മഞ്ചീരി, കണ്ണിക്കൈ സങ്കേതങ്ങൾ സന്ദർശിച്ച പട്ടികജാതി-പട്ടികവർഗ കമ്മിഷൻ സർക്കാരിനു സമഗ്ര റിപ്പോർട്ട് നൽകും.
Representative image
ഏഷ്യയിലെ അവസാന ഗുഹാവാസികളിൽ ഒരു വിഭാഗമായ ചോലനായ്ക്കർക്കു റോഡരികിൽ കൂട്ടായ പാർപ്പിടം നൽകണമെന്നു സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ശുപാർശ ചെയ്തു. മഞ്ചീരി, കണ്ണിക്കൈ സങ്കേതങ്ങൾ സന്ദർശിച്ച കമ്മിഷൻ സർക്കാരിനു സമഗ്ര റിപ്പോർട്ട് നൽകും.
മലപ്പുറം: കാട്ടാനപ്പേടിയിൽ സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാതെ മേൽക്കൂരയ്ക്കു മുകളിൽ ഷെഡ് കെട്ടി കഴിയുകയാണു ചോലനായ്ക്ക കുടുംബങ്ങൾ. ഏഷ്യയിൽ ഗുഹകളിൽ ജീവിക്കുന്ന അവസാന ആദിവാസി വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇവർക്കു പരമ്പരാഗത ജീവിതരീതിയും സാംസ്കാരിക സ്വത്വവും സംരക്ഷിച്ചുകൊണ്ടു റോഡരികിൽ കൂട്ടായ പാർപ്പിടസൗകര്യം ഒരുക്കാൻ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ശുപാർശ ചെയ്യും.
കരുളായി ഗ്രാമപഞ്ചായത്തിലെ മഞ്ചീരി, കണ്ണിക്കൈ ആദിവാസി സങ്കേതങ്ങൾ വ്യാഴാഴ്ച സന്ദർശിച്ച കമ്മിഷൻ, സമുദായത്തിന്റെ പ്രയാസങ്ങളെക്കുറിച്ചു സർക്കാരിനു സമഗ്ര റിപ്പോർട്ട് നൽകുമെന്നും ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടി ശുപാർശ ചെയ്യുമെന്നും അറിയിച്ചു.
ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ സേതു നാരായണൻ, ടി.കെ. വാസു, അസിസ്റ്റന്റ് രജിസ്ട്രാർ എ. അജിത് പ്രസാദ് എന്നിവരടങ്ങിയ സംഘം 11 കുടുംബങ്ങളോടു സംസാരിച്ചു. മഞ്ചീരിയിൽ കാട്ടാനയാക്രമണം പതിവായതിനാൽ താമസക്കാർക്കു സ്വന്തം വീടുകളിൽ കഴിയാനാകുന്നില്ലെന്നും വീടുകളുടെ മേൽക്കൂരയ്ക്കു മുകളിൽ ഷെഡ് കെട്ടി അവിടെയാണു താമസമെന്നും കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.
പ്രധാനമായും വനവിഭവങ്ങൾ ശേഖരിച്ചാണു ചോലനായ്ക്കർ ജീവിക്കുന്നത്. കാടിനു പുറത്തേക്ക് ഇവർ വളരെ അപൂർവമായേ വരാറുള്ളൂ. ഏകദേശം 20 സങ്കേതങ്ങളിലായി 70 കുടുംബങ്ങളാണു നിലവിലുള്ളത്. ഇതിൽ ഏകദേശം 40 ശതമാനം ഇപ്പോഴും കാലാവസ്ഥയ്ക്കനുസരിച്ചു ഗുഹകൾക്കും അരുവിക്കരകൾക്കുമിടയിൽ താമസം മാറുന്നു.
വീടും ഭൂമിയുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. കാട്ടിലെ ഗുഹകളിൽ തുടരുന്നതിനുപകരം ടാർ റോഡിനോടു ചേർന്ന് വീടുകളും അടിസ്ഥാനസൗകര്യങ്ങളും വേണമെന്നു കുടുംബങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും കമ്മിഷൻ പറയുന്നു.
മറ്റു സങ്കേതങ്ങളിൽ ഒരുക്കിയ മാതൃകയിൽ റോഡിനടുത്തു പാർപ്പിടസൗകര്യം നൽകുകയും വനത്തിനുള്ളിൽ കൃഷിഭൂമി അനുവദിക്കുകയും ചെയ്യുന്നത് പരിഗണിക്കാമെന്നു ചെയർപേഴ്സൺ പറഞ്ഞു. ഭൂമിവിതരണത്തിലെ സാങ്കേതിക തടസങ്ങളും കാലതാമസവും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനാവകാശ നിയമപ്രകാരം എട്ടു കുടുംബങ്ങൾക്കു പത്ത് ഏക്കർ വീതം അനുവദിക്കാനുള്ള നടപടി ഇപ്പോൾ ജില്ലാതല സമിതിയുടെ (ഡിഎൽസി) പരിഗണനയിലാണ്.
കുടുംബങ്ങളെ നഗരത്തിലേക്കു മാറ്റേണ്ട
ചോലനായ്ക്ക സമുദായത്തിൽനിന്ന് ആദ്യമായി പിഎച്ച്ഡി ഗവേഷണത്തിനു യോഗ്യത നേടിയ സി. വിനോദ് കമ്മിഷനെ കണ്ടു. കുടുംബങ്ങളെ പട്ടണങ്ങളിലേക്കു മാറ്റുന്നതു ഉചിതമല്ലെന്നും അവരുടെ പ്രകൃതിയെയും സാംസ്കാരിക രീതികളെയും മാനിച്ച് റോഡരികിൽ കൂട്ടായ പാർപ്പിടം നൽകുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഭാഷയും മലയാളവും തമ്മിലുള്ള വ്യത്യാസം കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന കാര്യവും അദ്ദേഹം കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രോജക്ട് (ഐടിഡിപി), സിവിൽ സപ്ലൈസ്, വനം വകുപ്പുകൾ ആഴ്ചതോറും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്നും ആശുപത്രിച്ചികിത്സയ്ക്കു സഹായം നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു.
നിലവിലെ കമ്മിഷന്റെ കാലാവധി അവസാനിക്കാറായെങ്കിലും സങ്കേതങ്ങളിലെ സ്ഥിതി അടുത്ത ചെയർപേഴ്സനെ ധരിപ്പിച്ചു തുടർനടപടി ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ശേഖരൻ മിനിയോടൻ പറഞ്ഞു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ, ഐടിഡിപി പ്രോജക്ട് ഓഫിസർ വിപിൻ ദാസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.