സിപിഎം നേതാവ് പി. നന്ദകുമാര്‍

 
Special Story

ഇടതില്‍ നിന്നും അകലുന്ന ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും

"മത മൗലിക - വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല". സിപിഎം നേതാവ് പി. നന്ദകുമാര്‍

Reena Varghese

അഡ്വ. ജി. സുഗുണന്‍

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിരന്തരമായി നിഷേധിക്കപ്പെടുകയാണെന്നും, ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സജീവമായി രംഗത്തു വരണമെന്നുമാണ് സിപിഎം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറഞ്ഞിട്ടുള്ളത്. സിപിഎം പരിപാടി തയാറാക്കിയ 1968ല്‍ ബിജെപി ദേശീയ രാഷ്‌ട്രീയ രംഗത്തില്ലായിരുന്നു. അന്ന് കോണ്‍ഗ്രസായിരുന്നു ഭരണത്തിൽ.

ഭരണവര്‍ഗം ന്യൂനപക്ഷ അവകാശങ്ങള്‍ അപ്പാടെ കവര്‍ന്നെടുക്കുകയാണെന്നും, പാര്‍ട്ടി ഈ വിഭാഗത്തോടൊപ്പം അവകാശ സംരക്ഷണത്തിന് ശക്തമായി നിലകൊള്ളുമെന്നുമാണ് സിപിഎം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഭരണകാലത്തെ ന്യൂനപക്ഷ ധ്വംസനം ബിജെപിയുടെ ഭരണകാലമായപ്പോള്‍ 3 ഇരട്ടിയായി വർധിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കേണ്ട സ്വന്തം വര്‍ഗം വലിയ അവശത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളും സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുമാണ്. ഇക്കൂട്ടരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ എന്ന യാഥാർഥ്യം പലപ്പോഴും സിപിഎം നേതൃത്വം വിസ്മരിക്കുകയാണ്. സ്വന്തം വര്‍ഗമായ ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗത്തെ വിട്ട് സവര്‍ണ - മുന്നാക്ക വിഭാഗത്തിന്‍റെ താത്പര്യത്തിനായി സിപിഎമ്മും ഇടതുപക്ഷവും വരുന്നത് ദേശീയ രാഷ്‌ട്രീയത്തില്‍ വ്യക്തമായി ഇന്ന് കാണാം. സംവരണ പ്രശ്‌നത്തിലും, ജാതി സെന്‍സസിലുമെല്ലാം വ്യക്തമായ ചാഞ്ചാട്ട മനോഭാവം കാട്ടുന്ന ഇന്ത്യന്‍ ഇടതുപക്ഷം ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗങ്ങളില്‍ നിന്നകന്നാല്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ ബില്ലുകളും പള്ളികളും ദേവാലയങ്ങളും ആക്രമിക്കലും, മുസ്‌ലിം ന്യൂനപക്ഷങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നുതന്നെ വ്യാപകമായി വെട്ടിമാറ്റലും മറ്റും കണ്ടില്ലെന്നു നടിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയുകയില്ല. ന്യൂനപക്ഷ സംരക്ഷണത്തിന് ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മും ഇടതുപക്ഷവും ബാധ്യസ്ഥരാണ്. പാര്‍ട്ടി പരിപാടി അതാണ് പ്രവര്‍ത്തകരോട് പറയുന്നത്. നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത പരിപാടിയില്‍ നിന്നും സിപിഎം പലപ്പോഴും പിന്നോട്ടു പോവുകയാണ്.

ന്യൂനപക്ഷങ്ങളെ അംഗീകരിക്കാന്‍ ഭരണാധികാരികള്‍ തയാറായേ മതിയാവൂ. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ ഹിന്ദു രാഷ്‌ട്രം മതിയെന്ന് കേന്ദ്ര ഭരണാധികാരികളില്‍ ഒരു കൂട്ടര്‍ ധരിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമുദായക്കാര്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ചില സമുദായക്കാര്‍ക്കും പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളതിനെ ചിലര്‍ വിമര്‍ശിച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പോരാടാനും അവരെ സംഘടിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ സിപിഎം അതില്‍ നിന്നും ഇപ്പോള്‍ ഒളിച്ചോടുകയാണ്. കേരളത്തിലെ സിപിഎം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ എല്ലാ നിലയിലും സഹായിച്ചു. മലപ്പുറം ജില്ലാ രൂപീകരണത്തിന് കാര്യമായ സംഭാവന ചെയ്ത പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് മുസ്‌ലിം ലീഗുമായി സഖ്യത്തിലും ഭരണത്തിലും വന്നെങ്കിലും മന്ത്രിസഭയില്‍ നിന്നും ഒഴിച്ചുനിത്തിയ മുസ്‌ലിം ലീഗിനെ മന്ത്രിസഭയ്ക്കകത്തു കൊണ്ടുവന്നത് 1967ലെ ഇടതു സര്‍ക്കാരാണ്. അതുപോലുള്ള ന്യൂനപക്ഷത്തിന് അനുകൂലമായ പല നയസമീപനങ്ങളും കൈകൊണ്ടിട്ടുള്ള സിപിഎം ഇന്ന് ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലേയ്ക്ക് എന്തുകൊണ്ടാണ് നീങ്ങുന്നതെന്ന് മനസിലാവുന്നില്ല.

കഴിഞ്ഞ ഒരു ദശക കാലത്തെ ഇടതു ഭരണത്തിലാണ് ന്യൂനപക്ഷങ്ങള്‍ കൂടുതലായി ഇടതുപക്ഷത്തില്‍ നിന്നും അകന്നത്. മലപ്പുറത്തെ വര്‍ഗീയ ശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഹിന്ദു ദിനപത്രത്തിലെ അഭിമുഖവും എ.കെ. ബാലന്‍, സജി ചെറിയാന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകളും എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍റെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളെ സിപിഎം ന്യായികരിച്ചതുമെല്ലാം ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നുമകലാന്‍ ഇടയാക്കി. വെള്ളാപ്പള്ളിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവന തെറ്റായിരുന്നെന്ന് സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ രേഖയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും, സ്വന്തം പാര്‍ട്ടി നേതാക്കള്‍ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ പാര്‍ട്ടി ഫലത്തില്‍ ന്യായീകരിക്കുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും തെറ്റുതിരുത്താനുമാണ് ഇപ്പോള്‍ ജില്ലാ അടിസ്ഥാനത്തിലുള്ള വിപുലമായ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ മലപ്പുറം ജില്ലാ തെറ്റുതിരുത്തല്‍ സമ്മേളനത്തിലാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഏറ്റവും ശക്തമായ കടന്നാക്രമണം പാര്‍ട്ടി നേതാവ് പി. നന്ദകുമാര്‍ നടത്തിയിരിക്കുന്നത്. വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്. മലപ്പുറം മതമൗലികവാദികളുടെയും വര്‍ഗീയ വാദികളുടെയും കൂടാണെന്നും എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് യാഥാർഥ മതനിരപേക്ഷ പ്രസ്ഥാനമെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. പൊന്നാനിയില്‍ നടന്ന സിപിഎം വിപുലീകൃത മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിന്‍റെ സ്വാഗത പ്രസംഗത്തിനിടെയായിരുന്നു നന്ദകുമാറിന്‍റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെ.കെ. ശൈലജ എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു നന്ദകുമാറിന്‍റെ പ്രസംഗം. ""മത മൗലിക - വര്‍ഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായി അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ കാലത്ത് അതിന്‍റെ രാഷ്‌ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.'' -നന്ദകുമാര്‍ പറഞ്ഞു.

വിട്ടുനിന്ന ന്യൂനപക്ഷ വോട്ടു ബാങ്ക് തിരികെ പിടിക്കാനും ഒപ്പം ബിജെപി ഡീല്‍ എന്ന പേരില്‍ നിയമസഭാ തിരെഞ്ഞെടുപ്പിലേറ്റ പേര് ദോഷം മാറ്റാനും വിയര്‍പ്പൊഴുക്കുന്നതിനിടെ മലപ്പുറത്തെ കുറിച്ച് നന്ദകുമാറിന്‍റെ വിവാദ പരാമര്‍ശം സിപിഎം ന് വീണ്ടും പൊള്ളലേപ്പില്‍ച്ചിരിക്കുന്നു. "താന്‍ ഉദ്ദേശിച്ചത് അതല്ല' എന്നും വാക്കുകള്‍ വളച്ചൊടിച്ചു എന്നും വിശദീകരിച്ച് നന്ദകുമാര്‍ രംഗത്ത് വന്നെങ്കിലും മുഖ്യമന്ത്രി അടക്കം പരാമര്‍ശനം ആയുധമാക്കിയതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. മലപ്പുറത്തെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പിണറായി വിജയന്‍റെ ഹിന്ദു പത്രത്തിലെ ലേഖനത്തിന്‍റെ തുടര്‍ച്ചയാണ് നന്ദകുമാറിന്‍റെ വാക്കുകളെന്ന് വിമര്‍ശിച്ചു മുഖ്യമന്ത്രി വി.ഡി. സതീശനും വന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കൂടി ആവശ്യപ്പെട്ടത് സിപിഎമ്മിന് ശരിക്കും ഉത്തരം മുട്ടിച്ചു . ഇതോടെയാണ് നന്ദകുമാറിനോട് തിരുത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതും പിന്നാലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടതും.

പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നിരുന്ന ന്യൂനപക്ഷ വോട്ടര്‍മാര്‍ വന്‍തോതില്‍ അകന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായയെന്നാണ് വിശാല സംസ്ഥാന സമിതിയുടെ കണ്ടെത്തല്‍. പമ്പാ അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാദിന്‍റെ സന്ദേശം വായിച്ചതും വെള്ളപ്പള്ളി നടേശന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുണക്കും വിധം പരാമര്‍ശം നടത്തിയതും ന്യൂനപക്ഷങ്ങള്‍ അകലാന്‍ കാരണമായെന്നും സിപിഎം തെറ്റു തിരുത്തലിന്‍റെ ഭാഗമായി അംഗീകരിച്ചിരുന്നു.

ഇഎംഎസ് സര്‍ക്കാരിന്‍റെ കാലത്ത് മലപ്പുറം ജില്ല രൂപീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രതിരോധങ്ങള്‍. ഇതിനിടെ നന്ദകുമാറിന്‍റെ വിശദീകരണത്തിലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജില്ലയെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിന് അനുവദിക്കില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കിയത്. ആരാണ് അതിന് ശ്രമിക്കുന്നത് എന്നതും, ഒപ്പം എന്തുകൊണ്ടാണ് ഈ ജാഗ്രത മലപ്പുറത്തിന്‍റെ കാര്യത്തില്‍ മാത്രം എന്നുമുള്ളതാണ് മറു ചോദ്യങ്ങള്‍. പ്രസ്താവനയില്‍ തിരുത്തലോ ഖേദപ്രകടനമോ നടത്താതെയാണ് നന്ദകുമാറിന്‍റെ പ്രതികരണം. മലപ്പുറത്തെ വര്‍ഗീയവാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് വിശദീകരണം. ബിജെപിയും ലീഗും അത്തരം ശ്രമങ്ങള്‍ നടത്തുന്നുവെന്നും മലപ്പുറത്ത് നടക്കാന്‍ പോകുന്ന കുംഭമേള അതിന്‍റെ ഭാഗമാണെന്നും നന്ദകുമാര്‍ ആരോപിച്ചു. നേരത്തെ നടത്തിയ പ്രസ്താവന പിന്‍വലലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അദ്ദേഹം തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഈ പ്രസ്താവന തള്ളിയില്ല.

മലപ്പുറം ജില്ല എന്നു പറയുമ്പോള്‍ ഞങ്ങള്‍ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു. മതനിരപേക്ഷ കേന്ദ്രം തന്നെയായിരുന്നു മലപ്പുറം. അത് ഇല്ലാതാക്കാനുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. മുസ്‌ലീം ലീഗ് എല്ലാ സമുദായ സംഘടനകളേയും കൂട്ടുപിടിച്ച് ഞങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തി. മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാര്‍ ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. പരാമര്‍ശം തെറ്റായിരുന്നോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി.

മുന്‍ എംഎല്‍എ കൂടിയായ നന്ദകുമാറിനെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. മലപ്പുറം ജില്ലക്കെതിരെ എന്തോ പറഞ്ഞു എന്ന തരത്തില്‍ നന്ദകുമാറിന്‍റെ പരാമര്‍ശം വക്രീകരിച്ച് വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കടന്നാക്രമിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്ന വിചിത്ര വാദം ഉണ്ടാക്കാനാണ് ബോധപൂർവം ചിലര്‍ ശ്രമിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്ത സ്ഥലമാണ് മലപ്പുറം. ഇതിനെ തകര്‍ക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുവെന്നത് അപകടകരമാണ്. ഇക്കാര്യത്തില്‍ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാര്‍ പറഞ്ഞത് - പിണറായി പറഞ്ഞു.

മലപ്പുറം ജില്ലയെക്കുറിച്ചുള്ള നന്ദകുമാറിന്‍റെ പരാമര്‍ശം തെറ്റെന്ന് സിപിഐ പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, മലപ്പുറം ജില്ലയെ വര്‍ഗീയതയുടെ കൂട് എന്ന് വിളിക്കുന്നത് രാഷ്‌ട്രീയപരമായി ശരിയല്ല- സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു.

വര്‍ഗീയ പ്രസംഗം നടത്തിയ നന്ദകുമറിനെതിരേ കേസെടുക്കണം എന്നാവശ്യപ്പെട്ട് മുസ‌ലിം യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. സമസ്തയടക്കമുള്ള ന്യൂനപക്ഷ സംഘടനകളും ഈ പ്രസ്താവനെക്കെതിരേ സജീവമായി രംഗത്തുവന്നിരിക്കുകയാണ്.

സിപിഎമ്മിന്‍റെ തെറ്റു തിരുത്തല്‍ സമ്മേളനങ്ങള്‍ വെറും പ്രഹസനമായി മാറിയതായി തന്നെയാണ് ജനങ്ങള്‍ കാണുന്നത്. പാര്‍ട്ടിയില്‍ നിന്നും അകന്ന ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു സമീപനവും ഈ വിപുലീകൃത സമ്മേളനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. നേതൃത്വത്തിലുള്ളവരുടെ ശിങ്കിടികളായ ചിലരെ പാര്‍ട്ടി കമ്മിറ്റികളില്‍ പുതുതായി കൊണ്ടുവന്നതാണ് ഈ സമ്മേളനങ്ങള്‍ ചെയ്ത ഏക കാര്യം. സിപിഎമ്മിന്‍റെ തെറ്റായ സംവരണ നയത്തിന്‍റെ പേരിലാണ് പിന്നാക്ക ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നത്. പാര്‍ട്ടിക്ക് കിട്ടിക്കൊണ്ടിരുന്ന വോട്ടില്‍ ഈഴവരാദി പിന്നോക്ക വിഭാഗത്തിന്‍റെ 30 ശതമാനും മുതല്‍ 45 ശതമാനം വരെ കുറവ് വന്നു. പാര്‍ട്ടിയുടെ തെറ്റായ സംവരണ നയം തിരുത്തിയാലേ ഈ പിന്നോക്ക ജനവിഭാഗങ്ങളെ അടുപ്പിക്കാന്‍ കഴിയൂ. അതു സംബന്ധിച്ച നിലപാട് പാര്‍ട്ടി നാളിതുവരെ കൈക്കൊണ്ടിട്ടില്ല. ബഹുഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരും, ന്യൂനപക്ഷങ്ങളും ഇടതുപക്ഷത്തോട് വിട പറഞ്ഞാല്‍ പിന്നെ ആരാണ് ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നതെന്ന കാര്യം സിപിഎം നേതാക്കളാണ് ഗൗരവമായി വിലയിരുത്തേണ്ടത്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 47 ശതമാനവും ന്യൂനപക്ഷങ്ങളാണ്. ഇവരെ കൂട്ടാതെ ഇനി ആര്‍ക്കും തെരഞ്ഞെടുപ്പ് വിജയം സാധ്യമല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നണിയുടെ വിജയത്തിന്‍റെ അടിസ്ഥാന കാരണം ന്യൂനപക്ഷ പിന്തുണയാണ്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുക സാധ്യമല്ല. എന്നാല്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണവും, പ്രത്യേകിച്ച് ഈഴവരാദി പിന്നോക്കക്കാരുടെ അടുത്ത കാലത്തെ ബിജെപിക്ക് അനുകൂലമായ നിലപാടുമാണ് 3 അസംബ്ലി മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് വിജയിക്കാന്‍ സാഹചര്യമൊരുക്കിയത്. സിപിഎമ്മിനും ഇടതു പക്ഷത്തിനും വലിയ സ്വാധീനമുണ്ടായിരുന്ന ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന ഈഴവരാദി പിന്നോക്കക്കാരുടെ ബിജെപി ക്ക് അനുകൂലമായ വലിയ വോട്ട് ചോര്‍ച്ചയാണ് ഈ വിജയം ബിജെപി ക്ക് ഉണ്ടാക്കിക്കൊടുത്തത്. ഇതൊന്നും തെറ്റു തിരുത്തല്‍ ചര്‍ച്ചയില്‍ സിപിഎം നേതൃത്വം ഗൗരവമായ വിശകലനത്തിന് എടുത്തിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോട് പൊതുവെ അകലുന്നു. സിപിഎം അണികള്‍ പാര്‍ട്ടി പരിപാടി അനുസരിച്ച് തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പോരാടാനും, ഇക്കൂട്ടരെ കൂടെ നിര്‍ത്താനും ബാധ്യസ്ഥരുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ശബ്ദിച്ചാല്‍ ഭൂരിപക്ഷ ഹിന്ദു സമുദായത്തിന്‍റെ പിന്തുണ കിട്ടുമെന്ന വാദം ഇടതുപക്ഷത്തുള്ളവരില്‍ ചിലരെങ്കിലും ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. ഈ വാദത്തിന് യാതൊരു അടിത്തറയുമില്ല. ഹിന്ദു ജനവിഭാഗത്തിന്‍റെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയായി ബിജെപി ഇവിടെയും വളര്‍ന്നിരിക്കുകയാണ്. ബാക്കി വരുന്ന ഹിന്ദു ജനസമൂഹം ഇടതുപക്ഷത്തിലും കോണ്‍ഗ്രസിലുമായി നിലയുറപ്പിച്ചിട്ടുമുണ്ട്. ഹിന്ദു പ്രീണന നയം കൊണ്ട് ഒരു വോട്ടും ഇടതുപക്ഷത്തിന് ലഭിക്കില്ലെന്ന് മാത്രമല്ല, മതേതര ജനവിഭാഗങ്ങള്‍ പോലും ഇടതുപക്ഷത്തോട് വിടപറയാനേ ഈ നിലപാട് സഹായിക്കൂ.

പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തിലുള്ള കടമ നിർവഹിക്കാന്‍ സിപിഎം തയ്യാറാകുമോ എന്നതാണ് ചോദ്യം. അതിന് തയാറായില്ലെങ്കില്‍ ഈ ന്യൂനപക്ഷങ്ങളാകെ സംസ്ഥാനത്തെ ഇടതുപക്ഷത്തോട് വിടപറയും. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിന് ഇനി വേണ്ടെന്നാണോ സിപിഎം കാഴ്ച്ചപ്പാട്? നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെ ഈ നിലപാടാണ് സിപിഎം നേതൃത്വം നടപ്പിലാക്കുകയും, ആ നിലയില്‍ ചിന്തിക്കുകയും ചെയ്യുന്നതെങ്കില്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലായിരിക്കും കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ ഭാവിയിലെ സ്ഥാനം.

(ലേഖകന്‍റെ ഫോണ്‍- 9847132428)