മസ്ക് നിർമിക്കുമോ പത്തു ലക്ഷം ഉപഗ്രഹങ്ങൾ?
ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന് പത്തു ലക്ഷം ഉപഗ്രഹങ്ങൾ വരെ വിന്യസിക്കാനാണ് യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. ഇത് കേവലം ഒരു ബഹിരാകാശ പദ്ധതിയുടെ അംഗീകാരം മാത്രമല്ല, ഭാവിയിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെയും എഐ അടിസ്ഥാന സൗകര്യങ്ങളുടെയും നിയന്ത്രണം ആർക്കായിരിക്കണം എന്ന മത്സരത്തിലെ നിർണായക നീക്കം കൂടിയാണ് . ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്കു പകരം ബഹിരാകാശത്തെ തന്നെ നിർമിത ബുദ്ധിയുടെ പ്രവർത്തന കേന്ദ്രമാക്കാൻ ഉള്ള നീക്കം ആഗോള സാങ്കേതിക മത്സരത്തിൽ പുതിയൊരു അധ്യായം തുറക്കുകയാണ് ഇതിലൂടെ.
പദ്ധതി വിജയിച്ചാൽ ഡാറ്റാ സംഭരണത്തിലും അതിന്‍റെ പ്രോസസിങിലും ഭൂമിശാസ്ത്രപരമായ പരിമിതികൾ മറികടക്കാൻ സ്പേസ് എക്സിനു കഴിയും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ തമ്മിൽ ലേസർ ബന്ധത്തിലൂടെ വിവരങ്ങൾ കൈമാറുകയും ഭൂമിയിലെ ഉപയോക്താക്കൾക്ക് ആവശ്യമായ ഫലങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ അടിസ്ഥാന ആശയം. എഐ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണത്തിനായുള്ള ഈ അമേരിക്കൻ നീക്കം എഐ വികസനത്തിന്‍റെ അടുത്ത ഘട്ടത്തിൽ നിർണായകമാകുന്നത് മികച്ച സോഫ്റ്റ്‌വെയറുകൾ മാത്രമല്ല, അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൻതോതിലുള്ള കംപ്യൂട്ടിങ് ശേഷി കൂടിയാണ്.
ഭൗമ ഡാറ്റാ സെന്‍ററുകളുടെ പരിമിതികൾ
ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്ക് വൈദ്യുതി ഉപഭോഗം, ജലലഭ്യത, ഭൂമിയുടെ ലഭ്യത, താപനിർമാർജനം തുടങ്ങിയ പരിമിതികളുണ്ട്. ഈ പ്രതിസന്ധികൾ മറികടക്കാനുള്ള സാധ്യതയായാണ് ബഹിരാകാശ ഡാറ്റാ സെന്‍ററുകൾ അവതരിപ്പിക്കപ്പെടുന്നത്. ബഹിരാകാശത്ത് സൂര്യപ്രകാശം കൂടുതൽ നേരം ലഭിക്കുന്ന ഭ്രമണപഥങ്ങൾ ഉപയോഗിച്ചാൽ സൗരോർജത്തിലൂടെ കംപ്യൂട്ടിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാമെന്നതാണ് പ്രധാന ആകർഷണം. ഭൂമിയിലെ വൈദ്യുതി ശൃംഖലയെ ആശ്രയിക്കേണ്ടതും കുറയ്ക്കാം.
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് ഒരു വെല്ലുവിളിയാണ്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചിപ്പുകളുടെ താപം നീക്കം ചെയ്യുക, ഉപകരണങ്ങൾ പരിപാലിക്കുക, ഭൂമിയിലേക്ക് വിവരങ്ങൾ വേഗത്തിൽ കൈമാറുക എന്നിവയും അതു പോലെ തന്നെ നിർണായകമാണ്.ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾക്കും അത്യാധുനിക എഐ മോഡലുകൾക്കും വലിയ ഡാറ്റാ സെന്‍ററുകളും ഊർജവും കൂളിങ് സംവിധാനങ്ങളും ആവശ്യമാണ്.
മസ്കിന്‍റെ ബഹിരാകാശ എഐ സാമ്രാജ്യ പദ്ധതി
നിലവിലുള്ള സ്പേസ് എക്സിന്‍റെ ബിസിനസ് മാതൃകയുടെ സ്വാഭാവികമായ ഒരു വിപുലീകരണം മാത്രമാണ് ഈ പദ്ധതി. റോക്കറ്റ് വിക്ഷേപണം, സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല, ബഹിരാകാശ ആശയ വിനിമയം, എഐ കംപ്യൂട്ടിങ് എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ കൂട്ടിച്ചേർക്കാനുള്ള അവസരമാണ് സ്റ്റാർമൈൻഡ് നൽകുന്നത്.സ്വന്തം റോക്കറ്റുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും സ്വന്തം ഉപഗ്രഹ ശൃംഖലയിലൂടെ ഡാറ്റ കൈമാറാനും ബഹിരാകാശത്തു തന്നെ എഐ കംപ്യൂട്ടിങ് ശേഷി വികസിപ്പിക്കാനും ഇത് സ്പേസ് എക്സിനെ സഹായിക്കുന്നു. തന്നെയല്ല, മറ്റൊരു കമ്പനിയെ ആശ്രയിക്കാതെ തന്നെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളുടെ വലിയൊരു ഭാഗം സ്പേസ് എക്സിനു നിയന്ത്രിക്കാനാകും എന്നതാണ്.
മസ്ക് നിർമിക്കുമോ പത്തു ലക്ഷം ഉപഗ്രഹങ്ങൾ?
എന്നാൽ സ്പേസ് എക്സിന് പരമാവധി പത്തു ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാം എന്നാണ് എഫ്സിസി നൽകിയ അനുമതിയുടെ സാരം. എന്നാൽ മസ്കിന്‍റെ കമ്പനി അത്രയും ഉപഗ്രഹങ്ങൾ നിർമിക്കുകയോ വിക്ഷേപിക്കുകയോ ചെയ്യണമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം ഈ പദ്ധതിയുടെ സാമ്പത്തിക വിജയം തന്നെ. സ്പേസ് എക്സിന്‍റെ പുനരുപയോഗിക്കാവുന്ന സ്റ്റാർഷിപ്പ് റോക്കറ്റുകളുടെ വിക്ഷേപണച്ചെലവ് കുറയ്ക്കാനുള്ള ശേഷി ഇതിൽ നിർണായകമാണ്. (തുടരും)