കെസ്ലർ സിൻഡ്രോം
സ്പേസ് എക്സിന്റെ സ്റ്റാർമൈൻഡ് പദ്ധതി എഐ വിപ്ലവം ഭൂമിയുടെ അതിരുകൾ കടക്കുന്നതിന്റെ സൂചനയാണ്. എന്നാൽ ഇതിന്റെ പ്രാധാന്യം സാങ്കേതിക വിദ്യയിലോ വാണിജ്യ സാധ്യതകളിലോ മാത്രം ഒതുങ്ങുന്നില്ല. ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങൾ ഭാവിയിൽ ആരുടെ നിയന്ത്രണത്തിൽ ആയിരിക്കും എന്ന നിർണായകമായ ചോദ്യവും ഇത് ഉയർത്തുന്നുണ്ട്.
ഭൗമ ഡാറ്റാ സെന്ററുകളുടെ നേട്ടങ്ങൾ
1.താപ നിർമാർജനം:
ബഹിരാകാശ ഡാറ്റാ സെന്ററുകൾക്ക് ചില പ്രത്യേക നേട്ടങ്ങളുണ്ടെന്നതു ശരി തന്നെ. എന്നാൽ ഭൗമ ഡാറ്റാ സെന്ററുകളെ പൂർണമായി മാറ്റി സ്ഥാപിക്കാൻ കഴിയില്ല. കാരണം ഭൂമിയിൽ ഫാനുകൾ, വെള്ളം, കൂളിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് സെർവറുകളുടെ ചൂട് പുറത്തു കളയാം. എന്നാൽ ബഹിരാകാശത്ത് വായു ഇല്ലാത്തതിനാൽ സാധാരണ രീതിയിലുള്ള കൂളിങ് സാധ്യമല്ല. വികിരണം വഴിയാണ് ചൂട് പുറത്തു കളയേണ്ടത്. അതിനു വലിയ റേഡിയേറ്ററുകളും സങ്കീർണമായ താപ നിയന്ത്രണ സംവിധാനങ്ങളും ആവശ്യമാണ്.
2.സംരക്ഷണം
ഭൂമിയിലെ ഡാറ്റാ സെന്ററിൽ തകരാറിലായ ഒരു ചിപ്പ് മാറ്റി സ്ഥാപിക്കാം. എന്നാൽ ആയിക്കണക്കിനു കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തിൽ തകരാർ സംഭവിച്ചാൽ അറ്റകുറ്റപ്പണി ചെലവേറിയതും സങ്കീർണവും ആകും.ഇതിനു പുറമേ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം, ചിപ്പുകളുടെ വികിരണ പ്രതിരോധം, വിവരങ്ങളുടെ കൈമാറ്റത്തിലുള്ള വേഗത എന്നിവയും അവയ്ക്ക് ആവശ്യമാകുന്ന സാമ്പത്തിക ശേഷിയും പരിശോധിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ആദ്യ ഘട്ടത്തിൽ ബഹിരാകാശ ഡാറ്റാ സെന്ററുകൾ ഭൗമ ഡാറ്റാ സംവിധാനങ്ങളുടെ പകരക്കാരാകുന്നതിനെക്കാൾ സവിശേഷ കംപ്യൂട്ടിങ് ആവശ്യങ്ങൾക്കുള്ള അനുബന്ധ സംവിധാനമാകാനാണ് സാധ്യത.
ബഹിരാകാശ എഐ ഡാറ്റാ സെന്ററുകൾ ഉയർത്തുന്ന പ്രത്യാഘാതങ്ങൾ:
1.ഇ-വേസ്റ്റ് വർധിക്കുമോ ബഹിരാകാശത്തും?
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിൽ ഒന്ന് ബഹിരാകാശ പാരിസ്ഥിതിക മലിനീകരണം ആയിരിക്കും. ഇപ്പോൾ തന്നെ നിലവിലുള്ള ഉപഗ്രഹ ശൃംഖലകൾക്കിടയിൽ ബഹിരാകാശ അവശിഷ്ടങ്ങൾ, കൂട്ടിയിടി സാധ്യത, ഭ്രമണപഥങ്ങളിലെ തിരക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട്. ഇതിലേയ്ക്ക് പത്തു ലക്ഷം ഉപഗ്രഹങ്ങൾ കൂടി എത്തുന്നത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തെ കൂടുതൽ സങ്കീർണമാക്കും.
2.കെസ്ലർ സിൻഡ്രോം സാധ്യതയും
ഇതിൽ ഏതെങ്കിലുമൊരു ഉപഗ്രഹം തകരാറിലാകുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ അത് മറ്റുള്ളവയുമായി കൂട്ടിയിടിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ അവശിഷ്ടങ്ങൾ സൃഷ്ടിക്കുകയും മറ്റ് ഉപഗ്രഹങ്ങൾക്കും ബഹിരാകാശ വാഹനങ്ങൾക്കും ഭീഷണിയാകുകയും ചെയ്യും. ഇതാണ് കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന അപകട സാധ്യതയുടെ അടിസ്ഥാനം.
3.ഭൗമ ജ്യോതിശാസ്ത്ര നിരീക്ഷണത്തിനും പ്രതിസന്ധി
ഇത്തരം ഉപഗ്രഹങ്ങളിൽ നിന്നുള്ള പ്രകാശ പ്രതിഫലനം ഭൂമിയിലെ ജ്യോതിശാസ്ത്ര നിരീക്ഷണത്തെയും ബാധിക്കും. അമെരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റിയും യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയും ഇതിനെതിരേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദൂരെയുള്ള നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും നിരീക്ഷിക്കുന്ന ടെലിസ്കോപ്പുകളുടെ ചിത്രങ്ങളിൽ ഉപഗ്രഹങ്ങളുടെ പ്രകാശം തടസമായേക്കാം. റേഡിയോ ജ്യോതിശാസ്ത്ര നിരീക്ഷണത്തിലും ഈ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്.
4.കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളുടെ നിർമാർജന പ്രതിസന്ധി
പ്രവർത്തന കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളുടെ നിർമാർജനമാണ് മറ്റൊരു പ്രതിസന്ധി. അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചിറങ്ങി കത്തിയമരുന്ന ഉപഗ്രഹങ്ങൾ- അതും അനതിവിദൂര ഭാവിയിൽ പത്തു ലക്ഷത്തോളം ഉപഗ്രഹങ്ങൾ - ഇങ്ങനെ കത്തിയമർന്നാൽ അവ അന്തരീക്ഷത്തിൽ എന്തു തരത്തിലുള്ള ദീർഘകാല പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക? ഉറക്കെ ചിന്തിക്കേണ്ട വിഷമാണ് അത്.
തന്നെയല്ല, അറുനൂറു കിലോമീറ്ററിനു മുകളിലുള്ള ഭ്രമണ പഥങ്ങളിൽ ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതിന്മുമ്പ് അന്തിമ അവശിഷ്ട നിയന്ത്രണ പദ്ധതി സമർപ്പിക്കണം എന്ന എഫ്സിസി നിബന്ധന ഉള്ളതാണ്. അതായത് അനുമതി ലഭിച്ചെങ്കിലും എല്ലാത്തരത്തിലുമുള്ള പാരിസ്ഥിക-സുരക്ഷാ പ്രശ്നങ്ങൾക്കും പരിഹാരം ആയിട്ടില്ല.
5.ഭൂമിയിലെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ ഏതാനും വൻകിട കമ്പനികൾക്കു ലഭിച്ച സ്വാധീനം ബഹിരാകാശത്തേയ്ക്കും വ്യാപിക്കുമോ?
എഐയുടെ ഭാവി ആരു നിയന്ത്രിക്കും എന്ന ചോദ്യത്തോടൊപ്പം ആ നിയന്ത്രണം എവിടെ നിന്നായിരിക്കും എന്ന ആശങ്കയും ഈ സാഹചര്യത്തിൽ ഉയരുന്നു. ഉപഗ്രഹ ശൃംഖലകളും ബഹിരാകാശ കംപ്യൂട്ടിങ് സംവിധാനങ്ങളും ഏതാനും സ്വകാര്യ കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെട്ടാൽ അവയ്ക്ക് ആശയ വിനിമയം, വിവര വിനിമയം, പ്രതിരോധം, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, എന്നിവയിൽ നിർണായക സ്വാധീനം ചെലുത്താനാകും.
അതിനാൽ തന്നെ ബഹിരാകാശം ഇനി രാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക മത്സരത്തിന്റെ മാത്രം വേദിയല്ല. ആഗോള ഡിജിറ്റൽ അധികാരത്തിന്റെ അടുത്ത അതിർത്തി കൂടിയാണ്. ഭൂമിയിലെ ഊർജ പ്രതിസന്ധിക്കും എഐയുടെ വർധിച്ചു വരുന്ന കംപ്യൂട്ടിങ് ആവശ്യങ്ങൾക്കും പരിഹാരം തേടി മനുഷ്യൻ ബഹിരാകാശത്തേയ്ക്കു നീങ്ങുമ്പോൾ അവിടെയും പുതിയ അധികാര മത്സരങ്ങളും പാരിസ്ഥിതിക വെല്ലുവിളികളും സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.( അവസാനിച്ചു)