ഫ്രാൻസ് കാഫ്ക

 
Special Story

വായന, സംവേദനം, സൗന്ദര്യം

വിമർശന ബുദ്ധി എവിടെ നിന്നോ കിളിർത്തു വരുന്ന ഒരു സസ്യമാണ്

Reena Varghese

അക്ഷരജാലകം| എം. കെ. ഹരികുമാർ

എനിക്കു വേണ്ടിയാണ് വായിക്കുന്നത്, എനിക്കു വേണ്ടിയാണ് എഴുതുന്നത് എന്നല്ല ഞാൻ പറയാറുള്ളത്; എന്നെയാണ് വായിക്കുന്നത്, എന്നെയാണ് എഴുതുന്നത് എന്നാണ്. അത്രയും അകംലോകത്തെ പരീക്ഷണ, നിരീക്ഷണങ്ങളുടെ സൃഷ്ടിയായിട്ടാണ് രചനയെ സമീപിക്കുന്നത്. ഒരു കൃതി വായിക്കുമ്പോൾ അതിൽ ഞാനുണ്ടോ എന്നാണ് പ്രാഥമികമായി തെരയുന്നത്.

അത് ഭാഷയിലും കഥാപാത്രത്തിലും സന്ദർഭത്തിലും സ്വരത്തിലും അതീതമായ അർഥത്തിലും പരിശോധിക്കുന്നു. അത് സൂക്ഷ്മ സംവേദനപരമായ വെളിപാടിലേക്ക് നയിക്കുന്നു. പാണ്ഡിത്യമോ വായനയുടെ പശ്ചാത്തലമോ ഒന്നും നമ്മെ ഒരു വിമർശന രചനയിൽ സഹായിക്കണമെന്നില്ല. വിമർശന രചന വെളിപാടാണെന്നാണ് എനിക്ക് കിട്ടുന്ന അനുഭവം തെളിയിക്കുന്നത്.

വിമർശന ബുദ്ധി എവിടെ നിന്നോ കിളിർത്തു വരുന്ന ഒരു സസ്യമാണ്. അത് പ്രത്യേക സാഹചര്യത്തിലോ കാലാവസ്ഥയിലോ തണ്ടിലോ അല്ല മുളയ്ക്കുന്നത്; എവിടെയും അത് പൊട്ടിമുളച്ചു വരും. വികാരരഹിതവും നിർദയവുമായ ഒരാഖ്യാനത്തിൽ ചിലപ്പോൾ നമ്മെ വായിക്കുന്ന ഒരു ശകലമുണ്ടായിരിക്കും. അത് നമ്മൾ വായിക്കുന്നതായി തോന്നുകയാണെങ്കിൽ അവിടെ ഒരു മുകുളമുണ്ടാകുന്നു. അതുപോലെയാണ് എഴുത്തും. ഏതു കൃതിയുടെയും അനുഭവത്തിന്‍റെയും ഒരു പാരായണമുണ്ട്. അപ്പോഴെല്ലാം എന്നെയാണ് എഴുതുന്നത്.

എഴുതുമ്പോൾ എന്‍റെയുള്ളിലെ സൂക്ഷ്മ സംവേദനങ്ങളാണ് പൊന്തിവരുന്നത്. അത് പൂർണമായും പിടിച്ചെടുക്കാൻ എനിക്കു പോലും കഴിയണമെന്നില്ല. മനസിൽ നിന്ന് യാതൊരു ആജ്ഞയുടെയോ നിർദേശത്തിന്‍റെയോ ബലത്തിലല്ലാതെ പുറത്തു വരുന്ന സംവേദനങ്ങൾ നമ്മെ വലിച്ചുകൊണ്ട് എങ്ങോട്ടോ പായുകയാണ്. അതിന്‍റെ ചരടിൽ കോർത്ത ഒരു ജീവി മാത്രമാണപ്പോൾ. അന്തഃകരണത്തിൽ അജ്ഞാതമായി താമസിക്കുന്ന ആത്മത്വരയുടെ ചില മിന്നലാട്ടങ്ങൾ കാണുകയാണ്. എന്നെയല്ലാതെ ഞാനെന്തിനെ വായിക്കും? എന്നെയല്ലാതെ ഞാൻ എന്തിനെ എഴുതും? ഇങ്ങനെ ആത്മഘടകങ്ങൾ പെറുക്കി നടക്കുന്ന ഒരു ബാലനിൽ നിന്ന് മുതിർന്ന ഒരാളായി ഞാൻ മാറിയത് ഇത്തരം സൂക്ഷ്മ സംവേദനങ്ങളിലൂടെയാണ്.

ബുദ്ധനുണരുന്നു

എന്നെ വായിച്ചുവരടെ സ്നേഹം എപ്പോഴും ലഭിച്ചിട്ടുണ്ട്. അവർ ദൈവിക സാന്നിധ്യം പോലെയാണ്. ചില വഴിവിളക്കുകൾ എത്ര ആശ്വാസമാണ്. ചില സംഗീത ശകലങ്ങൾ എവിടേക്കോ നമ്മെ ആഗിരണം ചെയ്യുന്നു. അതിന്‍റെ ഒലികൾ നമ്മെ വിമോചിപ്പിക്കുകയാണ്. പുതിയൊരു ബുദ്ധനുണരുകയാണ്. നശ്വരതയ്ക്കു മേലേ അപ്രതിരോധ്യമായ സമാധാനത്തിന്‍റെ തിരകൾ ആഞ്ഞടിക്കുകയാണ്. അപ്പോൾ ഏകാന്തതയല്ല; ഏകാന്തതയിലും തനിച്ചല്ല എന്ന് ആരോ ഓർമിപ്പിക്കുന്നു.

അതാണ് ഭോപ്പാലിലെ മലയാളികളുടെ ഐക്യവേദിയായ യുണൈറ്റഡ് മലയാളി അസോസിയേഷൻ അവിടത്തെ ബ്രിട്ടൻ സ്റ്റേഡിയത്തിലേക്ക് എന്നെ എത്തിച്ചത്. സാഹിത്യബാഹ്യമായ യാതൊരു സ്ഥാനമാനങ്ങളോ കൂട്ടുകെട്ടുകളോ ഇല്ലാത്ത എനിക്ക് വായനക്കാർ നൽകിയ പിന്തുണയാണിന്ന് കാണാനാവുന്നത്. ഭോപ്പാലിൽ എനിക്ക് വായനക്കാർ ഉണ്ടായിരുന്നു. അവരിൽ ചിലർ എന്നെക്കുറിച്ച് പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്. അവർ മടുക്കാത്ത വായനക്കാരാണ്. 5 പതിറ്റാണ്ടുകളായി എഴുതിയതിൽ ഭൂരിഭാഗവും അവർ വായിച്ചു കഴിഞ്ഞിരിക്കുന്നു. "മെട്രൊ വാർത്ത'യിൽ ഓരോ ആഴ്ചയിലും "അക്ഷരജാലകം' വായിക്കാനായി അവർ കാത്തിരിക്കുന്നു. അവർ അത് ആവശ്യപ്പെടുന്നു. ഒരു സംഘടനയുടെ പിൻബലവുമില്ലാതെ വായനക്കാർ സ്വമേധയാ തെരഞ്ഞെടുക്കുന്നത് അപൂർവമാണല്ലോ. ഇത് ആരെയാണ് സന്തോഷിപ്പിക്കാത്തത്? അവർ ആത്മാവിൽ അനുധാവനം ചെയ്യുകയായിരുന്നു.

ഭോപ്പാലിലെ മലയാളികൾ ആദ്യമായി ഏർപ്പെടുത്തിയ അഗ്നിമിത്ര ഭാഷാ അവാർഡാണ് എനിക്ക് നൽകപ്പെട്ടത്. കേവലം ഇവിടെ പ്രത്യക്ഷപ്പെടുന്ന മാതിരിയുള്ള ഒരു അവാർഡായി ഞാനിതിനെ കാണുന്നില്ല. ശരിയായി വായിച്ച് ആത്മസഖ്യത്തിലെത്തുന്നവരുടെ സ്നേഹമാണിത്. അവർ പ്രമുഖരായ 5 എഴുത്തുകാരുടെ ഒരു ചുരുക്കപ്പട്ടിക ഉണ്ടാക്കിയശേഷം ജൂറി അംഗങ്ങൾ അതിൽ നിന്ന് ഏകകണ്ഠമായി എന്നെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് കൺവീനർ ഒ.ഡി. ജോസഫ് എനിക്കയച്ച കത്തിൽ അറിയിച്ചിട്ടുള്ളത്.

ഷഡ്പദമായ ഒരാൾ

സാഹിത്യ രചനയിൽ അറിയാത്തതാണ് എഴുതേണ്ടതെന്ന കാര്യം ചില വിദ്യാസമ്പന്നർക്കു പോലും മനസിലായില്ലെന്നു തോന്നുന്നു. ഒരാളോട് ഇക്കാര്യം പറഞ്ഞപ്പോൾ അറിയാത്തത് എങ്ങനെ എഴുതുമെന്നാണ് ചോദിച്ചത്. അറിയാത്തതാണ് നമ്മളിൽ ജിജ്ഞാസയുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ഏറ്റവും ഉന്നതമായ സാഹിത്യമാണ് ചൂണ്ടിക്കാണിക്കാനുള്ളത്.

ഫ്രാൻസ് കാഫ്കയുടെ "മെറ്റാമോർഫോസിസ്' (രൂപാന്തരം) എന്ന കഥ വളരെ പ്രസിദ്ധമാണല്ലോ. അതിൽ ഒരു ദിവസം രാവിലെ ഗ്രിഗർ സാംസ എന്ന യുവാവ് താനൊരു ഷഡ്പദമായി രൂപാന്തരപ്പെട്ടു എന്നു മനസിലാക്കുന്നു. അയാൾ അങ്ങനെയാണ് അത് ഉൾക്കൊള്ളുന്നത്. താനൊരു ഷഡ്പദമാണ്. തന്‍റെ രൂപത്തിനും ശബ്ദത്തിനും മാറ്റം സംഭവിച്ചിരിക്കുന്നു. താൻ ഒരു മുറിക്കുള്ളിലാണ്. തനിക്ക് മറ്റുള്ളവരുടെ ഭാഷ മനസിലാവുന്നില്ല. താൻ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു.

ഇപ്പോൾ തന്നോട് ആർക്കും വൈകാരിക ബന്ധമില്ല. തന്‍റെ വിനിമയങ്ങൾ തന്നെപ്പോലുള്ളവരുമായി മാത്രമേ ശരിയാവുകയുള്ളൂ. മറ്റു ജീവികളുടെ ക്രൂരതയും ആക്രമണവുമൊഴികെ മറ്റൊന്നും ഗ്രഹിക്കാനാവുകയില്ല. താൻ തന്‍റെ ഇന്ദ്രിയങ്ങളുടെ തടവറയിൽ അകപ്പെട്ടിരിക്കുന്നു. തന്‍റെ സ്വന്തക്കാർ അത് ശരിവച്ചിരിക്കുന്നു.

സഹോദരി ആ മുറിയിലേക്ക് വരുന്നത് അയാൾ സോഫയ്ക്കടിയിലിരുന്നാണ് വീക്ഷിച്ചത്. അവൾ ആദ്യം കൊണ്ടുവന്ന ഭക്ഷണം ഗ്രിഗർ കഴിക്കാതിരുന്നതിനാൽ അവിടെ നിന്നു കൊണ്ടുപോവുകയാണ്. പിന്നീട് ഒരു വലിയ പാത്രം നിറയെ പച്ചക്കറികളും മറ്റു വസ്തുക്കളും കൊണ്ടുവരുകയും ചെയ്തു. അതിൽ ചീഞ്ഞ പച്ചക്കറികൾ ഉണ്ടായിരുന്നു. തലേ ദിവസം മറ്റുള്ളവർ കഴിച്ചതിന്‍റെ മിച്ചം വന്ന ഇറച്ചിയുടെ കഷണങ്ങളുണ്ടായിരുന്നു. ഗ്രിഗർ തന്നെ തലേദിവസം ഉപേക്ഷിച്ച പാൽക്കട്ടികളുണ്ടായിരുന്നു. എന്നാൽ വിചിത്രമെന്ന് പറയട്ടെ അതെല്ലാം ഗ്രിഗർ അകത്താക്കുകയാണുണ്ടായത്. തന്‍റെ ഇഷ്ടം ഇനി ആരും ശ്രദ്ധിക്കാൻ പോകുന്നില്ലെന്നും ഈ ചീത്ത ഭക്ഷണമെങ്കിലും കിട്ടുന്നത് വലിയ ഭാഗ്യമാണെന്നും അയാൾ കരുതിയിട്ടുണ്ടാവണം. അയാൾ ഷഡ്പദമാണല്ലോ. താൻ അതിനിന്ദ്യമായ ഒരു അസ്തിത്വത്തിൽ അകപ്പെട്ടിരിക്കയാണ്. ഏറ്റവും പ്രിയപ്പെട്ട സഹോദരി ഇപ്പോൾ പെരുമാറുന്നത് ഏറ്റവും നികൃഷ്ടമായ രീതിയിലാണ്. കാഫ്കയുടെ കഥാപാത്രം ഒരു മനുഷ്യാകാരമായിരിക്കുന്നത് അയാളുടെ സഹോദരിയുടെ മുന്നിലാണ്. എന്നാൽ ആ കഥാപാത്രം ഒരു ഷഡ്പദത്തിന്‍റെ ജീവിതമാണ് ജീവിക്കുന്നത്. അതിൽ നിന്ന് പുറത്തു കടക്കാൻ അയാൾ പരിശ്രമിച്ചുകൊണ്ടിരുന്നു.

കലയെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരാശയമാണ് കാഫ്ക പരിചയപ്പെടുത്തുന്നത്. ഒരാൾ എന്താണെന്ന് നിർവചിക്കുന്നത് അയാളെക്കുറിച്ച് സ്വയം സ്വരൂപിക്കുന്ന സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ്. കലാസൃഷ്ടിയിൽ അനാസക്തിയുടെ ബീജമുണ്ട്. അതിൽ നിന്നാണ് കലാകാരൻ വളരുന്നത്. ഭൗതിക പ്രലോഭനങ്ങളുടെ നടുക്ക് ആത്മീയമായ അനാസക്തിയോടെ ഒരാൾ സ്വയം കണ്ടെത്താനായി യത്നിക്കുകയാണ്.

അതിനെ തപസെനോ പരിവ്രാജകത്വമെന്നോ വിളിക്കാം. തന്നാൽ നിന്ന് ആന്തരികമായി മോചനം നേടി പുതിയൊരു ഭൗതികതയിൽ വളരുകയാണ് ആ മനുഷ്യൻ. അയാൾ ഈ ലോകത്തിന്‍റെ മറ്റൊരു ക്രമമാണ് തേടുന്നത്. ആത്മീയമായി ഉദഗ്രഥിക്കാനും തന്നിലൂടെ എല്ലാറ്റിനെയും കാണാനുമാണ് ആഗ്രഹിക്കുന്നത്. തന്നിലെ അന്തർലോകങ്ങൾ ഈ ലോകത്തിന്‍റെ സമസ്ത വസ്തുക്കളിലും ചിതറിക്കിടക്കുകയാണ്. അതിലേക്കുള്ള യാത്രയാണ് സാഹിത്യ രചനയിൽ മുഖ്യമായിരിക്കുന്നത്.

പരിചിതമായത് വേണ്ട

വിമർശനവും ഈ യാത്രയെയാണ് ഓർമിപ്പിക്കുന്നത്. വിമർശനത്തിൽ സർഗാത്മകമായ ആത്മാന്വേഷണമാണുള്ളത്. തന്‍റെ ആത്മഘടകങ്ങൾ എവിടെയെല്ലാം ചിതറിക്കിടക്കുന്നു എന്നാണ് അന്വേഷിക്കുന്നത്. വളരെ പരിചിതമായ വിഷയത്തെക്കുറിച്ചല്ല എഴുതേണ്ടതെന്ന് പറയുന്നതിന്‍റെ പൊരുൾ ഇവിടെ ആരായാം. എല്ലാവർക്കും വളരെ വ്യക്തമായതും പരിചിതമായതും വീണ്ടും എഴുതേണ്ടതില്ല. സൂര്യൻ കിഴക്കുദിക്കുന്നു, പൗർണമിയിൽ നിലാവെളിച്ചമുണ്ട്, അസ്തമയത്തിൽ ചുവന്ന പ്രകാശമുണ്ട് എന്നൊക്കെ എഴുതേണ്ടതുണ്ടോ? ഇതൊക്കെ പലരും ചർച്ച ചെയ്ത് ഉപേക്ഷിച്ചതാണ്. കലാകാരൻ അനാസക്തിയോടെ ഒരു വസ്തുവിനെ തിരയുകയാണെങ്കിൽ അയാളിലെ അതിഭൗതികമായ തലങ്ങളിൽ പുതിയ വികാരങ്ങൾ ഉദിക്കുന്നതായിരിക്കും. ഒളിച്ചുവയ്ക്കപ്പെട്ട അർഥങ്ങൾ അയാളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. ഒരു വസ്തുവിന്‍റെ യഥാർഥ പ്രകൃതം എന്താണെന്ന് ആലോചിക്കുമ്പോൾ പുതിയ അറിവുകൾ ഉണ്ടാകുന്നു.

ഒരു സൈക്കിൾ ഒരിടത്ത് വച്ചിരിക്കുന്നു എന്ന് കരുതുക. അത് ഓടാതിരിക്കുന്ന അവസ്ഥയിൽ ഒരു വസ്തുവിനെപ്പോലെയാണ്. അതിന്‍റെ നിശ്ചലതയിൽ അത് ഓട്ടത്തെ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. അതിന്‍റെ ചക്രങ്ങൾ ഓടാത്തപ്പോഴും ഓട്ടത്തെയാണ് നമ്മളിലേക്ക് കൊണ്ടുവരുന്നത്. അത് ഏതോ ഒരു വഴിയിൽ ഓടാൻ കാത്തിരിക്കുകയാണ്. അതിൽ ഓട്ടമുണ്ട്. ഓടാനുള്ളതുകൊണ്ടാണ് അതിന്‍റെ കാത്തിരിപ്പിന് അർഥമുണ്ടാകുന്നത്.

അതിന്‍റെ യഥാർഥ പ്രകൃതത്തെ കണ്ടറിയണം. അതാണ് കവിത. അതിനുള്ളിൽ ആരുമറിയാത്ത അർഥങ്ങളുണ്ട്. അതാണ് സാഹിത്യം.

സാഹിത്യസൃഷ്ടിയിൽ സൗന്ദര്യത്തിനാണ് പ്രഥമ പരിഗണന. ഒരു ചിത്രം കണ്ടാൽ സന്തോഷം തോന്നണം. ദുഃഖത്തെയാണ് ചിത്രീകരിക്കുന്നതെങ്കിൽ പോലും അത് മനസിനെ ആശ്വസിപ്പിക്കണം. ദുഃഖവുമായി താദാത്മ്യപ്പെടാൻ പ്രേരിപ്പിക്കണം. ഒരു പാവപ്പെട്ട സ്ത്രീയുടെ ചിത്രം വരച്ചത് കാണുമ്പോൾ അവളോട് സ്നേഹവും അനുതാപവും തോന്നണം. അവൾ തന്‍റെ ഭാഗമാണെന്ന് അനുവാചകനു അനുഭവപ്പെടണം. ഇതാണ് കലയിലെ സൗന്ദര്യാത്മകത. മഹാചിത്രകാരൻ വാൻഗോഗ് പാവപ്പെട്ട കർഷക സ്ത്രീകളുടെ ഒരു പരമ്പര തന്നെ വരച്ചിട്ടുണ്ട്. അവരിൽ അദ്ദേഹം അപൂർവമായ സൗന്ദര്യം കണ്ടെത്തി. "വസ്ത്രം തുന്നുന്ന സ്ത്രീ' എന്ന ചിത്രം അതിലൊന്നാണ്. വാൻഗോഗ് ആ സ്ത്രീയെ നമ്മളിലേക്ക് അടുപ്പിക്കുന്നു. കലയുടെ ലാവണ്യമാണത്. അവരുമായി അനുവാചകന് എന്തോ ബന്ധമുള്ളതായി തോന്നും.

സമകാലിക രേഖകൾ

1) കഥാകൃത്ത് സണ്ണി തായങ്കരി കുറച്ചുനാളുകൾക്ക് മുൻപ് ഒരു സമ്മതപത്രം അയച്ചുതന്നു. അത് അദ്ദേഹത്തിന്‍റെ കാലശേഷം, മൃതശരീരം മെഡിക്കൽ കോളെജിന് നൽകുവാൻ തീരുമാനിച്ചതിന്‍റെ ഫലമായി അധികൃതർ അംഗീകരിച്ച പേപ്പറയിരുന്നു. യഥാർഥത്തിൽ ഇതല്ലേ അദ്വൈതം? തന്‍റെ ശരീരത്തിന്‍റെ വിവിധ അവയവങ്ങൾ പലർക്കായി വീതിച്ചു നൽകുന്നതിൽ അദ്വൈതമുണ്ട്. ഈ ലോകം തന്നിൽ നിന്ന് ഭിന്നമല്ലെന്നു വ്യക്തമാക്കാൻ ഇതിനേക്കാൾ മികച്ച രീതിയിൽ എങ്ങനെയാണ് പെരുമാറാനാവുക?

2) കാഫ്കയുടെ കഥകൾ വി. രവികുമാർ പരിഭാഷപ്പെടുത്തിയത് (ഇറിസ് ബുക്സ്) നാലാം പതിപ്പിൽ എത്തിയിരിക്കുന്നു. കാഫ്കയുടെ പ്രശസ്തമായ വിധിന്യായം, ജോസഫിൻ എന്ന പാട്ടുകാരി അഥവാ മൂഷിക സമൂഹം തുടങ്ങിയ കഥകൾ ഇതിലടങ്ങിയിരിക്കുന്നു. ഹൃദ്യമാണ് ഈ പരിഭാഷ.

3) മുഹമ്മദ് ഷബീർ എഴുതിയ 63 കവിതകളുടെ സമാഹാരമാണ് "പതിനൊന്നാം നിലയിലെ മൂഷികൻ' (കറന്‍റ് ബുക്സ് തൃശൂർ). ഈ കവിതകളെക്കുറിച്ച് ബിബിൻ ബേബി നല്ലൊരു അവലോകനം എഴുതിയിട്ടുണ്ട്. പുറംലോകത്തെ കാഴ്ചകളുടെ നടുക്കം അനുഭവിപ്പിക്കുന്ന ഈ കവിതകൾക്ക് സമകാലിക പ്രസക്തിയുണ്ട്.

4) ഹൃഷികേശൻ പി.ബിയുടെ "ഇഴജന്തു' 41 കവിതകളുടെ സമാഹാരമാണ്. കവിതയുടെ ഈണത്തിനു പദ്യാത്മകതയിൽ വലിയ പ്രാധാന്യം കൊടുക്കുന്ന കവിയാണ് ഹൃഷികേശൻ. ഒരു കുലക്കല്ലൂർ ഫയൽ ചിത്രം, മരിയാപ്പോളിൽ പൂച്ചെടി നടുന്നവർ തുടങ്ങിയ കവിതകൾ സംഘർഷാത്മകമായ ലോകത്തെ തന്‍റേതായ നിലയിൽ വായിച്ച് പുതിയ പാഠം സൃഷ്ടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.

5) ശിവഗിരി മാസികയുടെ ചുമതല വഹിക്കുകയും ശ്രീനാരായണ ദർശനത്തിന്‍റെ പ്രചാരണത്തിൽ പങ്കുവഹിക്കുകയും ചെയ്ത എ.വി. അശോകൻ ഓർമയായിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. "ഗുരുദേവ ദർശനം - എ. വി. അശോകന്‍റെ അവലോകനങ്ങൾ' എന്ന പേരിൽ അദ്ദേഹം എഴുതിയ കുറിപ്പുകൾ (ശിവഗിരി പബ്ലിക്കേഷൻസ്) പ്രസിദ്ധീകരിച്ചത് ഒരു അർച്ചനയായി. ഈ ചെറു ലേഖനങ്ങൾ ശ്രദ്ധ നേടുന്നത് അതിന്‍റെ ആത്മവിശുദ്ധിയിലും മൗനത്തിലുമാണ്. ചരിതാർഥമാകുന്ന തപസ്, മഹാസമാധിയുടെ മഹിതസന്ദേശം തുടങ്ങിയ ലേഖനങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രഭയുള്ള ചിന്തകളുണ്ട്. സച്ചിദാനന്ദ സ്വാമി അവതാരിക എഴുതിയിരിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് പലപ്പോഴായി അവ്യയാനന്ദ സ്വാമി സംസാരിച്ചിട്ടുള്ളത് ഓർക്കുകയാണ്.

6) നാടകത്തിനുള്ളിലെ നാടകവും നാടക കലാകാരന്‍റെ ജീവിതസമരവും പ്രമേയമാക്കി കെ.ആർ. കിഷോർ എഴുതിയ നോവൽ "നാടുറങ്ങാത്ത നാടകരാവുകൾ' (മൈത്രി ബുക്സ്) ഒരു നാടകമായി സ്റ്റേജിൽ എത്താൻ സാധ്യതയുണ്ട്. നാടകം നോവലാകുന്നു, നോവൽ നാടകമാവുന്നു. സാഹിത്യത്തിന്‍റെ വിവിധ രൂപങ്ങളിൽ ആശയാവിഷ്കാരം നടത്തിയിട്ടുള്ള കിഷോറിന്‍റെ നോവൽ ശ്രദ്ധ നേടുമെന്ന് കരുതുന്നു. ആഖ്യാനപരമായ ഒഴുക്ക് ഈ നോവലിന്‍റെ പ്രത്യേകതയാണ്.

രജത രേഖകൾ

1) പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു: എന്‍റെ നോട്ടത്തിൽ ഏറ്റവും വിജയിച്ച എഴുത്തുകാരൻ എം.ടിയാണ്.

2) ഒ.എൻ.വി. കുറുപ്പ്

ഒ.എൻ.വിയെക്കുറിച്ച് സുഗതകുമാരി ഒരു കവിത എഴുതി. അത് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സുഗതകുമാരി അനുവാദം ചോദിച്ചതായി ഒ.എൻ.വി തന്നെയാണ് വെളിപ്പെടുത്തിയത്.

2) മാടമ്പ് കുഞ്ഞുക്കുട്ടൻ

സിനിമാ താരങ്ങളുടെ സംഘടനയിൽ നിന്ന് മാടമ്പ് കുഞ്ഞിക്കുട്ടന് ദക്ഷിണ കിട്ടിയോ എന്നറിയില്ല. ഒരു സംഭാഷണത്തിൽ മാടമ്പ് പറഞ്ഞത് ഇങ്ങനെയാണ്: ആ സംഘടനയുടെ നടത്തിപ്പുകാർ ആരാണെന്ന് അറിയില്ല; വല്ലതും കിട്ടിയിരുന്നെങ്കിൽ കള്ള് കുടിക്കാനുള്ള വക ആയേനെ.

3) പവനൻ

ഒരു യുവ എഴുത്തുകാരന് അവാർഡ് കൊടുത്തപ്പോൾ സുകുമാർ അഴീക്കോടിനെ നേരിൽ കണ്ട് പവനൻ പ്രതിഷേധം അറിയിച്ചു. അയാൾ എഴുതുന്നത് ആർക്കും മനസിലാകുന്നില്ല എന്നാണ് പരാതിപ്പെട്ടത്. അപ്പോൾ അഴീക്കോട് ഇങ്ങനെ പ്രതികരിച്ചു: പവനൻ ചെറുപ്പകാലത്ത് എഴുതിയിരുന്നത് എത്ര പേർക്ക് മനസിലായിട്ടുണ്ടാവും?!

4) സി.പി. ശ്രീധരൻ

ഒരു പ്രഭാഷണത്തിനിടയിൽ സി.പി. ശ്രീധരൻ സുകുമാർ അഴീക്കോടിനെ നോക്കി ഇങ്ങനെ പറഞ്ഞു: അഴീക്കോട് ഇപ്പോൾ എഴുതുന്നത് (തത്വമസിയും മറ്റും) നമുക്കൊക്കെ മനസിലാകും. എന്നാൽ എഴുത്തിന്‍റെ ആദ്യകാലങ്ങളിൽ അദ്ദേഹം ആന്ധ്യം, മാന്ധ്യം എന്ന മട്ടിൽ കഠിന പദങ്ങളാണ് ഉപയോഗിച്ചിരുന്നത്.

5) എം.പി. ശങ്കുണ്ണി നായർ

"ഛത്രവും ചാമരവും' എന്ന കൃതിയിലൂടെ കാളിദാസ സാഹിത്യത്തെ വിശകലനം ചെയ്ത എം.പി. ശങ്കുണ്ണിനായരെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം സിനിമ സംവിധായകൻ എ.വി. തമ്പാൻ (മനസിന്‍റെ തീർഥയാത്ര) ചോദിച്ചു. അദ്ദേഹത്തിനുള്ള മറുപടി ഇതായിരുന്നു: ശങ്കുണ്ണിനായരെ കണ്ടാൽ മലയാള സാഹിത്യത്തിലെ പുത്തൻകൂറ്റുകാർ ചിലപ്പോൾ ആക്രമിച്ചേക്കും. കാളിദാസനെപ്പറ്റി എന്തിനെഴുതി, സംസ്കൃതത്തെ അധികരിച്ച് വലിയ വിമർശനകൃതി എഴുതേണ്ട ആവശ്യമെന്താണ് എന്നൊക്കെയാവും അവർ ചോദിക്കുക!

6) ജയ്ൻ ഓസ്റ്റിൻ

പ്രൈഡ് ആൻഡ് പ്രിജുഡീസ്, എമ്മാ തുടങ്ങിയ കൃതികൾ എഴുതിയ ജയ്ൻ ഓസ്റ്റിന്‍റെ വാക്കുകൾ: ഒരു സ്ത്രീക്ക് ഭാവന വളരെ വേഗത്തിലാണ്. അത് അതിവേഗം ആരാധനയിൽ നിന്ന് പ്രണയത്തിലേക്കും പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്കും എടുത്തുചാടുന്നു.

7) കെ.എം. തരകൻ

കെ.എം. തരകൻ ഒരു കോളെജിൽ പ്രഭാഷണം നടത്തുമ്പോൾ പറഞ്ഞു: എന്നെ എല്ലാവരും നോവൽ എക്സ്പെർട്ട് എന്നാണ് വിളിക്കുന്നത്. നോവലിനെക്കുറിച്ച് എഴുതാനും പറയാനും ഞാൻ മാത്രമേയുള്ളൂ.