ലോകത്തിനു മുന്നില്‍ കേരളത്തിന്‍റെ വാതില്‍ തുറന്ന് വിഴിഞ്ഞം
മുഖ്യമന്ത്രി
നൂറ്റാണ്ടുകളായി നമ്മുടെ ജനതയെ രൂപപ്പെടുത്തിയ, സുഗന്ധവ്യഞ്ജന വ്യാപാരികളെ വിദൂര തീരങ്ങളിലെത്തിച്ച, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിച്ച അതേ അറബിക്കടല്‍ ഇന്ന് പുതുയുഗ കേരളത്തിന്‍റെ വികസനക്കുതിപ്പിന് ചരിത്ര വാതില്‍ തുറന്നിടുകയാണ്.
അന്താരാഷ്‌ട്ര സമുദ്ര വാണിജ്യ ഭൂപടത്തില്‍ കേരളത്തിന്‍റെ പേര് സുവര്‍ണക്ഷരങ്ങളില്‍ അടയാളപ്പെടുത്തിയ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, അതിന്‍റെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വിഴിഞ്ഞത്തു നിന്നുള്ള സമ്പൂര്‍ണ കരമാര്‍ഗ കയറ്റുമതി- ഇറക്കുമതി (Ex-Im - Export-Import) ചരക്കുനീക്കത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. ഒപ്പം, കേരളത്തിന്‍റെ തീരദേശ- തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയായ "മിഷന്‍ സമുദ്ര'യുടെ (Mission Samudra) പ്രഖ്യാപനവും ലോഗോ പ്രകാശനവും നിര്‍വഹിക്കപ്പെടുകയാണ്.
2024 ജൂലൈ 12ന് ട്രയല്‍ പ്രവര്‍ത്തനങ്ങളും ഡിസംബര്‍ 3ന് വാണിജ്യ പ്രവര്‍ത്തനങ്ങളും ആരംഭിച്ച വിഴിഞ്ഞം തുറമുഖം, ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത് അത്യപൂര്‍വ നേട്ടങ്ങളാണ്. യാതൊരു കോലാഹലങ്ങളുമില്ലാതെ, ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വേഗത്തിലാണ് വിഴിഞ്ഞം ആഗോള ഷിപ്പിങ് ശൃംഖലയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചത്.
ഇന്ന് 6 ഭൂഖണ്ഡങ്ങളിലായി 50 ലോകരാജ്യങ്ങളിലെ 110ലധികം പ്രധാന തുറമുഖങ്ങളുമായി വിഴിഞ്ഞം നേരിട്ട് സമുദ്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട് (Regular & Ad-hoc Services). ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച്, 1,057 കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് അടുക്കുകയും 22 ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ (2.24 Mn TEU) കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്തു. അത്യാധുനിക ഓട്ടോമേഷന്‍ സംവിധാനങ്ങളും 20 മുതല്‍ 24 മീറ്റര്‍ വരെയുള്ള അസാധാരണമായ സ്വാഭാവിക ആഴവുമുള്ള വിഴിഞ്ഞം, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ മദര്‍ഷിപ്പുകളെ അനായാസം ഉള്‍ക്കൊണ്ട് ആഗോളതലത്തിലെ മുന്‍നിര ടെര്‍മിനലുകളോട് കിടപിടിക്കുന്ന സാങ്കേതിക കരുത്തായി മാറിക്കഴിഞ്ഞു.
6 ഭൂഖണ്ഡങ്ങളിലെ 110 തുറമുഖങ്ങളിലേക്ക് നേരിട്ട് ബന്ധമുള്ള ഒരു തുറമുഖം കേരളത്തിനുണ്ട് എന്ന് പറയുമ്പോള്‍ അതിന്‍റെ യഥാര്‍ഥ അര്‍ഥമെന്താണ്? ലോകത്തിലെ ഏതൊരു വന്‍കരയിലേക്കും കേരളത്തില്‍ നിന്ന് ഇനി ഒരു നേരിട്ടുള്ള വഴിയുണ്ട് എന്നതാണ്. ഇക്കാലമത്രയും ആ വഴി ഉപയോഗിച്ചത് മറ്റുള്ളവരുടെ ചരക്കുകളായിരുന്നു; നാം കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളില്‍ 60 ശതമാനവും ഇതര രാജ്യങ്ങളുടെ ട്രാന്‍ഷിപ്പ്മെന്‍റുകളായിരുന്നു. അതായത്, നാം തുറമുഖം നിര്‍മിച്ചു; ലോകം അതിനെ ഒരു യാത്രാ ഇടത്താവളമായി ഉപയോഗിച്ചു ഫീസ് നല്‍കി കടന്നുപോയി.
എന്നാല്‍ ഇന്ന് ആരംഭിക്കുന്നത് അതിലും വലിയ ഒന്നാണ്; ലോകത്തെ 110 തുറമുഖങ്ങളിലേക്കുമുള്ള ഈ നേരിട്ടുള്ള ബന്ധം കേരളത്തിന്‍റെ സ്വന്തം ഉത്പന്നങ്ങള്‍ക്കായി തുറക്കപ്പെടുകയാണ്. വിദേശ തുറമുഖങ്ങളിലേക്ക് ഒരു ട്രാന്‍ഷിപ്പ്മെന്‍റ് പോലുമില്ലാതെ അതിവേഗം ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കുന്നത് വഴി യാത്രാസമയവും ലോജിസ്റ്റിക്‌സ് ചെലവും പകുതിയോളം കുറയും. ഇത് നിര്‍മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും കേരളത്തില്‍ തന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വലിയ പ്രചോദനമാകും. വിഴിഞ്ഞത്തെ വെറുമൊരു ട്രാന്‍ഷിപ്പ്മെന്‍റ് തുറമുഖത്തില്‍ നിന്ന് കേരളത്തെ സമഗ്രമായി വ്യാവസായവല്‍ക്കരിക്കുന്ന ആഗോള വാണിജ്യ കവാടമാക്കി മാറ്റുന്നത് ഇതാണ്.
എക്‌സിം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി കസ്റ്റംസ് കമ്മീഷണറേറ്റിന്‍റെ ഔദ്യോഗിക പബ്ലിക് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍എച്ച്- 66ലേക്ക് തുറമുഖ റോഡില്‍ നിന്നുള്ള താത്കാലിക റോഡ് സംവിധാനം പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിലവില്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സിഎഫ്എസ്) ഇല്ലാത്തതിന്‍റെ കുറവ് പരിഹരിക്കാന്‍ തുറമുഖത്തിനുള്ളില്‍ തന്നെ എക്‌സിം കണ്ടെയ്‌നറുകള്‍ക്കായി പ്രത്യേക കസ്റ്റംസ്- ബോണ്ടഡ് ഏരിയയും സജ്ജമാക്കി.
നമ്മുടെ കരുത്ത്: മൂന്ന് നെടുംതൂണുകള്‍
ഈ ആഗോള അവസരത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് 3 സവിശേഷമായ ആഭ്യന്തര കരുത്തുകളുണ്ട്:
ഉന്നത മാനവശേഷി: 94 ശതമാനം സാക്ഷരതയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മാനവ വികസന സൂചികയുമുള്ള നമ്മുടെ പ്രബുദ്ധ ജനതയാണ് ഏറ്റവും വലിയ കരുത്ത്. ഇലക്‌ട്രോണിക്‌സ് ആൻഡ് സെമികണ്ടക്റ്റര്‍ മിഷന്‍, എഐ മിഷന്‍, ഫ്യൂച്ചര്‍ ടെക് മിഷന്‍ എന്നിവയിലൂടെ നാം വികസിപ്പിച്ചെടുക്കുന്ന ഹൈ- ടെക് വൈദഗ്ധ്യവും ബാലരാമപുരത്തിന്‍റെ കൈത്തറി പാരമ്പര്യം പോലുള്ള പരമ്പരാഗത കരകൗശല നൈപുണ്യവും ഒരുപോലെ ആധുനിക കയറ്റുമതിക്ക് കരുത്താകും.
വികസിക്കുന്ന ലോജിസ്റ്റിക്‌സ് ശൃംഖല: എന്‍എച്ച്- 66, എന്‍എച്ച്- 544, നിര്‍മാണത്തിലുള്ള ഔട്ടര്‍ റിങ് റോഡ്, ദേശീയ ജലപാത- 3, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവ ഇതിനോടകം രൂപപ്പെട്ടുകഴിഞ്ഞു. ഇന്ത്യയുടെ പ്രധാന തീരപ്രദേശത്തിന്‍റെ 11 ശതമാനത്തോളം വരുന്ന കേരളത്തില്‍ വിഴിഞ്ഞത്തോടൊപ്പം 17 മൈനര്‍ തുറമുഖങ്ങളും ചേരുന്ന ഒരു സമഗ്ര ഗതാഗത ശൃംഖല യാഥാര്‍ഥ്യമാകുകയാണ്.
നിലവിലുള്ള വ്യാവസായിക ആവാസവ്യവസ്ഥ: പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കുകള്‍, സെമികണ്ടക്റ്റര്‍- റോബോട്ടിക്‌സ്- എയ്‌റോസ്‌പേസ് ഹൈടെക് നിര്‍മാണ ചട്ടക്കൂട്, ഇന്ത്യന്‍ ഐടി കയറ്റുമതിയുടെ 10 ശതമാനവും 5 ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഐടി നയം എന്നിവ ഇതിനകം സംസ്ഥാനത്തുണ്ട്. ഇവയെ വിഴിഞ്ഞത്തിന്‍റെ സാമീപ്യവുമായി ബന്ധിപ്പിക്കുക മാത്രമാണ് ഇനി വേണ്ടത്.
ഈ മുന്നേറ്റം ബോര്‍ഡ് റൂമുകളിലോ കണക്കെടുപ്പുകളിലോ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, നാടിന്‍റെ ഓരോ കോണിലേക്കും വികസനമെത്തിക്കുന്നതാണ്. ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രനിര്‍മാണം, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്‌ട്രിക്കല്‍- ഇലക്‌ട്രോണിക്‌സ്, റബ്ബര്‍- പ്ലാസ്റ്റിക്‌സ്, ഹൈടെക് മാനുഫാക്ചറിങ് തുടങ്ങിയ അനുയോജ്യമായ മേഖലകള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്.
സമുദ്രോത്പന്ന മേഖല: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.4 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു; 2030ഓടെ 30 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേരളത്തിന്‍റെ മൂല്യവര്‍ധിത സമുദ്രോത്പന്ന കയറ്റുമതി 2,074 കോടിയാണ്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന അത്യാധുനിക സമുദ്രോത്പന്ന പാര്‍ക്ക് വിഴിഞ്ഞത്ത് വിഭാവനം ചെയ്യുന്നത്, ഈ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ ഗുണഫലം തുറമുഖം സാധ്യമാക്കിയ തീരദേശ ജനതയിലേക്ക് തന്നെ നേരിട്ടെത്തിക്കാനാണ്.
സംസ്ഥാനവ്യാപക മുന്നേറ്റം: കൊല്ലം- തിരുവനന്തപുരം മേഖലയില്‍ കശുവണ്ടി വ്യവസായത്തിന് പുതിയ ഊര്‍ജം ലഭിക്കും; കൊച്ചിയില്‍ പെട്രോകെമിക്കല്‍ മേഖലയ്ക്കും പാലക്കാട് അഗ്രോ- പ്രോസസിങ്, ആയുര്‍വേദ മേഖലകള്‍ക്കും വിഴിഞ്ഞം കൂടുതല്‍ മികച്ച കയറ്റുമതി വഴി തുറക്കും.
വ്യാവസായിക വളര്‍ച്ചാ ലക്ഷ്യം: ആദ്യ വര്‍ഷം ഏകദേശം 45 പുതിയ വ്യാവസായിക യൂണിറ്റുകളോടെ തുടങ്ങി, 2040ഓടെ 1,500ലധികം യൂണിറ്റുകളിലേക്കും ഭൂവിനിയോഗം 20 ഹെക്റ്ററില്‍ നിന്ന് 420ലധികം ഹെക്റ്ററിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
"മിഷന്‍ സമുദ്ര': തീരദേശ വികസനത്തിന്‍റെ സമഗ്ര മാതൃക
വിഴിഞ്ഞം തുറമുഖത്തിന്‍റെ സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ "മിഷന്‍ സമുദ്ര' ആവിഷ്‌കരിച്ചിരിക്കുന്നത്:
പോര്‍ട്ട് സിറ്റിയും ക്ലസ്റ്ററുകളും: 8 വ്യാവസായിക ക്ലസ്റ്ററുകള്‍, 3 പുതിയ നഗരങ്ങള്‍, വിപുലമായ തീരപ്രദേശം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്ര മാരിടൈം ഇക്കണോമിക് റീജിയനായി വിഴിഞ്ഞത്തെ മാറ്റുന്ന "പോര്‍ട്ട് സിറ്റി' കാഴ്ചപ്പാടാണിത്.
400 കോടിയുടെ ഉത്തേജക ഫണ്ട്: തുറമുഖ കണക്റ്റിവിറ്റി, ലോജിസ്റ്റിക്‌സ് വികസനം, ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 14 ഉപപദ്ധതികള്‍ക്കായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
മൈനര്‍ തുറമുഖങ്ങളുടെ സംയോജനം: ചെറുകിട തുറമുഖങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഷിപ്പ് റിപ്പയര്‍ യൂണിറ്റുകള്‍, മള്‍ട്ടി- മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ എന്നിവ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും സമയബന്ധിതമായി യാഥാര്‍ഥ്യമാക്കും.
2031ഓടെ പൊതുനിക്ഷേപത്തിന്‍റെ പത്തിരട്ടിയിലധികം സ്വകാര്യ മൂലധനം ആകര്‍ഷിക്കാനും സുസ്ഥിരമായ വലിയൊരു തൊഴില്‍ വിപ്ലവം സൃഷ്ടിക്കാനും ഈ ദൗത്യത്തിലൂടെ സാധിക്കും.
ഒരുമിച്ച്, സമൃദ്ധിയുടെ പുതുയുഗത്തിലേക്ക്
കിഴക്കുപടിഞ്ഞാറ് അന്താരാഷ്‌ട്ര കപ്പല്‍ച്ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, രാജ്യത്തിന്‍റെ തന്നെ തന്ത്രപ്രധാന വാണിജ്യ കേന്ദ്രമായി അതിവേഗം മാറുകയാണ്.
ഇന്ന് രാവിലെ 10.45ന് തുറമുഖ കവാടത്തില്‍ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആദ്യ എക്‌സിം കണ്ടെയ്‌നര്‍ ഫ്ലാഗ് ഓഫ് ചെയ്യപ്പെടും. 6 ഭൂഖണ്ഡങ്ങളിലേക്കുള്ള വലിയൊരു വാതില്‍ നാം തുറന്നു കഴിഞ്ഞു. ഇനി ആ വാതിലിലൂടെ ലോകമെമ്പാടും കടന്നുപോകേണ്ടത് കേരളത്തിന്‍റെ സ്വന്തം വിയര്‍പ്പും വൈദഗ്ധ്യവും ഉത്പന്നങ്ങളുമാണ്. വിഴിഞ്ഞം തുറന്നിടുന്ന ആ സമൃദ്ധിയുടെ പുതുയുഗത്തിലേക്ക് നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.