സതീശന് വഴി തെറ്റുന്നുവോ..?

 

MV Graphics

Special Story

സതീശന് വഴി തെറ്റുന്നുവോ..?

രാഷ്‌ട്രീയ പുനരധിവാസത്തിനായി കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വലിയൊരു നിര തന്നെ കേരളത്തിലുണ്ട്.

Reena Varghese

പ്രൊഫ. കെ.വി. തോമസ്

മുൻ കേന്ദ്ര- സംസ്ഥാന മന്ത്രി

വി.ഡി. സതീശൻ നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) സർക്കാർ അധികാരത്തിലേറിയിട്ട് അഞ്ചു മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളിൽ തുടക്കത്തിൽ നിലനിന്നിരുന്ന വലിയ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുണ്ടോ എന്ന സംശയം ശക്തമാകുന്നു. മുൻകാലങ്ങളിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രതിച്ഛായയിൽ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് സതീശൻ എത്തുമ്പോൾ ഭരണരീതിയിലും സമീപനങ്ങളിലും പ്രകടമാകുന്ന മാറ്റങ്ങളും വിവാദങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്. ആദ്യകാലത്തെ ചില ദുരൂഹ യാത്രകളുടെ നിഴലുകൾ ഇപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്; ഒപ്പം അദ്ദേഹം പറയുന്നതിലും ചെയ്യുന്നതിലും സത്യസന്ധതയില്ലെന്ന തോന്നലും പൊതുസമൂഹത്തിൽ പടർന്നിട്ടുണ്ട്.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ആശാ പ്രവർത്തകർ നടത്തിയ സമരത്തിൽ വി.ഡി. സതീശൻ എടുത്ത നിലപാട് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പട്ടികയിലുള്ള സമരക്കാരോട് ഉണ്ടോ എന്നത് വലിയ ചോദ്യമാണ്. തങ്ങൾ അധികാരത്തിൽ വന്നാൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ സതീശൻ മുഖ്യമന്ത്രിയായപ്പോൾ വാക്കു പാലിച്ചില്ലെന്ന് മാത്രമല്ല, കള്ളം പറയുകയാണെന്നും സമരക്കാർ ആരോപിക്കുന്നു.

സമരം ചെയ്യുന്നതിനിടയിൽ ഉദ്യോഗാർഥികൾ മുടി മുറിച്ചപ്പോൾ തന്‍റെ "കണ്ണു നിറഞ്ഞു' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സമരക്കാർക്ക് വലിയ അമർഷമാണ് ഉണ്ടാക്കിയത്. തങ്ങളോട് ഉളുപ്പില്ലാത്ത മറുപടികളാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഇനി അത്തരം ആവർത്തനങ്ങൾ ഉണ്ടാകരുതെന്നും സമരസമിതി കൺവീനറും സെക്രട്ടറിയുമായ വളർമതി തുറന്നടിക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചതായുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങി എന്ന് സർക്കാർ അവകാശപ്പെടുന്നത് ശുദ്ധ കാപട്യമാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ന്യായമായ ആവശ്യങ്ങൾ നിഷേധിക്കുമ്പോൾ തന്നെ, കോടികൾ മുടക്കി ദിവസേന മാധ്യമങ്ങളിൽ വൻ പരസ്യങ്ങൾ നൽകുന്നത് ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പരസ്യം വരണമെന്ന നിർബന്ധബുദ്ധിയോടെ കോടികൾ ചെലവഴിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തു മറുപടിയാണ് പറയാനുള്ളത്. കേരളപ്പിറവി ദിവസം ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും ഫുൾ പേജ് പരസ്യം നൽകിയതിലൂടെ കോടികൾ ധൂർത്തടിച്ചതായി മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങൾ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കുമ്പോൾ, കേരളത്തിൽ വകുപ്പുകളുടെ എണ്ണം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രാഷ്‌ട്രീയ പുനരധിവാസത്തിനായി കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വലിയൊരു നിര തന്നെ കേരളത്തിലുണ്ട്. ഇത് ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി മൂവാറ്റുപുഴയ്ക്ക് പുതിയ ജില്ല വാഗ്ദാനം ചെയ്തതതോടെ മലപ്പുറം, കാസർഗോഡ് തുടങ്ങിയ മേഖലകളിലും പുതിയ ജില്ലകൾക്കായുള്ള അവകാശവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അതിൽ വാശിയോടെ നിൽക്കുന്നത് മലപ്പുറത്തുകാരാണ്. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി കൂടുതൽ ആവേശവും താത്പര്യവും കാണിക്കുന്നുവെന്ന പരാതി വേറെയുമുണ്ട്.

മുൻ സർക്കാരുകൾ ഡൽഹിയിൽ പ്രത്യേക പ്രതിനിധികളെ നിയമിച്ചതിനെയും വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിറ്റി ചെയർമാനായതിനെയും ശക്തമായി വിമർശിച്ചിരുന്ന യുഡിഎഫ്, ഇപ്പോൾ ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിറ്റി ചെയർമാനായി നിയമിച്ചതും ഡൽഹിയിലേക്ക് ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി ദേവരാജനെ പുതിയ പ്രതിനിധിയായി വച്ചതും ഇരട്ടത്താപ്പായി വിലയിരുത്തപ്പെടുന്നു. മുനീർ എന്ന രാഷ്‌ട്രീയ നേതാവിനോട് ആർക്കും എതിർപ്പില്ലെങ്കിലും, വിമർശിച്ചവർ തന്നെ ഈ പദവികളിൽ വേഗത്തിൽ നിയമനം നടത്തിയത് വിരോധാഭാസമായി മാറി.

വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഈ ദിവസങ്ങളിൽ ഏറ്റവും ശ്രദ്ധേയം. സ്വകാര്യ ഓൺലൈൻ വൈദ്യുതി വിൽപ്പന പ്ലാറ്റ്‌ഫോമായ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും കെഎസ്ഇബിയുടെയും നിലപാടുകൾ പരസ്പര വിരുദ്ധമാണ്. ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭം എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ, ഈ കരാർ വഴി ബോർഡിന് അധിക ബാധ്യതയും നിയമപ്രശ്നങ്ങളും ഉണ്ടാകുമെന്ന് കെഎസ്ഇബി മുൻ ചെയർമാൻ ഡോ. എം.ജി. രാജമാണിക്യവും കെഎസ്ഇബിയുടെ കൊമേഴ്സ്യൽ ആൻഡ് താരിഫ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ച രാജമാണിക്യത്തെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത് വിവാദത്തിന് ആക്കം കൂട്ടി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വിവാദമായതോടെ, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. എന്നാൽ യൂണിറ്റിന് 20 രൂപ നിരക്കിൽ ഹിമാചൽ പ്രദേശ് ആവശ്യപ്പെട്ട തുക സർക്കാരിന് കനത്ത ബാധ്യതയാകുമെന്നതിനാൽ ആ നീക്കം ഉപേക്ഷിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ, യൂണിറ്റിന് 14.5 രൂപ നിരക്കിൽ ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിക്കുകയുണ്ടായി. ഈ സമയത്താണ് സ്വകാര്യ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ജിഎൻഎ എനർജി, 8.68 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി രാവും പകലും നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. യഥാർഥത്തിൽ ജിഎൻഎ എനർജി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു കമ്പനിയല്ല; മറിച്ച്, വിവിധ ഉത്പാദകരിൽ നിന്ന് വൈദ്യുതി ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം മാത്രമാണ്. ഈ കരാർ പ്രകാരം യൂണിറ്റിന് 15 പൈസ വീതം പ്ലാറ്റ്‌ഫോം ഫീസായി നൽകേണ്ടതുണ്ട്.

എന്നാൽ ഈ ഇടപാടിന് പിന്നിൽ വലിയ നിയമ തടസങ്ങളുണ്ടെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. ജിഎൻഎ എനർജി പോലുള്ള ഒരു സ്വകാര്യ ഏജൻസിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ അനുവദിക്കില്ല. വൈദ്യുതി വാങ്ങണമെങ്കിൽ ഒന്നുകിൽ ടെൻഡർ വിളിക്കണം, അല്ലെങ്കിൽ കേന്ദ്ര റെഗുലേറ്ററി കമ്മിഷനുമായി ഉഭയകക്ഷി കരാറിൽ ഒപ്പിടണം. അടിയന്തര ഘട്ടങ്ങളിൽ കേന്ദ്ര നിയന്ത്രണത്തിലുള്ള പവർ എക്സ്ചേഞ്ച് വഴിമാത്രം വാങ്ങാം. ഇതൊന്നുമില്ലാതെ ഒരു സ്വകാര്യ ഏജൻസിയും ബോർഡും തമ്മിലുള്ള നേരിട്ടുള്ള ഇടപാട് നിയമപരമായി നിലനിൽക്കില്ലെന്ന് കെഎസ്ഇബി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജിഎൻഎ എനർജിയുമായുള്ള കരാർ കെഎസ്ഇബിക്ക് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഹിമാചലിൽ നിന്ന് 81.48 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോൾ, ജിഎൻഎ എനർജിയിൽ നിന്ന് പകലും രാത്രിയും ഒരുപോലെ വലിയൊരു അളവ് വൈദ്യുതി (181 കോടി യൂണിറ്റ്) നിർബന്ധമായും എടുക്കേണ്ടി വരും. ഇത് സർക്കാരിനും കെഎസ്ഇബിക്കും തലവേദനയായി മാറുമെന്നാണ് ഊർജ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

രാഷ്‌ട്രീയ നേതൃത്വത്തിന് സ്തുതി പാടുന്ന തത്തകളല്ല ഭരണ നേതൃത്വത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനമാർ; മന്ത്രിമാർ തെറ്റു ചെയ്താൽ ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. എന്നാൽ സതീശൻ സർക്കാരിൽ തെറ്റുകൾ ചൂണ്ടികാണിക്കുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് തലോടലല്ല, തല്ലി ഓടിക്കലാണ് ലഭിക്കുന്നത്. ആരോഗ്യ മന്ത്രി കെ. മുരളീധരനുമായി തെറ്റിപിരിഞ്ഞ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനും, എക്സൈസ് മന്ത്രിയുമായി പരസ്യമായി ഇടഞ്ഞ എക്സൈസ് കമ്മിഷണർ സീറാം സാംബവ റാവുവിനും, വിദ്യാഭ്യാസ മന്ത്രിയുമായി കെ- ടെറ്റിൽ ഉടക്കിയ പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബുവിനും, ഗതാഗത മന്ത്രി സി.പി. ജോണുമായി തെറ്റിയ സി. നാഗരാജു ചകിലത്തിനും, ഇപ്പോൾ രാജമാണിക്യത്തിനും കസേരകൾ തെറിച്ചു.

ഏതൊരു സർക്കാരിന്‍റെയും ചാലക ശക്തിയായ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ഐഎഎസ് ലോബിയെ പിണക്കുന്നത് സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നതിൽ സംശയമില്ല, അതാണിപ്പോൾ കേരളത്തിൽ നടക്കുന്നത്.

ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള പ്രഗത്ഭരായ നിരവധി രാഷ്‌ട്രീയ നേതാക്കൾ ഭരിച്ച സംസ്ഥാനമാണ് കേരളം. മികച്ച ഒരു പാർലമെന്‍റേറിയനും കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നയാളുമാണ് വി.ഡി. സതീശൻ. എന്നാൽ ഭരണത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ ജനങ്ങളുടെ വിശ്വാസവും ആദരവും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമാണ്. ജനവിരുദ്ധമായ നയങ്ങളും വിവാദങ്ങളും പരമാവധി ഒഴിവാക്കി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി തയാറാകേണ്ടതുണ്ട്.