കളമശേരിയിലെ ബർക്കത്ത് റസ്റ്ററന്‍റിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്.
റഫീഖ് മരക്കാർ
കളമശേരി: പണമില്ലാത്തതിന്‍റെ പേരിൽ ആരും വിശന്നിരിക്കരുത് എന്ന മാനവിക സന്ദേശം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് കളമശേരിയിലെ ബർക്കത്ത് റെസ്റ്ററന്‍റ്. വിശപ്പിന്‍റെ വേദന അനുഭവിക്കുന്നവർക്ക് അഭിമാനത്തിന് മുറിവേൽക്കാതെ ഭക്ഷണം ലഭിക്കാനുള്ള വ്യത്യസ്ത സംവിധാനമാണ് ഈ റെസ്റ്ററന്‍റിനെ ശ്രദ്ധേയമാക്കുന്നത്.
കിൻഫ്രയ്ക്ക് സമീപം, കളമശേരി നഗരസഭാ ചിൽഡ്രൻസ് സയൻസ് പാർക്കിനടുത്ത് പ്രവർത്തിക്കുന്ന ബർക്കത്ത് റെസ്റ്ററന്‍റിന്‍റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
"കാശില്ലാത്തത് കൊണ്ട് ഭക്ഷിക്കാതിരിക്കരുത്... വിശപ്പ് മാറിയാൽ ഏതെങ്കിലും സ്റ്റാഫിനോട് രഹസ്യമായി പറഞ്ഞാൽ മതി..."
— സ്നേഹത്തോടെ, ബർക്കത്ത് റെസ്റ്ററന്‍റ് അംഗങ്ങൾ
മനുഷ്യത്വത്തിന്‍റെ ഈ ലളിതമായ സന്ദേശം നിരവധി പേരുടെ മനസിൽ പ്രതീക്ഷയും ആശ്വാസവും പകരുകയാണ്. റെസ്റ്ററന്‍റ് മാനെജരായ തൃശൂർ മുടിക്കോട് സ്വദേശി വിഖിൽ വിനോദാണ് ഈ ആശയത്തിനു പിന്നിൽ. ഒരു ദിവസം മറ്റൊരു ഹോട്ടലിന് മുന്നിൽ പണമില്ലാത്തതിനാൽ ഭക്ഷണം കഴിക്കാതെ മടങ്ങാനൊരുങ്ങിയ രണ്ട് യുവാക്കളെ കണ്ടതാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. അവരുടെ സാഹചര്യം മനസിലാക്കിയപ്പോഴാണ് വിശപ്പുള്ളവർക്ക് അഭിമാനത്തിന് ക്ഷതമേൽക്കാതെ ഭക്ഷണം നൽകാൻ ഒരു മാർഗം കണ്ടെത്തണമെന്ന ആശയം മനസിലുദിച്ചത്. ഈ ആശയം റെസ്റ്ററന്‍റ് ഉടമയായ കളമശേരി മറ്റക്കാട് സ്വദേശി റഫീഖ് റഹ്മാനുമായി പങ്കുവച്ചപ്പോൾ പൂർണ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരും ഒരേ മനസോടെ ഒപ്പം നിന്നു. അങ്ങനെ ആശയം യാഥാർഥ്യമായി.
"പണമില്ലെന്ന് തുറന്നു പറയാൻ പലർക്കും മടിയാണ്. അത്തരക്കാരുടെ അവസ്ഥ മറ്റാരും അറിയാതെ അവരുടെ വിശപ്പ് മാറ്റാനാണ് ഈ സംവിധാനം ഒരുക്കിയത്," റഫീഖ് റഹ്മാൻ പറയുന്നു.
ബോർഡ് സ്ഥാപിച്ചതിനു ശേഷം നിരവധി പേർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ കഴിഞ്ഞതായി റെസ്റ്ററന്‍റ് അധികൃതർ പറയുന്നു. ചിലപ്പോൾ അഞ്ചംഗ സംഘമായി ബിരിയാണി കഴിക്കാൻ എത്തുന്നവരിൽ രണ്ടുപേർ മാത്രം കുറഞ്ഞ വിലയുള്ള ഭക്ഷണം ഓർഡർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ജീവനക്കാർ രഹസ്യമായി കാര്യം അന്വേഷിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണെന്ന് മനസിലായാൽ അവർ ആഗ്രഹിച്ച ഭക്ഷണം തന്നെ സൗജന്യമായി നൽകും.
"വിശന്നെത്തുന്നവർക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ ഭക്ഷണമല്ല ഞങ്ങൾ നൽകുന്നത്. അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തന്നെയാണ് നൽകാൻ ശ്രമിക്കുന്നത്," വിഖിൽ വിനോദ് പറയുന്നു.
ബർക്കത്ത് റസ്റ്ററന്‍റ്, കളമശേരി.
കളമശേരിക്കും സമീപ പ്രദേശങ്ങൾക്കും പുറമെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ, സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാർ, മെഡിക്കൽ കോളെജിലെ രോഗികളുടെ കൂട്ടിരിപ്പുകാർ, സമീപ സ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങി നിരവധി പേരാണ് ബർക്കത്ത് റെസ്റ്ററന്‍റിന്‍റെ സ്ഥിരം സന്ദർശകർ. ഇതിൽ ചിലർ ഈ ബോർഡ് കണ്ട് സംഭാവനയായി ചെറിയ തുകകൾ നൽകി ഈ കാരുണ്യ പ്രർത്തനത്തിൽ പങ്കാളികളാകാറുമുണ്ട്.
പന്ത്രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 13 ജീവനക്കാരാണുള്ളത്. സൗത്ത് ഇന്ത്യൻ വിഭവങ്ങളും ചൈനീസ് ഭക്ഷണങ്ങളുമടക്കം വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.
സൗജന്യമായി നൽകുന്ന ഭക്ഷണം ചെലവല്ല, മറിച്ച് നന്മയുടെ നിക്ഷേപമാണെന്നാണ് നടത്തിപ്പുകാരുടെ വിശ്വാസം. "എത്ര ഭക്ഷണം സൗജന്യമായി നൽകിയാലും അതിന്‍റെ ബർക്കത്ത് ദൈവം തിരികെ നൽകും" എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ബർക്കത്ത് റെസ്റ്ററന്‍റ്, വിശപ്പിനെതിരായ ഒരു നിശ്ശബ്ദ പോരാട്ടത്തിന്‍റെ മനോഹര മാതൃകയായി മാറുകയാണ്.
ഭക്ഷണം നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ബർക്കത്ത് റെസ്റ്ററന്‍റിന്‍റെ സാമൂഹിക പ്രതിബദ്ധത. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ രഹസ്യമായി എത്തിക്കുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളും സ്ഥാപനം നടത്തുന്നുണ്ട്. ഇതിനായി സ്ഥാപനത്തിന്‍റെ വരുമാനത്തിൽ നിന്ന് പ്രത്യേകം തുക മാറ്റിവയ്ക്കുകയും ചെയ്യുന്നു. സഹായം സ്വീകരിക്കുന്നവരുടെ ആത്മാഭിമാനത്തിന് മുറിവേൽക്കാതിരിക്കണമെന്ന നിലപാടാണ് ഇത്തരം പ്രവർത്തനങ്ങൾ പരസ്യമാക്കാതിരിക്കുന്നതെന്നും നടത്തിപ്പുകാർ പറയുന്നു.