ആരോഗ്യ മേഖലയിൽ വികസനത്തിന്‍റെ 12 വർഷങ്ങൾ
* ആരോഗ്യ ഭാരതം, സശക്ത ഭാരതം
കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ, വളം, രാസവസ്തു സഹമന്ത്രി
ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മികച്ച സാമ്പത്തിക ഉത്പാദനക്ഷമതയ്ക്കും വർധിച്ച തൊഴിൽ പങ്കാളിത്തത്തിനും ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര വളർച്ചയ്ക്കും കാരണമാകുന്നു. അതിനാൽ, ആരോഗ്യം കേവലം സാമൂഹിക നേട്ടം മാത്രമല്ല, മാനവ വിഭവ ശേഷിയെയും രാഷ്‌ട്ര പുരോഗതിയെയും പിന്തുണയ്ക്കുന്ന മൂല്യവത്തായ ഒരു ദേശീയ ആസ്തി കൂടിയാണ്. ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപിക്കുന്നത് ജനങ്ങളിൽ നിക്ഷേപിക്കുക എന്നതു തന്നെയാണ്. അത് സുശക്തവും ഉത്പാദനക്ഷമവും സമ്പന്നവുമായ സമൂഹസൃഷ്ടിയിലേക്കു നയിക്കുന്നു.
വരുമാനത്തിനും സാമൂഹിക പശ്ചാത്തത്തിനും അതീതമായി, സാമ്പത്തിക പ്രയാസങ്ങൾ കൂടാതെ ഓരോ വ്യക്തിയ്ക്കും ആവശ്യമായ സമയത്തും സ്ഥലത്തും ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സാർവത്രിക ആരോഗ്യ പരിരക്ഷയിലൂടെ (യുഎച്ച്സി) ലക്ഷ്യമിടുന്നത്. 2030ഓടെ കൈവരിക്കേണ്ട ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള പ്രധാന അജൻഡ കൂടിയാണത്.
യുഎച്ച്സിയും എസിഡിജി 3-ഉം നേടുക എന്ന ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ് ഇന്ത്യയുടെ ദേശീയ ആരോഗ്യ നയം- 2017. ഒരു വ്യക്തിയുടെ ജീവിതകാലത്തിലുടനീളം സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്ന ലളിതവും ശക്തവുമായ 4 പ്രധാന തത്വങ്ങളെ - താങ്ങാനാവുന്ന ചെലവ്, പ്രവേശനക്ഷമത, ഗുണനിലവാരം, ലഭ്യത - അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം. ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ഫലപ്രദമായ റഫറൽ നെറ്റ്‌വർക്കുകളിലൂടെ പ്രാഥമിക, ദ്വിതീയ, തൃതീയ പരിചരണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ത്രിതല ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനസമൂഹങ്ങൾക്ക് ഉൾപ്പെടെ ഗ്രാമ, നഗര ഭേദമെന്യേ ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ സമഗ്ര സമീപനത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രാഥമിക ആരോഗ്യ സംരക്ഷണ തലത്തിൽ രോഗപ്രതിരോധം, ആരോഗ്യ പ്രോത്സാഹനം, ചികിത്സ, പുനരധിവാസം, പാലിയേറ്റീവ് കെയർ എന്നിവയുൾപ്പെടെ വിപുലമായ ആരോഗ്യ സേവനങ്ങൾ ആയുഷ്മാൻ ആരോഗ്യ മന്ദിർ മുഖേന ലഭ്യമാക്കുന്നു. സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിന്, ഇ- സഞ്ജീവനി ടെലി മെഡിസിൻ പ്ലാറ്റ്‌ഫോം രോഗികളെയും പ്രാദേശിക ആരോഗ്യ സംരക്ഷണ ദാതാക്കളെയും ഈ കേന്ദ്രങ്ങൾ മുഖേന മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുമായി ബന്ധിപ്പിക്കുന്നു. കൂടാതെ, ടെലി- മാനസ് പ്ലാറ്റ്‌ഫോം രാജ്യത്തുടനീളം മാനസികാരോഗ്യ പിന്തുണയും കൗൺസിലിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 38.93 ലക്ഷം സേവനങ്ങളാണ് ഇതുവരെ നൽകിയത്.
ആയുഷ്മാൻ ആരോഗ്യ മന്ദിറുകളെ (എഎഎം) ഘടനാപരമായ റഫറൽ സംവിധാനത്തിലൂടെ ഉയർന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. നൂതനമായ വൈദ്യസഹായം ആവശ്യമുള്ള രോഗികളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾ (സിഎച്ച്സി), ഫസ്റ്റ് റഫറൽ യൂണിറ്റുകൾ (എഫ്ആർയു), ജില്ലാ ആശുപത്രികൾ (ഡിഎച്ച്) തുടങ്ങിയ ദ്വിതീയ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്ക് റഫർ ചെയ്യുന്നു. വിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി പരിചരണം ആവശ്യമുള്ള സങ്കീർണമായ മെഡിക്കൽ അവസ്ഥകൾക്ക്, മെഡിക്കൽ കോളെജുകളും സ്പെഷ്യലൈസ്ഡ് ആശുപത്രികളും ഉൾപ്പെടുന്ന തൃതീയ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യുന്നു.
ആരോഗ്യത്തെ ഒരു ദേശീയ മുൻഗണനയായി സ്വീകരിക്കാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും വിധം, ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ചെലവ് കഴിഞ്ഞ ദശകത്തിൽ 168% വർധിച്ചു. ആരോഗ്യ ബജറ്റിലെ വർധനവ് ആരോഗ്യ രംഗത്തെ ത്രിതല സംവിധാനത്തിന് പിന്തുണ നൽകുന്നു.
ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ, രോഗങ്ങൾ ഉണ്ടായതിനു ശേഷം ചികിത്സിക്കുന്നതിൽ നിന്ന്, അവ ഗുരുതരമാകുന്നതിന് മുമ്പ് ആരോഗ്യ പ്രശ്നങ്ങൾ സജീവമായി തടയുന്നതിനും കൈകാര്യം ചെയ്യുന്നതിലേക്കുമുള്ള പ്രധാന പരിവർത്തനത്തെ ആയുഷ്മാൻ ആരോഗ്യ മന്ദിറിന്‍റെ വികസനം അടയാളപ്പെടുത്തുന്നു. 6ൽ നിന്ന് 12ലേക്കുള്ള സമഗ്ര ആരോഗ്യ പാക്കെജുകളുടെ വിപുലീകരണം, പ്രായമായവരുടെ ജനസംഖ്യയും പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ വർധിച്ചുവരുന്ന ഭാരവും ഉൾപ്പെടെ രാജ്യത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. മെച്ചപ്പെടുത്തിയ സേവനങ്ങളുടെ ശ്രേണിയിൽ ഇപ്പോൾ സാംക്രമികേതര രോഗങ്ങൾക്കുള്ള പരിചരണം, മാനസികാരോഗ്യം, വയോജന പരിചരണം, അടിയന്തര സേവനങ്ങൾ, കണ്ണ്, ചെവി, മൂക്ക്, തൊണ്ട (ഇഎൻടി), വദനാരോഗ്യം, യോഗ, ആരോഗ്യ പ്രോത്സാഹന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജനസംഖ്യയുടെ വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആരോഗ്യ സംരക്ഷണ സംവിധാനം സുസജ്ജമാണെന് ഈ വിശാലമായ സമീപനം ഉറപ്പാക്കുന്നു.
2026 മെയ് മാസത്തോടെ ഇന്ത്യയിലുടനീളം 1.8 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിർ പ്രവർത്തനക്ഷമമാക്കി. അതിലൂടെ വാതിൽപ്പടി ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. 120 കോടിയിലധികം ഔട്ട്പേഷ്യന്‍റ് കൺസൾട്ടേഷനുകൾ, ഇ- സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ 70 കോടിയിലധികം ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ, ആരോഗ്യകരമായ ജീവിതശൈലിയും സമഗ്ര ക്ഷേമവും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടുള്ള 46.1 കോടിയിലധികം വെൽനസ് സെഷനുകൾ എന്നിവയിലൂടെ ഇന്ത്യയുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിന്‍റെ വിപുലമായ വ്യാപ്തിയും സ്വാധീനവും പ്രകടമാണ്.
പ്രാഥമികാരോഗ്യ തലത്തിൽ, 30 വയസിനു മുകളിലുള്ളവരിലെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വദനാർബുദം, സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയ ആരോഗ്യ അവസ്ഥകൾക്കായി പതിവായി പരിശോധിക്കുന്നു. ഇത് നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കുന്നു. ആയുഷ്മാൻ ആരോഗ്യ മന്ദിറിന് കീഴിൽ നൽകുന്ന സേവനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഈ സ്ക്രീനിങ്, ഇത് സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും അടിസ്ഥാന ആരോഗ്യ സംരക്ഷണവുമായി സംയോജിപ്പിക്കുന്നു. ഈ സേവനങ്ങളുടെ വിപുലീകരണം ആദ്യകാല രോഗനിർണയം, പ്രതിരോധം, ചികിത്സ, ദീർഘകാല പരിപാലനം എന്നിവ ഉൾപ്പെടുന്ന സമഗ്ര സമീപനത്തെ പിന്തുടരുന്നു. സാംക്രമികേതര രോഗ ക്ലിനിക്കുകൾ, ഡേ കെയർ കാൻസർ സെന്‍ററുകൾ, ടെർഷ്യറി കെയർ കാൻസർ സെന്‍ററുകൾ, സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വികേന്ദ്രീകൃത നൂതന ഓങ്കോളജി സേവനങ്ങൾ തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾ കാൻസർ പരിചരണത്തെ വികേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ഇത് സ്പെഷ്യലിസ്റ്റ് ചികിത്സ കൂടുതൽ പ്രാപ്യവും ഫലപ്രദവുമാക്കുന്നു.
സാംക്രമികേതര രോഗങ്ങൾ തടയുന്നതിൽ ആരോഗ്യ മേഖല മാത്രമല്ല, സർക്കാരിന്‍റെ ഏകോപിത ശ്രമങ്ങളും നിർണായക പങ്ക് വഹിക്കുന്നു. എഫ്എസ്എസ്എഐ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ആളുകളെ ശാരീരികമായി സജീവമായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, യോഗ, പരമ്പരാഗത ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയ ആരോഗ്യ പരിശീലനങ്ങളെ ആയുഷ് മന്ത്രാലയം പിന്തുണയ്ക്കുന്നു. പതിവ് പൊതുജന അവബോധ പരിപാടികളും ആരോഗ്യ ദിനാചരണങ്ങളും പൗരന്മാർക്കിടയിൽ ഈ സന്ദേശങ്ങൾ പ്രചരിക്കാൻ സഹായിക്കുന്നു. കൂടാതെ, ഭക്ഷ്യ എണ്ണ ഉപഭോഗം 10% കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ തടയുന്നത് ആശുപത്രികളും ഡോക്റ്റർമാരും മാത്രമല്ല, വ്യക്തികളും കുടുംബങ്ങളും അവരുടേതായ പങ്ക് വഹിക്കാൻ പ്രോത്സാഹനമേകുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ വിപുലീകരണത്തിനായി, ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ ഓഫിസർമാരുടെ ഒരു പുതിയ കേഡർ സൃഷ്ടിച്ചു, ഇത് ക്ലിനിക്കൽ, പൊതുജനാരോഗ്യ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു. ഒപ്പം, വീടുകളെ ആരോഗ്യ സംരക്ഷണ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി 10 ലക്ഷത്തിലധികം ആശമാർ സമൂഹത്തെ ആരോഗ്യ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു.
വികസനത്തോടൊപ്പം, പരിചരണത്തിന്‍റെ നിലവാരത്തെ പരിവർത്തനം ചെയ്യുക എന്ന കഠിനമായ വെല്ലുവിളിയും ഇന്ത്യ ഏറ്റെടുത്തു. തദ്ദേശീയമായി വികസിപ്പിച്ചതും അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് മാനദണ്ഡങ്ങൾ, ഗുണനിലവാരത്തെ കേവലം ആഗ്രഹമെന്നതിൽ നിന്ന് ഉത്തരവാദിത്തമാക്കി മാറ്റി. 54,926 ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ഉൾപ്പെടെ 65,000ത്തിലധികം പൊതുജനാരോഗ്യ സൗകര്യങ്ങൾ ഇപ്പോൾ എൻക്യുഎസ് സർട്ടിഫൈഡ് ആണ്. കൂടാതെ ഇന്‍റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലബോറട്ടറികളുടെ മാനദണ്ഡങ്ങൾ പരിശോധനയിൽ കർശനമായ ഗുണനിലവാരവും കൃത്യതയും ഉറപ്പാക്കുന്നു.
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിന്‍റെ വിജയം ഗുണനിലവാര മാനദണ്ഡങ്ങൾ നിലനിർത്തുന്നതിൽ മാത്രമൊതുങ്ങുന്നില്ല, അതിനു ചുറ്റും കെട്ടിപ്പടുത്ത ആവാസവ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വിജയം കൈവരിച്ചു. ലക്ഷ്യ (LaQshya), കായകൽപ്പ്, മുസ്‌കാൻ (MusQan) തുടങ്ങിയ പരിപാടികൾ യഥാക്രമം മാതൃ പരിചരണം, ശുചിത്വം, അണുബാധ നിയന്ത്രണം, കുട്ടികളുടെ ആരോഗ്യ സംരക്ഷണം എന്നിവ മെച്ചപ്പെടുത്താൻ സഹായിച്ചു. ഈ സംരംഭങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തെ മാനദണ്ഡങ്ങളിൽ ഒതുക്കുന്നതിന് പകരം അടിസ്ഥാന ആവശ്യകതയാക്കി മാറ്റി. കൂടുതൽ ആളുകളെ ചികിത്സിക്കുക മാത്രമല്ല അവർക്ക് മികച്ച സേവനം ലഭ്യമാക്കുന്ന ഒരു സംവിധാനമാണിത്.
പ്രാഥമിക ആരോഗ്യ സംരക്ഷണം ജനങ്ങൾക്ക് നൽകുന്ന പ്രാഥമിക വൈദ്യസഹായമാണ്, കൂടാതെ അരിവാൾ രോഗ നിവാരണ ദൗത്യം (നാഷണൽ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ), പ്രധാൻ മന്ത്രി നാഷണൽ ഡയാലിസിസ് പ്രോഗ്രാം തുടങ്ങിയ പ്രത്യേക പരിപാടികൾ രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഈ ഉദ്യമങ്ങളിലൂടെ രാജ്യത്തെ കുടുംബങ്ങൾ ₹10,102 കോടിയിലധികം ലാഭിച്ചു.
ആരോഗ്യ സേവനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നിരീക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യ സ്വന്തം ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഗ്രാമീണ ആരോഗ്യ, ശുചിത്വ, പോഷകാഹാര സമിതികൾ, ജൻ ആരോഗ്യ സമിതികൾ, രോഗി കല്യാൺ സമിതികൾ തുടങ്ങിയ പ്രാദേശിക കൂട്ടായ്മകൾ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സേവനങ്ങൾ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന സഹായിക്കുന്ന ഒരു വികേന്ദ്രീകൃത സംവിധാനം സർക്കാർ സൃഷ്ടിച്ചു. പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തടങ്ങയവർ ഈ ഉദ്യമങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. നഗരപ്രദേശങ്ങളിൽ, മഹിളാ ആരോഗ്യ സമിതികൾ ആരോഗ്യ അവബോധത്തിനും വ്യാപന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനായി വനിതകളെ ശാക്തീകരിച്ച് സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു.
ഒരു രാജ്യത്തിന്‍റെ ആരോഗ്യ സംരക്ഷണ സംവിധാനം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുക മാത്രമല്ല, ഭാവിയിലെ അടിയന്തരാവസ്ഥകളും രോഗ വ്യാപനങ്ങളും നേരിടാൻ സജ്ജമായിരിക്കണം. ഇത് കൈവരിക്കുന്നതിനായി, 2021 ൽ ₹64,180 കോടി ബജറ്റിൽ PM-ABHIM (പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ) ആരംഭിച്ചു. കൊവിഡ്-19 മഹാമാരിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിയന്തര ആരോഗ്യ സംരക്ഷണ ശേഷി വർധിപ്പിക്കുക, ലബോറട്ടറി ശൃംഖലകൾ മെച്ചപ്പെടുത്തുക, തത്സമയ രോഗ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുക, മനുഷ്യർ, മൃഗങ്ങൾ, പരിസ്ഥിതി ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം പഠിക്കുന്ന വൺ ഹെൽത്ത് ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യം.
അസുഖം മൂലം ആശുപത്രി പ്രവേശനം ആവശ്യമായി വരുമ്പോൾ, ആ രോഗിയുടെ പരിചരണം കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക ദുരന്തമാകുന്നിടത്ത് എത്തും വിധമുള്ള സുരക്ഷിതത്വം ആയുഷ്മാൻ ഭാരത് പിഎം- ജെഎവൈ പ്രദാനം ചെയ്യുന്നു. സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി എന്ന നിലയിൽ, ദ്വിതീയ, തൃതീയ പരിചരണത്തിനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ പരിരക്ഷ നൽകുന്നു - വരുമാനഭേദമന്യേ 70 വയസിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും 2024ൽ ഈ പരിരക്ഷ വ്യാപിപ്പിച്ചു.
വലിയൊരു ജനവിഭാഗത്തിന് ആരോഗ്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും ശക്തമായ ഒരു ഡിജിറ്റൽ ആരോഗ്യ സംവിധാനം അനിവാര്യമാണ്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എബിഎച്ച്എ (ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്) ഐഡികൾ, പരസ്പരബന്ധിത ആരോഗ്യ ഡാറ്റാ ബേസുകൾ, സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ഡിജിറ്റൽ അടിത്തറ ഉറപ്പാക്കുന്നു. ഇത് ആരോഗ്യ രേഖകൾ വ്യത്യസ്ത ആരോഗ്യ സംരക്ഷണ ദാതാക്കളിൽ സുരക്ഷിതമായി സൂക്ഷിക്കാനും പങ്കിടാനും അനുവദിക്കുന്നു. തൽഫലമായി, രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നു, മെഡിക്കൽ രേഖകൾ ആവശ്യമുള്ളിടത്തെല്ലാം ഉപയോഗിക്കാൻ രോഗികൾക്ക് കഴിയും, ആരോഗ്യ സംരക്ഷണ വിതരണം കൂടുതൽ കാര്യക്ഷമവും ഡാറ്റാധിഷ്ഠിതവുമാകുന്നു. ഏകദേശം 91 കോടി എബിഎച്ച്എ ഐഡികളുടെ സൃഷ്ടി, പരിചരണത്തിലേക്കുള്ള പ്രവേശനം, നൈരന്തര്യം, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന ആധുനികവും ഡിജിറ്റൽ ബന്ധിതവുമായ ആരോഗ്യ സംരക്ഷണ സംവിധാനം പൗരന്മാർക്കായി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചതായി വ്യക്തമാക്കുന്നു.
സൗജന്യ ചികിത്സ, പ്രാദേശിക രോഗനിർണയ സൗകര്യങ്ങൾ, ആരോഗ്യ പ്രവർത്തകരും സ്പെഷ്യലിസ്റ്റുകളും, ആംബുലൻസ്, റഫറൽ ഗതാഗത സേവനങ്ങൾ, ഡയാലിസിസ് പരിചരണം, ആശുപത്രി പരിപാലനത്തിനുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ എന്നിങ്ങനെയുള്ള വിവിധ ആരോഗ്യ സേവനങ്ങൾ വെവ്വേറെ സർക്കാർ പരിപാടികളല്ല. അവ ഏകോപിതവും പ്രവർത്തനക്ഷമവുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം രൂപപ്പെടുത്തുന്നു. ആരോഗ്യ സംരക്ഷണത്തിന്‍റെ വിവിധ തലങ്ങളിലുടനീളം സ്ഥിരവും ദീർഘകാലീനവുമായ സർക്കാർ നിക്ഷേപത്തിന്‍റെയും ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിന്‍റെയും ഫലമാണിത്.
ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തെ നേട്ടങ്ങൾ അമൂർത്തമല്ല. 2004–06ലെ 100,000 പ്രസവങ്ങളിൽ 254 മരണങ്ങൾ എന്നതിൽ നിന്ന് 2022–24 ൽ 87 മാതൃമരണങ്ങൾ എന്ന നിലയിലേക്ക് ഗണ്യമായ കുറവ് രേഖപ്പെടുത്തി, 2017ലെ ദേശീയ ആരോഗ്യ നയം മുന്നോട്ടുവച്ച ലക്ഷ്യം കൈവരിക്കാൻ ഇത് സഹായിച്ചു. 1990നും 2024നും ഇടയിൽ, ഇന്ത്യ മാതൃമരണ നിരക്ക് 84% കുറച്ചു, ഇത് ആഗോളതലത്തിലെ 48% ത്തേക്കാൾ വളരെ കൂടുതലാണ്, മാതൃ ആരോഗ്യത്തിലും കുടുംബാസൂത്രണത്തിലും കൈവരിച്ച നേട്ടങ്ങൾക്ക് യുഎൻഎഫ്പിഎയിൽ നിന്ന് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. മറ്റ് ആരോഗ്യ സൂചകങ്ങളും മെച്ചപ്പെട്ടു: ഒരു വനിതയുടെ ശരാശരി കുട്ടികളുടെ എണ്ണം 2.0 ആയി കുറഞ്ഞു, കൂടുതൽ വനിതകൾ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ പ്രസവിക്കുന്നു (90.6%), മിക്കവാറും എല്ലാ കുട്ടികൾക്കും പൂർണ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നു (98.6%). രോഗങ്ങൾ തടയുന്നതിലും ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിലും സമയബന്ധിതമായ ചികിത്സ നൽകുന്നതിലും ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ ഫലപ്രദമാണെന്ന് ഈ നേട്ടങ്ങൾ കാണിക്കുന്നു. 2015ൽ മാതൃ-നവജാത ശിശു ടെറ്റനസും 2024ൽ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായ ട്രാക്കോമയും നിവാരണം ചെയ്തത് പ്രധാന ആരോഗ്യ ഭീഷണികളെ നിയന്ത്രിക്കുന്നതിലും ഇല്ലാതാക്കുന്നതിലും രാജ്യം നേടിയ വിജയന് ഉത്തമ ദൃഷ്ടാന്തമാണ്.
ദേശീയ ആരോഗ്യ നയം- 2017 ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രവീക്ഷണവും ദിശാബോധവും നൽകിയപ്പോൾ, ദേശീയ ആരോഗ്യ ദൗത്യം പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ നൂതന ആശുപത്രികൾ വരെയുള്ള ആരോഗ്യ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തി. ആയുഷ്മാൻ ഭാരത് 4 പ്രധാന ഘടകങ്ങളിലൂടെ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തി: പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായുള്ള ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ, ആരോഗ്യസംരക്ഷണ ചെലവുകളിൽ നിന്നുള്ള സംരക്ഷണത്തിനായി പിഎം- ജെഎവൈ, മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കും അടിയന്തര തയ്യാറെടുപ്പിനും പിഎം- അഭിം, ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾക്കുള്ള എബിഡിഎം എന്നിവയാണ് ആ 4 ഘടകങ്ങൾ.
സൗജന്യ മരുന്നുകൾ, രോഗനിർണയം, ഗതാഗതം, ഡയാലിസിസ് സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം, ഈ സംരംഭങ്ങൾ ഒരു സമഗ്ര ആരോഗ്യ സംരക്ഷണ ശൃംഖലയായി ഏകോപനത്തോടെ പ്രവർത്തിക്കുന്നു. രാജ്യം പൊതുജനാരോഗ്യത്തെ ഒരു ദേശീയ മുൻഗണനയായി കണക്കാക്കുകയും വ്യവസ്ഥാപിതമായി നിക്ഷേപിക്കുകയും ചെയ്യുമ്പോൾ, ജനങ്ങളെ സംരക്ഷിക്കാനും ജീവിത നിലവാരം ഉയർത്താനും ദീർഘകാല വികസനത്തിനും സംഭാവന നൽകാൻ കഴിയുമെന്ന് ഈ നേട്ടങ്ങളും ഉദ്യമങ്ങളും ഓർമപ്പെടുത്തുന്നു.