Special Story

മഹനീയം ഈ ജീവിതം: സാമൂഹിക-അധ്യാത്മിക സേവനങ്ങളുടെ അമരക്കാരൻ, എ. എസ്. മാധവൻ

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി എണ്ണിയാലൊടുങ്ങാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് എ. എസ് മാധവനും അദ്ദേഹം നയിക്കുന്ന സ്ഥാപനങ്ങളും

MV Desk

അനൂപ് കെ. മോഹൻ

ലോകത്തിൽ നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾക്കു വേണ്ടി ആദ്യം ഇറങ്ങിത്തിരിക്കേണ്ടത് സ്വയം തന്നെയാണ്. സ്വയം പ്രകാശം കണ്ടെത്തുവാൻ ആഗ്രഹിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു വ്യക്തിയുടെ മനോഗതത്തിനനുസൃതമായി ആയിരക്കണക്കിനാളുകൾ പിന്നീട് കൂടെ ദീപം കൊളുത്തിക്കൊണ്ട് ലോകത്തെ തന്നെ കൂടുതൽ പ്രകാശഭരിതമാക്കുന്നു.

അത്തരത്തിൽ സ്വന്തം ജീവിതനിയോഗം തിരിച്ചറിഞ്ഞു സാമൂഹിക പ്രവർത്തനമേഖലയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വങ്ങളുടെ പ്രസ്ഥാനമാണ് മുംബൈ ആസ്ഥാനമായുള്ള വാര്യർ ഫൗണ്ടേഷനും കൈവല്യ എന്‍റർപ്രൈസസും. എ. എസ്. മാധവനാണ് ഈ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ.

അതുകൂടാതെ ഔദ്യോഗിക തലത്തിൽ എ. എസ്. മാധവൻ തുടങ്ങിയ ഫ്ലൈജാക് എന്ന ലോജിസ്റ്റിക് സ്ഥാപനം, JWC & JWR LOGISTIC PARK, JWL COLD STORAGE എന്നീ സ്ഥാപനങ്ങൾ ഇന്ന് ലോജിസ്റ്റിക്സ് മേഖലയിൽ അഭൂതപൂർവ്വമായ വളർച്ച നേടിയിട്ടുണ്ട്. ഫ്ലൈജാക് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം പിന്നീട് ഹിതാചി ട്രാൻസ്പോർട് സിസ്റ്റം ഇന്ത്യ വാങ്ങുകയായിരുന്നു. ആ കാലഘട്ടത്തിൽ FLYJAC എന്ന സ്ഥാപനം 2000 ത്തിലധികം ജോലിക്കാർക്ക് 5 മുതൽ 6 മാസം വരെയുള്ള ബോണസ് എത്ര വർഷം ജോലിചെയ്തോ അതിനനുസൃതമായി നൽകി. അതായത് 20 കൊല്ലം ജോലി ചെയ്ത ഒരു വ്യക്തിക്ക് 120 മാസത്തെ ബോണസാണ് കിട്ടിയത്. 13 കൊല്ലമായി ഹിതാചി ട്രാൻസ്പോർട് സിസ്റ്റം ഇന്ത്യ വാങ്ങിയിട്ടും ഫ്ലൈജാക് ലോജിസ്റ്റിക്സ് എന്ന കമ്പനിയിൽ ഹിതാചി ട്രാൻസ്പോർട് സിസ്റ്റം ഇൻഡ്യ മെർജ് ചെയ്യുകയായിരുന്നു.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി എണ്ണിയാലൊടുങ്ങാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് എ. എസ് മാധവനും അദ്ദേഹം നയിക്കുന്ന സ്ഥാപനങ്ങളും. സമൂഹത്തിലെ നിരാലംബർക്കും നിർധനർക്കും വേണ്ടി സൗജന്യമായി വിദ്യാഭ്യാസം, സൗ‍ജന്യമായി താമസിക്കാനുള്ള ആശ്രിതമന്ദിരങ്ങൾ, യുവതലമുറയ്ക്കു വേണ്ടിയുള്ള കായിക അക്കാദമികൾ, വയോജനങ്ങൾക്കായുള്ള വൃദ്ധാശ്രമങ്ങൾ, റിട്ടയർമെന്‍റ് ജീവിതം നയിക്കുന്നവർക്കുള്ള ഹോളിസ്റ്റിക് ലിവിംഗ് സെന്‍ററുകൾ, സ്കൂളുകൾ, യുവാക്കൾക്ക് ജോലി നൽകാനുതകുന്ന സ്കിൽ ‍ഡെവലപ്മെന്‍റ് സെന്‍ററുകൾ, പ്രകൃതിസംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള സോളാർ എനർജി, വാട്ടർ പ്രിസർവേഷൻ പദ്ധതികൾ, ഫലവൃക്ഷാദികൾ വച്ച് പിടിപ്പിച്ചുകൊണ്ട് ഭൂമിദേവിയെ സംരക്ഷിക്കാനുള്ള അനേകം പദ്ധതികൾ തുടങ്ങിയവ വാര്യർ ഫൗണ്ടേഷന്‍റേയും കൈവല്യ എന്‍റർപ്രസസിന്‍റേയും നേതൃത്വത്തിൽ നടന്നുവരുന്നു.

തറവാട് റിട്ടയർമെന്‍റ് ഹോളിസ്റ്റിക് ലിവിങ് സെന്‍റർ

തറവാട് റിട്ടയർമെന്‍റ് ഹോളിസ്റ്റിക് ലിവിങ് സെന്‍റർ

നാടിന്‍റെ ഉന്നമനത്തിനും സാമൂഹ്യസാക്ഷാത്കാരങ്ങള്‍ക്കുമായി ദൈവിക അനുഗ്രഹത്തോടെ, പൊതുജനങ്ങളുടെ ആവശ്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് 2023 ഏപ്രില്‍ 9 മുതല്‍ 16 വരെ വിവിധ സെന്‍ററുകളില്‍ നാല് സാമൂഹ്യ പദ്ധതികളുടെ ഉദ്ഘാടനങ്ങളും സ്വാമി ഉദിത് ചൈതന്യയുടെ രണ്ട് ദിവസത്തെ (ഏപ്രില്‍ 12, 13 രാവിലെ 9 മണി മുതല്‍) അധ്യാത്മിക പ്രഭാഷണങ്ങളും നടക്കും.

2023 ലെ പുതിയ പദ്ധതികളിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 9.30 ന് കൂറ്റനാട് ചാലിശേരിയിലെ തറവാട് എന്ന റിട്ടയർമെന്‍റ് ഹോളിസ്റ്റിക് ലിവിംഗ് സെന്‍ററാണ്. കൈവല്യ എന്‍റർപ്രൈസസിന്‍റെ ഈ പദ്ധതിയിൽ 48 കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള 8-കെട്ട് മാതൃകയിൽ പണികഴിപ്പിച്ച, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, ഏകദേശം 42000 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ്. 6.50 ഏക്കർ സ്ഥലത്ത് പണി തീർക്കപ്പെടുന്ന ഈ സ്ഥാപനത്തിൽ ധാരാളം ഫലവൃക്ഷങ്ങൾ, സ്പാ, സ്വിമ്മിംഗ് പൂൾ, കോമൺ കിച്ചൺ, അതിഥികൾക്കുള്ള മുറികൾ, ഡോക്ടേഴ്സ് കൺസൾട്ടിംഗ് റൂം, പ്രത്യേകം സജ്ജമാക്കിയ കളിസ്ഥലങ്ങൾ, നടപ്പാത, ഗാർഡൺ, ഓപ്പൺ ഓഡിറ്റോറിയം, പാർക്കിംഗ് സ്ലോട്ട്, സെർവന്‍റ് ക്വാർട്ടേഴ്സ് എന്നീ സൗകര്യങ്ങളുണ്ടായിരിക്കും. ഓരോ അപാർട്മെന്‍റും എയർ കണ്ടീഷൻ ചെയ്ത് ടെലിവിഷൻ സെറ്റുകളോടെ ഫർണിഷ് ചെയ്തതും ബാത്ത്റൂം അറ്റാച്ച്ഡും ആണ്. വാര്യർ ഫൗണ്ടേഷനും നാട്ടുകാരും കൂടി പുനരുദ്ധാരണം ചെയ്ത ആത്രശ്ശേരി തേവരുടെ ക്ഷേത്രവും അടുത്തുതന്നെയുണ്ട്.

സാമൂഹ്യപ്രതിബദ്ധതയോടെ 73 വർഷം പിന്നിട്ട എ. എസ്. മാധവന്‍റെ സങ്കല്പം ഈ വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഇതുവരെ ചെയ്ത പ്രവർത്തനമണ്ഡലങ്ങളിൽ നൂറു ശതമാനം വർദ്ധനവ് വരുത്തുക എന്നതാണ്.

ആശ്രിതമന്ദിരം

അശരണർക്ക് ആശ്രയമായി ആശ്രിതമന്ദിരങ്ങൾ

കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കേരളത്തിലെ ആനക്കട്ടി, ഷോളയൂർ, അട്ടപ്പാടി, കുമ്പിടി, കുറ്റിപ്പുറം, മഴുവന്നൂർ എന്നിവിടങ്ങളിലായി അർഹരായ നിർധനരായവർക്ക് 248 വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ആയിരം വീടുകൾ നിർമിച്ച് ‌അഭയമൊരുക്കുക എന്നതാണു അടുത്ത ലക്ഷ്യം.

ഏപ്രിൽ 14 ആം തീയതി വൈകീട്ട് നാലുമണിക്ക് 6 വീടുകളുടെ താക്കോൽ ദാനം മഹദ് വ്യക്തികളുടെ സാന്നിധ്യത്തിൽ നടുവട്ടം തെക്കേ നാഗപ്പറമ്പിൽ നടക്കും.

സ്കിൽ ഡവലപ്മെന്‍റ് സെന്‍റർ മൾട്ടിപർപ്പസ് ഹാൾ

അയ്യായിരം പേർക്ക് തൊഴിൽ

5000 യുവതീ-യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും വാര്യർ ഫൗണ്ടേഷൻ സ്കിൽ അക്കാദമി വിഭാവനം ചെയ്തിട്ടുണ്ട്. വാര്യർ ഫൗണ്ടേഷൻ വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളും എൻജിഒകളുമായി കൈകോർത്ത് ഒരു വർഷത്തിനുള്ളിൽ 350 ലധികം തൊഴിൽരഹിത യുവതീ-യുവാക്കൾക്ക് തിരുനാവായ സ്കിൽ സെന്‍ററിലൂടെ പരിശീലനം കൊടുത്ത് 2022 ൽ എല്ലാവർക്കും തൊഴിൽ നൽകി.

അമ്പതിലേറെ വർഷങ്ങളായി ലോകോത്തര കമ്പനികളുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്തുവരുന്ന എ. എസ് മാധവൻ, രവികുമാർ എന്നിവരുടെ GIVING BACK TO THE INDUSTRY എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് തിരുന്നാവായായിലെ സ്കിൽ അക്കാദമി. വ്യക്തിത്വവികസത്തിന് ഊന്നൽ നൽകി - കമ്മ്യൂണിക്കേഷൻ സ്കിൽസ്, കംപ്യൂട്ടർ സ്കിൽസ്, ഇന്‍റർവ്യൂ പ്രിപറേഷൻസ്, യോഗ, മെഡിറ്റേഷൻ എന്നിവയോടെ ഒരു തൊഴിൽരഹിതന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പദ്ധതിയാണ് അക്കാദമിയിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ ചെലവിൽ ‌തന്നെ ലോകോത്തര കമ്പനികളിൽ ജോലി ലഭ്യമാകും. സ്കിൽ അക്കാദമിയിൽ നിന്നും പരിശീലനം ലഭിച്ച കുട്ടികൾക്ക് DHL, FLYJAC, YCH, AMAZON INDIA, FLIPKART, RELIANCE, TATA തുടങ്ങിയ കമ്പനികളിലാണു ജോലി ലഭിച്ചത്.‌

മൾട്ടി പർപസ് ഹാളും സ്പോർട്സ് അക്കാഡമിയും

മൂന്നാമത്തെ പദ്ധതി സ്കിൽ ഡെവലപ്മന്‍റ് സെന്‍ററിനുവേണ്ടിയുള്ള ഒരു മൾട്ടി പർപസ് ഹാളാണ്. ഈ ഹാളിന്‍റെ ഉദ്ഘാടനം 2023 ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുന്നാവായ വാര്യർ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടക്കും.

സ്പോർട്സ് കോംപ്ലകസ്

കായിക മേഖലയിലേക്കുള്ള മികവിന്‍റെ വാതിൽ തുറക്കുന്നതാണ് മഴുവന്നൂരിലെ വാര്യർ ഫൗണ്ടേഷൻ സ്പോർട്സ് അക്കാദമി.

ഈ റെസിഡൻഷ്യൽ സ്പോർട്സ് സെന്‍ററിൽ ഇപ്പോൾ 65 കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്ക് ഫുട്ബോൾ, വോളിബോൾ എന്നിവയിൽ വിദഗ്ധപരിശീലനം നൽകിവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ നിന്നുമുള്ള കുട്ടികളെ ജില്ലാ-സംസ്ഥാന തലത്തിലുള്ള ടീമുകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നാലാമത്തെ പദ്ധതി ഒരു സ്പോർട്സ് കോർട് കം മൾട്ടി പർപ്പസ് ഓഡിറ്റോറിയമാണ്. ഏകദേശം 25000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമാണം പൂർത്തീകരിച്ചിട്ടുള്ള ഈ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം 2023 ഏപ്രിൽ 16 ഞായറാഴ്ച മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ ഓ‍ഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ നാനാ ഭാഗത്തുനിന്നുമുള്ള സ്പോർട്സിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വിശിഷ്ട പരിശീലനം നൽകി നാടിന്‍റെ അഭിമാനതാരങ്ങളാക്കാൻ പ്രതിജ്ഞാബദ്ധരാണ് വാര്യർ ഫൗണ്ടേഷൻ.

അച്ഛൻ തെളിച്ച പാത

കേരളത്തിലെ തെക്കൻ കാശി എന്നറിയപ്പെടുന്നതും മാമാങ്കത്തിന്‍റെ ഭൂമിയുമായ തിരുനാവായയിലാണു എ. എസ്. മാധവന്‍റെ ജനനം. അച്ഛൻ ശൂലപാണി വാര്യർ, അമ്മ പത്മാവതി വാരസ്യാർ. ഒമ്പതു മക്കളുള്ള കുടുംബത്തിലെ അഞ്ചാമനായി ജനനം. ആദ്യം നാല് പെൺകുട്ടികൾ ഉണ്ടായപ്പോൾ അഞ്ചാമതായി ഒരു ആൺകുഞ്ഞിനായി രാമേശ്വരം, പഴനി, മധുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചതിന്‍റെ ഫലമായിട്ടാണ് സേതുമാധവൻ ജനിച്ചത് എന്നാണ് കുടുംബക്കാർ വിശ്വസിക്കുന്നത്.

സ്വാമിയേ ശരണം എന്ന വിളികളിൽ ആത്മസമർപ്പണം ചെയ്ത അയ്യപ്പഭക്തനായിരുന്നു അച്ഛൻ. ഭാവിയെ പറ്റി യാതൊരു അലട്ടലുമില്ലാതെ അന്നന്ന് ചെയ്യേണ്ട പ്രവർത്തനങ്ങളിലൂടെ ആത്മസമർപ്പണം ചെയ്ത ആ മഹത് വ്യക്തിക്ക് മരണശേഷം നോക്കുമ്പോൾ ഒരു ബാങ്ക് അക്കൗണ്ടുപോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. പരിഭ്രാന്തിയില്ലാതെ ശാന്തമായ മനോഭാവമുള്ള അടുത്ത ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയുമ്പോഴാണല്ലോ ജീവിതലക്ഷ്യം സഫലീകൃതമാകുന്നത്. സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഞാനെന്ന ഭാവം നഷ്ടപ്പെട്ട് സകലചരാചരങ്ങളേയും ഉൾക്കൊള്ളുവാനുള്ള ആത്മീയ ശക്തിയുടെ ഏകത്വം ഉൾക്കൊള്ളുന്ന ഒരു സംസ്കാര പന്ഥാവിലൂടെ സഞ്ചരിക്കാനായിരുന്നു അച്ഛൻ ചെറുപ്പകാലം മുതലേ മക്കളെ പ്രചോദിപ്പിച്ചിരുന്നത്. ആ ധർമ്മബോധം ആയിരിക്കാം മാധവനേയും അധ്യാത്മികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലേക്ക് നയിച്ചത്. തലമുറകളിലൂടെ ഇത്തരം ഒരു സാമൂഹിക പ്രവർത്തനമണ്ഡലം കെട്ടിപ്പടുക്കുകയാണ് വാര്യർ ഫൗണ്ടേഷന്‍റെയും കൈവല്യ എന്‍റർപ്രൈസസിന്‍റേയും സിദ്ധാന്തവും ലക്ഷ്യബോധവും.

ബോംബെ മഹാനഗരത്തിലേക്ക്

പ്രാഥമിക വിദ്യാഭ്യാസവും പോളി ടെക്നിക്ക് പഠനവും പൂർത്തീകരിച്ച ശേഷം കുറച്ചുകാലം തൃശൂരിലെ ഓട്ടോമൊബൈൽ ഗാരേജിൽ അപ്രന്‍റീസായി ജോലി നോക്കിയിരുന്നു. കാർ കഴുകുന്നതുൾപ്പെടെയുള്ള എല്ലാ ജോലികളും അവിടെ ചെയ്യണമായിരുന്നു. ശമ്പളമൊന്നുമില്ല, ഊണൊക്കെ സൗജന്യമായി കിട്ടുമെന്ന മെച്ചം മാത്രം. എങ്കിലും ആത്മാർഥമായി ആ ജോലി ചെയ്തു പോന്നു.

ഇതിനിടയിലാണു ബോംബേയിലേക്കു പോകാനുള്ള അവസരമൊരുങ്ങുന്നത്. 1968 ൽ അമ്മൂമ്മയെ ചെറിയമ്മയുടെ അടുത്തേക്കു കൊണ്ടു പോകുക എന്ന ഉദ്ദേശ്യം മാത്രമേ ആ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ കാലം കാത്തുവച്ചതിനെ തിരുത്താനാവില്ലല്ലോ. പുതിയൊരു ജീവിതനിയോഗം ബോംബെ മഹാനഗരത്തിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ബോംബെയിൽ എത്തിയ അന്നുതന്നെ പരിചയക്കാരനായ ഗോപിയേട്ടനെ കാണുകയും, അദ്ദേഹത്തിന്‍റെ കമ്പനിയിൽ ജോലിക്കു കയറുവാനും സാധിച്ചു. ഗുജറാത്തി കമ്പനിയായ എൽമെക്കാ വർക്ക്സിലായിരുന്നു ജോലി. ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു ജോലി.

ഒന്നുമറിയാതെ ആദ്യജോലിയിലേക്ക്

എങ്ങനെ തുടങ്ങണമെന്നോ, തുടരണമെന്നോ അറിയാത്ത അവസ്ഥ. തീർത്തും അപരിചിതമായ സാഹചര്യം. വലിയ കമ്പനികളുടെ മുമ്പിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാർ പോലും ഫുൾ പാന്‍റ് ഇട്ട് ജോലി ചെയ്യുന്നത് കണ്ടപ്പോൾ ഏതോ വലിയ ഉദ്യോഗസ്ഥരാണെന്ന് മനസിൽ വേരുറച്ച കാലം. (കാരണം, കേരളത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പോലും ഹാഫ് പാന്‍റേ ഇട്ടിരുന്നുള്ളൂ, ഇത്തരം കാര്യങ്ങൾ മാത്രം കണ്ട് പരിശീലിച്ച ഗ്രാമീണ പശ്ചാത്തലമായിരുന്നു മാധവന്‍റേത്). ജോലിയുടെ തുടക്കത്തിൽ മാർക്കറ്റിംഗ് ചെയ്യേണ്ട മെഷീൻ ടൂൾ ആക്സസറീസ് പ്രൊഡക്റ്റിനെക്കുറിച്ചു കൃത്യമായ ധാരണ പോലുമില്ലെന്ന് ഉപഭോക്താക്കളോട് തുറന്നു പറയുമായിരുന്നു. അവരുടെ അനുകമ്പ മൂലം പ്രൊഡക്ടിനെക്കുറിച്ചുള്ള അറിവുകളും ആവശ്യങ്ങളും അവരാണ് പറഞ്ഞുതന്നത്. തീർത്തും സത്യസന്ധമായ സമീപനം. അതു ഫലിച്ചു. ആറു മാസത്തിനുള്ളിൽ തന്നെ ആ കമ്പനിയിൽ അംഗീകാരം ലഭിക്കുകയും പെട്ടെന്നു തന്നെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും ഉണ്ടായി. അക്കാലത്തൊരു സ്കൂട്ടർ ബുക്ക് ചെയ്താൽ പത്തു കൊല്ലമെടുക്കും അതു കൈയിൽ കിട്ടാൻ. കമ്പനി ബുക്ക് ചെയ്തു ലഭിച്ച സ്കൂട്ടർ മാനേജർക്ക് കൊടുക്കാതെ കിട്ടിയതു മാധവനാണ്. മികച്ച സേവനത്തിനുള്ള സ്നേഹോപഹരമായിരുന്നു അത്.

സേതുമാധവനിൽ നിന്നും എ. എസ്. മാധവനിലേക്ക്

പിന്നീട് ഔദ്യോഗികജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചതു ഗോർഡൻ വുഡ്റോഫ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ ചേർന്നപ്പോഴാണ്. റസിഡന്‍റ് സെയിൽസ് എൻജിനിയർ എന്ന തസ്തികയിൽ. ഉയർന്ന യോഗ്യതയുള്ള നിരവധി പേർ ആ സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജോലിക്കുള്ള നിയോഗം മാധവനായിരുന്നു. കോഴിക്കോടുകാരനായ സേതുരത്നമായിരുന്നു ആ കമ്പനിയുടെ ഡയറക്ടർ. ആ ജോലി ലഭിച്ചതിനു പിന്നിലുമൊരു കഥയുണ്ട്. ബയോഡേറ്റ കൊടുത്തപ്പോൾ സേതുരത്നം രണ്ടാമത്തെ ഇന്‍റർവ്യുവിൽ അതെടുത്ത് ചവറ്റുകൊട്ടയിലെറിഞ്ഞു. ഇങ്ങനെയാണോ ബയോഡേറ്റ തയാറാക്കുന്നതെന്നായിരുന്നു ചോദ്യം. പിന്നീട് അദ്ദേഹം തന്നെ പുതിയൊരു ബയോഡേറ്റ തയാറാക്കാൻ സഹായിച്ചു. ആത്രശേരി സേതുമാധവൻ എന്ന പേരു ചുരുക്കി എ. എസ്. മാധവൻ എന്നാക്കി. രണ്ടു പേരുടേയും പേരിൽ സേതു എന്നതുള്ളതുകൊണ്ട് കുടുംബക്കാരാണോ എന്ന തെറ്റിദ്ധാരണ ഒഴിവാക്കാനായിരുന്നു അങ്ങിനെ ചെയ്തത്. പിന്നീട് സാമൂഹിക-അധ്യാത്മിക പ്രവർത്തനജീവിതത്തിലെ വിജയം മൂലം ആ നാമം ഒരു നക്ഷത്രത്തെ പോലെ പ്രകാശിച്ചു.

ഗോർഡൻ വുഡ്റോഫിലും വളരെ പെട്ടെന്നുതന്നെ മാധവന് തന്‍റെ സാന്നിധ്യം അറിയിക്കാനായി. ഇന്ത്യയിലും വിദേശങ്ങളിലും ധാരാളം യാത്ര ചെയ്തു. പതിനഞ്ചു കൊല്ലത്തോളം ആ കമ്പനിയിൽ ജോലി ചെയ്തു. ആ കമ്പനിയുടെ മാർക്കറ്റിംഗ് രംഗത്ത് ക്രിയാത്മകമായ പല മാറ്റങ്ങളും വരുത്താനായി. ആ കമ്പനിയെ ഉയർന്ന തലത്തിലെത്തിക്കാൻ സാധിച്ചു. വ്യതിരിക്തമായ ആശയങ്ങൾ (out of box thinking) കണ്ടെത്തി അതിനെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു എ. എസ്. മാധവൻ. ഗോർഡൻ വുഡ്റോഫ്, പാനൽപീന എന്നീ കമ്പനികളെ അദ്ദേഹത്തിന്‍റെ മാർക്കറ്റിംഗ് നൈപുണ്യം കൊണ്ട് വളരെ ഉയരങ്ങളിൽ എത്തി.

1990-ൽ സ്വന്തം കമ്പനിയായ ഫ്ളൈജാക് ലോജിസ്റ്റിക്സിനു ബോംബെയിൽ തുടക്കം കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫ്ളൈജാക് വളരെ പെട്ടെന്ന് തന്നെ വളർച്ച പ്രാപിച്ചു. പഴയ കാലത്തെ ഔദ്യോഗിക ജീവിതാനുഭവങ്ങൾ കമ്പനിയുടെ വളർച്ചയ്ക്കു ഗുണപ്രദമായി വിനിയോഗിക്കാൻ സാധിച്ചിരുന്നു. ഏതൊരാൾക്കും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള അവസരം കൊടുത്താൽ അവർക്ക് ഉയരാൻ സാധിക്കുമെന്നു മാധവൻ ഉറച്ചു വിശ്വസിക്കുന്നു.

ആത്മീയരംഗത്ത് കൂടുതൽ പ്രവർത്തിക്കാനുള്ള സമയവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നായിരുന്നു വിശ്വാസം. സ്വന്തമായ ഒരു സ്ഥാപനം ഉണ്ടായപ്പോൾ വരുമാനത്തിന്‍റെ ഒരു വിഹിതം സാമൂഹ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. എന്നാൽ വലിയൊരു സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതുമൂലം സമയപരിമിതിയാൽ സാമൂഹ്യ-അധ്യാത്മിക പ്രവർത്തനങ്ങൾക്ക് സമയം കിട്ടാതെ ധാരാളം വിഘാതങ്ങളുണ്ടായി. ഇത് യാഥാർത്ഥ്യമാണെങ്കിലും ധ്യാനം, യോഗ മുതലായവ ചെയ്യുന്നതുകൊണ്ട് ആത്മസംയമനത്തോടെ ഇത്തരം പ്രതിസന്ധികളെ നേരിട്ട് തന്‍റെ സാമൂഹ്യപ്രവർത്തനങ്ങൾ തുടരുവാൻ സാധിച്ചു. അതുമൂലം ഫ്ലൈജാക്കിന് പ്രൊഫഷണൽ രംഗത്തും സാമൂഹ്യസേവനരംഗത്തും വളരെയധികം അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. സ്വന്തമായി കാര്യങ്ങൾ പഠിച്ചു വളർന്നു വന്നു മികവുറ്റ രീതിയിലായി മാറാനുള്ള സാഹചര്യം സ്വന്തം സ്ഥാപനത്തിലെ എല്ലാവർക്കും മാധവൻ അകമഴിഞ്ഞ് നൽകിയിരുന്നു. സ്വയം വളർന്നുവന്ന സ്വതന്ത്രമായ അന്തരീക്ഷം തന്നെ തന്‍റെ ജീവനക്കാർക്കായും അദ്ദേഹം നൽകി.

സാമൂഹികപ്രവർത്തനം എന്ന ജീവിതനിയോഗം

താൻ ആഗ്രഹിച്ചതു പോലെ സാമൂഹിക പ്രവർത്തനമേഖലയിൽ അദ്ദേഹം കൂടുതൽ സജീവമായി. ബോംബെയിൽ ജനകല്യാൺ സേവാശ്രമം എന്ന NGO യുമായി സഹകരിച്ച് ഒരു വൃദ്ധസദനവും ഗുരുകുല വേദവിദ്യാ പാഠശാലയും തുടങ്ങി. പിന്നീട് വേദപാഠശാല വാര്യർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നവിമുംബയിലെ പൻവേലിൽ ആരംഭിച്ചു. അതിനോടൊപ്പം തന്നെ Giant International എന്ന NGO യുമായി സഹകരിച്ച് പല സാമൂഹ്യപ്രവർത്തനങ്ങളിലും ഭാഗഭാക്കായി. ധാരാളം സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന തിരുനാവായയിലെ ഭാരതീയ വിദ്യാഭവൻ സ്കൂളിന്‍റെ ചെയർമാനായതിനുശേഷം ഇന്ന് ആ പ്രസ്ഥാനം വളരെയധികം ഉയർന്നു.

ഗുരുകുല സമ്പ്രദായത്തിൽ നടത്തുന്ന ഈ പാഠശാലയിൽ നിർധനരായ കുട്ടികളെ സൗജന്യമായി വേദഭൂഷൻ വരെ പഠിപ്പിക്കുന്നു. ഈ കോഴ്സ് മഹർഷി സന്ദീപനി രാഷ്ട്രീയ വേദ വിദ്യാലയത്തിന്‍റെ അംഗീകാരത്തോടെയാണ് നടത്തുന്നത്. (Recognised by Dept of Education, Govt of India). കൂടാതെ NIOS (National Institute of Open School) ന്‍റെ പാഠ്യപദ്ധതിയിൽ SSLC, Plus 2 വരെയുള്ള പഠനവും ഇവിടെ നടത്തിവരുന്നു. ഈ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഉയർന്ന വിദ്യഭ്യാസം നേടി പലരും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നു. ഇപ്പോൾ 75 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ താമസിച്ചു പഠിക്കുന്ന രിതീയാണ് അനുവർത്തിക്കുന്നത്. പുതുതലമുറയ കൃത്യമായ രീതിയിൽ വാർത്തെടുക്കുക എന്ന വലിയ ലക്ഷ്യമാണ് വാര്യർ ഫൗണ്ടേഷനുള്ളത്. അക്ഷരാർഥത്തിൽ വ്യക്തിത്വ വികസന സമന്വയ കേന്ദ്രം തന്നെയാണ് ഈ സ്ഥാപനം.

ഇതേ ഉദ്ദേശ്യലക്ഷ്യത്തോടെ തിരുന്നാവായായിലും മഴുവന്നൂരിലും ബാലമന്ദിരങ്ങൾ തുടങ്ങി. സൗജന്യമായ ഭക്ഷണവും പാർപ്പിടത്തോടുമൊപ്പം സാധാരണ സ്കൂളുകളിൽ വിദ്യാഭ്യാസം നൽകിവരുന്ന ബാലമന്ദിരങ്ങളിലെ കുട്ടികൾ ഉപരിപഠനത്തിനുശേഷം വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തുകൊണ്ട് നല്ല ജീവിതം നയിക്കുന്നുണ്ട്.

ദൈവികമായ കൽപനകളിലാണ് ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞതെന്നാണു എ. എസ് മാധവൻ ഉറപ്പിച്ചു പറയുന്നത്. ഓരോന്നും അതാതു കാലത്തിൽ ഒരു നിയോഗം പോലെ വന്നു ചേരുകയായിരുന്നു. എഴുപത്തിമൂന്നു വയസു പൂർത്തിയായിക്കഴിഞ്ഞു എ. എസ്. മാധവന്. എങ്കിലും അദ്ദേഹത്തിന്‍റെ സേവനപ്രവർത്തനങ്ങൾക്കു പ്രായമേറുന്നേയില്ല. സമൂഹത്തിൽ വെളിച്ചം പകർന്ന്, മഹനീയ സാമൂഹിക പ്രവർത്തന മാതൃകകൾ എഴുതിച്ചേർത്ത് ആ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.