പത്ത് വർഷത്തിനിടെ കേരളത്തിലെ കണ്ടൽക്കാട് വിസ്തൃതി വർധിച്ചു

 
Special Story

പത്ത് വർഷത്തിനിടെ കേരളത്തിലെ കണ്ടൽക്കാട് വിസ്തൃതി വർധിച്ചു

മീനുകളുടെ പ്രജനനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ആവാസകേന്ദ്രങ്ങളാണ് കണ്ടൽക്കാടുകൾ.

Reena Varghese

കൊച്ചി: കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ കണ്ടൽക്കാട് വിസ്തൃതിയിൽ വർധനയുണ്ടായതായി പഠനം. തീരദേശ പരിസ്ഥിതിക്ക് പ്രതീക്ഷ നൽകുന്ന പഠനം കൊച്ചിയിലെ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആർഐ) അന്താരാഷ്‌ട്ര സമുദ്ര സിംപോസിയത്തിൽ അവതരിപ്പിച്ചു.

സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ 2017ലെയും 2026ലെയും ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്താണ് കേരളത്തിലെ തീരദേശ ജില്ലകളിലെ കണ്ടൽക്കാടുകളുടെ വിസ്തൃതിയിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ 5 പതിറ്റാണ്ടിനിടെ കേരളത്തിന് ഏകദേശം 90 ശതമാനം കണ്ടൽക്കാടുകൾ നഷ്ടമായിട്ടുണ്ടെങ്കിലും, സമീപ കാലത്ത് മൊത്തത്തിലുള്ള വിസ്തൃതിയിൽ വർധനയുണ്ടായെന്നാണ് കണ്ടെത്തൽ.

മീനുകളുടെ പ്രജനനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ആവാസകേന്ദ്രങ്ങളാണ് കണ്ടൽക്കാടുകൾ. ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ, കടൽക്ഷോഭം എന്നിവയിൽനിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുന്നതിലും ഇവ നിർണായക പങ്കുവഹിക്കുന്നു. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണത്തിലൂടെ കണ്ടൽക്കാടുകളുടെ പുനരുജ്ജീവനം വിലയിരുത്താനും തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കെമിക്കൽ ഓഷ്യാനോഗ്രഫി വിഭാഗം, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് 3 ദിവസത്തെ അന്താരാഷ്‌ട്ര സിംപോസിയം സംഘടിപ്പിച്ചത്.

സമുദ്ര ആവാസവ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതം ബോധ്യപ്പെടുത്തുന്നതായിരുന്നു സിമ്പോസിയത്തിൽ അവതരിപ്പിച്ച മറ്റൊരു പഠനം. 1982നും 2023നും ഇടയിൽ ബംഗാൾ ഉൾക്കടലിൽ 100ലേറെ സമുദ്ര ഉഷ്ണ തരംഗങ്ങൾ ഉണ്ടായതായി കണ്ടെത്തി. ഇവയുടെ ആവർത്തനത്തിലും ആകെ തീവ്രതയിലും വർധനയുണ്ടായിട്ടുണ്ട്. ബംഗ്ലാദേശിലെ ഷഹ്ജലാൽ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സമുദ്രശാസ്ത്ര വിഭാഗമാണ് പഠനം അവതരിപ്പിച്ചത്.

പ്രതിദിന സമുദ്രോപരിതല താപനിലയുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, പ്രത്യേകിച്ച് 2000ന് ശേഷം സമുദ്ര ഉഷ്ണ തരംഗങ്ങളുടെ ആവർത്തനം വർധിച്ചതായി കണ്ടെത്തി. 2016ൽ അതിതീവ്രവും ദീർഘകാലം നീണ്ടുനിന്നതുമായ ഉഷ്ണ തരംഗങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ്, നവംബർ മാസങ്ങളിലാണ് ഇവ കൂടുതലായി ഉണ്ടായത്. അതേസമയം, ഏറ്റവും തീവ്രമായ ഉഷ്ണ തരംഗങ്ങൾ പൊതുവെ മൺസൂണിന് മുമ്പുള്ള മാസങ്ങളിലാണ് രേഖപ്പെടുത്തിയത്. ഇത് സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.