ജന്തര് മന്തര്
വിജയ് ചൗക്ക്|സുധീര് നാഥ്
നമ്മള് ഇപ്പോള് ഏറ്റവും കൂടുതല് സംസാരിച്ചു കൊണ്ടിരിക്കുന്നത് ജന്തര് മന്തര് എന്ന പ്രദേശത്തെപ്പറ്റിയാണ്. ഡല്ഹിയിൽ കേരള ഹൗസ് അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചരിത്ര പ്രസിദ്ധമായ വാനനിരീക്ഷണ കേന്ദ്രമാണ് ജന്തര് മന്തര്. നഗ്ന നേത്രങ്ങള് കൊണ്ട് ഉപയോഗിക്കാന് രൂപകല്പ്പന ചെയ്ത, കല്ലു കൊണ്ട് നിർമിച്ച ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ഒരു സമുച്ചയമാണ് ജന്തര് മന്തര് എന്ന പേരില് അറിയപ്പെടുന്നത്.
ജന്തര് മന്തര് ആരാണ് പണിതത്...? എന്തിനാണ് പണിതത്...? ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രാജസ്ഥാനിലെ ജയ്പുര് എന്ന കോട്ട കെട്ടിയ നഗരം സ്ഥാപിച്ച് അതിനെ തലസ്ഥാനമാക്കി 11ാം വയസില് ആംബറിന്റെ ഭരണാധികാരിയായ രാജാവാണ് ജയ് സിങ് രണ്ടാമന്. മഹാരാജ ജയ് സിങ് രണ്ടാമന് ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ആഴമായ താല്പ്പര്യമുണ്ടായിരുന്ന ആളായിരുന്നു. 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്, നിരീക്ഷണാലയങ്ങളുടെ രൂപകല്പന, നിര്മാണം, സാങ്കേതികവിദ്യ എന്നിവയും പ്രബലമായ സാങ്കേതികവിദ്യയും പഠിക്കാന് അദ്ദേഹം തന്റെ പണ്ഡിതന്മാരെ പല രാജ്യങ്ങളിലേക്ക് അയച്ചു. നിരീക്ഷണങ്ങളും ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി കൈപ്പുസ്തകങ്ങളുമായി പണ്ഡിതന്മാര് മടങ്ങി. തുടര്ന്ന്, 1724നും 1737നും ഇടയില്, ജയ്പുര്, മഥുര, ന്യൂഡല്ഹി, ഉജ്ജെയ്ന്, വാരാണസി എന്നിവിടങ്ങളില് മഹാരാജ ജയ് സിങ് രണ്ടാമന് അഞ്ച് നിരീക്ഷണാലയങ്ങള് നിര്മിച്ചു. ഇതില് മഥുരയിലെ നിരീക്ഷണശാലയും അത് സംരക്ഷിച്ചിരുന്ന കോട്ടയും 1857ന് തൊട്ടുമുമ്പ് തകര്ക്കപ്പെട്ടു. ആദ്യകാലത്ത് ജ്യോതിശാസ്ത്രവും ജ്യോതിഷവും ആയിരുന്നു ജന്തര് മന്തറിന്റെ ഉദ്ദേശ്യം. ഇപ്പോള് അവ ഇന്ത്യയുടെ ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ സുപ്രധാന സ്മാരകങ്ങള് എന്ന നിലയില് ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്.
ഇന്ത്യയില് അഞ്ച് ജന്തര് മന്തറുകള് ഉണ്ട് എന്ന് സൂചിപ്പിച്ചല്ലോ. രാജ്യ തലസ്ഥാനമായ ഡല്ഹിയില് സ്ഥിതി ചെയ്യുന്ന ജന്തര് മന്തര് കാലം മാറിയപ്പോള് സമരഭൂമിയായി മാറി. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സമരഭൂമിയായി ജന്തര് മന്തര് നിലകൊള്ളുന്നു. മുന്പ് ഡല്ഹിയിലെ ബോട്ട് ക്ലബ്ബായിരുന്നു സമരഭൂമി. 1988ല് ഡല്ഹി ബോട്ട് ക്ലബ്ബില് ഒരാഴ്ച നീണ്ട കര്ഷക പ്രതിഷേധം നടന്നതിനു പിന്നാലെ അവിടത്തെ പ്രതിഷേധങ്ങള് നിയന്ത്രിക്കപ്പെട്ടു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയം കര്ഷകര് ഒരു സമരം നടത്തിയിരുന്നു. 1988 ഒക്റ്റോബര് മാസം മഹേന്ദ്ര സിങ് ടിക്കായത്തിന്റെ നേതൃത്വത്തില് കര്ഷകര് ട്രാക്റ്ററും കാളവണ്ടിയും സൈക്കിളുമൊക്കെയി പാര്ലമെന്റിനോട് ചേര്ന്ന ബോട്ട് ക്ലബ് മൈതാനിയില് എത്തി. അന്ന് മൃഗീയ ഭൂരിപക്ഷത്തിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയുടെ കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്ഷകര് ഡല്ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില് എത്തി. കര്ഷക വായ്പകള് എഴുതി തള്ളുക, വൈദ്യുതി കടങ്ങള് വെട്ടിക്കുറയ്ക്കുക, കരിമ്പിന്റെ സംഭരണ വില കൂട്ടിയതില് നടപടി, കാര്ഷിക വില നിര്ണയ കമ്മിഷനില് കര്ഷക പ്രാതിനിധ്യം എന്നിങ്ങനെയൊക്കെ ആയിരുന്നു ആവശ്യങ്ങള്. അന്ന് കര്ഷകര്ക്ക് പിന്തുണയുമായി നേരിട്ട് പങ്കെടുക്കാന് എത്തിയ പ്രതിപക്ഷ നേതാക്കളില് നാലു പേര് പില്ക്കാലത്ത് പ്രധാനമന്ത്രിമാരായി. അടൽ ബിഹാരി വാജ്പേയി, വി.പി. സിങ്, ചന്ദ്രശേഖര്, ഐ.കെ. ഗുജ്റാള് എന്നിവരായിരുന്നു അവര്. ദേവിലാല്, ലാൽ കൃഷ്ണ അഡ്വാനി, മനേക ഗാന്ധി, ജോര്ജ് ഫര്ണാണ്ടസ്, കന്ഷി റാം, ഓം പ്രകാശ് ചൗത്താല തുടങ്ങി ഒട്ടേറെ പേര് ദേശിയ രാഷ്ട്രീയത്തില് പില്ക്കാലത്ത് ശ്രദ്ധേയരായി. സമരം പക്ഷെ കര്ഷകരുടെ നിയന്ത്രണത്തില് തന്നെയായിരുന്നു.
ഭൂപ്രഭുക്കരായ കര്ഷകര്, അധികാര മോഹികളായ കര്ഷകര്, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന് പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള് സമരം ചെയ്യുന്ന കര്ഷകര്ക്ക് നേരെ കോണ്ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷേ, വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്ഷക സമരത്തില് അടിതെറ്റുകയായിരുന്നു. 1984ല് കോണ്ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില് ഉണ്ടായിരുന്നത്. തെലുങ്കുദേശം പാർട്ടി 30 സീറ്റുമായി രണ്ടാംസ്ഥാനത്തായിരുന്നു. സിപിഎമ്മിന് 23 സീറ്റ് അന്ന് ലോക്സഭയില് ഉണ്ടായിരുന്നു. 1988ലെ കര്ഷക സമരത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില് ഇന്ത്യന് രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്ഗ്രസിനും രാജീവ് ഗാന്ധിക്കും തിരിച്ചടിയേറ്റു. 1989ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. ജനതാദള് 142 സീറ്റില് ജയിച്ചു. ബിജെപി 89, സിപിഎം 34, സിപിഐ 12, എഐഎഡിഎംകെ 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വി.പി. സിങ് അധികാരത്തില് എത്തുന്നത് ഇവിടെ നിന്നാണ്.
വി.പി. സിങ്ങിന് 343 ദിവസം മാത്രമേ പ്രധാനമന്ത്രിക്കസേരയില് ഇരിക്കാന് സാധിച്ചുള്ളൂ. 1990 നവംബറില് ചന്ദ്രശേഖര് പ്രധാനമന്ത്രിയായി. അദ്ദേഹത്തിന് 223 ദിവസം മാത്രമാണ് ആ കസേരയില് ഇരിക്കാൻ കഴിഞ്ഞത്. പിന്നീട് 1991 ജൂണ് 21ന് പി. വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സര്ക്കാര് അധികാരത്തിലെത്തി. അവര് 1993 മുതല് ജന്തര് മന്തറിന് സമീപമുള്ള റോഡ് പ്രതിഷേധങ്ങള്ക്കായി നിശ്ചയിക്കപ്പെട്ട സ്ഥലമായി മാറ്റി. ഡല്ഹിയിലെ ബോട്ട് ക്ലബ്ബ് എന്ന സമര ഭൂമി പാര്ലമെന്റിന് തൊട്ട് സമീപമായതും, കോണ്ഗ്രസിനെ താഴെ ഇറക്കിയ സമര ഭൂമി ആയതും അതിന് കാരണമാകാം. പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള കര്ഷകരും ആക്റ്റിവിസ്റ്റുകളും തൊഴിലാളികളും മറ്റ് പൗരന്മാരും ജന്തര് മന്തര് സമരഭൂമിയാക്കി ഒത്തുചേര്ന്നു.
പാര്ലമെന്റ് മാര്ച്ച് എന്നു പറഞ്ഞ് രാജ്യ തലസ്ഥാനത്ത് എത്തുന്നവര് ജന്തര് മന്തിറില് യോഗം ചേര്ന്ന് പാര്ലമെന്റ് മാര്ച്ച് നടത്തിയതായി പ്രഖ്യാപിക്കുന്നു. 2012ല് ഡല്ഹിയില് നിര്ഭയ എന്ന പെണ്കുട്ടി കൂട്ടബലാത്സംഗം ചെയ്തതിനെതിരേ രാജ്യത്തെ വിദ്യാര്ഥികളും പൊതുജനങ്ങളും സ്ത്രീകളും ജന്തര് മന്തിറിലാണ് ഒത്തുകൂടി സ്ത്രീ സുരക്ഷയ്ക്കു വേണ്ടി കര്ശന നിയമങ്ങള് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളോളം ശക്തമായ സമരം നടത്തിയത്. ലൈംഗിക അതിക്രമ ആരോപണങ്ങള് നേരിട്ട റസിലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ മുന് മേധാവിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങള് സമരം ചെയ്തതും ജന്തര് മന്തറിലാണ്. മുന് സൈനികര് തങ്ങളുടെ പെന്ഷന് ആനുകൂല്യങ്ങളിലെ അപാകതകള് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരേ റാങ്ക് ഒരേ പെന്ഷന് എന്ന സമരം നടത്തിയതും ഇവിടെത്തന്നെ. തമിഴ്നാട്ടിലെ കര്ഷകരുടെ സമരം, വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള യുവജന സമരം, കേരളത്തിലെ റബർ കർഷകരുടെ സമരം തുടങ്ങി എത്രയെത്ര സമരങ്ങളാണ് ജന്തര് മന്തിറില് നടന്നിട്ടുള്ളത്. അഴിമതിക്കെതിരേ ഗാന്ധിയൻ അണ്ണാ ഹസാരയുടെ നേതൃത്വത്തില് അരവിന്ദ് കെജരിവാള് അടക്കമുള്ളവര് നിരാഹാരമിരുന്ന് സമരം തുടങ്ങിയതും ജന്തര് മന്തറിലായിരുന്നു. സമീപകാലത്ത് വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചതിന് കാരണമായ കൊക്രോച്ച് ജനതാ പാര്ട്ടി സമരം നടന്നതും ജന്തര് മന്തിറിലായിരുന്നു. ജന്തര് മന്തര് അങ്ങനെ ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തില് ഏറെ സമരങ്ങള്ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ്.
ഡല്ഹിയിലെ ജന്തര് മന്തര് ഇന്ന് വെറുമൊരു ജ്യോതിശാസ്ത്ര നിരീക്ഷണലയത്തിന്റെ സ്മാരകം മാത്രമല്ല എന്ന് തീര്ത്ത് പറയാം. അത് ഇന്ത്യന് ജനാധിപത്യത്തിന്റെ ജനകീയ പ്രതിഷേധങ്ങളുടെയും ഒരു വലിയ പ്രതീകമായാണ് കണക്കാക്കുന്നത്. പാര്ലമെന്റിന്റെ പടിവാതില്ക്കല് നിന്ന് കേവലം രണ്ട് കിലോമീറ്റര് മാത്രം അകലെയുള്ള ഈ വഴിത്താര ഭരണകൂടത്തിന്റെ കാതുകളുടെ തൊട്ടുതാഴെയാണ്. മഹാരാജ സവായി ജയ്സിങ് രണ്ടാമന് നിര്മിച്ച ഈ ചരിത്ര സ്മാരകം പില്ക്കാലത്ത് സാധാരണക്കാര്ക്ക് തങ്ങളുടെ ശബ്ദം ഭരണകൂടത്തെ കേള്പ്പിക്കുവാനുള്ള ഏറ്റവും ശക്തമായ വേദിയായി മാറുകയായിരുന്നു. പാര്ലമെന്റിനും പ്രധാന സര്ക്കാര് ഓഫിസുകള്ക്കും തൊട്ടടുത്തായ ഭൂമിശാസ്ത്രപരമായ ജന്തര് മന്തറിന്റെ സ്ഥാനം ഭരണാധികാരികളെ പ്രതിഷേധക്കാരിലേക്ക് പെട്ടെന്ന് എത്തിക്കാനുള്ള ഒരു സ്ഥലമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
ഡല്ഹി ജന്തര് മന്തര് ഇനി മുതല് സമരങ്ങള്ക്കായി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വേദിയല്ല. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ (എസ്ഐആര്) വിഷയത്തില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാര്ട്ടികളും മറ്റ് യുവജനങ്ങളും ഡല്ഹിയിലുടനീളം പ്രതിഷേധങ്ങള് തുടരുന്ന വേളയിലാണ് ഈ ഉത്തരവ് ഡല്ഹി പൊലീസ് പുറത്തിറക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക്, ശബ്ദമലിനീകരണം, പരിസരവാസികളുടെ പരാതികള് എന്നിവ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ കൂടി അനുമതിയോടെയുള്ള ഈ തീരുമാനം. പകരമായി രാംലീല മൈതാനം, ബുറാരി ഗ്രൗണ്ട്, സിബിഡി മൈതാനം എന്നിവയാണ് പുതിയ സമരവേദികളായി നിശ്ചയിച്ചിരിക്കുന്നത്.
2018 ജൂലൈയില് സുപ്രീം കോടതി ജന്തര് മന്തറിലും ബോട്ട് ക്ലബ്ബിലും പ്രതിഷേധങ്ങള് പൂര്ണമായി നിരോധിക്കുന്നതിന് എതിരായി വിധി പ്രസ്താവിച്ചിരുന്നു. എന്നാല് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും സംഘാടന രീതിയിലും കൃത്യമായ നിയന്ത്രണങ്ങള്ക്ക് വിധേയമായിരിക്കണം എന്നും നിര്ദേശിച്ചിരുന്നു. ജന്തര് മന്തിര് എന്നതിന് സമരഭൂമി എന്ന് അർഥമായി വന്നിരിക്കുന്നു.