സാവിത്രി ഠാക്കൂർ

കേന്ദ്ര വനിതാ- ശിശു വികസന സഹമന്ത്രി

 
Special Story

ദുർഗാ മാതാവിന്‍റെ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

ദേവിയെ ആരാധിക്കുക, സ്ത്രീശക്തിയെ ആദരിക്കുക

Reena Varghese

ശാരദീയ നവരാത്രി: ആത്മീയ സാധനയുടെയും ആന്തരിക ശക്തിയുടെയും ശാക്തീകരിക്കപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പുണ്യദിനങ്ങൾ.

സാവിത്രി ഠാക്കൂർ

ശക്തി, വിശ്വാസം, ആത്മീയ സാധന, ആത്മശുദ്ധി എന്നിവയെ ആഘോഷിക്കുന്ന ഭാരതീയ സംസ്കാരത്തിലെ പുണ്യോത്സവമാണ് ശാരദീയ നവരാത്രി. ദുർഗാ മാതാവിന്‍റെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം ധൈര്യം, ആത്മനിയന്ത്രണം, ക്ഷമ, കരുണ, ആത്മവിശ്വാസം എന്നിവ ജീവിതത്തിൽ പകർത്താൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ഒമ്പത് ദിനങ്ങൾ ആരാധനയ്ക്കും പ്രാർഥനയ്ക്കുമുള്ള അവസരം മാത്രമല്ല, മറിച്ച് നമ്മുടെ ഉള്ളിലെ ശക്തി തിരിച്ചറിയാനും സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ദൃഢനിശ്ചയം പുതുക്കാനുമുള്ള അവസരം കൂടിയാണ്.

നവരാത്രിയുടെ ഓരോ ദിനവും ഓരോ സന്ദേശം പ്രദാനം ചെയ്യുന്നു. ശൈലപുത്രി മാതാവ് ഉറച്ച നിശ്ചയദാർഢ്യത്തെ പ്രചോദിപ്പിക്കുന്നു, ബ്രഹ്മചാരിണി മാതാവ് തപസിനെയും അച്ചടക്കത്തെയും പ്രതിനിധീകരിക്കുന്നു, ചന്ദ്രഘണ്ഡ മാതാവ് ധൈര്യത്തെ പ്രതിനിധീകരിക്കുന്നു. കൂഷ്മാണ്ഡ മാതാവ് സർഗാത്മകതയെ പ്രചോദിപ്പിക്കുന്നു. സ്കന്ദമാത മാതാവ് മാതൃ വാത്സല്യത്തെയും കാത്യായനി മാതാവ് അനീതിക്കെതിരായ പോരാട്ടത്തെയും കാളരാത്രി മാതാവ് നിർഭയത്വത്തെയും മഹാഗൗരി മാതാവ് പരിശുദ്ധിയെയും സിദ്ധിദാത്രി മാതാവ് ആത്മീയ സാധനയുടെ പൂർത്തീകരണത്തെയും പ്രതിനിധീകരിക്കുന്നു.

വ്രതം, ധ്യാനം, മന്ത്രജപം, സേവനം എന്നിവയിലൂടെ നമുക്ക് മനസിനെ ഏകാഗ്രമാക്കാനും ജീവിതത്തിൽ ഭാവാത്മക ചിന്തകളും അച്ചടക്കവും കൈവരിക്കാനും സാധിക്കും. നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുകയും പെരുമാറ്റത്തിൽ സംവേദനക്ഷമത വളർത്തുകയും അന്യരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് യഥാർഥ ആത്മീയ സാധന.

ദേവിയെ ആരാധിക്കുക, സ്ത്രീശക്തിയെ ആദരിക്കുക

ഭാരതീയ പാരമ്പര്യത്തിൽ, സ്ത്രീകളെ "ശക്തി'യുടെ അഥവാ ദൈവികമായ സ്ത്രീശക്തിയുടെ മൂർത്തീഭാവമായാണ് കണക്കാക്കുന്നത്. സ്നേഹത്തിനും കരുണയ്ക്കുമൊപ്പം, അസാമാന്യമായ ധൈര്യവും നേതൃപാടവവും വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷിയും സ്ത്രീകൾക്കുണ്ടെന്ന് ദുർഗാ മാതാവിന്‍റെ രൂപം നമ്മെ ഓർമിപ്പിക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, കായികം, ഭരണ നിർവഹണം, സംരംഭകത്വം, കൃഷി, രാഷ്‌ട്രീയം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ ഇന്ന് സ്വന്തം പ്രതിഭയും ശേഷിയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സ്ത്രീകളോടുള്ള ആത്മാർഥമായ ആദരവ് ദേവീ ആരാധനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാകരുത്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, പുരോഗതി എന്നിവയിൽ ഓരോ പെൺകുട്ടിക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനും അവരുടെ തീരുമാനങ്ങളെ മാനിക്കാനും വിവേചനരഹിതമായ ഒരു അന്തരീക്ഷം ഒരുക്കാനുമുള്ള ഉദ്യമങ്ങളാണ് ദേവീ ആരാധനയ്ക്ക് അർഥം പകരുന്നത്.

ഒരു സ്ത്രീ വിദ്യാസമ്പന്നയും സ്വയംപര്യാപ്തയുമാകുമ്പോൾ, അവളുടെ ക്രിയാത്മകമായ സ്വാധീനം സ്വന്തം കുടുംബത്തിലേക്കും സമൂഹത്തിലേക്കും സംക്രമിക്കുന്നു. അതിനാൽ, സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളുടെ വികസനം എന്ന വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, രാഷ്‌ട്രപുരോഗതിയുടെ ഒരു അടിസ്ഥാനശില കൂടിയാണത്.

സ്ത്രീകളോടുള്ള ആദരവിൽ നിന്ന് രാഷ്‌ട്രനിർമാണത്തിലേക്ക്:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്ത്രീ- ശിശു വികസനത്തിന് പുതിയ ദിശയും ദർശനവും നൽകുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും അവസരങ്ങളാൽ സമ്പന്നവും സുരക്ഷിതവും ആരോഗ്യപൂർണവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയത്തിന്‍റെ ലക്ഷ്യം. മാതൃ- ശിശു ആരോഗ്യം, പോഷകാഹാരം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ സുരക്ഷ, സാമ്പത്തിക സ്വാശ്രയത്വം എന്നിവ മന്ത്രാലയത്തിന്‍റെ കൂട്ടായ പ്രവർത്തനങ്ങളിലെ പ്രധാന മുൻഗണനകളിൽ ഉൾപ്പെടുന്നു.

സ്ത്രീശാക്തീകരണത്തെ രാഷ്‌ട്രവികസനത്തിന്‍റെ അവിഭാജ്യ ഘടകമാക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടിട്ടുണ്ട്. സ്ത്രീകളുടെ വികസനം എന്നതിലുപരി, വികസന പ്രക്രിയയ്ക്ക് നേതൃത്വം നൽകാൻ അവരെ പ്രാപ്തരാക്കുക എന്നതും സർക്കാരിന്‍റെ ദർശനത്തിൽ ഉൾപ്പെടുന്നു.

ഈ ദിശയിലുള്ള ഒരു ചരിത്രപരമായ ചുവടുവയ്പ്പാണ് "നാരീ ശക്തി വന്ദൻ അധിനിയം- 2023'. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മൂന്നിലൊന്ന് അഥവാ 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ ശാക്തീകരണത്തോടൊപ്പം അവരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നു. "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' അടക്കമുള്ള പ്രചാരണങ്ങൾ പെൺകുട്ടികളോടുള്ള ഭാവാത്മക മനോഭാവത്തെയും അവരുടെ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. മിഷൻ ശക്തിയാകട്ടെ സ്ത്രീസുരക്ഷ, പിന്തുണ, ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സക്ഷം അങ്കണവാടിയും പോഷൺ 2.0-ഉം മാതൃ- ശിശു പോഷകാഹാരത്തെ ശക്തിപ്പെടുത്തുന്നു.

അർഹരായ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി സാമ്പത്തിക സഹായം നൽകുന്നതിൽ പ്രധാനമന്ത്രി മാതൃ വന്ദന യോജന സുപ്രധാന പങ്ക് വഹിക്കുന്നു.

സ്ത്രീകളെ ആദരിക്കാം, സേവിക്കാം എന്ന പ്രതിജ്ഞ

ശക്തിയുടെ യഥാർഥ അർഥം കേവലം അധികാരം കൈവശം വയ്ക്കുക എന്നതല്ല, മറിച്ച് സത്യത്തിനും നീതിക്കും പൊതുനന്മയ്ക്കും വേണ്ടി അത് വിനിയോഗിക്കുന്നതിലാണെന്ന് ശാരദീയ നവരാത്രി നമ്മെ പഠിപ്പിക്കുന്നു. ഈ നവരാത്രി പുണ്യവേളയിൽ, പെൺകുട്ടികൾക്ക് മുന്നേറാനുള്ള അവസരങ്ങൾ ഒരുക്കാനും സ്ത്രീകളുടെ സംഭാവനകളെ ആദരിക്കാനും, സഹായം ആവശ്യമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മുന്നിട്ടിറങ്ങാനും നമുക്ക് പ്രതിജ്ഞ ചെയ്യാം.

നമ്മുടെ ജീവിതത്തിൽ ക്രിയാത്മകമായ പരിവർത്തനങ്ങൾ കൊണ്ടുവരുന്നതിനുള്ള അവസരമാക്കി ഈ ഒമ്പത് ദിവസങ്ങളിലെ ആത്മീയ സാധനയെ മാറ്റാം. നമ്മുടെ വിശ്വാസം ആന്തരിക ശക്തിയുടെ ഉറവിടമായി മാറട്ടെ; നമ്മുടെ ഭക്തി സേവനത്തിനുള്ള മാർഗമൊരുക്കട്ടെ; നമ്മുടെ ദൃഢനിശ്ചയം സ്ത്രീശാക്തീകരണത്തിനും ശിശുക്ഷേമത്തിനും പുതിയ ദിശാബോധം നൽകട്ടെ.

ദുർഗാ മാതാവിന്‍റെ അനുഗ്രഹത്താൽ ഓരോ കുടുംബത്തിനും സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കട്ടെയെന്നും, ഓരോ സ്ത്രീക്കും ആത്മാഭിമാനത്തോടെ ജീവിക്കാനും സ്വയംപര്യാപ്തയാകാനും ഉള്ള കരുത്ത് ലഭിക്കട്ടെയെന്നും, ഓരോ പെൺകുട്ടിക്കും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലഭിക്കട്ടെയെന്നും നമുക്ക് പ്രാർഥിക്കാം. സ്ത്രീകൾ ആദരിക്കപ്പെടുന്ന, കുട്ടികളുടെ ഭാവി സുരക്ഷിതമായ, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാകുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

ശാരദീയ നവരാത്രി വേളയിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ജയ് മാതാ ദി!

(കേന്ദ്ര വനിതാ- ശിശു വികസന സഹമന്ത്രിയാണ് ലേഖിക)