ഡ്രോൺ ആക്രമണത്തിൽ നോവോകുയ്ബിഷെവ്‌സ്‌ക് എണ്ണശുദ്ധീകരണശാലയില്‍ വന്‍ തീപിടിത്തം

 
World

റഷ്യൻ എണ്ണ ശുദ്ധീകരണ ശാല തകർത്ത് യുക്രെയ്ൻ

ഡ്രോൺ ആക്രമണത്തിൽ നോവോകുയ്ബിഷെവ്‌സ്‌ക് എണ്ണശുദ്ധീകരണശാലയില്‍ വന്‍ തീപിടിത്തം

Reena Varghese

മോസ്കോ: റഷ്യയിലെ സമാറ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രെയ്ൻ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ നോവോകുയ്ബിഷെവ്‌സ്‌ക് എണ്ണശുദ്ധീകരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. പ്രദേശത്തുനിന്ന് കട്ടിയുള്ള കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റഷ്യന്‍ എണ്ണസംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ രണ്ടാഴ്ചയായി ആക്രമണം നടത്താതിരുന്ന യുക്രെയ്ന്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപ് ഭരണകൂടത്തിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കു നേരെയുള്ള ആക്രമണങ്ങൾ യുക്രെയ്ൻ താൽക്കാലികമായി നിർത്തിയത്. ആഗോള ഇന്ധന വില ഉയർന്നതും അമെരിക്കൻ തെരഞ്ഞെടുപ്പും കണക്കിലെടുത്തായിരുന്നു വാഷിങ്ടണിന്‍റെ ഇടപെടൽ. നവംബർ മൂന്നിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷവും ആക്രമണങ്ങൾ നിർത്തി വയ്ക്കാനായിരുന്നു ധാരണ.

ആക്രമണത്തിന് പിന്നാലെ നോവോകുയ്ബിഷെവ്‌സ്‌ക് എണ്ണശുദ്ധീകരണശാലയ്ക്ക് സമീപം വന്‍ തീപിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിലൂടെ വാഹനം മുന്നോട്ടുപോകുന്നതിനിടെ എണ്ണശുദ്ധീകരണശാലയ്ക്ക് സമീപത്തുനിന്ന് ഉയരുന്ന നിരവധി കട്ടിയുള്ള ചാരനിറത്തിലുള്ള പുകത്തൂണുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റഷ്യൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രമുഖ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് നോവോകുയ്ബിഷെവ്‌സ്‌ക് എണ്ണശുദ്ധീകരണശാല. ഈ വര്‍ഷം ഓഗസ്റ്റിലും ഈ കേന്ദ്രത്തിന് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അതിനുശേഷം ഇതേ കേന്ദ്രത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. റഷ്യയുടെ എണ്ണസംസ്‌കരണ ശേഷിയെയും ഇന്ധന വിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള യുക്രെയ്ന്‍ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ ആക്രമണവും വിലയിരുത്തപ്പെടുന്നത്.

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിനിടെ എണ്ണശുദ്ധീകരണശാലകളും ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി മാറി. ഇത്തരം ആക്രമണങ്ങള്‍ റഷ്യയുടെ എണ്ണ ഉല്‍പ്പാദനത്തെയും സംസ്‌കരണത്തെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. അതേസമയം, ആഗോള ഇന്ധനവിലയിലെ വര്‍ധന അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ എണ്ണകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നീക്കമുണ്ടായതെന്ന റിപ്പോര്‍ട്ടുകളും ശ്രദ്ധേയമാണ്. പുതിയ ആക്രമണത്തെത്തുടര്‍ന്ന് എണ്ണശുദ്ധീകരണശാലയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.