ശബരിമല

 
Special Story

തീർഥാടന കേന്ദ്രത്തിന്‍റെ ആത്മാവിനെ നശിപ്പിക്കരുത്

വികസനം എന്നത് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാകണം, അല്ലാതെ ഒരു തീർഥാടന കേന്ദ്രത്തിന്‍റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കലാകരുത്.

Reena Varghese

പ്രൊഫ. കെ.വി. തോമസ്

മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി

ആദ്യമായി ഭരണത്തിലെത്തുന്നവരും ശബരിമല സന്ദർശിക്കുന്ന പല ഭരണ പ്രമുഖരും ആവർത്തിച്ചു പറയുന്നൊരു വാചകമുണ്ട്; "ശബരിമലയെ തിരുപ്പതിയാക്കും!'.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ശബരിമല സന്ദർശിച്ചു ദർശനം നടത്തിയ വി.ഡി. സതീശനും "തിരുപ്പതി മോഡൽ' എന്ന ഈ അഭിപ്രായമാണ് പങ്കുവച്ചത്. എന്നാൽ, ഓരോ തീർഥാടന കേന്ദ്രത്തിനും അതിന്‍റേതായ ചരിത്ര പശ്ചാത്തലവും അനുഷ്ഠാന രീതികളും ആത്മീയ ജീവിതാവസ്ഥകളുമുണ്ട് എന്ന യാഥാർഥ്യം ഇവർ പലപ്പോഴും മറന്നുപോകുന്നു.

ഉദാഹരണത്തിന്, മലയാറ്റൂർ തീർഥാടനം നോക്കാം. ദുഃഖ വെള്ളിയോടനുബന്ധിച്ച്, യേശു ദേവന്‍റെ പീഡാനുഭവങ്ങൾ മനസിൽ പേറി കാവി വസ്ത്രമണിഞ്ഞ്, തോളിൽ മരക്കുരിശുമായി നടത്തുന്ന പ്രാർഥനാ യാത്രയാണിത്. കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ നഗ്നപാദരായി, "പൊന്നിൻ കുരിശു മുത്തപ്പാ പൊൻമല കയറ്റം' എന്ന ശരണം വിളിയോടെ തോമാ ശ്ലീഹാ ചവിട്ടിയ മല കയറുന്നത് സഹനത്തിന്‍റെയും എളിമയുടെയും ആഴമേറിയ വിശ്വാസ പ്രകടനം കൂടിയാണ്.

അവിടെ മല കയറ്റം സുഗമമാക്കാനെന്ന് പറഞ്ഞ് ടാറിട്ട റോഡുകളും വാഹന സൗകര്യങ്ങളും ഒരുക്കിയാൽ മലയാറ്റൂരിന്‍റെ പവിത്രതയും പാരമ്പര്യവും എന്നെന്നേക്കുമായി അവസാനിക്കും. ഇടപ്പള്ളി പള്ളിയിലോ വല്ലാർപാടം ബസിലിക്കയിലോ പോകുന്നതു പോലെയല്ല മലയാറ്റൂർ മല കയറ്റം. അവിടെ തീർഥാടകർക്ക് നൽകേണ്ടത് റോഡുകളല്ല, മറിച്ച് ആവശ്യത്തിന് ശുദ്ധജലം, അടിവാരത്ത് എത്തുന്നതിനുള്ള മികച്ച ഗതാഗത സൗകര്യങ്ങൾ, വിശ്രമ സ്ഥലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ്.

ശബരിമലയുടെ കാര്യവും വ്യത്യസ്തമല്ല. നൂറ്റാണ്ടുകളുടെ ചരിത്രവും പരമ്പരാഗത തീർഥാടന രീതികളുമാണ് ഈ പുണ്യസ്ഥലത്തിനുള്ളത്. ശബരിമലയെ തിരുപ്പതിയാക്കി മാറ്റാൻ ശ്രമിക്കുന്നതിനു പകരം ആ കാനന ക്ഷേത്രത്തിന്‍റെ തനതായ ആചാരങ്ങളും പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകളുടെ പാരമ്പര്യവും സംരക്ഷിക്കുകയാണു വേണ്ടത്. തിരുപ്പതി വേറേ, ശബരിമല വേറേ എന്നു തിരിച്ചറിയണം.

അതേസമയം, അവിടെയെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ യാത്രാക്ലേശം പരിഹരിക്കാനും പ്രാഥമിക സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ വർധിപ്പിക്കാനും അധികാരികൾ തയാറാകണം. എല്ലാ ഭക്തർക്കും ആത്മസംതൃപ്തിയോടെയുള്ള ദർശന സൗകര്യം ഉറപ്പാക്കുക എന്നതാണ് പ്രധാനം.

ഓരോ മതത്തിനും അതിന്‍റേതായ സ്വഭാവമുള്ളതു പോലെ, ഓരോ തീർഥാടന കേന്ദ്രത്തിനും അതിന്‍റേതായ ആത്മീയ മുഖമുണ്ട്. ആധുനികവത്കരണത്തിന്‍റെ പേരിൽ അവിടങ്ങളുടെ ചരിത്രവും പാരമ്പര്യവും പ്രാർഥനാ രീതികളും വഴിമാറിപ്പോകരുത്. വികസനം എന്നത് പ്രധാനമായും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാകണം, അല്ലാതെ ഒരു തീർഥാടന കേന്ദ്രത്തിന്‍റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കലാകരുത്.