വര്‍ത്തമാനകാല പത്രസമ്മേളനങ്ങള്‍

 
Special Story

വര്‍ത്തമാനകാല പത്രസമ്മേളനങ്ങള്‍

1913 ല്‍ വുഡ്രോ വില്‍സണ്‍ ആണ് ചരിത്രത്തിലാദ്യമായി കൃത്യമായ നിയമങ്ങളോടെയുള്ള ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ പത്രസമ്മേളനം നടത്തിയത്

Reena Varghese

വിജയ് ചൗക്ക്| സുധീര്‍ നാഥ്

മാധ്യമങ്ങളുടെ എണ്ണം വളരെയേറെ വർധിച്ചിരിക്കുന്നു. ഇന്ന് ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ സ്വന്തം ചാനല്‍ തന്നെ തുടങ്ങാം എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ ഒരു സംഭവ സ്ഥലത്ത് നൂറുകണക്കിന് "റിപ്പോര്‍ട്ടര്‍മാരെ' കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാകണം പത്രസമ്മേളനങ്ങളില്‍ നേതാക്കള്‍ വളരെ രൂക്ഷത്തോടെ സംസാരിക്കുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ നല്‍കേണ്ട ഒരു പരിഗണനയുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട ആ പരിഗണന നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തനം.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ ഒരു നേതാവിന്‍റെ പ്രതികരണത്തിനായി എല്ലാവരും ശ്രമിക്കുന്ന കാഴ്ചകള്‍ നമ്മള്‍ കാണുന്നു. അവരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ചില മാധ്യമ പ്രവര്‍ത്തകരുടെ നീക്കങ്ങളും തല്‍സമയം തന്നെ കാണുന്നു. ഇത് തടയപ്പെടേണ്ടതാണ്. എന്നാല്‍ മാധ്യമ ലോകത്തെ മത്സരം അതിന് അനുവാദം നല്‍കുന്നില്ല. ഒരു ബ്രേക്കിങ് ന്യൂസിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇത് അപകടമാണ്. മാധ്യമ ലോകത്തിന് നാണക്കേടാണ്.

1913 സെപ്റ്റംബർ 25 ന്, പ്രസിഡന്റ് വുഡ്രോ വിൽസൺ അമേരിക്കയിൽ ആദ്യമായി നടത്തിയ ഔപചാരിക പ്രസിഡന്റ് പത്രസമ്മേളനം

ജനാധിപത്യത്തിന്‍റെ നാലാം തൂൺ എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങള്‍ സത്യസന്ധവും പക്ഷപാതമില്ലാത്തതുമായ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിനെയാണ് മാധ്യമ ധർമം എന്നതു കൊണ്ട് അർഥമാക്കുന്നത്. എന്നാല്‍ ഇന്ന് മാധ്യമപ്രവര്‍ത്തനം ആ ധർമത്തിന്‍റെ അടിസ്ഥാനത്തിലാണോ എന്നതില്‍ സംശയമുണ്ട്. ലഭ്യമായ വാര്‍ത്തകള്‍ സത്യസന്ധമാണോ എന്നു പോലും നോക്കാതെയാണ് പല അവസരങ്ങളിലും പൊതുസമ്മക്ഷം അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ യാതൊരു വളച്ചൊടിക്കലും ഇല്ലാതെ കൃത്യമായി ജനങ്ങളില്‍ അറിയിക്കുക എന്ന ധർമമാണ് പാലിക്കപ്പെടാതെ പോകുന്നത്. ഏതെങ്കിലും രാഷ്‌ട്രീയമോ സാമ്പത്തികമോ ആയ താത്പര്യങ്ങള്‍ക്ക് അടിപ്പെടാതെ പ്രവര്‍ത്തിക്കുക എന്നതും മാധ്യമ ധർമത്തിന്‍റെ ഭാഗമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തെ അറിയിക്കേണ്ട ചുമതലയും മാധ്യമ ധർമത്തില്‍പ്പെട്ടതു തന്നെയാണ്. വര്‍ഗീയതയോ വിദ്വേഷമോ സമൂഹത്തില്‍ ഉണ്ടാക്കാതെ സമാധാനവും മൈത്രിയും നിലനിര്‍ത്തുക എന്നതും മാധ്യമ ധർമത്തിന്‍റെ ഭാഗമാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് മാധ്യമ ധർമത്തിന് എതിരായ ഒരു അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നത്.

പത്രസമ്മേളനങ്ങളുടെ ചരിത്രം ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത് എന്ന് നാം മുന്‍പ് ഇതേ വേദിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അമെരിക്കന്‍ പ്രസിഡന്‍റായിരുന്ന തിയോഡോര്‍ റൂസ്‌വെല്‍റ്റാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വൈറ്റ് ഹൗസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഇതിന് അനൗദ്യോഗിക തുടക്കമിട്ടത്. 1913 ല്‍ വുഡ്രോ വില്‍സണ്‍ ആണ് ചരിത്രത്തിലാദ്യമായി കൃത്യമായ നിയമങ്ങളോടെയുള്ള ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ പത്രസമ്മേളനം നടത്തിയത്. അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഉണ്ടാകുന്ന അലോസരങ്ങള്‍ ഒരുപക്ഷേ അരോചകമാകും. അത്തരം അരോചകങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാകണം പ്രധാനമന്ത്രി പോലും പത്രസമ്മേളനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഔദ്യോഗിക ഭരണകാലയളവില്‍ 2014 മുതല്‍ ഇതുവരെ ഒറ്റയ്ക്ക് ഒരു പരസ്യമായ പത്രസമ്മേളനം പോലും നടത്തിയിട്ടില്ല. പകരം "മന്‍ കി ബാത്' റേഡിയോ പ്രഭാഷണം, പൊതു റാലികള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രത്യേക അഭിമുഖങ്ങള്‍ എന്നിവ വഴിയാണ് അദ്ദേഹം ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിനിധികളായ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ശരികേടല്ലേ..?

റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നവര്‍ യഥാർഥ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണോ എന്ന കാര്യത്തിലും ഇപ്പോള്‍ സംശയം ഉണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന വലിയ ഒരു വിഭാഗം ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തന മേഖലയെ തന്നെ നാണം കെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവരില്‍ ചിലര്‍ നടത്തുന്നത്. രാജ്യതലസ്ഥാനത്ത് ഒരു പത്രസമ്മേളനം കഴിഞ്ഞാല്‍ പണപ്പിരിവ് നടത്തുന്ന മാധ്യമ പ്രവര്‍ത്തകരുണ്ട് എന്നത് ഞെട്ടലുണ്ടാക്കും. മാധ്യമ ധർമം അവിടെ ബലികഴിക്കപ്പെടുന്നു. തമിഴ്‌നാട്ടിലും മറ്റും ഇത് പതിവുള്ള കാഴ്ച്ചയാണെന്നാണ് പറയുന്നത്.

മാധ്യമ പ്രവര്‍ത്തനം ശക്തമായ കേരളത്തില്‍ ഈ ഒരു പ്രവണതയ്ക്കു സാധ്യത വളരെ കുറവാണ്. കേരളത്തില്‍ ധാരാളം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ സംഘടിതരാണ്. വടക്കേ ഇന്ത്യയിലെ പോലെ പത്രസമ്മേളനം കഴിഞ്ഞാല്‍ പണപ്പിരിവ് നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ ഉണ്ടാകില്ല. അതിന്‍റെ കാരണം ശക്തമായ മാധ്യമ സംസ്കാരം തന്നെയാണ്. കേരളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും വലിയ അളവില്‍ കൂടിയിട്ടുണ്ട് എന്നത് മറച്ചുവയ്ക്കുന്നില്ല. അവരില്‍ പലരും സാങ്കേതികമായ ആശയ സംപ്രക്ഷണം മാത്രമാണോ നടത്തുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ ആശയപരമായ സംഘര്‍ഷം സൃഷ്ടിക്കാനും ഇത്തരം സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ കാരണമാകുന്നു.

സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ ക്യാമറകളുടെ വലിപ്പം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഇന്ന് മൊബൈല്‍ ക്യാമറകള്‍ പകര്‍ത്തുന്ന വീഡിയൊ ദൃശ്യങ്ങള്‍ പ്രക്ഷേപണയോഗ്യമായ തരത്തിലാണ്. ഡല്‍ഹിയിലെ വിദേശ ചാനലുകള്‍ക്ക് അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെയാണ് ക്യാമറകളും കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാന ദൃശ്യമാധ്യമ സ്ഥാപനങ്ങളും റിപ്പോര്‍ട്ടര്‍മാരെ തന്നെ ക്യാമറയും കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച കാരണം അവര്‍ക്ക് സാമ്പത്തിക ലാഭവും അതുവഴി ലഭിക്കുന്നു.

ഡല്‍ഹിയില്‍ രണ്ടുതരം പത്രസമ്മേളനങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ അംഗീകൃത പത്ര സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് മാത്രമാണ് പ്രവേശനം. അവിടെ പത്രസമ്മേളനം നടത്തുന്ന വ്യക്തിയോട് ചോദ്യം ചോദിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ചോദ്യം ചോദിക്കുന്ന വ്യക്തി അദ്ദേഹത്തിന്‍റെ സ്ഥാപനവും പേരും മുന്‍കൂട്ടി സംഘാടകരെ അറിയിക്കേണ്ടതുണ്ട്. സംഘാടകര്‍ പേര് വിളിക്കുന്ന മുറയ്ക്കായിരിക്കണം അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്. എന്നാല്‍ പൊതുവായി നടക്കുന്ന പല പത്രസമ്മേളനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാറില്ല. ഇവിടെയാണ് മുന്‍പ് സൂചിപ്പിച്ച പോലെയുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ കടന്നുകയറ്റം ഉണ്ടാകുന്നത്.

സമീപകാലത്ത് കേരളത്തില്‍ നടന്ന പത്രസമ്മേളനങ്ങള്‍ വളരെ പരിതാപകരമാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഒരേസമയം ഒട്ടേറെ ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുന്ന വ്യക്തി കുഴയുന്ന അവസ്ഥയിലാകും. വലിയ ബഹളങ്ങളാണ് ചോദ്യമായി ഉയരുന്നത്. മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലെ സ്ഥിതി പോലും അങ്ങനെയാണ്. അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലാത്ത ഇടങ്ങളില്‍ പോലും അവര്‍ കയറി ചെല്ലുമ്പോള്‍ കടക്കു പുറത്ത് എന്നും മാറിനില്‍ക്കൂ എന്നും നേതാക്കള്‍ക്ക് പറയേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കേണ്ട ചുമതല മാധ്യമ സമൂഹത്തിന് തന്നെയുണ്ട്.

മാധ്യമ ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. ചെറിയ സ്ക്രീനിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു. പത്രങ്ങളും, ടെലിവിഷനും വഴി മാറിക്കൊണ്ടിരിക്കുന്ന ആധുനിക മാറ്റങ്ങള്‍ കാണാതെ പോകരുത്. ഡിജിറ്റല്‍ യുഗത്തില്‍, പത്രസമ്മേളനങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും യൂട്യൂബ് വഴിയും തത്സമയം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു. സിജെപിയുടെ സമര വിജയം അതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സമരമുഖമായ ജന്തര്‍മന്തറിലേയ്ക്ക് പ്രവേശനം പോലും ഉണ്ടായിരുന്നില്ല. അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പക്ഷേ സിജെപിയുടെ സമര സന്ദേശങ്ങള്‍ എത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുകൂലമായി നിന്നതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ നിഷ്പ്രഭമായി.