അന്താരാഷ്‌ട്ര വയോജന ദിനം
എല്ലാ വർഷവും ഒക്റ്റോബർ ഒന്ന് അന്താരാഷ്‌ട്ര വയോജന ദിനമായി ആചരിക്കുന്നു. മുതിർന്ന പൗരന്മാര്‍ക്ക് ആദരം, അവരുടെ അവകാശങ്ങൾ, സുരക്ഷ, അന്തസാര്‍ന്ന ജീവിതം എന്നിവയോട് പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണ് ഈ ദിവസം. ആയുർദൈർഘ്യത്തിലെ വർധന ആധുനിക സമൂഹത്തിന്‍റെ ശ്രദ്ധേയ നേട്ടമാണ്; എങ്കിലും ഓരോ മുതിർന്ന പൗരനും സുരക്ഷിതത്വത്തോടും ആദരവോടും സ്വയംപര്യാപ്തതയോടും സാമൂഹ്യ പങ്കാളിത്തത്തോടും കൂടി ജീവിക്കാൻ അവസരമുണ്ടാകുമ്പോൾ മാത്രമാണ് ദീർഘായുസ് എന്നത് യഥാർഥത്തിൽ അർഥപൂർണമാകുന്നത്.
ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഗവൺമെന്‍റിന്‍റെ വിശാല സാമൂഹ്യ സുരക്ഷാ ചട്ടക്കൂടിന്‍റെ സുപ്രധാന ഭാഗമായാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് പാർപ്പിടം, ആരോഗ്യപരമായ പിന്തുണ, സാമൂഹ്യ സുരക്ഷ, ജീവിത സൗകര്യങ്ങള്‍, അന്തസ്സാര്‍ന്ന ജീവിതം എന്നിവ ഉറപ്പാക്കുന്നതിന് കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയം നിരന്തരം പ്രവർത്തിച്ചുവരികയാണ്.
ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഗവൺമെന്‍റിന്‍റെ കാഴ്ചപ്പാട്. മുതിർന്ന പൗരന്മാർ സമൂഹത്തിന്‍റെ മുഖ്യധാരയിൽ സജീവ പങ്കാളികളായി തുടരുന്നതും അവരുടെ അനുഭവപരിചയം, അറിവ്, ജീവിതമൂല്യങ്ങൾ എന്നിവയിൽ നിന്ന് ഭാവി തലമുറകൾക്ക് പ്രയോജനം ലഭിക്കുന്നതുമായ സമഗ്ര അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ കാഴ്ചപ്പാടിന്‍റെ ലക്ഷ്യം.
വൃദ്ധസദനങ്ങളും തുടർപരിചരണ കേന്ദ്രങ്ങളും
കുടുംബത്തിൽ നിന്നോ മറ്റിടങ്ങളില്‍നിന്നോ മതിയായ പിന്തുണ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് പാർപ്പിടവും പരിചരണവും ഉറപ്പാക്കുന്നത് ഗവൺമെന്‍റിന്‍റെ മുൻഗണനകളിൽ ഉൾപ്പെടുന്നു.
'മുതിര്‍ന്നവര്‍ക്കുള്ള സംയോജിത പരിപാടി'
(ഐപിഎസ്ആർസി) എന്ന സംരംഭത്തിന് കീഴിൽ 2014-15 സാമ്പത്തിക വർഷം മുതൽ വൃദ്ധസദനങ്ങളും മുതിർന്ന പൗരന്മാരുടെ തുടർപരിചരണ കേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നു. ഗവണ്‍മെന്‍റിതര സംഘടനകൾ, പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ വഴി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ 10.76 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്ക് സഹായം നൽകിയിട്ടുണ്ട്. ഈ മേഖലയിലെ സർക്കാർ സഹായം പ്രതിവർഷം 15 കോടി രൂപയിൽ നിന്ന് 124 കോടിയിലധികം രൂപയായി ഉയർന്നു.
സഹായക ഉപകരണങ്ങളിലൂടെ സ്വയംപര്യാപ്തത
മുതിർന്ന പൗരന്മാര്‍ക്ക് സ്വയംപര്യാപ്തരായി തുടരാൻ വഴിയൊരുക്കുന്നതില്‍ സഹായക ഉപകരണങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു. വായന, കേൾവി, നടത്തം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ എളുപ്പമാക്കുന്ന ഉപകരണങ്ങൾക്ക് അവരുടെ ജീവിത നിലവാരത്തിൽ കാര്യമായ പുരോഗതി കൊണ്ടുവരാനാവും.
ഈ ലക്ഷ്യത്തോടെ 'രാഷ്‌ട്രീയ വയോശ്രീ യോജന'യ്ക്ക് കീഴിൽ രാജ്യത്തുടനീളം ക്യാംപുകൾ സംഘടിപ്പിച്ചു വരുന്നു. ഈ ക്യാംപുകളിലൂടെ 9 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്കായി 53 ലക്ഷത്തിലധികം സൗജന്യ സഹായക ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
വീൽചെയറുകൾ, ശ്രവണസഹായികൾ, വോക്കിങ് സ്റ്റിക്കുകൾ, കണ്ണടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദൈനംദിന ജീവിതത്തിൽ മുതിർന്ന പൗരന്മാരെ കൂടുതൽ സ്വയംപര്യാപ്തരാക്കാനും അവരുടെ സഞ്ചാരസ്വാതന്ത്ര്യവും സാമൂഹ്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാനും സംരംഭം ലക്ഷ്യമിടുന്നു.
എൽഡർലൈൻ 14567
മുതിർന്ന പൗരന്മാർക്ക് അവശ്യഘട്ടങ്ങളിൽ സഹായവും കൗൺസിലിങും മാർഗനിർദേശങ്ങളും നൽകുന്നതിനായി 'എൽഡർലൈൻ' ഹെൽപ്പ്‌ലൈന്‍ 14567 പ്രവർത്തിക്കുന്നു. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ 2021-ലാണ് ഈ ഹെൽപ്പ്‌ലൈൻ ആരംഭിച്ചത്.
ഇതുവരെ 29 ലക്ഷത്തിലധികം കോളുകൾ ഈ ഹെൽപ്പ്‌ലൈനിൽ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍, മാർഗനിർദേശങ്ങള്‍, മാനസിക പിന്തുണ, ഫീൽഡ് തല ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന 8.67 ലക്ഷത്തിലധികം കോളുകളാണ് സംരംഭത്തിന്‍റെ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്ന 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ ഡിഫൻസ്' (എൻഐഎസ്‌ഡി) 2021 സാമ്പത്തിക വർഷം മുതൽ 2026 സെപ്റ്റംബർ 21 വരെ കൈകാര്യം ചെയ്തത്; ഇതൊരു തുടർപ്രക്രിയയായി മുന്നോട്ടുപോകുന്നു.
2023 മുതൽ 30,000-ലധികം വയോജന പരിചരണക്കാര്‍ക്ക് പരിശീലനം നൽകി. പരിശീലനം നേടിയവര്‍ രാജ്യത്തുടനീളം ഗ്രാമ-നഗര പ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരെ സഹായിച്ചുവരുന്നു.
സമൂഹ പങ്കാളിത്തം അത്യന്താപേക്ഷിതം
മുതിർന്ന പൗരന്മാർക്കുവേണ്ടി സ്ഥാപനപരമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിൽ സഹാനുഭൂതിയുടെയും പങ്കാളിത്തത്തിന്‍റെയും മനോഭാവം വളർത്തിയെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
നഗരവത്കരണം, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, വർധിച്ചുവരുന്ന സ്ഥലംമാറ്റങ്ങളും കുടിയേറ്റങ്ങളും എന്നിവ കുടുംബ ഘടനകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. തൽഫലമായി പല മുതിർന്ന പൗരന്മാരും അവരുടെ മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും അകന്ന് ജീവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ തലമുറകൾ തമ്മിലെ സംഭാഷണങ്ങള്‍ക്കും ഇടപെടലുകള്‍ക്കും കൂടുതൽ പ്രാധാന്യമുണ്ട്.
മുതിർന്ന പൗരന്മാർ കേവലം സഹായം കൈപ്പറ്റുന്നവർ മാത്രമല്ല; വിപുലമായ ജീവിതാനുഭവവും അറിവും വൈദഗ്ധ്യവും സാമൂഹ്യ സ്മരണകളും അവർക്കുണ്ട്. സ്വന്തം കുടുംബങ്ങൾക്കും സമൂഹത്തിനും മാർഗദർശികളായും സന്നദ്ധപ്രവർത്തകരായും പ്രചോദനത്തിന്‍റെ ഉറവിടങ്ങളായും പ്രവർത്തിക്കാൻ അവർക്ക് കഴിയും.
മുതിർന്ന പൗരന്മാരും യുവതലമുറയും തമ്മിലെ സംഭാഷണങ്ങളും ബന്ധവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സാമൂഹ്യ നീതി -ശാക്തീകരണ മന്ത്രാലയം രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
സ്കൂളുകൾ വഴി സംഘടിപ്പിച്ച 'ദാദാ-ദാദി മിലൻ സമാരോഹ്' പോലുള്ള പരിപാടികൾ കുട്ടികൾക്ക് മുതിർന്ന പൗരന്മാരുമായി ഇടപഴകാനും അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കാനും അവരിൽ നിന്ന് പഠിക്കാനും അവസരമൊരുക്കി.
ബ്രഹ്മാകുമാരീസ്, രാമകൃഷ്ണ മിഷൻ, അഖില ലോക ഗായത്രീ പരിവാർ തുടങ്ങി വയോജന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ-ആത്മീയ സംഘടനകളുമായി മന്ത്രാലയം ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.
2024 നും 2026 നും ഇടയിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും ശ്രമങ്ങളും പ്രചോദനാത്മക വിജയഗാഥകളും ഉൾപ്പെടുത്തി മന്ത്രാലയം 'സ്നേഹ ഇ-ബുക്ക്' തയാറാക്കിയിട്ടുണ്ട്.
മുതിർന്നവരെ ആദരിക്കുന്ന ഭാരതീയ പാരമ്പര്യം
ഭാരതീയ സംസ്കാരത്തിൽ മുതിർന്നവരെ ആദരിക്കുകയും അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൈത്തിരീയ ഉപനിഷത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഉപദേശത്തിൽ "മാതൃദേവോ ഭവ, പിതൃദേവോ ഭവ" (മാതാവിനെ ദൈവമായി കരുതുക, പിതാവിനെ ദൈവമായി കരുതുക) എന്ന സന്ദേശമുണ്ട്.
ഇത് മാതാപിതാക്കളോടുള്ള ആദരവിന്‍റെ സന്ദേശം മാത്രമല്ല; ഭാരതീയ ജീവിതവീക്ഷണത്തിൽ കുടുംബത്തോടും അനുഭവത്തോടും അറിവിനോടും പുലര്‍ത്തുന്ന ആദരവിന്‍റെ വിശാല ഭാവവും പ്രകടമാക്കുന്നു.
ഈ മൂല്യങ്ങളെ ആധുനിക സാമൂഹ്യക്രമവുമായി ബന്ധിപ്പിക്കുകയും തലമുറകൾ തമ്മിലെ ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് വര്‍ത്തമാനകാലത്തിന്‍റെ ആവശ്യം.
വികസിത ഭാരതത്തിൽ മുതിർന്ന പൗരന്മാരുടെ സുപ്രധാന പങ്ക്
'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മാർഗദർശക കാഴ്ചപ്പാടിനനുസൃതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്‍റെ അവിഭാജ്യ ഘടകമാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമം.
നയങ്ങളും സ്ഥാപനപരമായ ചട്ടക്കൂടും നൽകാൻ ഗവൺമെന്‍റിന് സാധിക്കുമെങ്കിലും മുതിർന്ന പൗരന്മാരോടുള്ള ആദരവിന്‍റെയും സ്വന്തമെന്ന തോന്നലിന്‍റെയും സഹാനുഭൂതിയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ സമൂഹത്തിന്‍റെ കൂട്ടായ പങ്കാളിത്തത്തിലൂടെ മാത്രമേ കഴിയൂ.
ഇന്ന് നാം മുതിർന്ന പൗരന്മാരോട് കാണിക്കുന്ന ആദരവും ക്ഷമയും സഹാനുഭൂതിയുമാണ് നാളത്തെ ഇന്ത്യയുടെ സാമൂഹ്യ സ്വഭാവം രൂപപ്പെടുത്തുന്നത്. ഒരു സംഭാഷണവും ഒരു മണിക്കൂർ സമയവും ഹൃദയം കൊണ്ടുള്ള ആത്മബന്ധവും ഒരുപക്ഷേ ഒരു മുതിർന്ന പൗരന്‍റെ ജീവിതത്തിൽ നല്ലൊരു മാറ്റം കൊണ്ടുവന്നേക്കാം.
(കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ സഹമന്ത്രിയാണ് ലേഖകൻ)