ആരോഗ്യം നശിപ്പിക്കുന്ന സൗന്ദര്യവർധക ചികിത്സകർ!

 

Representative image

Special Story

ആരോഗ്യം നശിപ്പിക്കുന്ന സൗന്ദര്യവർധക ചികിത്സകർ!

കൊവിഡിനുശേഷം ശരീര, മുഖ സൗന്ദര്യമുൾപ്പെടെ വർധിപ്പിക്കാനുള്ള മലയാളികളുടെ താത്പര്യം മുതലെടുക്കുന്ന വിഭാഗമാണ് ചൂഷണത്തിനു പിന്നിൽ

എം.ബി. സന്തോഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് മതിയായ യോഗ്യതയില്ലാത്ത കോസ്മെറ്റിക് അഥവാ സൗന്ദര്യ വർധക ചികിത്സകർ പെരുകുന്നു. കൊവിഡിനുശേഷം ശരീര, മുഖ സൗന്ദര്യമുൾപ്പെടെ വർധിപ്പിക്കാനുള്ള മലയാളികളുടെ താത്പര്യം മുതലെടുക്കുന്ന വിഭാഗമാണ് ഇതിനു പിന്നിൽ. ഈയിടെ, സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ബ്യൂട്ടി പാർലറുകളുടെയും കോസ്മെറ്റിക് ക്ലിനിക്കുകളുടെയും മറവിലാണ് സൗന്ദര്യ വർധക ചികിത്സ നടക്കുന്നത്. പിജി ബിരുദമുള്ള ഡോക്റ്റർമാരുടെ നേതൃത്വത്തിൽ നടക്കേണ്ട ചികിത്സകളാണ് മതിയായ യോഗ്യതയില്ലാത്തവർ നൽകുന്നത്. ഇതുമൂലം സൗന്ദ്രര്യം മാത്രമല്ല, ആരോഗ്യം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

മതിയായ യോഗ്യതയില്ലാതെ ഡെന്‍റൽ ഡോക്റ്റർമാർ ഹെയർ ട്രാൻസ്പ്ളാന്‍റേഷൻ, മറ്റ് കോസ്മെറ്റിക് ചികിത്സകൾ തുടങ്ങിയവ നടത്തുന്നുവെന്ന് ഒട്ടേറെ പരാതികൾ കേരള ഡെന്‍റൽ കൗൺസിലിൽ ലഭിക്കുന്നതായി രജിസ്ട്രാർ ഈയിടെ പുറത്തിറക്കിയ സർക്കുലറിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇതുസംബന്ധിച്ച മാർഗരേഖ പ്രകാരം മതിയായ ചികിത്സാ സൗകര്യങ്ങളോടെ പിജി യോഗ്യതയുള്ള ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർ മാത്രമേ ഇത്തരം ചികിത്സ നടത്താവൂ എന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇന്ത്യൻ ഡെന്‍റൽ കൗൺസിലിന്‍റെ കേരള ശാഖയും സമാനമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഡെന്‍റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുമാത്രമേ ഇത്തരം ചികിത്സ നടത്താവൂ എന്ന് ഡെന്‍റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുഭാഷ് കെ. മാധവനും സെക്രട്ടറി ഡോ. സിദ്ധാർഥ് വി. നായരും കഴിഞ്ഞ നവവത്സര ദിനത്തിൽ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, തലസ്ഥാനത്ത് ഡെന്‍റൽ കൗൺസിലിന്‍റെ ആസ്ഥാനത്തിന് 5 കിലോമീറ്റർ ചുറ്റളവിനകത്തുതന്നെ ഡിഗ്രി മാത്രമുള്ള ഡെന്‍റൽ ഡോക്റ്റർമാർ ഇത്തരം കോസ്മെറ്റിക് ക്ലിനിക്കുകൾ വർഷങ്ങളായി നടത്തിവരുന്നുണ്ട്. അത്തരം ക്ലിനിക്കുകൾക്കെതിരെ പൊലീസിനുൾപ്പെടെ പരാതി ലഭിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യൻ അസോസിയേഷൻ ഒഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനറോളജിസ്റ്റ്സ് ആന്‍റ് ലോപ്രോളജിസ്റ്റ്സ് മലബാറിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട്ട് 25, മലപ്പുറത്ത് 10, കണ്ണൂരിൽ 20 എന്നിങ്ങനെ മതിയായ യോഗ്യതയില്ലാത്തവർ നടത്തുന്ന ക്ലിനിക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ജിമ്മുകളിൽ നിന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തവയിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ അടങ്ങിയ മരുന്നുകളും ഉൾപ്പെടും. ഡോക്റ്ററുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകൾ. ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ. ഈ മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിക്കഴിഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് മുഖസൗന്ദ്രര്യത്തിനുപയോഗിക്കുന്ന ക്രീമിൽനിന്നും ഹെർബൽ ടൂത്ത് പേസ്റ്റിൽനിന്നും രക്തത്തിലെ നിക്കൽ, കാഡ്മിയം എന്നിവ ഉൾപ്പെടുന്ന ഹെവിമെറ്റലുകളുടെ അളവു കൂടി ഗുരുതരാവസ്ഥയിലായ രോഗിയെപ്പറ്റി കൊച്ചി വെൽകെയർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. ഹരികുമാർ ആർ നായറുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി