പ്രകൃതിദത്ത കൃഷി

 
Special Story

സുസ്ഥിര കൃഷിയും ആത്മനിർഭരതയും ലക്ഷ്യമിട്ടുള്ള പ്രയാണം

മണ്ണിന്‍റെ ആരോഗ്യ-ഫലഭൂയിഷ്ഠതാ പദ്ധതി മുഖേന കർഷകർക്ക് 26 കോടി മണ്ണ് ആരോഗ്യ കാർഡുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്

MV Desk

ഡോ. ദേവേഷ് ചതുർവേദി

കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ കാർഷിക മേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശരാശരി 4% ത്തിലധികം വളർച്ച കൈവരിച്ചതായി 2025-26 ലെ സാമ്പത്തിക സർവെ വ്യക്തമാക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട ജലസേചനം, മികച്ച ജല ഉപയോഗ കാര്യക്ഷമത, സമയബന്ധിതവും നിർബാധവുമായ വളലഭ്യത അടക്കമുള്ള മേഖലകളിലെ സർക്കാർ നയങ്ങളുടെ പിന്തുണയോടെ കർഷകർ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, എണ്ണക്കുരുക്കൾ എന്നിവ ഉത്പാദിപ്പിക്കുന്നു. ഹോർട്ടികൾച്ചർ വിളകളുടെ വിഹിതവും ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിപ്പോൾ ഉയർന്ന വളർച്ചയ്ക്ക് സാക്ഷ്യംവഹിക്കുന്നു. എന്നിരുന്നാലും, രാസവളങ്ങളുടെ അമിതമായ ഉപയോഗം മണ്ണിന്‍റെ ഗുണനിലവാരവും ആരോഗ്യവും കുറയുന്നതിനും പ്രധാന വിളകളുടെ ഉത്പാദനക്ഷമത പരിമിതപ്പെടുത്തുന്നതിനും കാരണമാകുമെന്ന ആശങ്കകൾ വർധിച്ചുവരികയാണ്. കാർഷിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മണ്ണിന്‍റെ നൈട്രജൻ ഉപയോഗ കാര്യക്ഷമതയിലെ (എൻയുഇ) ക്രമാനുഗതമായ കുറവ്, രാസവളങ്ങളുടെ ഉപയോഗം ക്രമേണ വർധിപ്പിക്കുകയും ഉത്പാദനക്ഷമതയിൽ നാമമാത്രമായ വർധന സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വിഷമചക്രത്തിലേക്ക് കർഷകരെ നയിക്കുന്നു.

മണ്ണിന്‍റെ ആരോഗ്യ-ഫലഭൂയിഷ്ഠതാ പദ്ധതി മുഖേന കർഷകർക്ക് 26 കോടി മണ്ണ് ആരോഗ്യ കാർഡുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം ശേഖരിക്കപ്പെട്ട ഡേറ്റ ആശങ്കാജനകമായ ഒരു സാഹചര്യം വെളിവാക്കുന്നു. പല പ്രദേശങ്ങളിലും മണ്ണിലെ ജൈവ കാർബണിന്‍റെ (എസ്ഒസി) അളവ് തീരെ കുറവാണ്. സൂക്ഷ്മ പോഷകങ്ങളുടെ അഭാവവുമുണ്ട്. ആരോഗ്യമുള്ള മണ്ണിൽ 1% ൽ കൂടുതൽ എസ്ഒസി ഉണ്ടായിരിക്കണം, എന്നാൽ ഇന്ത്യയിലിത് ശരാശരി 0.5% മാത്രമാണ്, ചില പ്രദേശങ്ങളിൽ 0.3% എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. മണ്ണിൽ ജൈവ കാർബൺ (എസ്ഒസി) കുറയുമ്പോൾ, സുഷിരങ്ങൾ കുറയുകയും ആവശ്യത്തിന് വെള്ളം ആഗിരണം ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തത്ഫലമായി, മഴവെള്ളവും ജലസേചനത്തിനു ഉപയോഗിക്കുന്ന വെള്ളവും പലപ്പോഴും ഉപരിതലത്തിലൂടെ ഒഴുകി, വിലയേറിയ മേൽമണ്ണ് ഒലിച്ചുപോകുന്നു. ഭൂഗർഭജലനിരപ്പ് ഉയർത്താനുതകുംവിധം വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നില്ല. ഇതു കാരണം സസ്യങ്ങളുടെ വളർച്ചയ്ക്ക് കുറഞ്ഞ അളവിൽ മാത്രമേ ജലം ലഭ്യമാവുകയുള്ളൂ.

കുറഞ്ഞ എസ്ഒസിയുടെ മറ്റൊരു പ്രതികൂല ഫലം അത്തരം മണ്ണിൽ വളരുന്ന സസ്യങ്ങളിൽ പോഷക ആഗിരണ ശേഷി കുറയുന്നു എന്നതാണ്. സമാന തോതിലെ ഉത്പാദനക്ഷമത കൈവരിക്കാൻ കൂടുതൽ വളപ്രയോഗം ആവശ്യമായി വരുന്നു എന്നർഥം. രാസവളങ്ങളുടെ വർധിച്ച അളവിലുള്ള പ്രയോഗം വള ഉപയോഗ കാര്യക്ഷമത കുറയ്ക്കുകയും മണ്ണിന്‍റെ ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നു. വളങ്ങളോ, അവ ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളോ ഇറക്കുമതി ചെയ്യുന്നതിന് വിലപ്പെട്ട വിദേശനാണ്യം രാജ്യത്തിന് ചെലവഴിക്കേണ്ടിയുംവരുന്നു.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം, മണ്ണിലെ സുഷിരം മെച്ചപ്പെടുത്തുന്നതിലും ആഴത്തിലുള്ള മണ്ണിൽ നിന്ന് മേൽമണ്ണിലേക്ക് പോഷകങ്ങൾ കൈമാറ്റം ചെയ്യുന്നതിലുംപോഷകങ്ങൾ സസ്യങ്ങൾ ആഗിരണം ചെയ്യുന്നതിലും പങ്കുവഹിക്കുന്ന സൗഹൃദ സൂക്ഷ്മാണുക്കളെയും പ്രാണികളെയും നശിപ്പിക്കുന്നു.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മറ്റ് വിളകൾ എന്നിവയിൽ ദോഷകരമായ രാസ അവശിഷ്ടങ്ങൾ അവശേഷിക്കുകയും മനുഷ്യന്‍റെ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിക്കുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. ചില സന്ദർഭങ്ങളിലെങ്കിലും, കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് അനുവദനീയമായ സുരക്ഷാ പരിധി കവിഞ്ഞതിനാൽ, അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ കാർഷിക ഉത്പന്നങ്ങൾ നിരസിക്കപ്പെട്ടിട്ടുണ്ട്. ഇത് കർഷകർക്കും കയറ്റുമതിക്കാർക്കും സാമ്പത്തിക നഷ്ടം വരുത്തുന്നതായും ആഗോള വിപണിയിൽ "ബ്രാൻഡ് ഇന്ത്യ'യെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.കൃഷിയിൽ അമിതമായ രാസവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, 2024ൽ ദേശീയ പ്രകൃതിദത്ത കൃഷി ദൗത്യം സർക്കാർ ആരംഭിച്ചു. രാസവസ്തുക്കളോ കീടനാശിനികളോ അടിസ്ഥാനമാക്കിയുള്ള കൃഷിയ്ക്ക് പകരം, കന്നുകാലികളെയും പശുവിനെയും അടിസ്ഥാനമാക്കിയുള്ള പ്രകൃതിദത്ത കൃഷി രീതികൾ (പശു ആധാരിത കൃഷി രീതികൾ) പ്രോത്സാഹിപ്പിക്കുക എന്നതാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക, മണ്ണിലെ ജൈവ കാർബൺ (എസ്ഒസി) വർധിപ്പിക്കുക, പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുക, രാസവളങ്ങളോടും കീടനാശിനികളോടും ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

പ്രകൃതിക് ഖേതി (പ്രകൃതി കൃഷി) അല്ലെങ്കിൽ സീറോ ബജറ്റ് ഫാമിങ് എന്നും അറിയപ്പെടുന്ന പ്രകൃതിദത്ത കൃഷി, വർഷങ്ങളായി കർഷകർ വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഒരു കാർഷിക മാതൃകയാണ്. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ, പ്രത്യേകിച്ച് നാടൻ പശുക്കളുടെ ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള പ്രകൃതിദത്തവും സമഗ്രവുമായ ഒരു സാങ്കേതിക സമീപനമാണ് ഇതിൽ ഉപയോഗിക്കുന്നത്. കർഷകനു യാതൊരു ചെലവുമില്ലാത്ത ഒരു സമഗ്ര സാങ്കേതിക പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കൃഷി രീതി.വിത്തിന്‍റെ ഗുണനിലവാരം, മണ്ണിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും വിളകളെ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത കൃഷി വ്യത്യസ്ത തയ്യാറെടുപ്പുകൾ ഉപയോഗിക്കുന്നു. വിത്തുകൾ സംസ്കരിക്കുന്നതിന് ബീജാമൃത് ഉപയോഗിക്കുന്നു, നന്നായി മുളയ്ക്കുന്നതിനും ശക്തമായ സസ്യങ്ങളായി വളരുന്നതിനും ബീജാമൃത് സഹായിക്കുന്നു. ജീവാമൃത്, ഘൻ-ജീവാമൃത്, സപ്തായങ്കൂർ എന്നിവ മണ്ണിന് ഗുണപ്രദമായ സൂക്ഷ്മാണുക്കളെ വർധിപ്പിക്കുകയും അതിലൂടെ മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും വിള ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സൗന്താസ്ത്ര, ഖട്ടി ലസി തുടങ്ങിയ പ്രകൃതിദത്ത മിശ്രിതങ്ങൾ സസ്യങ്ങളെ ബാക്റ്റീരിയ, ഫംഗസ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, ഒപ്പം രാസ കീടനാശിനികളെ ആശ്രയിക്കാതെ വ്യത്യസ്തതരം കീടങ്ങളെ നിയന്ത്രിക്കാൻ നീമാസ്ത്ര, ബ്രഹ്മാസ്ത്ര, അഗ്നിയാസ്ത്ര, ദശപാണി അർക്ക് എന്നിവ ഉപയോഗിക്കുന്നു.

പ്രകൃതിദത്ത കൃഷി രീതികൾ ഉചിതമായി നിർവഹിച്ച് ശരിയായ അളവിൽ ഉപയോഗിക്കുമ്പോൾ, ഉത്പാദനക്ഷമതയിലും ഉത്പന്ന ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുന്നു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകളുടെ പിന്തുണയോടെയാണ് ദേശീയ പ്രകൃതിദത്ത കൃഷി ദൗത്യം നടപ്പിലാക്കുന്നത്. 7.5 ലക്ഷം ഹെക്റ്ററിലധികം കൃഷിഭൂമിയും 18 ലക്ഷത്തിലധികം കർഷകരെയും പ്രകൃതിദത്ത കൃഷിക്ക് കീഴിൽ കൊണ്ടുവരിക എന്നതാണ് പ്രസ്തുത ദൗത്യത്തിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കുറഞ്ഞത് 50 ഹെക്റ്ററെങ്കിലും വിസ്തൃതിയുള്ള ക്ലസ്റ്ററുകളായി കർഷകരെ സംഘടിപ്പിക്കും. കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നുള്ള പരിശീലനം ലഭിച്ച ശാസ്ത്രജ്ഞരുടെ സംഘങ്ങൾ കർഷകരെ ബോധവത്ക്കരിക്കുകയും പരിശീലനം നൽകുകയും പ്രകൃതിദത്ത കൃഷി രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നാടൻ പശുക്കളെ സ്വന്തമാക്കിയിട്ടുള്ള കർഷകരെ അവരുടെ സ്വന്തം ഫാമുകളിൽ പ്രകൃതിദത്ത കൃഷിക്കുള്ള അസംസ്കൃത വസ്തുക്കൾ തയാറാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രകൃതിദത്ത കൃഷി ഉത്പന്നങ്ങൾ തയാറാക്കി വളരെ കുറഞ്ഞ ചെലവിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിന് നിരവധി ബയോ-ഇൻപുട്ട് റിസോഴ്‌സ് സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു പ്രകൃതിദത്ത കൃഷിക്കുള്ള അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ കർഷകർക്ക് ലഭ്യമാക്കുകയും താങ്ങാനാവുന്നതാക്കുകയും ചെയ്യുന്നു.ശാസ്ത്രാധിഷ്ഠിത തന്ത്രത്തിലൂടെയാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്, അതിനാൽ കർഷകർ സംശയമോ മടിയോ കൂടാതെ ഈ രീതികൾ സ്വീകരിക്കുന്നു. വിപുലമായ തോതിൽ ഈ പരമ്പരാഗത കൃഷി രീതികൾ ഫലപ്രദമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഐസിഎആർ സ്ഥാപനങ്ങളും കാർഷിക സർവകലാശാലകളും ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നു. വ്യത്യസ്ത വിളകളിൽ നടത്തിയ ഒട്ടേറെ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ പ്രോത്സാഹജനകമാണ്. ഉപയോഗപ്രദമായ ഈ വിവരങ്ങൾ നാഷണൽ മിഷൻ ഫോർ നാച്ചുറൽ ഫാമിങ് മുഖേന കർഷകരുമായി പങ്കിടുന്നു.

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഈ രീതികൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന മറ്റൊരു നിർണായക തന്ത്രമാണ് പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണനം. പ്രകൃതിദത്ത കൃഷി സർട്ടിഫിക്കേഷനായി നാഷണൽ സെന്‍റർ ഫോർ ഓർഗാനിക് ആൻഡ് നാച്ചുറൽ ഫാമിങ് പ്രോട്ടോക്കോളുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനോടകം, ധാരാളം കർഷകർ പങ്കാളിത്ത ഗ്യാരണ്ടി സിസ്റ്റം (പിജിഎസ്) സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്, ഈ സർട്ടിഫിക്കേഷൻ ഉപയോഗിച്ച്, അവരുടെ സവിശേഷ പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കാൻ കഴിയും. സർക്കാർ സമ്പൂർണ പ്രകൃതിദത്ത കൃഷിയും ഹൈബ്രിഡ് സമീപനവും പ്രോത്സാഹിപ്പിക്കുന്നു. ഹൈബ്രിഡ് മാതൃകയിൽ, കർഷകർക്ക് പ്രകൃതിദത്ത കൃഷി രീതികളും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും സമന്വയിപ്പിക്കാനും കഴിയും. മണ്ണിന്‍റെ ആരോഗ്യം ക്രമേണ മെച്ചപ്പെടുത്തുന്നതിനൊപ്പം വിള ഉത്പാദക്ഷമത നിലനിർത്താനും ഇത് സഹായിക്കും. രാസവളങ്ങൾ ഉപയോഗിക്കുന്നത് ഉടനടി നിർത്തേണ്ടതില്ലാത്തതിനാൽ കർഷകർക്ക് ഈ രീതി കൂടുതൽ സ്വീകര്യമായിരിക്കും. ഈ രീതി പരിശീലിച്ച കർഷകരുടെ അഭിപ്രായത്തിൽ, രാസവളങ്ങളോടുള്ള അവരുടെ ആശ്രിതത്വം ക്രമേണ കുറയുകയും വിളകൾക്ക് സമാനമായ വിള ഉത്പാദനവും വരുമാനവും നിലനിർത്തിക്കൊണ്ട് കാലാന്തരത്തിൽ രാസവസ്തുക്കളുടെ ഉപയോഗം പൂർണമായും അവസാനിപ്പിക്കാൻ കഴിയുകയും ചെയ്തു.

നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ, പ്രധാനമന്ത്രി രാജ്യത്തെ പൗരന്മാർക്ക് മുന്നിൽ ഏഴ് പോയിന്‍റുകളുള്ള ഒരു അഭ്യർഥന മുന്നോട്ടുവച്ചു. അതിൽ രാസവളങ്ങളുടെ വിവേകപൂർണമായ ഉപയോഗവും പ്രകൃതിദത്ത കൃഷി രീതികളുടെ സ്വീകരണവും ഉൾപ്പെടുന്നു.

പ്രകൃതിദത്ത രീതികൾ സ്വീകരിക്കുന്നത് കൃഷി കൂടുതൽ സുസ്ഥിരമാക്കാൻ സഹായിക്കുക മാത്രമല്ല, കന്നുകാലികളുടെ സാമ്പത്തിക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു, ഇതിലൂടെ പാൽ ഉത്പാദനം നിർത്തിയശേഷം ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ കർഷകർക്ക് തുടർന്നും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും. ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കും ഒരുപോലെ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉത്പാദിപ്പിക്കാനും പ്രകൃതിദത്ത കൃഷി സഹായകമാകും, അതുവഴി വിലപ്പെട്ട വിദേശനാണ്യം ലാഭിക്കാനും കഴിയും.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം