യമനിലെ ഏദനിലുള്ള പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം

 
World

യമനിലെ ഏദനിലുള്ള പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം

അഞ്ചു പേര്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരുക്കേറ്റു

Reena Varghese

ദുബായ്: യമനിലെ ഹൂതികളും സര്‍ക്കാര്‍ സേനകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, തെക്കന്‍ നഗരമായ ഏദനിലെ അല്‍-മാഷിഖ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യമന്‍ ആരോഗ്യ മന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഹൂതി വിമതരുടെ വക്താവ് യഹ്യ സരീ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യാഴാഴ്ച 'എക്‌സ്' പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.ഈ ആക്രമണത്തെ യമനിലെയും സൗദി അറേബ്യയിലെയും വിമാനത്താവളങ്ങള്‍ക്കും എണ്ണ കേന്ദ്രങ്ങള്‍ക്കും നേരെ നേരത്തെ നടന്ന ആക്രമണങ്ങളുടെ 'തുടര്‍ച്ച' എന്ന് യമനിലെ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റഷാദ് അല്‍-അലിമി വിശേഷിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും, ഭീകരവാദ ഭീഷണികളെ നേരിടുന്നതിനും, അപകടങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി അല്‍-അലിമി അറിയിച്ചു.