തകരുന്ന മാനവികത

 
Special Story

100% സാക്ഷരതയുടെ വ്യാജ പ്രതിച്ഛായ, തകരുന്ന മാനവികത

അക്ഷരമുറ്റത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍

Reena Varghese

ഡോ. സെമിച്ചന്‍ ജോസഫ്

100 ശതമാനം സാക്ഷരത നേടിയെന്നും സാംസ്കാരികമായി മുന്നിട്ടുനില്‍ക്കുന്നുവെന്നും അഹങ്കരിക്കുന്ന പ്രബുദ്ധ കേരളത്തിന്‍റെ മുഖത്തേറ്റ ക്രൂരമായ പ്രഹരങ്ങളാണ് വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആള്‍ക്കൂട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും. 2018ല്‍ അട്ടപ്പാടിയില്‍ വിശപ്പിന്‍റെ പേരില്‍ ആദിവാസി യുവാവായ മധുവിനെ അടിച്ചു കൊന്ന സംഭവം സാംസ്കാരിക ലോകത്തെ ഒന്നാകെ ലജ്ജിപ്പിച്ചതാണ്.

എന്നാല്‍ അതിനുശേഷവും ഇവിടെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍. മോഷ്ടാവാണെന്ന് ആരോപിച്ച് 2025 ഡിസംബറില്‍ പാലക്കാട് വച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭയ്യ (31) എന്ന യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് ക്രൂരമായി മര്‍ദിച്ചു കൊല്ലുകയും ഒന്നര മണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടത്തുകയും ചെയ്തു.

ഏറ്റവുമൊടുവില്‍, 2026 ഒക്റ്റോബര്‍ 13ന് മൂലത്തറ ഡാം റെഗുലേറ്റര്‍ പരിസരത്ത് കറങ്ങിനടന്നിരുന്ന, മാനസികാസ്വസ്ഥതയുള്ള, സംസാരശേഷി ഇല്ലെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശിയെ വീടിന് മുന്നില്‍ കിടന്നുറങ്ങി എന്ന നിസാര കാരണത്താല്‍ തടിയും കല്ലും ഉപയോഗിച്ച് കതിരേശന്‍ എന്ന ആളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിച്ചതച്ചു കൊന്നത്. പ്രതികളെല്ലാം 35 വയസില്‍ താഴെയുള്ള ചെറുപ്പക്കാരാണെന്നത് ഈ വിദ്വേഷത്തിന്‍റെയും ക്രൂരതയുടെയും ആഴം വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നവകേരളത്തിന്‍റെ മാനവികതയ്ക്ക് മേലുള്ള കറുത്ത പുള്ളിയും സാംസ്കാരിക പൈതൃകത്തിന് തന്നെ വലിയ അപമാനവുമാണ്. വിശപ്പടക്കാനും ജീവിക്കാനും എത്തുന്ന പാവപ്പെട്ടവരോടും അരികുവത്കരിക്കപ്പെട്ടവരോടും തെരുവില്‍ അലയുന്ന വയോധികരോടും കാണിക്കുന്ന ഈ ദയയില്ലായ്മ പ്രബുദ്ധത എന്ന സങ്കല്‍പ്പത്തെത്തന്നെ പരിഹാസ്യമാക്കുന്നു. "മനുഷ്യനാകണം മനുഷ്യനാകണം, വഴിവിളക്കുകള്‍ പോലെയെരിയണം' എന്ന് പാടിപ്പതിഞ്ഞ നാടാണ് ഒരു തരി കരുണ പോലുമില്ലാതെ അപരിചിതരെയും പാവങ്ങളെയും തല്ലിച്ചതയ്ക്കുന്നത്. അക്ഷരമുറ്റങ്ങളില്‍ നിന്ന് മനുഷ്യത്വം വറ്റിവരണ്ടുപോകുന്ന ഭയാനകമായ കാഴ്ചയ്ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.

കേരളത്തിന്‍റെ ചരിത്രസമ്പത്തായ സാഹിത്യവും തത്ത്വചിന്തകളും നമ്മെ പഠിപ്പിച്ചത് സമത്വവും സഹജീവി സ്നേഹവുമാണ്. എന്നാല്‍ ഇന്ന് നാം കാണുന്നത് പ്രബുദ്ധതയുടെ മുഖമൂടിയണിഞ്ഞ ആള്‍ക്കൂട്ട അക്രമികളെയാണ്. സാക്ഷരതയെന്നത് കേവലം അക്ഷരങ്ങള്‍ വായിക്കാനും എഴുതാനുമുള്ള ശേഷി മാത്രമല്ലെന്നും, അത് വ്യക്തിയുടെ സംസ്കാരവും സഹജീവികളോടുള്ള ബഹുമാനവുമാണെന്നും നാം എന്ന് തിരിച്ചറിയും? വിവേകവും ദയയുമില്ലാത്ത അക്ഷരാഭ്യാസം കൊണ്ട് ഒരു സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടാകാനുള്ളത്? അക്ഷരമറിയാത്തവനേക്കാള്‍ ക്രൂരമായി പെരുമാറാന്‍ അക്ഷരമറിയുന്ന യുവതലമുറ തുനിയുമ്പോള്‍ തോറ്റുപോകുന്നത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളാണ്.

മഹാത്മാ ഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി: "ഒരു സമൂഹത്തിന്‍റെ സാംസ്കാരിക നിലവാരം അളക്കേണ്ടത് ആ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരോടും ദുര്‍ബലരോടും അവര്‍ എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്.' ഗാന്ധിജിയുടെ ഈ വാക്കുകളിന്മേല്‍ വച്ചുനോക്കുമ്പോള്‍ കേരളം ഇനിയും ഏറെ പിന്നിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉപജീവനത്തിനായി എത്തുന്നവരും തെരുവില്‍ അലയുന്ന പാവങ്ങളും ആദിവാസികളും സ്വന്തം മണ്ണില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുന്നത് ജനാധിപത്യ സമൂഹത്തിന് തന്നെ നാണക്കേടാണ്. സഹജീവിക്ക് പ്രാഥമിക നീതിയും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കാന്‍ കഴിയാത്ത ഒരു സംസ്ഥാനത്തിന് സാക്ഷരതയുടെ പേരില്‍ അഹങ്കരിക്കാന്‍ യാതൊരു അവകാശവുമില്ല.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഭരണകൂടവും നിയമസംവിധാനങ്ങളും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ അതിലുപരി, മലയാളിയുടെ മനസില്‍ അനാവശ്യമായി അടിഞ്ഞുകൂടിയ അപര വിദ്വേഷവും വംശീയ അപകര്‍ഷതാ ബോധവും കഴുകിക്കളയേണ്ടതുണ്ട്. കവിതകളിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങുന്ന മാനവികതയല്ല, മറിച്ച് പ്രവൃത്തിയില്‍ കാണിക്കുന്ന കരുണയും നീതിയുമാണ് ഒരു സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പുരോഗമനപരമാക്കുന്നത്. ഇനിയൊരു ആള്‍ക്കൂട്ട കൊലപാതകവും മര്‍ദ്ദനവും ഇവിടെ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സ്വയം വിചാരണ നടത്താനും തിരുത്താനും മലയാളി സമൂഹം തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(മൂവാറ്റുപുഴ നിര്‍മല കോളെജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും സ്മാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സഹ സ്ഥാപകനുമാണ് ലേഖകന്‍. 99474 38515)