ശരണ വഴിയിൽ ഭക്തർക്കൊപ്പം

 
Special Story

ശരണ വഴിയിൽ ഭക്തർക്കൊപ്പം

തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിൽ റോഡുകളുടെ നവീകരണത്തിന് വലിയ പ്രാധാന്യമുണ്ട്

Reena Varghese

കെ. മുരളീധരൻ

ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി

വീണ്ടുമൊരു മണ്ഡല- മകരവിളക്കു കാലത്തിന് തുടക്കമാകുന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും ഒരു വിശ്വാസിയുടെ ജീവിതത്തിലെ സവിശേഷമായ അനുഭവമാണ്. വ്രത ശുദ്ധിയുടെയും ആത്മ സമർപ്പണത്തിന്‍റെയും സഹനത്തിന്‍റെയും വഴികളിലൂടെ "സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണ ഘോഷവുമായി മല ചവിട്ടുമ്പോൾ ഓരോ ഭക്തന്‍റെയും മനസിലുള്ളത് അയ്യപ്പ ദർശനം എന്ന ഒരേയൊരു ലക്ഷ്യമാണ്. ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അതിരുകൾ മറികടന്ന് മനുഷ്യരെ ഒരുമിപ്പിക്കുന്ന മഹത്തായ ആത്മീയ സംഗമം കൂടിയാണ് ശബരിമല തീർഥാടനം. ഈ വിശ്വാസ യാത്രയിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് സുരക്ഷിതവും സുഗമവും സംതൃപ്തവുമായ ദർശനം ഒരുക്കേണ്ടതുണ്ട്.

ഈ ഉത്തരവാദിത്വം തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തവണത്തെ മണ്ഡല - മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സർക്കാർ നേരത്തേ ആരംഭിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തന്നെ വിവിധ വകുപ്പുകളുടെ യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും നടന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ അധ്യക്ഷതയിൽ പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. തീർഥാടനവുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശമാണ് ഈ യോഗങ്ങളിൽ നൽകിയിട്ടുള്ളത്.

തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിൽ റോഡുകളുടെ നവീകരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിന്‍റെ ഭാഗമായി ദേവസ്വം മരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള ചാലക്കയം - പമ്പ റോഡ് പൊതുമരാമത്ത് വകുപ്പ് 15 കോടി രൂപ ചെലവഴിച്ച് നവീകരിച്ചു നൽകി. ദേവസ്വം വകുപ്പിന്‍റെ അധീനതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഇത്രയും വലിയ തുക ചെലവഴിച്ച് നവീകരിക്കുന്നത് ആദ്യമായാണ്. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്‍റെയും സഹകരണത്തിന്‍റെയും മികച്ച ഉദാഹരണമാണിത്. തീർഥാടകരുടെ യാത്രാദുരിതം കുറയ്ക്കാനും പമ്പയിലേക്കുള്ള ഗതാഗതം കൂടുതൽ സുരക്ഷിതമാക്കാനും ഈ ഇടപെടൽ സഹായിക്കും. മറ്റ് അനുബന്ധ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ശബരിമല തീർഥാടനത്തിന്‍റെ മുഖ്യ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്‍റെ അധികാരങ്ങളെയും സ്വതന്ത്രമായ പ്രവർത്തനങ്ങളെയും പൂർണമായി മാനിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ബോർഡിന്‍റെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടുകയല്ല, മറിച്ച് ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയാണ് സർക്കാരിന്‍റെ സമീപനം. ദേവസ്വം ബോർഡിന്‍റെ നേതൃത്വവും സർക്കാർ വകുപ്പുകളുടെ സഹകരണവും ഒരുമിച്ചു നിൽക്കുമ്പോഴാണ് തീർഥാടനം കൂടുതൽ മികച്ച രീതിയിൽ നടത്താനാകുക.

ഭക്തരുടെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് അപ്പവും അരവണയും ഉൾപ്പെടെയുള്ള പ്രസാദ വിതരണം. കന്നിമാസ പൂജാസമയത്ത് പ്രസാദ വിതരണത്തിലുണ്ടായ തടസം തീർഥാടകർക്ക് പ്രയാസമുണ്ടാക്കിയിരുന്നു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡുമായി വിഷയം ചർച്ച ചെയ്യുകയും മണ്ഡല- മകരവിളക്ക് കാലത്ത് ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.

80 ലക്ഷം അരവണയുടെ ബഫർ സ്റ്റോക്ക് ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട്. അപ്പത്തിന്‍റെയും അരവണയുടെയും ലഭ്യതയിൽ ഒരുഘട്ടത്തിലും കുറവുണ്ടാകാത്തവിധം ക്രമീകരണങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഒരു വകുപ്പിന് മാത്രം നിർവഹിക്കാനാകുന്ന ഉത്തരവാദിത്വമല്ല. ഏകദേശം 32 സർക്കാർ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഇതിന് ആവശ്യമാണ്. പൊലീസ്, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശ സ്വയംഭരണം, അഗ്നിരക്ഷാ സേന, ഭക്ഷ്യ സുരക്ഷ, ജലവിഭവം, വൈദ്യുതി തുടങ്ങി ഓരോ വകുപ്പിന്‍റെയും സേവനം തീർഥാടനത്തിന്‍റെ വിജയത്തിൽ നിർണായകമാണ്.

ഗതാഗത നിയന്ത്രണം മുതൽ ആരോഗ്യ സംരക്ഷണം വരെ, കുടിവെള്ളം മുതൽ ശുചിത്വം വരെ, സുരക്ഷ മുതൽ ദുരന്ത നിവാരണം വരെ എല്ലാ മേഖലകളിലും ഏകോപിതമായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.

ശരണ പാതയിലും പതിനെട്ടാം പടിയിലും തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്‍റെ സേവനം ഏറെ പ്രധാനമാണ്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സുഗമമായ ദർശനത്തിനുള്ള ക്രമീകരണങ്ങളും ആവശ്യമാണ്. ഈ ഉത്തരവാദിത്വം കാര്യക്ഷമമായി നിർവഹിക്കാൻ കേരള പൊലീസിന്‍റെ സേവനം സജ്ജമാണ്. പന്തളം, എരുമേലി, ചെങ്ങന്നൂർ, കോട്ടയം, ഏറ്റുമാനൂർ, വൈക്കം തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലും ഭക്തർക്ക് ആവശ്യമായ വിശ്രമം, കുടിവെള്ളം, ശുചിത്വം, ആരോഗ്യ സഹായം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കും.

തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്ക് സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികൾക്കു പുറമെ നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല തുടങ്ങിയ ഇടങ്ങളിലും ചികിത്സാ സഹായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടന പാതകളിൽ 22 എമർജൻസി മെഡിക്കൽ സെന്‍ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളിൽ 24 മണിക്കൂറും കാർഡിയോളജിസ്റ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

സ്പെഷ്യലിറ്റി സേവനം ആവശ്യമുള്ള വരെ കോന്നി മെഡിക്കൽ കോളെജിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ള രോഗികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. അടിയന്തര സാഹചര്യം നേടാൻ കോഴഞ്ചേരി ജില്ലാ ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളെജിൽ പ്രത്യേകമായി 100 കിടക്കകൾ ക്രമീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള ആശുപ്രതികളിൽ 100 കിടക്കകളും ഒരുക്കുന്നുണ്ട്. എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എക്സ്റേ സംവിധാനവും ഒരുക്കി.

ശബരിമല തീർഥാടനം വലിയൊരു ആത്മീയ അനുഭവമാണെങ്കിലും അതിന് ശാരീരികമായ തയാറെടുപ്പും ആവശ്യമാണ്. പ്രത്യേകിച്ച് പ്രായമായവരും ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവരും സ്വന്തം ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ മല കയറാവൂ. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ പാലിക്കുകയും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ചെയ്യണം. ഭക്തിയുടെ ആവേശത്തോടൊപ്പം സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ജാഗ്രതയും ഓരോ തീർഥാടകനും പുലർത്തേണ്ടതുണ്ട്.

ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ നിരവധി സവിശേഷതകളുള്ള ആരാധനാ കേന്ദ്രമാണ് ശബരിമല. ഭക്തജനങ്ങളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും പൂർണമായി മാനിച്ചു കൊണ്ടായിരിക്കും തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടപ്പാക്കുക. ആചാര സംരക്ഷണത്തിൽ ഭക്തജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

അതോടൊപ്പം ശബരിമലയുടെ പ്രകൃതിസൗന്ദര്യവും പമ്പാനദിയുടെ പവിത്രതയും സംരക്ഷിക്കേണ്ടതുണ്ട്. പശ്ചിമ ഘട്ടത്തിന്‍റെ ജൈവവൈവിധ്യവും വന സമ്പത്തും നിറഞ്ഞ ഈ പ്രദേശത്തിന്‍റെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലാകണം തീർഥാടനം. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുന്നതിലും ഓരോ ഭക്തനും ശ്രദ്ധിക്കണം. പമ്പാ നദിയുടെ ശുചിത്വവും പവിത്രതയും കാത്തുസൂക്ഷിക്കുക എന്നത് ഭരണകൂടത്തിന്‍റെ മാത്രം ഉത്തരവാദിത്വമല്ല; ഓരോ തീർഥാടകനും അതിൽ പങ്കാളിയാണ്.

ശബരിമലയുടെ മഹത്വം അതിന്‍റെ ആത്മീയതയിൽ മാത്രമല്ല, മനുഷ്യരെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിലും സമഭാവനയിലുമാണ്. ആ മഹത്തായ സന്ദേശം കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലമാണിത്. ഭക്തരുടെ വിശ്വാസത്തിന് ആദരവും യാത്രയ്ക്ക് സുരക്ഷയും ദർശനത്തിന് സൗകര്യവും ഉറപ്പാക്കുന്ന സംവിധാനമാണ് നമുക്ക് വേണ്ടത്. അതിനായി ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഭക്തജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം.

ശബരിമലയിലേക്കെത്തുന്ന ഓരോ ഭക്തനും സുരക്ഷിതമായി അയ്യപ്പ ദർശനം നടത്തി സംതൃപ്തിയോടെ മടങ്ങണം. യാത്രയിലുടനീളം പ്രയാസങ്ങളും ആശങ്കകളും ഒഴിവാക്കി, ഭക്തിയുടെ പവിത്രത അനുഭവിക്കാൻ കഴിയുന്ന തീർഥാടനകാലം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിശ്വാസവും ഭരണപരമായ ഉത്തരവാദിത്വവും കൈകോർക്കുന്ന ഈ ദൗത്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനൊപ്പം സർക്കാർ പൂർണമായും നിലകൊള്ളും. ഭക്തിയുടെ ശരണപാതയിൽ ഓരോ തീർഥാടകനും സർക്കാരിന്‍റെ കരുതലുണ്ടാകും.

സ്വാമിയേ ശരണം അയ്യപ്പാ!