സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഹൂതികള്‍

 
World

സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഹൂതികള്‍

ഹൊദൈദ ആക്രമിക്കപ്പെട്ടാല്‍ ജിദ്ദയെയും സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തുള്ള മറ്റ് തുറമുഖങ്ങളെയും ആക്രമിക്കുമെന്ന് ഹൂതികള്‍

Reena Varghese

യെമനിലെ ഹൂതികള്‍ക്കെതിരേ പോരാടുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം, പ്രധാന തുറമുഖ നഗരമായ ഹൊദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നു വെള്ളിയാഴ്ച പ്രദേശവാസികളോട് ആവശ്യപ്പെട്ടു.

ഹൊദൈദ ആക്രമിക്കപ്പെട്ടാല്‍ ജിദ്ദയെയും സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്തുള്ള മറ്റ് തുറമുഖങ്ങളെയും ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയുടെ വ്യോമമേഖല 'സുരക്ഷിതമല്ല' എന്ന് വ്യക്തമാക്കിയ അവര്‍, റിയാദിലെ സാമ്പത്തിക മേഖലയെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ മുന്നറിയിപ്പുകള്‍ വരാനിരിക്കുന്ന പുതിയ ആക്രമണ പരമ്പരയുടെ സൂചനയാകാമെന്നാണ് വിലയിരുത്തുന്നത്.

വ്യാഴാഴ്ച നടന്ന ഹൂതി ആക്രമണത്തില്‍ റിയാദിലെ സാമ്പത്തിക മേഖലയിലുള്ള ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയ്ക്കു നേരെ നടന്ന പ്രധാനപ്പെട്ട ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വ്യാഴാഴ്ചയുണ്ടായത്.

ഹൂതികള്‍ യെമന്‍റെ തലസ്ഥാനമായ സന പിടിച്ചെടുക്കുകയും സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, 2015ലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരേ രംഗത്തുവന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷം ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധികളിലൊന്നായി തുടരുകയാണ്.