ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയ്‌ൻ ഇന്നിറങ്ങുമ്പോൾ

 
Special Story

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയ്‌ൻ ഇന്നിറങ്ങുമ്പോൾ

10 കോച്ചുകൾ, 2,600 പേർക്ക് യാത്ര ചെയ്യാം

MV Desk

ലോകത്തെ ഏറ്റവും ശുദ്ധമായ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയ്‌നിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്- ഒഫ് ചെയ്യുമ്പോൾ ലോകമാകെ ഇവിടേക്കു നോക്കുകയാണ്.

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ദോഷകരമായ കാർബൺ ബഹിർഗമനം ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരം ട്രെയ്‌നുകളുടെ പ്രധാന നേട്ടം. കൽക്കരി, നീരാവി എൻജിനുകളിൽ നിന്ന് ശുദ്ധവും സുസ്ഥിരവുമായ ഊർജ സ്രോതസുകൾ സ്വീകരിക്കുന്നതിലേക്ക് ഇന്ത്യൻ റെയ്‌ൽവേയുടെ സംവിധാനങ്ങൾ എങ്ങനെ പരിണമിച്ചു എന്ന് ഇതിലൂടെ വ്യക്തമാകുന്നു.

കഴിഞ്ഞ 12 വർഷത്തിനിടടെ, നമ്മുടെ റെയ്‌ൽവേ ശൃംഖലയുടെ ഭൂരിഭാഗവും വൈദ്യുതീകരിച്ചു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഡീസലിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറഞ്ഞു. ബ്രോഡ്ഗേജ് റൂട്ടുകളിൽ 99%ത്തിലധികം വൈദ്യുതീകരിച്ചതോടെ ഇന്ത്യൻ റെയ്‌ൽവേ ഒരു പടി കൂടി കടന്ന്, ഹൈഡ്രജൻ ഇന്ധന സെൽ ട്രെയ്‌നുകൾ അവതരിപ്പിക്കുന്നതിലൂടെ ശുദ്ധമായ ഗതാഗതത്തിലേക്ക് മറ്റൊരു പ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്.

ഓവർഹെഡ് ലൈനുകളിലെ വൈദ്യുതി ഉപയോഗിക്കുന്ന സാധാരണ ട്രെയ്‌നുകളിൽ നിന്ന് വ്യത്യസ്തമായി ഈ ട്രെയ്‌നുകൾ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള ഒരു രാസപ്രവർത്തനത്തിലൂടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയുടെ ഏക ഉപോത്പന്നം ജലബാഷ്പമാണ്, ഇത് ട്രെയ്‌നുകളെ പരിസ്ഥിതി സൗഹൃദവും മലിനീകരണ മുക്തവുമാക്കുന്നു.

പഴയ നീരാവി, ഡീസൽ എൻജിനുകളെപ്പോലെ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയ്‌നുകൾക്കും സ്വന്തമായ ഊർജ സ്രോതസ് ആവശ്യമാണ്. വായുവിൽ നിന്നുള്ള ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് ശുദ്ധമായ രാസപ്രക്രിയയിലൂടെ ഹൈഡ്രജൻ ട്രെയ്‌നിനുള്ളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിൽ ജ്വലനം ആവശ്യമില്ല, ബാഹ്യ ലൈനുകളിൽ നിന്ന് വൈദ്യുതിയും ആവശ്യമില്ല. ശുദ്ധമായ ഹൈഡ്രജൻ സാങ്കേതിക വിദ്യയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ, ഏറ്റവും പരിസ്ഥിതി സൗഹൃദമായ ട്രെയ്‌നുകളിൽ ഒന്നായി ഇത് മാറുന്നു.

സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ ഹൈഡ്രജൻ ചോർച്ച, ചൂട്, തീ ജ്വാല, പുക എന്നിവ കണ്ടെത്താൻ കഴിയുന്ന നൂതന സുരക്ഷാ സംവിധാനങ്ങളും ട്രെയ്‌നിൽ സജ്ജീകരിച്ചിരിക്കുന്നു. ഹരിയാനയിലെ ജിന്ദ്- സോനിപത്ത് റൂട്ടിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ഈ ട്രെയ്‌ൻ സർവീസ് നടത്തും. പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ. 89 കിലോമീറ്റർ റൂട്ടിലെ യാത്ര സുരക്ഷിതം മാത്രമല്ല, വേഗതയേറിയതുമാണ്.

ലോകമെമ്പാടും സർവീസ് നടത്തുന്ന മിക്ക ഹൈഡ്രജൻ പാസഞ്ചർ ട്രെയ്‌നുകളിലും രണ്ടോ മൂന്നോ കോച്ചുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ചെറിയ പ്രാദേശിക റൂട്ടുകളിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ റെയ്‌ൽവേ ഏകദേശം 2,600 യാത്രക്കാരെ ഉൾക്കൊള്ളുന്ന 10 കോച്ചുകൾ പാസഞ്ചർ ട്രെയ്‌ൻ സർവീസിനായി ക്രമീകരിച്ചിരിക്കുന്നു. ഉയർന്ന ശേഷിയുള്ള പാസഞ്ചർ സർവീസുകൾക്കായി ഹൈഡ്രജൻ പവർ ട്രെയ്‌ൻ സാങ്കേതികവിദ്യ ഇന്ത്യ വിജയകരമായി പ്രാവർത്തികമാക്കി എന്ന് ഇത് വ്യക്തമാക്കുന്നു, ചെറിയ റൂട്ടുകളിൽ മാത്രം സർവീസ് നടത്തുന്നതിനു പകരം കൂടുതൽ യാത്രക്കാരെ വഹിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിക്കുന്നു.

ഹൈഡ്രജൻ ട്രെയ്‌ൻ പ്രവർത്തിക്കുന്നതെങ്ങനെ?

ഹൈഡ്രജൻ വളരെ വേഗം ജ്വലനത്തിലേർപ്പെടുന്ന വാതകമായതിനാൽ, ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയ്‌നുകളിൽ ഇന്ധനമായി ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് പലരും ചിന്തിച്ചേക്കാം. ഇതൊരു ന്യായമായ ആശങ്കയാണ്.

ഡീസൽ ഇന്ധനം ഉപയോഗിച്ച് മെക്കാനിക്കൽ പവർ ഉത്പാദിപ്പിക്കുന്ന പരമ്പരാഗത ഡീസൽ ട്രെയ്‌നുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ഹൈഡ്രജൻ ട്രെയ്‌ൻ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ (PEM) ഇന്ധന സെല്ലിന്‍റെ രൂപത്തിൽ ഒരു ചെറിയ പവർ പ്ലാന്‍റ് വഹിക്കുന്നു. ട്രെയ്‌നിലെ ടാങ്കുകളിൽ സംഭരിച്ചിരിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലിനുള്ളിലെ വായുവിൽ നിന്നുള്ള ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ട്രെയ്‌നിന്‍റെ മോട്ടോറുകളിലൂടെ ഈ വൈദ്യുതി ചക്രങ്ങളെ ചലിപ്പിക്കുന്നു. ഈ പ്രക്രിയ ജ്വലനമല്ല, ശുദ്ധമായ ഒരു ഇലക്‌ട്രോ കെമിക്കൽ പ്രതിപ്രവർത്തനമാണ്, അതിനാൽ ജലബാഷ്പവും താപവും മാത്രമേ ഉപോത്പന്നങ്ങളായി അവശേഷിക്കുന്നുള്ളൂ. തത്ഫലമായി, ട്രെയ്‌ൻ മൂലം പുകയോ കാർബൺ ബഹിർഗമനമോ ഉണ്ടാകുന്നില്ല.

ഈ പ്രക്രിയ ഏതാണ്ട് മാജിക് പോലെയാണ്: ഹൈഡ്രജൻ ട്രെയ്‌നിൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഇത് ട്രെയ്‌നിന് ശക്തി പകരുന്നു, ജലബാഷ്‌പം മാത്രമാണ് ഉപോത്പന്നം. ഹൈഡ്രജൻ + ഓക്സിജൻ = വൈദ്യുതി + ജലബാഷ്പം. ട്രെയ്‌ൻ മുന്നോട്ട് കുതിക്കുന്നു. മാജിക് എന്ന് തോന്നുമെങ്കിലും ഇത് ശുദ്ധമായ ശാസ്ത്രമാണ്. ട്രെയ്‌നിനുള്ളിൽ ഹൈഡ്രജനെ നേരിട്ട് വൈദ്യുതിയാക്കി മാറ്റുന്നു. ഇന്ധനം കത്തിക്കാത്തനാൽ ട്രെയ്‌ൻ പുകയോ നേരിട്ടുള്ള കാർബൺ ബഹിർഗമനമോ ഉണ്ടാക്കുന്നില്ല, ഇത് ഇന്ത്യൻ റെയ്‌ൽവേയെ ഹരിതയാത്രാ മാർഗമാക്കി മാറ്റുന്നു.

ഹൈഡ്രജൻ ട്രെയ്‌നിൽ ആകെ 10 കോച്ചുകൾ, അതിൽ 2 ഹൈഡ്രജൻ ഡ്രൈവിങ് പവർ കാറുകളും 8 ട്രെയ്‌ലർ കോച്ചുകളും ഉൾപ്പെടുന്നു. 2 ഡ്രൈവിങ് പവർ കാറുകളിലും ട്രെയ്‌ൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രധാന ഉപകരണങ്ങളായ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ, ഹൈഡ്രജൻ സംഭരണ സിലിണ്ടറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ സുഗമവും കാര്യക്ഷമവും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കി ട്രെയ്‌നിന്‍റെ മോട്ടോറുകൾക്ക് ഊർജം പകരുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഈ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഹൈഡ്രജൻ ട്രെയ്‌നിൽ 2 പവർ കാറുകളുണ്ട്, ഓരോ പവർ കാറിനും 1,200 കിലോവാട്ട് (ഏകദേശം 1,600 കുതിരശക്തി) വൈദ്യുതി ഉത്പാദിപ്പിക്കാം. ഈ 2 പവർ യൂണിറ്റുകളും സംയുക്തമായി ട്രെയ്‌നിനെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവശ്യമായ ഊർജം നൽകുന്നു.

ജിന്ദിലെ ഇന്ധനം നിറയ്ക്കൽ സ്റ്റേഷൻ

കാറുകൾക്ക് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളോ സിഎൻജി സ്റ്റേഷനുകളോ ആവശ്യമുള്ളതുപോലെ, ഒരു ഹൈഡ്രജൻ ട്രെയ്‌നിനും ഇന്ധനം നിറയ്ക്കാന പ്രത്യേക സൗകര്യം ആവശ്യമാണ്. ഇതിനായി, ഹരിയാനയിലെ ജിന്ദിൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയ്‌ൽവേ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സൗകര്യം റെയ്‌ൽവേ സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം 3 ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.

ആദ്യം, വൈദ്യുത വിശ്ലേഷണം എന്ന പ്രക്രിയയിലൂടെ ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു, അവിടെ ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കാൻ വൈദ്യുതി ഉപയോഗിക്കുന്നു. ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ പിന്നീട് പ്രത്യേക സംഭരണ ടാങ്കുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. അടുത്തതായി, ഹൈഡ്രജൻ 500 ബാറിന്‍റെ ഉയർന്ന മർദത്തിലേക്ക് കംപ്രസ് ചെയ്യുന്നു, അങ്ങനെ ചെറിയ സ്ഥലത്ത് വലിയ അളവിൽ ഇന്ധനം സംഭരിക്കാം. ഒടുവിൽ, 350 ബാറിന്‍റെ നിയന്ത്രിത മർദത്തിൽ രണ്ട് വ്യത്യസ്ത ഹൈഡ്രജൻ ഡിസ്പെൻസറുകൾ മുഖേന കംപ്രസ് ചെയ്ത ഹൈഡ്രജൻ ട്രെയ്‌നിലേക്ക് ലഭ്യമാക്കുന്നു. ഇത് 2 ഹൈഡ്രജൻ പവർ കാറുകളിലും ഒരേ സമയം ഇന്ധനം നിറയ്ക്കാൻ സഹായിക്കും, ഇങ്ങനെ സമയം ലാഭിക്കാനും വേഗത്തിലും കാര്യക്ഷമമായും ഇന്ധനം നിറയ്ക്കാനും കഴിയും.

ജിന്ദ് ഹൈഡ്രജൻ സൗകര്യത്തിന് ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ കഴിയും, ഇത് ഹൈഡ്രജൻ ട്രെയ്‌ൻ പതിവായി പ്രവർത്തിപ്പിക്കാൻ പര്യാപ്തമാണ്, കൂടാതെ അതിന്‍റെ സംഭരണ, വിതരണ സംവിധാനത്തിന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകാരം നൽകിയിട്ടുണ്ട്.

തദ്ദേശീയ ശേഷി വികസനം

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെയാണ് ഈ വണ്ടി പൂർണമായും രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും കൂട്ടിയോജിപ്പിച്ചതും. ഇത് ഇന്ത്യയുടെ നൂതന റെയ്‌ൽവേ എൻജിനീയറിങ്ങിലെ വൈദഗ്ധ്യവും നൈപുണ്യവും വെളിവാക്കുന്നു.

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ പവർഡ് ട്രെയ്‌ൻസെറ്റ് ഇന്ത്യൻ റെയ്‌ൽവേയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ സാങ്കേതിക ആവശ്യകതകൾ നിറവേറ്റി. മേധ സെർവോ ഡ്രൈവ്സാണ് ട്രെയ്‌ൻ കൂട്ടിച്ചേർക്കുകയും സംയോജിപ്പിക്കുകയും ചെയ്തത്, ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററി ട്രെയ്‌നിന്‍റെ തീമിലും ബാഹ്യ രൂപകൽപ്പനയിലും സംഭാവന നൽകി.

ഹൈഡ്രജൻ ആശങ്കകൾ?

നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു വാതകമാണ് ഹൈഡ്രജൻ, അതിനാൽ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് അത് തിരിച്ചറിയാൻ കഴിയില്ല. ഇത് വിഷമുള്ളതല്ല, നേരിട്ടുള്ള സമ്പർക്കത്തിലൂടെ ആളുകളെ ദോഷകരമായി ബാധിക്കുകയുമില്ല. എന്നിരുന്നാലും, ഹൈഡ്രജൻ വളരെ ജ്വലനക്ഷമതയുള്ളതാണ്, അതായത് ഇത് എളുപ്പത്തിൽ തീ പിടിക്കും, ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. കാണാനോ മണക്കാനോ കഴിയാത്ത വാതകമായതിനാൽ, ഹൈഡ്രജൻ ട്രെയ്‌ൻ പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങൾ ചെറിയ ചോർച്ചകൾ പോലും വേഗത്തിൽ കണ്ടെത്താനും അപകടകരമായ സാഹചര്യങ്ങളായി മാറുന്നത് തടയാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

സുരക്ഷ യഥാർഥത്തിൽ ഉറപ്പാക്കുന്നതെങ്ങനെ?

ട്രെയ്‌ൻ രൂപകൽപ്പന, ഹൈഡ്രജൻ സംഭരണ ടാങ്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെ ഹൈഡ്രജൻ ട്രെയ്‌ൻ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും സുരക്ഷ പ്രധാന പരിഗണനായിരുന്നു. സുരക്ഷിതവും വിശ്വസനീയവുമായ ട്രെയ്‌ൻ ഗതാഗതം ഉറപ്പാക്കാൻ ഹൈഡ്രജൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും ഈ സംവിധാനങ്ങൾ തുടർച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

ഹൈഡ്രജൻ ചോർച്ച, അമിതമായ ചൂട്, തീ, പുക തുടങ്ങിയ സാധ്യമായ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ട്രെയ്‌നിലും ഹൈഡ്രജൻ പ്ലാന്‍റിലുടനീളം സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഏത് പ്രശ്‌നവും തിരിച്ചറിയാം, ദ്രുത നടപടി സ്വീകരിക്കാം. തുടർച്ചയായ വെന്‍റിലേഷൻ ട്രെയ്‌നിനുള്ളിൽ ശുദ്ധവായു നിലനിർത്തുന്നു, ചെറിയ അളവിൽ ഹൈഡ്രജൻ ചോർന്നാൽ പോലും അത് ഒരിടത്ത് ശേഖരിക്കപ്പെടുന്നതിനും അപകടസാധ്യത സൃഷ്ടിക്കുന്നതിനും പകരം വേഗത്തിൽ ശിഥിലീകരിക്കുകയും നേർപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കും.

അസാധാരണമായ എന്തെങ്കിലും സാഹചര്യം കണ്ടെത്തിയാൽ, മാനുഷിക പ്രവർത്തനങ്ങളെ ആശ്രയിക്കാതെ, ഹൈഡ്രജൻ വിതരണം ഉടനടി നിർത്താൻ കഴിയുന്ന ഒരു ഓട്ടോമാറ്റിക് ഷട്ട്- ഓഫ് സംവിധാനമാണ് ഹൈഡ്രജൻ ട്രെയ്‌നിൽ സജ്ജീകരിച്ചിരിക്കുന്നത്. ലോക്കോ പൈലറ്റിന്‍റെ സുരക്ഷയ്ക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

ഒരു പ്രശ്നമുണ്ടായാൽ ട്രെയ്‌ൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ അനുവദിക്കുന്ന ഒരു എമർജൻസി മോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളോടെയാണ് ഡ്രൈവറുടെ ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാബിനിലെ ഒരു മോണിറ്ററിങ് സ്‌ക്രീൻ സമ്പൂർണ ട്രെയ്‌ൻ സംവിധാനത്തിന്‍റെ അവസ്ഥയും പ്രകടനവും തുടർച്ചയായി പ്രദർശിപ്പിക്കുന്നു, ഇത് എല്ലായ്‌പ്പോഴും സുരക്ഷിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ലോക്കോ പൈലറ്റിനെ സഹായിക്കുന്നു.

ലീക്ക് ഡിറ്റക്റ്ററുകൾ, അഗ്നിശമന സംവിധാനങ്ങൾ, ഓട്ടോമാറ്റിക് ഷട്ട്ഡൗൺ സംവിധാനങ്ങൾ, അഗ്നി നിയന്ത്രണത്തിനുള്ള വാട്ടർ സ്പ്രേ സംവിധാനങ്ങൾ, അലാറങ്ങൾ തുടങ്ങിയ നൂതന സുരക്ഷാ നടപടികളും ജിന്ദ് ഹൈഡ്രജൻ പ്ലാന്‍റിലുണ്ട്.

ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ

NFPA-2, ISO 19880 സീരീസ് പോലുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഹൈഡ്രജൻ ആവാസ വ്യവസ്ഥ രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതേസമയം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിശ്ചയിച്ചിട്ടുള്ള സുരക്ഷാ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിന് മുമ്പ് ലോകത്തെ മുൻനിര സാങ്കേതിക പരിശോധനാ, സർട്ടിഫിക്കേഷൻ ഏജൻസികളിൽ ഒന്നായ ജർമനിയിലെ TÜV SÜD (ടെക്നിക്കൽ ഇൻസ്പെക്‌ഷൻ അസോസിയേഷൻ) ഇത് ശ്രദ്ധാപൂർവം പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ഒരു സ്വതന്ത്ര മൂന്നാം കക്ഷി സുരക്ഷാ വിലയിരുത്തലിന് മുഴുവൻ സംവിധാനവും വിധേയമായി.

യാത്രക്കാരെ കയറ്റും മുമ്പ് നടത്തിയ പരീക്ഷണങ്ങൾ

ഈ ട്രെയ്‌ൻ ഓടിക്കാൻ അനുവദിക്കും മുമ്പ്, അതിന്‍റെ എല്ലാ സംവിധാനങ്ങളും ശരിയായും സുരക്ഷിതമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി കർശന പരിശോധനകൾക്ക് വിധേയമാക്കി. ട്രെയ്‌നിന്‍റെ ഇലക്‌ട്രോണിക് സംവിധാനങ്ങൾ റെയ്‌ൽവേ ആശയവിനിമയത്തെയും സിഗ്നലിങ് ഉപകരണങ്ങളെയും തടസപ്പെടുത്തുന്നില്ലെന്ന് റേഡിയോ ഫ്രീക്വൻസി പരിശോധനകളിലൂടെ ഉറപ്പാക്കി. വ്യത്യസ്ത വേഗതയിൽ ട്രെയ്‌നിന്‍റെ സ്ഥിരതയും സുഗമമായ ചലനവും ഓസിലേഷൻ പരിശോധനകളിലൂടെ വ്യക്തമായി, അതേസമയം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും സുരക്ഷിതമായും ട്രെയ്‌ൻ നിർത്താൻ കഴിയുമെന്ന് എമർജൻസി ബ്രേക്ക് പരിശോധനകളിലൂടെ വിലയിരുത്തി.

ആഗോളതലത്തിൽ ഇന്ത്യ

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയ്‌നുകൾ ഇപ്പോഴും ആഗോളതലത്തിൽ പ്രാരംഭ ഘട്ടത്തിലാണ്. ഹൈഡ്രജൻ പാസഞ്ചർ ട്രെയ്‌നുകൾ വാണിജ്യപരമായി പ്രവർത്തിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യം ജർമനിയാണ്, ഫ്രാൻസ്, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സ്വന്തമായി ഹൈഡ്രജൻ ട്രെയ്‌ൻ പദ്ധതികൾ പരീക്ഷിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നു. എന്നാൽ, ഈ ഹൈഡ്രജൻ ട്രെയ്‌നുകളിൽ ഭൂരിഭാഗവും ചെറുതാണ്, സാധാരണയായി രണ്ടോ നാലോ കോച്ചുകൾ മാത്രമേയുള്ളൂ. ഇന്ത്യയുടെ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയ്‌ൻ സാങ്കേതികവിദ്യ വലിപ്പം, ഭാവി സാധ്യതകൾ എന്നിവയുടെ കാര്യത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്. ട്രെയ്‌ൻ വികസിപ്പിക്കുന്നതിനൊപ്പം ജിന്ദിൽ രാജ്യത്തെ ഏറ്റവും വലിയ റെയ്‌ൽവേ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കൽ സൗകര്യവും ഇന്ത്യ നിർമിച്ചു.

ഹൈഡ്രജൻ ട്രെയ്‌നുകളുടെ ഭാവി

ജിന്ദ്- സോണിപത് ഹൈഡ്രജൻ ട്രെയ്‌ൻ പദ്ധതിയിൽ നിന്ന് നേടിയ അറിവും അനുഭവവും പ്രയോജനപ്പെടുത്തി, കൽക്ക- ഷിംല റൂട്ട് അടക്കമുള്ള പൈതൃക റൂട്ടുകളിൽ ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇന്ത്യൻ റെയ്‌ൽവേ പദ്ധതിയിടുന്നു.

പരീക്ഷണ പദ്ധതിക്കപ്പുറം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയ്‌നുകൾക്കായി ആസൂത്രിത ദേശീയ പദ്ധതി ഇന്ത്യൻ റെയ്‌ൽവേ വികസിപ്പിക്കുന്നു. ഇത് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തെ പിന്തുണയ്ക്കുന്നു, ദീർഘകാല നെറ്റ് സീറോ എമിഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സഹായിക്കുന്നു.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്