ഇറാൻ പ്രസിഡന്റിനു വെളിച്ചം വിളക്ക് മാത്രം
ടെഹ്റാൻ: ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശ നഷ്ടങ്ങൾ കാരണം ഇതിനകം തന്നെ രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന ഇറാനിൽ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വൈദ്യുതി നിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായി താൻ ഇരുട്ടിലും ഹീറ്റിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാതെയും ജോലി ചെയ്യുന്ന ദൃശ്യങ്ങൾ കാണിക്കാൻ പ്രസിഡന്റ് പെസെഷ്കിയാൻ മാധ്യമപ്രവർത്തകരെ തന്റെ ഓഫീസിലേയ്ക്ക് ക്ഷണിച്ചു. പേർഷ്യൻ ഭാഷയിലുള്ള ഒരു വീഡിയോയിൽ വൈദ്യുതി ഉല്പാദന പ്രക്രിയ തടസപ്പെടാതിരിക്കാൻ ജനങ്ങളും സർക്കാരും ചേർന്ന് എന്തെങ്കിലും ചെയ്തേ തീരൂ എന്നാണ് പെസെഷ്കിയാൻ മാധ്യമ പ്രവർത്തരോടു പറഞ്ഞത്.
ഇറാൻ പ്രസിഡന്റിനു വെളിച്ചം വിളക്ക്
തന്റെ മുന്നിലുള്ള മേശപ്പുറത്തെ വിളക്ക് ചൂണ്ടിക്കാണിച്ച് ഇവിടെ ആവശ്യത്തിനു വെളിച്ചമുണ്ട്, ജോലി ചെയ്യാൻ ഇത്രയധികം ലൈറ്റുകൾ ഓൺ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് പെസെഷ്കിയാൻ പറഞ്ഞത്. സാഹചര്യം വളരെ മോശമായാൽ വൈദ്യുതി ഉപഭോഗം കൂടുതൽ കുറയ്ക്കാൻ തന്റെ മുഴുവൻ ജീവനക്കാരെയും ചെറിയൊരു സ്ഥലത്തേയ്ക്ക് മാറ്റുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടു വ്യക്തമാക്കി.
"രാജ്യത്തെ ഇന്ധന ലഭ്യതയിലെ സാഹചര്യം കണക്കിലെടുത്ത്, ഞായറാഴ്ച മുതൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈദ്യുതി മേഖല നിർബന്ധിതരാകും," എന്ന് ഇറാനിലെ ദേശീയ വൈദ്യുതി കമ്പനി മേധാവി മുഹമ്മദ് അല്ലാഹ്ദാദ് ശനിയാഴ്ച ഔദ്യോഗിക ടിവിയോട് പറഞ്ഞു. പ്രദേശത്തിനനുസരിച്ച്, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഏകദേശം രണ്ട് മണിക്കൂറോ, അല്ലെങ്കിൽ ദിവസവും രണ്ട് മണിക്കൂർ വരെയോ വൈദ്യുതി മുടക്കം ഉണ്ടായേക്കാമെന്ന് അദ്ദേഹം അറിയിച്ചു.
വൈദ്യുതി നിലയങ്ങളിലെ ഇന്ധനക്ഷാമം കാരണം സമീപ വർഷങ്ങളിലും ഇറാൻ സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശൈത്യകാലത്തിന് മുന്നോടിയായി, ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ ഊർജ പ്രതിസന്ധി കൂടുതൽ വഷളാക്കിയെന്ന് പെസെഷ്കിയൻ പറഞ്ഞു. "രാജ്യത്തെ ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നു. അതിനാൽ, ഈ ശൈത്യകാലത്ത് നാം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് കരുതണം," എന്ന് അദ്ദേഹം പറഞ്ഞതായി ഐ.എസ്.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക ശേഖരങ്ങളിലൊന്ന് കൈവശമുണ്ടായിട്ടും, ആഭ്യന്തര ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഇറാൻ ഏറെക്കാലമായി പാടുപെടുകയാണ്.പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും, ആവശ്യമായ നിക്ഷേപം ലഭിക്കാത്തതും കാരണം രാജ്യത്തെ പഴകിയ വൈദ്യുതി ശൃംഖല വലിയ പ്രതിസന്ധിയിലാണ്. തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം ജനങ്ങളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കടുത്ത കാലാവസ്ഥയും ഇന്ധനക്ഷാമവും നേരിടുന്ന സമയങ്ങളിൽ, സർക്കാർ ഓഫീസുകൾ അടച്ചിടാനും സേവനങ്ങൾ വെട്ടിച്ചുരുക്കാനും അധികൃതർ നിർബന്ധിതരാകുന്നു.