"സ്നേഹയാത്ര" ഹൃദയസ്പർശിയായ സാക്ഷ്യം

 
Special Story

"സ്നേഹയാത്ര" ഹൃദയസ്പർശിയായ സാക്ഷ്യം

ജന്മം കൊണ്ട് ഇറ്റലിക്കാരിയായിരുന്നെങ്കിലും കർമം കൊണ്ട് അവർ ഒരു ഭാരതീയ സ്ത്രീയായി

Reena Varghese

പ്രൊഫ. കെ.വി. തോമസ്

മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി

ഈ മാസം 10ന് പ്രകാശനം ചെയ്ത സോണിയ ഗാന്ധിയുടെ ആത്മകഥയായ ""ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്'' ഡൽഹി കേരള ഹൗസിൽ താമസിക്കുമ്പോഴാണ് എന്‍റെ കൈകളിലെത്തിയത്. ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഞാൻ ആ പുസ്തകം വായിച്ചു തുടങ്ങിയത്. കാരണം, 1984 മുതൽ സോണിയ ഗാന്ധിയെ നേരിട്ടറിയാനും അവരുടെ ജീവിതത്തെയും രാഷ്‌ട്രീയ പ്രവർത്തനങ്ങളെയും വളരെ അടുത്തുനിന്ന് നിരീക്ഷിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും ഒരേ പ്രായക്കാരാണ്. ഞാൻ 1946 മേയ് 10നും സോണിയ ഗാന്ധി അതേ വർഷം ഡിസംബർ 9നുമാണ് ജനിച്ചത്. എന്‍റെ ജന്മദിനത്തിൽ സോണിയാജിയുടെ ആശംസകൾ പതിവായി ലഭിക്കാറുണ്ട്. തിരിച്ചും ഡിസംബർ 9ന് ഞാൻ അവർക്ക് ജന്മദിന ആശംസകൾ നേരാറുണ്ട്. അന്നു മുതൽ ഇന്നു വരെ വളരെ അടുത്തുനിന്ന് കണ്ടും അറിഞ്ഞും ആദരിച്ചും പോന്ന ഒരു സ്ത്രീരത്നമാണ് സോണിയ ഗാന്ധി.

സോണിയ ഗാന്ധിയെക്കുറിച്ച് മലയാളത്തിൽ ""സോണിയ പ്രിയങ്കരി'' എന്നും ഇംഗ്ലീഷിൽ ""സോണിയ: ദ ബെലവ്ഡ് ഓഫ് ദ മാസ്സസ്'' എന്നും പേരുകളിലുള്ള രണ്ടു പുസ്തകങ്ങൾ ഞാൻ രചിച്ചിട്ടുണ്ട്. ഇതിൽ ""സോണിയ പ്രിയങ്കരി'' എറണാകുളം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ വച്ച് സോണിയ ഗാന്ധി തന്നെയാണ് പ്രകാശനം ചെയ്തത്. ഇംഗ്ലീഷിലുള്ള പുസ്തകം അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണിയെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ആ തീരുമാനത്തിൽ നിന്ന് പിൻമാറേണ്ടിവന്നു. അതിനു കാരണം ആ പുസ്തകത്തിലെ ""പിന്നിൽ നിന്നുള്ള കുത്ത്'' എന്ന അധ്യായമായിരുന്നു.

1999 മേയ് 19ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം നടക്കുമ്പോഴുണ്ടായ അപ്രതീക്ഷിത രാഷ്‌ട്രീയ നീക്കമാണ് ആ അധ്യായത്തിന് ആധാരം. സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പി.എ. സാങ്മയാണ് അന്ന് ഈ വിവാദത്തിന് തുടക്കമിട്ടത്. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെക്കുറിച്ച് ബിജെപിയും ആർഎസ്എസും നടത്തുന്ന പ്രചാരണങ്ങളെ ഗൗരവമായി കാണണമെന്നും തെരഞ്ഞെടുപ്പിനെ നയിക്കാൻ സോണിയ ഗാന്ധി മുന്നോട്ടു വന്നാൽ അത് കോൺഗ്രസിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്മ നിർത്തിയിടത്തു നിന്നാണ് ശരദ് പവാർ തുടങ്ങിയത്. കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധി നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടു തന്നെ, അവരുടെ വിദേശ പൗരത്വം ഉയർത്തിക്കാട്ടിയുള്ള ബിജെപി-ആർഎസ്എസ് പ്രചാരണങ്ങളെ ഗൗരവമായി കാണണമെന്ന നിലപാടാണ് പവാറും സ്വീകരിച്ചത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ പ്രതിസന്ധിയിലാക്കാൻ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്ന ഈ നീക്കത്തെയാണ് ""പിന്നിൽ നിന്നുള്ള കുത്ത്'' എന്ന അധ്യായത്തിലൂടെ ഞാൻ അടയാളപ്പെടുത്തിയത്.

ഇറ്റലിയിലെ ലുസിയാന എന്ന കൊച്ചുഗ്രാമത്തിൽ സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായാണ് സോണിയ ജനിച്ചത്. ടൂറിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലായിരുന്നു അവരുടെ ബാല്യകാലം. ജന്മം കൊണ്ട് ഇറ്റലിക്കാരിയായിരുന്നെങ്കിലും കർമം കൊണ്ട് അവർ ഒരു ഭാരതീയ സ്ത്രീയായി മാറുകയായിരുന്നു. ലണ്ടനിലെ കേംബ്രിജിൽ പഠനത്തിനായി എത്തിയ കാലത്താണ് സുന്ദരിയും സൗമ്യയുമായ സോണിയ രാജീവ് ഗാന്ധിയുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്‌ട്രീയ കുടുംബങ്ങളിലൊന്നിലേക്കുള്ള മകളുടെ വിവാഹവും ജീവിത പ്രവേശനവും മാതാപിതാക്കൾ അൽപ്പം ആശങ്കയോടെയാണ് കണ്ടത്. അതുകൊണ്ടു തന്നെയാകാം രാജീവ് ഗാന്ധിയോടൊപ്പം പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇന്ത്യയിലേക്ക് യാത്ര തിരിച്ച സോണിയയുടെ കൈയിൽ മടങ്ങിപ്പോകാനുള്ള വിമാന ടിക്കറ്റ് പോലും അവർ കരുതിവച്ചത്. എന്നാൽ കാലം കറങ്ങിയപ്പോൾ ഇന്ദിര ഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളായും രാജീവ് ഗാന്ധിയുടെ ജീവിതസഖിയായും സോണിയ മാറി.

ഇന്ദിര ഗാന്ധിക്കും കുടുംബത്തിലെ മറ്റു അംഗങ്ങൾക്കും സോണിയയെ സ്വന്തം കുടുംബത്തിലെ ഒരംഗമായി സ്വീകരിക്കാൻ കഴിഞ്ഞു. എന്നാൽ ആ കുടുംബത്തിന്‍റെ ഭാഗമാകാനും അവിടെ തന്‍റെ ഇടം കണ്ടെത്താനും സോണിയ ഗാന്ധിക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു. ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴും, രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് എൽടിടിഇ ഭീകരരുടെ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും അവർ തളർന്നുപോയില്ല. ഇന്ത്യയെ സ്വന്തം വീടായും ഇന്ത്യക്കാരെ സ്വന്തം കുടുംബമായും കണ്ട സോണിയ ഗാന്ധി ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളെ അതിജീവിച്ച് പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു. അങ്ങനെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്ന കരുത്തുറ്റ നേതാവായി അവർ വളർന്നു. വ്യക്തമായ കാഴ്ചപ്പാടുകളും ഉറച്ച നിലപാടുകളുമുള്ള ശക്തയായ രാഷ്‌ട്രീയ നേതാവാണ് സോണിയ ഗാന്ധി.

2009ൽ എറണാകുളത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ എനിക്ക് അവസരം നൽകിയത് സോണിയ ഗാന്ധിയാണ്. തുടർന്ന് ഡോ. മൻമോഹൻ സിങ്ങിന്‍റെ രണ്ടാം മന്ത്രിസഭയിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുക എന്ന അതീവ ഉത്തരവാദിത്വമുള്ള ദൗത്യം എന്നെ ഏൽപ്പിച്ചതും അവരുടെ വിശ്വാസത്തിന്‍റെ തെളിവായിരുന്നു. രാഷ്‌ട്രീയ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം എനിക്ക് കരുത്തും പ്രചോദനവുമായി നിന്ന സോണിയ ഗാന്ധിയുടെ വിവിധ മുഖങ്ങളാണ് ""ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്'' എന്ന പുസ്തകത്തിന്‍റെ താളുകളിൽ ഞാൻ കാണുന്നത്. ഒരു രാഷ്‌ട്രീയ നേതാവിനപ്പുറം, വ്യക്തിബന്ധങ്ങളെ വിലമതിക്കുന്ന, സഹപ്രവർത്തകരെ വിശ്വസിക്കുകയും അവർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്ന സോണിയ ഗാന്ധിയെയാണ് ഈ പുസ്തകം എന്നെ വീണ്ടും ഓർമിപ്പിക്കുന്നത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിൽ സോണിയ ഗാന്ധി സ്വീകരിച്ച ശക്തമായ നിലപാടുകൾക്ക് ഞാൻ നേരിട്ട് സാക്ഷിയാണ്. 2013 ഓഗസ്റ്റ് 26നാണ് ചരിത്ര പ്രധാനമായ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്‍റിൽ പാസാക്കിയത്. യുപിഎ സർക്കാരിന്‍റെ രണ്ടാം ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായിരുന്നു ഭക്ഷ്യസുരക്ഷാ പദ്ധതി. എന്നാൽ അതിന്‍റെ നിയമ നിർമാണം ഒട്ടും എളുപ്പമായിരുന്നില്ല. രാഷ്‌ട്രീയമായും സാമ്പത്തികമായും ഭരണപരമായും പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നു. പദ്ധതിയുടെ പ്രായോഗികതയെയും സാമ്പത്തിക ബാധ്യതയെയും ചോദ്യം ചെയ്തുകൊണ്ടുള്ള വിമർശനങ്ങളും ശക്തമായിരുന്നു.

ഈ വിമർശനങ്ങൾക്കെല്ലാം പാർലമെന്‍റിലെ തന്‍റെ പ്രസംഗത്തിലൂടെ സോണിയ ഗാന്ധി നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തു വിശപ്പും പോഷകാഹാരക്കുറവും തുടച്ചു നീക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അവർ ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിച്ചു. അതിനാവശ്യമായ വിഭവങ്ങൾ രാജ്യത്തുണ്ടോ എന്ന് ചോദിച്ചവരോട്, വിഭവങ്ങളുണ്ടോ എന്നതല്ല പ്രശ്നമെന്നും അതിനാവശ്യമായ വിഭവങ്ങൾ നാം കണ്ടെത്തേണ്ടതുണ്ട് എന്നുമായിരുന്നു അവരുടെ മറുപടി. ഈ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, അത് കഴിയുമോ ഇല്ലയോ എന്നതല്ല വിഷയമെന്നും നാം അത് നടപ്പാക്കിയേ മതിയാകൂ എന്നുമുള്ള ഉറച്ച നിലപാടാണ് അവർ സ്വീകരിച്ചത്.

ആ വാക്കുകളിൽ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ ദൃഢനിശ്ചയം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. വിശക്കുന്നവന് ഭക്ഷണം ലഭിക്കേണ്ടത് ഭരണകൂടത്തിന്‍റെ ഔദാര്യമായല്ല, പൗരന്‍റെ അവകാശമായാണ് എന്ന ജനാധിപത്യബോധവും സാമൂഹിക നീതിയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടും അതിലുണ്ടായിരുന്നു. ഭക്ഷണം ആരുടെയും ഔദാര്യമല്ല, അതൊരു അവകാശമാണ് എന്ന് രാജ്യത്തോട് ഉറക്കെ വിളിച്ചുപറഞ്ഞത് സോണിയ ഗാന്ധിയാണ്. അതുപോലെ, കുടുംബത്തിൽ അമ്മയ്ക്ക് നൽകേണ്ട പ്രാധാന്യവും സ്ഥാനവും അംഗീകരിച്ചു കൊണ്ട് ഭവനത്തിന്‍റെ നാഥയായി അമ്മയെ കാണണമെന്ന ആശയത്തിനും അവർ പിന്തുണ നൽകി.

ഏത് പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാനും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ലക്ഷ്യബോധത്തോടെ നിറവേറ്റാനും സോണിയ ഗാന്ധിക്കുള്ള കഴിവും കരുത്തുമാണ് ഈ ആത്മകഥയിൽ ഞാൻ വീണ്ടും തിരിച്ചറിയുന്നത്. രാഷ്‌ട്രീയ ജീവിതത്തിലെ വിജയങ്ങൾ മാത്രമല്ല, വ്യക്തി ജീവിതത്തിലെ സ്നേഹവും ബന്ധങ്ങളും നഷ്ടങ്ങളും അവയെ അതിജീവിച്ചതും ഈ പുസ്തകത്തിലൂടെ അവർ വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഒരു രാഷ്‌ട്രീയ നേതാവിന്‍റെ ജീവിത കഥ എന്നതിനപ്പുറം, ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെയും സഹനശക്തിയോടെയും നേരിട്ട ഒരു സ്ത്രീയുടെ അനുഭവസാക്ഷ്യം കൂടിയാണിത്.

സോണിയ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ അവരുടെ രാഷ്‌ട്രീയ സംഭാവനകൾ മാത്രം എടുത്തുപറഞ്ഞാൽ മതിയാവില്ല. അവർ ഒരു അമ്മയാണ്, ഭാര്യയാണ്, മരുമകളാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും വ്യക്തിജീവിതത്തിലെ ഉത്തരവാദിത്വങ്ങളും രാഷ്‌ട്രീയ ജീവിതത്തിലെ വെല്ലുവിളികളും ഒരുപോലെ ഏറ്റെടുത്ത സ്ത്രീയാണ്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങൾക്കിടയിലും തളരാതെ മുന്നോട്ടുപോകാനും ഒരു പ്രസ്ഥാനത്തെ നയിക്കാനും അവർ കാണിച്ച അസാധാരണമായ മനക്കരുത്ത് എക്കാലവും ആദരിക്കപ്പെടേണ്ടതാണ്.

1984 മുതൽ അടുത്തു നിന്ന് അറിയുന്ന സോണിയ ഗാന്ധിയെക്കുറിച്ചുള്ള എന്‍റെ അനുഭവങ്ങളോടും ഓർമകളോടും ഏറെ ചേർന്നുനിൽക്കുന്ന പുസ്തകമാണ് ""ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്''. ഈ പുസ്തകം വായിച്ചുതീർന്നപ്പോൾ എനിക്ക് ബോധ്യപ്പെട്ടത്, സോണിയ ഗാന്ധിയുടെ ജീവിതം അധികാരത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും മാത്രം കഥയല്ല എന്നതാണ്. സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ത്യാഗത്തിന്‍റെയും അതിജീവനത്തിന്‍റെയും ഉറച്ച നിലപാടുകളുടെയും ജീവിതമാണത്. ജന്മം കൊണ്ട് ഇറ്റലിക്കാരിയായ ഒരു പെൺകുട്ടി കർമം കൊണ്ട് ഭാരതീയതയുടെ ഭാഗമായി മാറിയതിന്‍റെ ഹൃദയസ്പർശിയായ സാക്ഷ്യം കൂടിയാണ് ഈ ആത്മകഥ.