ലൈഫ് ഗാർഡ് റൈഡർ വില്യംസ് ,ഡോണൾഡ് ട്രംപ്, രക്ഷപ്പെട്ട ബാലൻ  നഥാനിയേല്‍ റായി

 
World

തിരമാലയിൽ പെട്ട ഇന്ത്യൻ വംശജനായ ബാലനെ രക്ഷിച്ച ലൈഫ് ഗാർഡിന് വൈറ്റ് ഹൗസിൽ ആദരം

പത്തു വയസുകാരനായ ഇന്ത്യൻ ബാലൻ നഥാനിയേല്‍ റായിയെ രക്ഷിച്ച പതിനാറുകാരനായ ലൈഫ് ഗാർഡ് റൈഡർ വില്യംസിനാണ് ട്രംപിന്‍റെ ആദരം

Reena Varghese

വാഷിങ്ടൺ: കാലിഫോർണിയയിലെ കടൽത്തീരത്ത് ശക്തമായ തിരമാലകളിൽ പെട്ട പത്തു വയസുകാരനായ ഇന്ത്യൻ ബാലനെ രക്ഷിച്ച പതിനാറുകാരനായ ലൈഫ് ഗാർഡ് റൈഡർ വില്യംസിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ച് ആദരിച്ചു.

കഴിഞ്ഞ മാസം സാന്താക്രൂസിലെ സീബ്രൈറ്റ് ബീച്ചിലായിരുന്നു സംഭവം. ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ വില്യംസിനൊപ്പം അദ്ദേഹത്തിന്‍റെ മാതാപിതാക്കളായ ഷെയ്ന്‍, ഷാനണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച മറ്റൊരു ലൈഫ് ഗാര്‍ഡായ ആരോണ്‍ ബോണിനും പങ്കെടുത്തു.

രക്ഷിക്കപ്പെട്ട ബാലന്‍ നഥാനിയേല്‍ റായിയെയും അദ്ദേഹത്തിന്‍റെ സഹോദരി ലെലയെയും പിതാവ് സുമിത് റായിയെയും ട്രംപ് സന്ദര്‍ശനത്തിനിടെ സ്വീകരിച്ചു. ”ഒരു ദുരനുഭവത്തിലൂടെ കടന്നുപോയിട്ടും അതിജീവിച്ച നഥാനിയേല്‍ റായിക്ക് അഭിനന്ദനങ്ങള്‍. അതിനര്‍ഥം ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഭാഗ്യമുണ്ടാകുമെന്നാണ്,” ട്രംപ് പറഞ്ഞു.

ജൂലൈ 25നാണ് റൈഡര്‍ വില്യംസ് ധീരമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലൈഫ് ഗാര്‍ഡ് ടവറില്‍ നിന്ന് ഏകദേശം 20 യാര്‍ഡ് അകലെയുള്ള വെള്ളത്തില്‍ നഥാനിയേല്‍ കാല്‍വഴുതി വീഴുന്നത് വില്യംസ് കാണുകയായിരുന്നു. ശക്തമായ തിരമാലകള്‍ ബാലനെ കടലിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിനിടെ വില്യംസ് ഉടന്‍തന്നെ രക്ഷിക്കാനായി ഓടിയെത്തി കുട്ടിയെ രക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വില്യംസിനെയും കുടുംബത്തെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

വില്യംസിനെ യഥാർഥ ഹീറോ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മകന്‍റെ ജീവന്‍ രക്ഷിച്ച ലൈഫ് ഗാര്‍ഡുമാരോട് തനിക്ക് ഏറെ നന്ദിയുണ്ടെന്ന് നഥാനിയേലിന്‍റെ പിതാവ് സുമിത് റായിയും പറഞ്ഞു.

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും

ബിജെപി നേതാക്കളിൽ നിന്നും ഭീഷണി; കോൽക്കത്തയിൽ നടക്കാനിരുന്ന സിജെപിയുടെ പരിപാടി റദ്ദാക്കി