വ്യാജ വാര്‍ത്തകള്‍ ട്രോജന്‍ കുതിരയെ പോലാണെന്ന് പറയാം

 
Special Story

വര്‍ത്തമാനകാലത്ത് വാര്‍ത്തകള്‍ക്ക് എഡിറ്റര്‍ വേണം

വ്യാജ വാര്‍ത്തകള്‍ ട്രോജന്‍ കുതിരയെ പോലാണെന്ന് പറയാം

Reena Varghese

വിജയ് ചൗക്ക് |സുധീര്‍ നാഥ്

ഇപ്പോള്‍ വാര്‍ത്തകളുടെ മത്സരമാണ്. നാനോയുടെ കാലത്താണ് നമ്മുടെ വര്‍ത്തമാന കാലത്തെ ജീവിതം. ജനങ്ങള്‍ ആഗ്രഹിക്കുന്നതും വാര്‍ത്തകളുടെ സൂക്ഷ്മ വിവരങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകളെ കുറിച്ചുള്ള ദീര്‍ഘമായ വിശകലനങ്ങളൊക്കെ എഡിറ്റോറിയല്‍ പേജിലേക്ക് മാറ്റുകയും വാര്‍ത്തകളുടെ എണ്ണം കൊണ്ട് മാറ്റു പേജുകള്‍ സമ്പന്നമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വാര്‍ത്തകള്‍ക്ക് പിന്നാലെ പായുകയാണ്. ഈ അവസരത്തില്‍ ശരിയല്ലാത്ത വാര്‍ത്ത കൊടുത്ത ശേഷം നമ്മുടെ പ്രധാന മാധ്യമങ്ങള്‍ തന്നെ പല അവസരത്തിലും തിരുത്തുകള്‍ നടത്തുന്നതും നാം കാണുന്നു. പക്ഷേ, ചില അവസരങ്ങളില്‍ തിരുത്തലോ എന്തിനേറെ, തെറ്റായ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം പോലുമോ നടത്താത്ത സാഹചര്യവും വന്നിരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതിന്‍റെ എണ്ണം കൂടിയതായിരിക്കും ഒരുപക്ഷേ അതിനുള്ള കാരണം. സാമൂഹ്യ മാധ്യമങ്ങള്‍ ശക്തിപ്പെട്ടതോടെ വ്യാജ വാര്‍ത്തകളുടെ എണ്ണം വലിയ അളവില്‍ കൂടിയിരിക്കുകയുമാണ്.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (എഐ) വഴി നിരവധി വീഡിയൊകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാം. ഇത് യഥാർഥ വ്യക്തി തന്നെ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥയുമുണ്ട്. രൂപവും ശബ്ദവും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മൂലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു എന്ന കുറ്റകരമായ പല പ്രവൃത്തിയും നമ്മുടെ ഇടയില്‍ത്തന്നെ കണ്ടുവരുന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്. സാധാരണക്കാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്താല്‍ നിർമിക്കുന്ന വീഡിയൊകളും ചിത്രങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണ്. എഐ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്നു. പോകെപ്പോകെ യാഥാർഥ്യത്തോട് കിടപിടിക്കുന്ന വീഡിയൊകളും ചിത്രങ്ങളും പുറത്തു വരും. സമൂഹം അംഗീകരിച്ച മാധ്യമങ്ങളുടെ ലോഗോ ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുടെ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് സാധാരണമായിരിക്കുന്നു. അത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും. ഡല്‍ഹിയിലെ സമീപകാല സമരകാലത്തെല്ലാം അത് കൂടുതല്‍ കണ്ടതാണ്.

തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ വാര്‍ത്തയായി അവതരിപ്പിക്കുന്നതാണ് വ്യാജ വാര്‍ത്തകള്‍. അവ പലപ്പോഴും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അപകീര്‍ത്തി വരുത്താനോ ബ്ലാക്ക് മെയിൽ ചെയ്യാനോ അല്ലെങ്കില്‍ പരസ്യ വരുമാനത്തിലൂടെ പണം സമ്പാദിക്കാനോ ലക്ഷ്യമിട്ട് ചെയ്യാറുണ്ട്. ചരിത്രത്തിലുടനീളം തെറ്റായ വാര്‍ത്തകള്‍ എല്ലായ്പ്പോഴും പ്രചരിച്ചിട്ടുണ്ടെങ്കിലും, "ഫേക്ക് ന്യൂസ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1890കളില്‍ പത്രങ്ങളില്‍ സെന്‍സേഷണല്‍ റിപ്പോര്‍ട്ടുകള്‍ സാധാരണമായിരുന്നപ്പോഴാണ്. അതുകൊണ്ടു തന്നെ വ്യാജ വാര്‍ത്തകള്‍ ട്രോജന്‍ കുതിരയെ പോലാണെന്ന് പറയാം. ട്രോജന്‍ യുദ്ധത്തിന്‍റെ പത്താം വര്‍ഷത്തില്‍ ട്രോയ് നഗരത്തിനുള്ളില്‍ കടക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ച വലിപ്പമേറിയ പൊള്ളയായ തടിക്കുതിരയാണ് ട്രോജന്‍ കുതിര. ഒഡീഷ്യസ് രൂപകല്‍പ്പന ചെയ്ത് അദ്ദേഹമുള്‍പ്പടെയുള്ള യോദ്ധാക്കള്‍ കുതിരയ്ക്കുള്ളില്‍ ഒളിച്ചു. ഗ്രീക്ക് സൈന്യം പിന്മാറിയെന്ന് വരുത്തിത്തീര്‍ക്കുകയും, അഥീന ദേവിക്കുള്ള സമര്‍പ്പണമാണിതെന്ന് സിനോണ്‍ എന്ന സൈനികന്‍ ട്രോയ് നിവാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു. നഗരത്തിനുള്ളിലേക്ക് കുതിരയെ കൊണ്ടുവന്ന ശേഷം, രാത്രി യോദ്ധാക്കള്‍ പുറത്തുവന്ന് നഗര കവാടങ്ങള്‍ തുറക്കുകയും ട്രോയ് കീഴടക്കുകയും ചെയ്തു.

വ്യാജ വാര്‍ത്തകള്‍ പോലെ അപകടമാണ് തെറ്റായ വാര്‍ത്തകള്‍. ചില അവസരങ്ങളില്‍ വാര്‍ത്തകളുടെ സ്വഭാവം മാറുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാത്തതു മൂലവും തെറ്റായ വാര്‍ത്തകളായി വരും.

ചില സംഭവങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു വിദ്യാര്‍ഥി രാജ്യതലസ്ഥാനത്ത് സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയി. രാവിലെ മുതലുള്ള നിരന്തര മൊബൈല്‍ ഉപയോഗം മൂലം അവന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഏറെ വൈകിയിട്ടും മകന്‍ വരാത്തതുകൊണ്ട് മാതാപിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടൊ സഹിതം വന്നു. സ്വാധീനമുള്ള മാതാപിതാക്കളായതു കൊണ്ട് വിവരം ഒരു പ്രമുഖ പത്രത്തിലും അറിയിച്ചു. പത്രം പയ്യന്‍റെ ചിത്രം സഹിതം വാര്‍ത്ത കൊടുക്കാന്‍ നിര്‍ബന്ധിതമായി. എന്തായാലും സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് മകന്‍ രാത്രി തിരിച്ചെത്തി. തിരിച്ചെത്തിയ വിവരം മാതാപിതാക്കള്‍ മാധ്യമ സ്ഥാപനത്തെ അറിയിക്കാന്‍ വൈകിപ്പോയി. രാവിലെ പത്രം വന്നപ്പോള്‍ കാണ്മാനില്ല എന്ന വാര്‍ത്ത ഫോട്ടൊ സഹിതം അച്ചടിച്ചതാണ് കാണുന്നത്. അതിനു ശേഷമാണ് അവര്‍ മാധ്യമ സ്ഥാപനത്തെ ഇത് അറിയിക്കുന്നത്.

മറ്റൊരു സംഭവം ഒരു ഫോട്ടൊഗ്രാഫര്‍ പങ്കുവച്ചതാണ്. അദ്ദേഹം ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു ഫോണ്‍ കോള്‍ വരുന്നത്. നേരം ഇരുട്ടിയ സമയം. ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഒരാള്‍. അദ്ദേഹം കാല്‍വഴുതി ഒരു പൊട്ടക്കിണറ്റിലേക്ക് വീണു. വിവാഹ വീടിനു സമീപമായതു കൊണ്ട് ഒച്ച കേട്ട് ജനങ്ങള്‍ ഓടിക്കൂടി. ഫയർ ഫോഴ്സ് എത്തി ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു. ഈ സമയമാണ് ഫോട്ടൊഗ്രാഫറായ മാധ്യമ പ്രവര്‍ത്തകന്‍ അവിടെ എത്തുന്നത്. കിണറ്റില്‍ വീണ ആളെ പുറത്തെടുക്കുന്ന ഫോട്ടൊയെടുത്ത് തന്‍റെ പത്രത്തിലേക്ക് നല്‍ക‌ി. ഫയർ ഫോഴ്സ് എത്തി അത്ഭുതകരമായി രക്ഷപ്പെടുത്തി, രണ്ടാം ജന്മം നല്‍കി എന്നെല്ലാം കാണിച്ചു കൊണ്ട് ക്യാപ്ഷൻ നൽകി എക്സ്ക്ലൂസീവ് പടമായി ഒന്നാം പേജില്‍ നല്‍കി. രണ്ടാം ജന്മം എന്നു പറഞ്ഞ് വാര്‍ത്തയില്‍ കൊടുത്ത വ്യക്തി ആശുപത്രിയില്‍ വച്ച് മരിച്ചു എന്നതായിരുന്നു യാഥാർഥ്യം. ഫോട്ടൊയും വാര്‍ത്തയും ഒന്നാം പേജില്‍ അച്ചടിച്ചു വന്ന ദിവസം അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത ചരമ പേജില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നുത് മാധ്യമ പ്രവര്‍ത്തനം നടത്തിയ ഫോട്ടൊഗ്രാഫര്‍ അന്വേഷിച്ചില്ല എന്നതാണ് വസ്തുത.

പത്രങ്ങളില്‍ ചരമ പേജുകളില്‍ ശത്രുതയുള്ളവരുടെ മരണ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ഒരു സ്വഭാവം ഒരു കാലത്ത് ഉണ്ടായിരുന്നു. ഇത് വ്യാപകമായതോടെ പ്രമുഖ പത്രങ്ങളെല്ലാം ഇപ്പോള്‍ ജാഗ്രതയിലാണ്. മരണ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ അത് സ്ഥിരീകരിക്കുന്ന രീതി മാധ്യമങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരാളുടെ ഫോട്ടൊ തന്നെ പല ആവൃത്തി ചരമ പേജില്‍ വന്നതും, ഒരേ മരണ വാര്‍ത്ത പലയിടങ്ങളില്‍ വന്നതും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്ക് കുറവ് സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കാം.

കണ്ണൂരിലെ പല പത്രങ്ങള്‍ക്കും ഒരേപോലെ സംഭവിച്ച അമളി കൂടി പങ്കുവയ്ക്കാം. തന്‍റെ കാമുകിയുടെ വിവാഹ ദിവസം പഴയ കാമുകന്‍ കണ്ണൂരിലെ പ്രധാന മാധ്യമ സ്ഥാപനങ്ങളെ കബളിപ്പിച്ചു. കാമുകിയുടെയും അയാളുടേയും ചിത്രം വിവാഹിതരായി എന്ന പരസ്യം നല്‍കി. മാധ്യമങ്ങളെ വിശ്വസിപ്പിക്കാന്‍ അദ്ദേഹം വിവാഹ ക്ഷണക്കത്തും ഒപ്പം വച്ചിരുന്നു എന്നത് എടുത്തുപറയണം. ക്ഷണക്കത്ത് കണ്ടതുകൊണ്ടും, വരന്‍ നേരിട്ട് വന്ന് പരസ്യം നല്‍കിയത് കൊണ്ടും ഒരു മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനവും അതിന്‍റെ ആധികാരികത പരിശോധിച്ചില്ല എന്നത് മാധ്യമങ്ങള്‍ കബളിക്കപ്പെടാന്‍ കാരണമായി. വിവാഹ ദിവസം ആ പരസ്യം ഉണ്ടാക്കിയ പുകിൽ പറയേണ്ടതില്ലല്ലോ.

ഒരു ദിനപത്രത്തിന്‍റെ വിശ്വാസ്യതയും നിലവാരവും നിലനിത്താനും, പക്ഷപാതമില്ലാത്തതും കൃത്യവുമായ വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കാനും എഡിറ്ററുടെ നേതൃത്വം അത്യന്താപേക്ഷിതമാണ്. വിവിധ ഉറവിടങ്ങളില്‍ നിന്ന് വരുന്ന നിരവധി വിവരങ്ങളില്‍ നിന്ന് വായനക്കാര്‍ക്ക് പ്രസക്തവും സാമൂഹിക പ്രാധാന്യമുള്ളതുമായ വാര്‍ത്തകള്‍ തെരഞ്ഞെടുക്കാനും അനാവശ്യ വിവരങ്ങള്‍ ഒഴിവാക്കി, ഫിൽറ്റർ ചെയ്ത്, വസ്തുതകള്‍ മാത്രം നല്‍കാനും എഡിറ്റര്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. കൂടാതെ, ഭാഷയുടെ ശുദ്ധിയും പത്രത്തിന്‍റെ എഡിറ്റോറിയല്‍ നയവും ഉറപ്പാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ എഡിറ്റ് ചെയ്യാനും, സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് വ്യാജ വാര്‍ത്തകള്‍ പത്രത്തില്‍ ഇടംപിടിക്കുന്നത് തടഞ്ഞ് സത്യാവസ്ഥ പരിശോധിക്കാനും പരിചയസമ്പന്നായ എഡിറ്ററുടെ മേല്‍നോട്ടം നിര്‍ണായകമാണ്.

നിയമപരമായ ബാധ്യതകളും മാധ്യമ ധാർമികതയും പാലിച്ച് പത്രത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ചീഫ് എഡിറ്ററുടെ പ്രധാന ചുമതല. അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ എക്സിക്യൂട്ടീവ് എഡിറ്ററും, ന്യൂസ് എഡിറ്ററും, ബ്യൂറോ ചീഫുമാരുമൊക്കെ ബാധ്യസ്ഥരാണ്. ഇവരെല്ലാം ചേര്‍ന്ന് വാര്‍ത്തകള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം വേണം പ്രസിദ്ധീകരിക്കാന്‍. അച്ചടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ജനങ്ങളില്‍ വലിയ വിശ്വാസമാണുള്ളത്. ആ വിശ്വാസം തകരരുത്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന മാനനഷ്ട കേസുകളും സമൂഹത്തില്‍ ഉണ്ടാകാവുന്ന തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ കൃത്യമായ പരിശോധനാ സംവിധാനം ആവശ്യമാണ്. ചുരുക്കത്തില്‍, പത്രത്തിന്‍റെ ആത്മാവ് കാത്തുസൂക്ഷിക്കാനും വായനക്കാരുടെ വിശ്വാസം ആര്‍ജിക്കാനും എഡിറ്ററുടെ സാന്നിധ്യം അനിവാര്യമാണ്.