ഇന്ത്യ ദാരിദ്ര്യത്തെ മറികടന്ന ദശാബ് ദം

 
Special Story

ഇന്ത്യ ദാരിദ്ര്യത്തെ മറികടന്ന ദശാബ്ദം

2047ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് അതിന്‍റേതായ വെല്ലുവിളികളുണ്ട്.

Reena Varghese

നിർമല സീതാരാമൻ

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി

ഒരു വർഷം മുമ്പ് നാഗാലാൻഡിലെ വിദൂര കുന്നിൻപ്രദേശത്തുള്ള വികസനം കാംക്ഷിക്കുന്ന ജില്ലയായ കിഫയർ സന്ദർശിച്ച വേളയിൽ പ്രാദേശിക സ്വയംസഹായ സംഘങ്ങളിലെ ഗോത്രവർഗ വനിതകളുമായി ഞാൻ സംവദിക്കുകയുണ്ടായി. അവരിലൊരാളായിരുന്ന "ലഖ്പതി ദീദി' എസ്തർ, തന്‍റെ ചെറുധാന്യ ഉൽപ്പന്നങ്ങൾ നാഗാലാൻഡിനും അപ്പുറത്തുള്ള ഉപഭോക്താക്കളിലേക്ക് ഓൺലൈനായി എത്തുന്നതിനെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചു.

മികച്ചൊരു ഭാവിയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസമാണ് എന്‍റെ മനസിൽ ആഴത്തിൽ പതിഞ്ഞത്. കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും "ക്രോർപതി ദീദി'മാരാകാനും ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികൾ കാലങ്ങളോളം അവസരങ്ങളെ പരിമിതപ്പെടുത്തിയിരുന്ന, എന്നാൽ മികച്ചൊരു നാളേയ്ക്കായുള്ള അഭിലാഷങ്ങൾ വളർന്നുവരുന്ന ഇന്ത്യയുടെ ഏറ്റവും വിദൂര കോണുകളിൽ പോലും എത്തിനിൽക്കുന്ന പരിവർത്തനത്തിന്‍റെ പ്രതിഫലനമായിരുന്നു അവരുടെ കഥകൾ.

കഴിഞ്ഞ മാസം ലോക ബാങ്ക് ഇന്ത്യയെക്കുറിച്ചുള്ള "പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്' റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ കിഫയറിലെ ആ കൂടിക്കാഴ്ചയാണ് മനസിലേക്ക് ഓടിയെത്തിയത്. 2011നും 2023നും ഇടയിൽ ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും, അതിദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഞാൻ നേരിട്ട് കണ്ടറിഞ്ഞ വലിയ മാറ്റത്തെയാണ് ഈ കണക്കുകൾ അടയാളപ്പെടുത്തുന്നത്.

എന്നാൽ എല്ലാക്കാലത്തും സ്ഥിതി ഇതായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം 6 പതിറ്റാണ്ടിലേറെക്കാലം വ്യാപകമായിരുന്ന ദാരിദ്ര്യം നിർമാർജനം ചെയ്യുക എന്നത് പൂർത്തീകരിക്കപ്പെടാതെ തുടർന്നു. 2010കളുടെ തുടക്കത്തിൽ പോലും ശുചിത്വം, പോഷകാഹാരം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിങ് എന്നിവയിൽ പിന്നാക്കം നിൽക്കുന്ന, കടുത്ത ദാരിദ്ര്യം നിലനിന്നിരുന്ന രാജ്യമായാണ് വിദേശങ്ങളിൽ ഇന്ത്യ ചിത്രീകരിക്കപ്പെട്ടിരുന്നത്. പാവപ്പെട്ടവരുടെ കൈകളിലേക്ക് വെറുതെ പണം എത്തിച്ചു നൽകിയാൽ ദാരിദ്ര്യം താനേ മാറിക്കൊള്ളും എന്നതായിരുന്നു അന്നത്തെ പൊതു കാഴ്ചപ്പാട്.

കഴിഞ്ഞ ഒരു ദശാബ്ദം ആ വിശ്വാസത്തെ തിരുത്തിക്കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, താത്കാലിക ആശ്വാസ നടപടികളിൽ നിന്ന് മാറി ദാരിദ്ര്യത്തെ നിലനിർത്തുന്ന തടസങ്ങളെ എന്നന്നേക്കുമായി നീക്കം ചെയ്യുന്ന അടിസ്ഥാനപരമായ മാറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുന്ന "അന്ത്യോദയ' എന്ന ദർശനത്താൽ നയിക്കപ്പെട്ട്, ഓരോ കുടുംബത്തിലെയും ഇല്ലായ്മകൾ ഓരോന്നായി പരിഹരിക്കുക എന്ന പ്രയാസമേറിയ പാതയാണ് നമ്മുടെ ഗവൺമെന്‍റ് തെരഞ്ഞെടുത്തത്. അതുവഴി വികസനം ഏറ്റവും അർഹരായവരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാൻ സാധിച്ചു.

ലക്ഷ്യാധിഷ്ഠിതം, കേന്ദ്രീകൃതം, യുക്തിസഹം

ദാരിദ്ര്യം എന്നത് കേവലം വരുമാനത്തിന്‍റെയോ കൂലിയുടെയോ കുറവ് മാത്രമല്ല. സുരക്ഷിതമായ മേൽക്കൂര, ശുദ്ധജലം, ശുചിത്വം, ആരോഗ്യ പരിരക്ഷ എന്നിവയില്ലാത്ത ഒരു കുടുംബം വരുമാനം വർധിച്ചാൽ പോലും എപ്പോഴും പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളതാണ്. ഒരൊറ്റ അസുഖം മതി അവരുടെ സമ്പാദ്യമെല്ലാം തുടച്ചുനീക്കാനും വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും. അതിനാൽ, നമ്മുടെ ഗവൺമെന്‍റ് നടപ്പിലാക്കിയ ഓരോ പദ്ധതിയും ഏറ്റവും അർഹരായവരെ ലക്ഷ്യം വച്ചുള്ളതും, കൃത്യമായി അളക്കാൻ കഴിയുന്ന ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, പരിഹരിക്കേണ്ട ദാരിദ്ര്യ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്തതുമായിരുന്നു.

ഇതിനു പിന്നിൽ ഒരു മാന്ത്രിക വിദ്യയും ഉണ്ടായിരുന്നില്ല. ഓരോ പദ്ധതിക്കും ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തുക, അവ ഫലപ്രദമായി അവരിലേക്ക് എത്തിക്കുക, അവസാനത്തെ വീട്ടിലും ആനുകൂല്യം എത്തുന്നതു വരെ തുടർനടപടികൾ സ്വീകരിക്കുക എന്നിവ അനിവാര്യമായിരുന്നു. പദ്ധതികളുടെ നിർവഹണം പ്രധാനമന്ത്രി മോദി നേരിട്ടും ശ്രദ്ധയോടെയും നിരീക്ഷിക്കുകയും, നിർണായക ഘട്ടങ്ങളിൽ ഇടപെട്ട് തടസങ്ങൾ പരിഹരിക്കുകയും, തുടർനടപടികൾ ഉറപ്പാക്കുകയും, വിതരണം നിരീക്ഷിക്കാൻ സാങ്കേതിക വിദ്യാ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ആരോഗ്യവും അന്തസും വീട്ടിൽ നിന്ന് തുടങ്ങുന്നു

രോഗങ്ങളും വെള്ളം ശേഖരിക്കാനുള്ള ദൈനംദിന പ്രയാസങ്ങളും പിന്നോട്ട് വലിക്കുമ്പോൾ ഒരു കുടുംബത്തിന് ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കഴിയില്ല. സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴിൽ വീടുകളിൽ ശൗചാലയങ്ങൾ ലഭ്യമായത് ശുചിത്വം മെച്ചപ്പെടുത്തുകയും പ്രതിവർഷം ഏകദേശം 60,000 മുതൽ 70,000 വരെ ശിശുമരണങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു. ജൽ ജീവൻ മിഷൻ 2019ൽ ഏകദേശം 3 കോടി കുടുംബങ്ങളിലുണ്ടായിരുന്ന ഗ്രാമീണ പൈപ്പുവെള്ള കണക്‌ഷനുകൾ ഏകദേശം 16 കോടിയിലേക്ക് വ്യാപിപ്പിച്ചു; ഇത് വെള്ളത്തിനായി സ്ത്രീകളും പെൺകുട്ടികളും നടത്തിയിരുന്ന ദീർഘദൂര നടത്തം ഒഴിവാക്കുകയും ജലജന്യ രോഗങ്ങൾ കുറയ്ക്കുകയും ചെയ്തു.

ഉജ്വല യോജന പുകരഹിതമായ ശുചിത്വമുള്ള അടുക്കളകൾ സാധ്യമാക്കിയപ്പോൾ, പിഎം ആവാസ് യോജന അടച്ചുറപ്പുള്ള വീടുകളുടെ സുരക്ഷിതത്വവും അന്തസും നൽകി. പണരഹിത ആശുപത്രി ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത്, ചികിത്സാ ചെലവുകൾക്കെതിരായ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തി. ഒരു കാലത്ത് കുടുംബങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്ന പ്രതിസന്ധികൾക്കെതിരായ പരിരക്ഷയായി ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നു; ഒപ്പം കുടുംബച്ചെലവുകൾ കുറയ്ക്കുകയും ജോലിക്കായി കൂടുതൽ സമയം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.

ബാങ്ക് അക്കൗണ്ടിൽ നിന്ന് സംരംഭകത്വത്തിലേക്ക്

സാമ്പത്തിക സുരക്ഷ കുടുംബങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴാതെ കാക്കുന്നു; എന്നാൽ കൂടുതൽ മുന്നേറാൻ അവർക്ക് വരുമാനമുണ്ടാക്കാനുള്ള അവസരങ്ങൾ ആവശ്യമാണ്. കോടിക്കണക്കിന് ആളുകൾ ആ യാത്ര ആരംഭിച്ചത് ഒരു ബാങ്ക് അക്കൗണ്ടിലൂടെയാണ്. ഗവണ്മെന്‍റ് ഖജനാവിൽ നിന്ന് ലഭ്യമാക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമാണ് അർഹരായ പൗരന്മാരിലേക്ക് എത്തുന്നത് എന്നത് ഒരു കാലത്ത് അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ) ആ അവസ്ഥ മാറ്റിമറിച്ചു. 59 കോടിയിലധികം ജൻധൻ അക്കൗണ്ടുകൾ വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുന്നു. സാങ്കേതികവിദ്യയാണ് അഭൂതപൂർവമായ തോതിൽ ഇത് സാധ്യമാക്കിയത്.

ബാങ്ക് അക്കൗണ്ട് സമ്പാദ്യത്തിന് സുരക്ഷിതമായ ഇടം നൽകുകയും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു; ഇത് ഔപചാരിക വായ്പകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. സ്വന്തമായി സ്വത്തുക്കൾ ഇല്ലാത്തവർക്ക് ആദ്യമായി ലഭിക്കുന്ന ഒരു വായ്പ ജീവിതം തന്നെ മാറ്റിമറിക്കുന്നതാകാം.

രണ്ടുമാസം മുമ്പ് മുദ്ര ഗുണഭോക്താക്കളുമായുള്ള സംവാദത്തിനിടെ പശ്ചിമ ബംഗാളിൽ നിന്നുള്ള സുസ്മിത ഘരായിയെ കാണാനിടയായി. കൊവിഡ് മഹാമാരിക്കാലത്ത് പിതാവിനെ നഷ്ടപ്പെട്ടതോടെ അവരുടെ കുടുംബത്തിന്‍റെ പ്രിന്‍റിങ് ബിസിനസ് തകർന്നുപോയിരുന്നു. ഈടായി നൽകാൻ ഭൂമിയോ സ്വർണമോ ഇല്ലാതിരുന്നിട്ടും ഈടില്ലാത്ത മുദ്ര വായ്പ പ്രസ് വീണ്ടും തുടങ്ങാൻ അവരെ സഹായിച്ചു. ഇന്ന് അവർ 8 പേർക്ക് തൊഴിൽ നൽകുന്നു- ആദ്യമുണ്ടായിരുന്നതിന്‍റെ ഇരട്ടി പേർക്ക്- കൂടാതെ ഡിജിറ്റൽ പ്രിന്‍റിങ്ങിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു. പ്രതിസന്ധികളെ അതിജീവിച്ച്, വീണ്ടും കെട്ടിപ്പടുക്കാനും വളരാനുമുള്ള അവരുടെ ദൃഢനിശ്ചയമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. സാമ്പത്തിക ശേഷിയേക്കാൾ വലിയ സ്വപ്നങ്ങൾ കാണുന്ന എണ്ണമറ്റ യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയാണ് അവരുടെ കഥ പ്രതിഫലിപ്പിക്കുന്നത്. മുദ്ര പദ്ധതിക്ക് കീഴിൽ 60 കോടി വായ്പാ അക്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ട്; ഇതിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും വനിതകൾക്കാണ്. അതേസമയം, പി.എം സ്വനിധി, പിഎം വിശ്വകർമ എന്നീ പദ്ധതികൾ തെരുവോര കച്ചവടക്കാർക്കും പരമ്പരാഗത കരകൗശല വിദഗ്ധർക്കും പിന്തുണ നൽകുന്നു.

ഈ പരിവർത്തനത്തിന് നേതൃത്വം നൽകിയത് വനിതകളാണ്. 10 കോടി ഗ്രാമീണ വനിതകൾ സ്വയംസഹായ സംഘങ്ങളിൽ പങ്കാളികളാണ്; ദീൻദയാൽ അന്ത്യോദയ യോജന ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇവ സമ്പാദ്യം, നൈപുണ്യം, വായ്പ, സംരംഭകത്വം എന്നിവയ്ക്കുള്ള വേദികളായി മാറിയിരിക്കുന്നു. 3.7 കോടിയിലധികം സ്ത്രീകൾ "ലഖ്പതി ദീദി'മാരായി മാറി; ചിലരാകട്ടെ "ക്രോർപതി ദീദി'മാരാകാനുള്ള പാതയിലേക്കും കടന്നു. "മോ ഡ്രോൺ ദീദി'മാരായി പരിശീലനം ലഭിച്ച മറ്റുള്ളവർ ഇന്ന് കർഷകർക്ക് ഡ്രോൺ ഉപയോഗിച്ച് വളം/ കീടനാശിനി തളിക്കുന്ന സേവനങ്ങൾ നൽകുന്നു. സാമ്പത്തിക അവസരങ്ങളിൽ നിന്ന് ഒരു കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്ന സ്ത്രീകൾ ഇന്ന് സ്വന്തമായി സംരംഭങ്ങളും ഉപജീവനമാർഗങ്ങളും കെട്ടിപ്പടുക്കുകയാണ്.

വികസിത് ഭാരത പ്രതിജ്ഞ

തലമുറകളായി ദാരിദ്ര്യം എന്നത് ഇന്ത്യയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്ന, എന്നാൽ ഒരിക്കലും പൂർണമായി അവസാനിപ്പിക്കാൻ കഴിയാത്ത ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഒരു ദശാബ്ദം മുമ്പ് അചിന്ത്യമായി തോന്നിയിരുന്നത്, താഴെത്തട്ടിലെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ഇന്ന് യാഥാർഥ്യമായിരിക്കുന്നു.

എങ്കിലും വിശ്രമിക്കാനുള്ള സമയമല്ലിത്; 2047ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് അതിന്‍റേതായ വെല്ലുവിളികളുണ്ട്.

ഈ പുരോഗതിയുടെ അടിത്തറയിൽ നിന്ന് ഇപ്പോഴും ദാരിദ്ര്യത്തിന്‍റെ ഏറ്റവും താഴെത്തട്ടിലുള്ള ചുരുക്കം ചിലരെയും അതിൽ നിന്ന് കരകയറ്റുക, ഒപ്പം മുന്നേറിയവർക്ക് തുടർന്നും വളരാനുള്ള സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് അടുത്ത ഘട്ടത്തിലെ ലക്ഷ്യം. വിവിധ പദ്ധതികളിലൂടെ നൽകുന്ന സംരക്ഷണത്തോടൊപ്പം സാമ്പത്തിക സ്രോതസുകൾ, വിപണികൾ, ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതൽ വിപുലമാക്കേണ്ടതുണ്ട്. തൊഴിലധിഷ്ഠിത ആനുകൂല്യങ്ങൾ, ഇന്‍റേൺഷിപ്പുകൾ, അപ്രന്‍റീസ്ഷിപ്പുകൾ എന്നിവയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിൽ കൂടുതൽ അടുത്ത ബന്ധം ഗവൺമെന്‍റ് കെട്ടിപ്പടുക്കുകയാണ്; ഒപ്പം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം രാജ്യത്തെ മുമ്പൊരിക്കലുമില്ലാത്തവിധം ബന്ധിപ്പിക്കുന്നു. അവസരങ്ങൾ ചുരുക്കം ചിലരുടെ മാത്രം കുത്തകയായി തുടരാൻ പാടില്ല.

സ്വാതന്ത്ര്യം പോലെ തന്നെ, ഓരോ ഇന്ത്യക്കാരനും ജീവിതത്തിൽ ഏറ്റെടുക്കേണ്ട പ്രതിജ്ഞയാണ് വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. 6 പതിറ്റാണ്ടുകാലം പൂർത്തിയാകാതിരുന്ന ലക്ഷ്യം 10 വർഷം കൊണ്ട് നേടിയെടുത്ത ഇന്ത്യയ്ക്ക്, അടുത്ത 20 വർഷങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയത്തോടെ, 2047ഓടെയുള്ള വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനാകും; നാം ഒന്നിച്ച് ആ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.