പ്രതിസന്ധിഘട്ടത്തിലെ നേതൃത്വം: കച്ച് നൽകിയ പാഠങ്ങൾ

 
Special Story

പ്രതിസന്ധിഘട്ടത്തിലെ നേതൃത്വം: കച്ച് നൽകിയ പാഠങ്ങൾ

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കച്ചിനെ നടുക്കിയ ആ ഭൂകമ്പമുണ്ടായത്

MV Desk

രാജീവ് ടോപ്നോ

25 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ കച്ചിൽ ജില്ലാ വികസന ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുമ്പോൾ, ഭൂകമ്പം എന്ന പ്രതിഭാസത്തെക്കുറിച്ചോ അതിന്‍റെ പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചോ എനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ല. എന്നാൽ 2001 ജനുവരി 26ലെ ആ പ്രഭാതം എല്ലാം എന്നന്നേക്കുമായി മാറ്റിമറിച്ചു. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കച്ചിനെ നടുക്കിയ ആ ഭൂകമ്പമുണ്ടായത്. ഭൂമി കുലുങ്ങിയതോടെ റോഡ് തിരകളിലെന്ന പോലെ ഇളകിയാടി. കാർ കുലുങ്ങി. ഡ്രൈവർ വാഹനം നിർത്തിയപ്പോഴേക്കും റോഡരികിലെ വീടുകൾ തകർന്നു വീണ് അവശിഷ്ട കൂമ്പാരങ്ങളായി മാറിയിരുന്നു. അന്തരീക്ഷമാകെ പൊടിപടലങ്ങൾ കൊണ്ട് മൂടി, പരിക്കേറ്റവരുടെ ദയനീയമായ നിലവിളികൾ മുഴങ്ങിക്കേട്ടു.

തുടർന്നുള്ള ഏതാനും ആഴ്ചകൾക്കുള്ളിൽ, കച്ചിൽ 12,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായെന്നും 300ലധികം ഗ്രാമങ്ങളിൽ 70 ശതമാനത്തിലധികം വീടുകളും പൂർണമായോ ഭാഗികമായോ തകർന്നുപോയെന്നും ഞങ്ങൾ മനസിലാക്കി.

അതിനു ശേഷം പലവട്ടം ആ പ്രഭാതത്തെക്കുറിച്ചും, ദുരന്തത്തെത്തുടർന്ന് നടന്ന അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും, വർഷങ്ങളോളം നീണ്ടുനിന്ന പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു പ്രതിസന്ധിയെ സംസ്ഥാന സർക്കാർ എങ്ങനെയാണ് നേരിട്ടത്? ദുരന്തത്തിന്‍റെ ആദ്യ ആഴ്ചകളിൽ അതിവേഗം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് അനിവാര്യമായി. ലക്ഷക്കണക്കിന് വീടുകളുടെ പുനർനിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നു. ഒപ്പം, ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുന്ന ശക്തമായ സംവിധാനങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കേണ്ടതും അനിവാര്യമായിരുന്നു.

ദുരന്തത്തിനു പിന്നാലെ ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ നിർണായകമായ ആദ്യ തീരുമാനങ്ങൾ കൈക്കൊണ്ടു. 2001 ഫെബ്രുവരി 8ന് ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനെജ്‌മെന്‍റ് അഥോറിറ്റി രൂപീകരിച്ചു. ഭൂകമ്പം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ, വീടുകളുടെ പുനർനിർമാണം ഉടമകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന രീതിയിലുള്ള 5 ഭവന പുനർനിർമാണ പദ്ധതികൾ പ്രഖ്യാപിച്ചു. ഗുരുതരമായി തകർന്ന ഗ്രാമങ്ങളുടെ പുനരധിവാസം, പുനർനിർമാണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഗ്രാമവാസികളുടെ സമ്മതം ഉറപ്പാക്കാൻ ഗ്രാമസഭകളെ ആശ്രയിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വിലയിരുത്താൻ ഓരോ വീടും സന്ദർശിച്ച് പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പരിശോധനാ ഫലങ്ങളിൽ വിയോജിപ്പുള്ള കുടുംബങ്ങൾക്ക് പുനഃപരിശോധന ആവശ്യപ്പെടാനും ഗ്രാമതലത്തിലോ ജില്ലാ തലത്തിലോ ഉള്ള പരാതി പരിഹാര സമിതികളെ സമീപിക്കാനും ഓംബുഡ്‌സ്മാന് പരാതി സമർപ്പിക്കാനും അവസരമൊരുക്കി.

2001 ഒക്റ്റോബറിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോഴേക്കും വീടുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയായിരുന്നു. പുനർനിർമാണവുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, അതിന്‍റെ ബൃഹത്തും സങ്കീർണവുമായ ഘട്ടം അപ്പോഴും മുന്നിലുണ്ടായിരുന്നു. ഗുജറാത്തിലുടനീളം രണ്ടര ലക്ഷത്തിലധികം വീടുകൾ പുതുതായി നിർമിക്കേണ്ടതുണ്ടായിരുന്നു. ഒപ്പം, ലക്ഷക്കണക്കിന് വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി വാസയോഗ്യമാക്കുകയും വേണമായിരുന്നു. തകർന്നടിഞ്ഞ പൊതു അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുക എന്നതും വെല്ലുവിളിയായിരുന്നു.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ, പുനർനിർമാണം പൂർത്തിയായ ആദ്യ ഗ്രാമങ്ങളിലൊന്നായ ഭുജിന് സമീപമുള്ള ഉഖാദ്മോര സന്ദർശിക്കാൻ മോദി കച്ചിലെത്തി. ഭൂകമ്പത്തിന്‍റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി 3 മാസത്തിനുള്ളിൽ ജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന മാറ്റങ്ങൾ ഉറപ്പാക്കണമെന്ന സന്ദേശം അദ്ദേഹം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മുന്നിൽവച്ചു. മുതിർന്ന ഉദ്യോഗസ്ഥരോട് വാരാന്ത്യങ്ങൾ കച്ചിയിൽ ചെലവഴിക്കാനും ഓരോരുത്തരും ഓരോ പ്രദേശത്തിന്‍റെ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കാനും നിർദേശിച്ചു. ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരവും നൽകി. മുഖ്യമന്ത്രിയായ ശേഷമുള്ള തന്‍റെ ആദ്യ ദീപാവലി ചോബാരി ഗ്രാമത്തിലെ ദുരന്തബാധിത കുടുംബങ്ങൾക്കൊപ്പമാണ് അദ്ദേഹം ചെലവഴിച്ചത്.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സർക്കാർ നേരിട്ട് വീടുകൾ നിർമിച്ചു നൽകുന്നതിനു പകരം, സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കി ഓരോ കുടുംബത്തിനും സ്വന്തം വീട് പുനർനിർമിക്കാനുള്ള അവസരമൊരുക്കി. കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഘട്ടം ഘട്ടമായാണ് ധനസഹായം കൈമാറിയത്. ഓരോ ഘട്ടത്തിലെയും നിർമാണ പുരോഗതി എൻജിനീയർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രമാണ് അടുത്ത ഗഡു അനുവദിച്ചിരുന്നത്. ആയിരക്കണക്കിന് മേസ്തിരിമാർക്ക് ഭൂകമ്പ പ്രതിരോധ ശേഷിയുള്ള നിർമാണ രീതികളിൽ പരിശീലനം നൽകി. സിമന്‍റും മറ്റു നിർമാണ സാമഗ്രികളും ന്യായ വിലയ്ക്ക് ലഭ്യമാക്കാൻ മെറ്റീരിയൽ ബാങ്കുകളും സ്ഥാപിച്ചു. "കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനർനിർമിക്കുക' എന്നതായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യം. ഓരോ കുടുംബത്തിനും മുമ്പത്തേക്കാൾ സുരക്ഷിതവും ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ വീടുകൾ ഉറപ്പാക്കുക എന്നതായിരുന്നു ഈ സമീപനത്തിന്‍റെ കാതൽ. പുതിയ വീടുകൾ ഭാര്യയുടെയും ഭർത്താവിന്‍റെയും സംയുക്ത ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്യുകയും ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഭുജ്, അഞ്ജാർ, ഭച്ചൗ, റാപ്പർ തുടങ്ങിയ നഗരങ്ങളിൽ പുതിയ നഗരാസൂത്രണ പദ്ധതികളുടെയും പുനർവികസന പ്രവർത്തനങ്ങളുടെയും ഭാഗമായി വീടുകളുടെ പുനർനിർമാണവും നടപ്പാക്കി. പ്രധാനമന്ത്രി ഇന്ന് "ജൻ ഭാഗിദാരി'യെക്കുറിച്ച് സംസാരിക്കുമ്പോൾ, 25 വർഷങ്ങൾക്കു മുമ്പ് കച്ചിൽ ഈ ആശയം പ്രാവർത്തികമാക്കിയ ഗ്രാമസഭകളെയും സ്വന്തം വീടുകളുടെയും ഗ്രാമങ്ങളുടെയും പുനർനിർമാണത്തിൽ സജീവമായി പങ്കാളികളായ കുടുംബങ്ങളെയുമാണ് ഞാൻ ഓർക്കുന്നത്.

ദീർഘകാല അടിസ്ഥാനത്തിൽ ശക്തവും സുസ്ഥിരവുമായ സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും സംസ്ഥാനം ഈ വർഷങ്ങൾ പ്രയോജനപ്പെടുത്തി. 2002ൽ ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിച്ചു. 2003ൽ ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ നിയമം നടപ്പിലാക്കി. ഇതിലൂടെ ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്ക് നിയമപരമായ പദവിയും അധികാരവും ലഭിച്ചു. ദുരന്ത നിവാരണ രംഗത്ത് ഉദ്യോഗസ്ഥരുടെ അറിവും പ്രവർത്തനശേഷിയും വർധിപ്പിക്കാൻ ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനെജ്‌മെന്‍റും സ്ഥാപിച്ചു. തുടർന്ന്, 2005ൽ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്നു. 2016ൽ, ദുരന്ത സാധ്യത കുറയ്ക്കാനുള്ള പത്തിന പരിപാടി പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് അപകട സാധ്യതാ പരിരക്ഷ ഉറപ്പാക്കാനും പ്രാദേശിക തലത്തിൽ ദുരന്തങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനും ഈ അജൻഡ ഊന്നൽ നൽകി. 2019ൽ ഐക്യരാഷ്‌ട്ര സഭയിൽ അദ്ദേഹം ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യത്തിന് തുടക്കമിട്ടു. ഇൻഷ്വറൻസ് പരിരക്ഷയുള്ള വീടുകളും ഭൂകമ്പ പ്രതിരോധ നിർമാണത്തിൽ പരിശീലനം നേടിയ ഗ്രാമീണ മേസൺമാരും കച്ച് പുനർനിർമാണ പദ്ധതിയുടെ ആദ്യഘട്ടം മുതൽ തന്നെ അതിന്‍റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

തന്‍റെ രാജ്യത്ത് ഭൂകമ്പം ഉണ്ടായി 10 മാസങ്ങൾക്കു ശേഷം, 2016 ഫെബ്രുവരിയിൽ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേപ്പാളിലെ പുനർനിർമാണ അഥോറിറ്റി മേധാവിക്കൊപ്പം ഭുജിലെത്തി. കച്ച് എങ്ങനെ പുനർനിർമിക്കപ്പെട്ടു എന്ന് നേരിൽ കാണാനായിരുന്നു എത്തിയത്. ഈ സന്ദർശനം നേപ്പാളിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തനിക്ക് ആത്മവിശ്വാസമേകിയെന്ന് അദ്ദേഹം പറഞ്ഞു.

7 വർഷങ്ങൾക്ക് ശേഷം, 2023 ജൂണിൽ, ബിപർജോയ് ചുഴലിക്കാറ്റ് കച്ച് തീരത്തുള്ള ജഖാവിന് സമീപം തീരം തൊട്ടു. ചുഴലിക്കാറ്റ് എത്തുന്നതിന് ദിവസങ്ങൾക്കു മുമ്പു തന്നെ ഗുജറാത്ത് തീരപ്രദേശങ്ങളിലെ ഒരു ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ, ഈ ചുഴലിക്കാറ്റ് മൂലം ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

അപ്പോൾ, ഒരു പ്രതിസന്ധി ഘട്ടത്തിലെ നേതൃത്വത്തെക്കുറിച്ച് കച്ചിന്‍റെ അനുഭവം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ഒന്നാമത്, വീട് സ്വയം പുനർനിർമിക്കാൻ അവസരം ലഭിക്കുന്ന ഒരു കുടുംബം സ്വന്തം ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ അത് രൂപപ്പെടുത്തുന്നു. ഒപ്പം, സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നു. രണ്ടാമതായി, പൊതു പണത്തിന്‍റെ വിനിയോഗം കൃത്യമായി വിലയിരുത്തി സാക്ഷ്യപ്പെടുത്തിയ പ്രവർത്തന പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കണം; ഇത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം സർക്കാരും ജനങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മൂന്നാമതായി, ഒരു അടിയന്തര സാഹചര്യത്തിൽ ഒരു ഭരണകൂടം ആർജിക്കുന്ന അറിവുകൾക്ക് നിയമങ്ങളിലൂടെയും, സ്ഥാപനങ്ങളിലൂടെയും, പരിശീലനം ലഭിച്ച വ്യക്തികളിലൂടെയും ശാശ്വതമായ സംവിധാനങ്ങളാക്കി മാറ്റണം. കാരണം, അടുത്ത ദുരന്തം സംഭവിക്കുമ്പോൾ, മുൻകാല അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിച്ചെടുക്കാൻ നമുക്ക് സമയം ലഭിച്ചെന്ന് വരില്ല.

കച്ചിന്‍റെ പുനർനിർമാണം മൂലം എന്തു നേട്ടമാണ് കൈവരിച്ചതെന്ന് ആരെങ്കിലും ചോദിച്ചാൽ, സ്വന്തം വീടുകൾ പുനർനിർമിച്ച് ജീവിതം തിരിച്ചു പിടിച്ച ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഞാൻ ആദ്യം ഓർക്കുക, ഒപ്പം ബിപർജോയി ചുഴലിക്കാറ്റിനെക്കുറിച്ചും. ഒരു വലിയ ദുരന്തത്തിലൂടെ കടന്നുപോകുന്ന സർക്കാരിന് സ്വന്തം പ്രവർത്തനരീതിൾ പുനഃപരിശോധിച്ച് കൂടുതൽ കാര്യക്ഷമമായ ഭരണ സംവിധാനം കെട്ടിപ്പടുക്കാനുള്ള അവസരമുണ്ട്. ഗുജറാത്ത് ആ അവസരം വിനിയോഗിച്ചു. അന്ന് കൈക്കൊണ്ട തീരുമാനങ്ങൾ മൂലമാണ് കച്ചിലെ ജനങ്ങൾ ഇന്ന് കൂടുതൽ സുരക്ഷിതരായിരിക്കുന്നത്, ആ പ്രവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അങ്ങേയറ്റത്തെ ചാരിതാർഥ്യവുമുണ്ട്.

(ഗുജറാത്ത് സർക്കാരിന്‍റെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ലേഖകൻ).