എം.എ. കൃഷ്ണൻ
കേരളത്തിലെ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിശബ്ദവും എന്നാൽ അത്യന്തം സർഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെ പൊതുജന മനസില്‍ ഇടം നേടിയ മഹദ് വ്യക്തിയാണ് ഇന്നലെ അന്തരിച്ച എം.എ. കൃഷ്ണൻ എന്ന എം.എ. സാർ. അടൂരിലെ ഐവർകാല എന്ന ഗ്രാമത്തിൽ നിന്നും ആരംഭിച്ച് കേരളത്തിന്‍റെ സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ആ ജീവിതം ഏവര്‍ക്കും പ്രേരണയാണ്.
തുടക്കവും വിദ്യാഭ്യാസവും
തിരുവനന്തപുരം സംസ്കൃത കോളെജിൽ നിന്നാണ് അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും ബിരുദവും ബിരുദാനന്തര പഠനവുമൊക്കെ പൂർത്തിയാക്കുന്നത്. ആ സമയത്ത് തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരുന്ന ഞാൻ പുത്തന്‍ ചന്ത ആർഎസ്എസ് ശാഖയില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പഠനം കഴിഞ്ഞ് 50കളുടെ തുടക്കത്തില്‍ തന്നെ പ്രചാരകനാകാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. അക്കാലത്തൊക്കെ പ്രചാരകനെ വച്ചാല്‍ അവര്‍ക്ക് നിത്യച്ചെലവിനുള്ള പണം നല്‍കാന്‍ ബുദ്ധിമുട്ടായിരുന്നു. അതു തന്നെ കാരണം.
പൊൻകുന്നത്തും വാഴൂരുമുള്ള സ്കൂളുകളിൽ അധ്യാപകനായി എം.എ. സാര്‍ സേവനമനുഷ്ഠിച്ചു. വാഴൂർ തീർഥപാദാശ്രമത്തിൽ താമസിച്ചുകൊണ്ടാണ് അദ്ദേഹം ആ ഭാഗങ്ങളിൽ സംഘ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. അതോടെ സ്വാഭാവികമായും അദ്ദേഹം എല്ലാവരുടെയും ""എം.എ. സാർ'' ആയി മാറി. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരങ്ങളില്‍ പ്രത്യേകിച്ച് പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ എം.എ. സാര്‍ ഓരോ പ്രവര്‍ത്തകര്‍ക്കും സ്വന്തം കുടുംബാംഗം തന്നെയാണ്.
ഞാൻ പഠനം കഴിഞ്ഞ് തൊടുപുഴയില്‍ ശാഖ തുടങ്ങിയെങ്കിലും പ്രചാരകനാകണം എന്നായിരുന്നു ആഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് അന്നത്തെ ആർഎസ്എസ് പ്രാന്ത പ്രചാരക് (തമിഴ്നാടും കേരളവും) ദത്താജി ഡിഡോള്‍ക്കര്‍ക്ക് കത്തെഴുതി. തൊടുപുഴയിലെ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എ. സാറിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ ഏല്‍പ്പിക്കണമെന്നും കാട്ടി മറുപടി വന്നു. അക്കാലത്ത് തൊടുപുഴയില്‍ എം.എ. കൃഷ്ണൻ എന്നതിന്‍റെ ചുരുക്കമായി ""എംഎകെ'' അഥവാ ""മാക്'' എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു. അന്ന് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ സാമഗ്രികളുമായി പോയിരുന്ന കൂറ്റൻ ട്രെയിലറുകളിൽ ""MAK'' (മാക്) എന്ന് എഴുതിയിരുന്നു. ആ വിളിപ്പേര് അങ്ങനെ തൊടുപുഴയിലെ സ്വയംസേവകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച ഓമനപ്പേരായി മാറി.
ആരോഗ്യപ്രശ്നങ്ങളും കേസരിയിലേക്കു നിയോഗവും
ആരോഗ്യപരമായി തുടക്കം മുതലേ അദ്ദേഹം വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. നാഗ്പുരിൽ മൂന്നാം വർഷ ഒടിസി ക്യാംപിന് (സംഘശിക്ഷാ വർഗ്) ഞങ്ങളൊന്നിച്ചാണ് പോയത്. പക്ഷെ ഗാലപ്പിങ് ടിബി ബാധിച്ച കടുത്ത അനാരോഗ്യം കാരണം ക്യാംപിലെ ശാരീരിക പരിപാടികളില്‍ പങ്കെടുക്കാൻ കഴിയാതെ എം.എ. സാര്‍ നാഗ്പുര്‍ മെഡിക്കൽ കോളെജിൽ ചികിത്സയിലായി. ഇത്തരം ക്ഷയം വന്നിട്ടുള്ളവര്‍ പിന്നീട് ജീവിച്ചതു തന്നെ അപൂര്‍വമായ സംഭവമായിരുന്നു അക്കാലത്ത്. അതിന്‍റെ തുടര്‍ച്ചയെന്നോണം അദ്ദേഹത്തിന് പ്രത്യേക പരിചരണവും മത്സ്യവും മാംസവും ചേര്‍ന്ന പോഷകാഹാരവും ആവശ്യമായി വന്നു.
അനാരോഗ്യം മൂലം ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമായപ്പോൾ, അദ്ദേഹത്തിന്‍റെ ഭാഷാ പരിജ്ഞാനവും എഴുത്തു സാമർഥ്യവും കണക്കിലെടുത്ത് കേസരി വാരികയുടെ പ്രവർത്തനങ്ങളിലേക്ക് നിയോഗിച്ചു. 1965ല്‍ വൈക്കത്ത് ഉദയനാപുരത്തിനടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ദ്വീപില്‍ നടന്ന പ്രചാരക് ബൈഠക്കില്‍ കേസരി രാഘവേട്ടന്‍റെ ആവശ്യപ്രകാരമായിരുന്നു ഈ മാറ്റം. കാര്യാലയത്തിൽ അദ്ദേഹം താമസിക്കുകയും അവിടെ അദ്ദേഹത്തിനായി പ്രത്യേകം ഭക്ഷണവും ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു. അക്കാലത്ത് കേസരി പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരൻ പിള്ളയോടൊപ്പം ചേർന്ന് കേസരിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം സജീവമാക്കി.
സാഹിത്യ സമ്പർക്കവും തപസ്യയുടെ പിറവിയും
തിരുവനന്തപുരത്തെ പഠനകാലം മുതലേ മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യർ, ബാലരാമ പണിക്കർ തുടങ്ങിയ പ്രമുഖ സംസ്കൃത പണ്ഡിതന്മാരുമായി എം.എ. സാറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഭാരതത്തിലെ വിവിധ ഭാഷാ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇംപീരിയൽ ഹോട്ടലിൽ അദ്ദേഹം സംഘടിപ്പിച്ച സാഹിത്യസദസ് വലിയ ശ്രദ്ധ നേടി. അടൽ ബിഹാരി വാജ്‌പേയി, ഗിരിജാ ശങ്കര്‍ വാജ്പേയി, കെ.ആർ. മൽക്കാനി തുടങ്ങിയ പ്രമുഖർ അതിൽ പങ്കെടുത്തു. ഭാഷാ സാഹിത്യകാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം പിന്നീട് വർഷം തോറും നടക്കുന്നത് ഒരു പതിവായി മാറി.
അടിയന്തരാവസ്ഥ കാലത്താണ് എം.എ. സാറിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ സാഹിത്യരംഗത്ത് നിർണായകമായ കൂട്ടായ്മ രൂപപ്പെടുന്നത്. ഭാരതപ്പുഴയെ കേന്ദ്രീകരിച്ച് "നിളയുടെ ഇതിഹാസം' എന്ന പേരിൽ അദ്ദേഹം ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, വി.ടി. ഭട്ടതിരിപ്പാട്, വി.എം. കൊറാത്ത് തുടങ്ങിയ നിരവധി പ്രമുഖ സാംസ്കാരിക നായകന്മാരെ സംഘ പ്രസ്ഥാനങ്ങളുമായി അടുപ്പിക്കുന്നതിൽ എം.എ. സാർ പ്രധാന പങ്കു വഹിച്ചു. ഈ കൂട്ടായ്മയാണ് പിന്നീട് "തപസ്യ കലാസാഹിത്യ വേദി' എന്ന വലിയ സാംസ്കാരിക പ്രസ്ഥാനമായി വളർന്നത്.
ഇത്രയധികം ശാരീരിക ക്ലേശങ്ങളെ മനക്കരുത്തു കൊണ്ട് അതിജീവിച്ച മറ്റൊരാളുണ്ടാകുമോ എന്നതു സംശയമാണ്. ഭാരതീയ വിചാര കേന്ദ്രം ഡയറക്റ്റർ പി. പരമേശ്വരന് പത്മവിഭൂഷൺ ലഭിച്ച അവസരത്തില്‍ കൊച്ചി എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തില്‍ വച്ച് അദ്ദേഹത്തെ കാണാനിടയായി. കാര്യാലയത്തിന്‍റെ മുകളിലെ മുറിയില്‍ എം.എ. സാറിനൊപ്പം കുശലം പറഞ്ഞിരിക്കുമ്പോള്‍ നമ്മളേക്കാള്‍ ഇപ്പോൾ ആരോഗ്യം എം.എ. സാറിനാണെന്ന് പരമേശ്വര്‍ജി പറഞ്ഞു. ബാലഗോകുലവും തപസ്യയുമടക്കം നിരവധി പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ട ആ ധന്യജീവിതം മലയാളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തിന് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
(മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി മുൻ മുഖ്യ പത്രാധിപരുമായ ലേഖകൻ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നേടിയിട്ടുണ്ട്).