത്തിയത്. ഐആര്‍ജിസി ഉദ്യോഗസ്ഥരുടെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട രേഖകളിലൂടെയായിരുന്നു അന്വേഷണം ആരംഭിച്ചത്. 2024 അവസാനത്തോടെ 36 ഏജന്‍സികളുടെ വിദേശ കറന്‍സി നിക്ഷേപം മാത്രം 120 കോടി ഡോളറായിരുന്നുവെന്നും മറ്റ് ഏജന്‍സികളുടെ കൈവശം ഏകദേശം 180 കോടി ഡോളറിന്‍റെ പ്രാദേശിക കറന്‍സി ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. 2025 ജനുവരി മുതല്‍ 2026 ജൂണ്‍ വരെ 230 കോടി ഡോളറിന്‍റെ സൈനിക ഉപകരണങ്ങളാണ് ഇതിൽ ഒരു ഏജൻസി മാത്രം ഇറക്കുമതി ചെയ്തതായി കണ്ടെത്തിയത്. റോക്കറ്റ് ഇന്ധനത്തിനുള്ള രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, ആയുധ ഭാഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ ചൈനയില്‍നിന്ന് 886 ടണ്‍ രാസവസ്തുക്കളും ഇറക്കുമതി ചെയ്തു. 2025 ഏപ്രില്‍ 26-ന് തെക്കന്‍ ഇറാനിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ വന്‍ സ്‌ഫോടനത്തിന് ഈ ചരക്കുകളിലൊന്നിലുണ്ടായിരുന്ന സോഡിയം പെര്‍ക്ലോറേറ്റ് കാരണമായെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. അന്ന് അപകടത്തില്‍ കുറഞ്ഞത് 70 പേര്‍ കൊല്ലപ്പെടുകയും 1,200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.