നേഹ  ബോറ

 
Special Story

ഹിമാലയത്തിന്‍റെ മണ്ണിൽ നിന്ന് ഡൽഹിയിലെ സമരമുഖത്തേക്ക്; ആരാണ് നേഹ ബോറ? ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് ഇന്ത്യക്കാർ

പൊലീസ് കസ്റ്റഡിയിലും അണയാത്ത പോരാട്ടവീര്യത്തോടെ തലയുയർത്തി നിൽക്കുന്ന നേഹയുടെ മുഖം രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു

Sarath Nath MS

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ മുഖമായി മാറിയിരിക്കുകയാണ് നേഹ ബോറ എന്ന പെൺകുട്ടി. പ്രതിഷേധങ്ങൾക്കിടെ നേഹയെ പലതവണ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയിലും അണയാത്ത പോരാട്ടവീര്യത്തോടെ തലയുയർത്തി നിൽക്കുന്ന നേഹയുടെ മുഖം രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ആരാണ് നേഹ ബോറയെന്ന് അറിയാൻ രാജ്യവ്യാപകമായി നിരവധി പേരാണ് ഗൂഗിളിൽ തെരഞ്ഞത്.

ഉത്തരാഖണ്ഡിന്‍റെ പെൺപുലി

ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ (ഐസ) ദേശീയ അധ്യക്ഷയാണ് 29കാരിയായ നേഹ ബോറ. ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗർ ജില്ലയിലെ ഖതിമ സ്വദേശിനിയാണ് നേഹ. ഇന്ത്യൻ കരസേനയിൽ ഓഫീസറാണ് നേഹയുടെ പിതാവ്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലായിരുന്നു നേഹയുടെ സ്കൂൾ വിദ്യാഭ്യാസം. ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളെജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ഡോ. ബി.ആർ. അംബേദ്കർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. നിലവിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തിയറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ ഗവേഷണം നടത്തുകയാണ്.

എങ്ങനെയാണ് നേഹ വിദ്യാർഥി നേതാവായത്?

നാടകപ്രവർത്തനത്തിലൂടെയാണ് നേഹയുടെ രാഷ്ട്രീയ പ്രവേശനം ആരംഭിച്ചത്. തുടർന്ന് 2019, 2020 വർഷങ്ങളിൽ പൗരത്വ നിയമത്തിനെതിരേ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തു. ഐസയിൽ ചേർന്നതിന് പിന്നാലെ സംഘടനയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നേഹ ഉയർന്നു. വിദ്യാർഥി പ്രതിഷേധങ്ങളിലും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങളിലെ ചർച്ചകളിലും സജീവമായതോടെ നേഹയുടെ പൊതുസ്വാധീനം വർധിച്ചു.

സംസാരിക്കുമ്പോൾ സൗമ്യമായ ശൈലി പുലർത്തുന്ന നേഹ, മൈക്കിന് മുന്നിലെത്തുമ്പോൾ ശക്തമായ നിലപാടുകളാണ് അവതരിപ്പിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗങ്ങളിലൂടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്ന നേഹ, വിദ്യാർഥികളുടെ പ്രശ്നങ്ങളെ സാമൂഹിക അസമത്വം, സർക്കാരിന്‍റെ ഉത്തരവാദിത്തം തുടങ്ങിയ വിശാലമായ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നു.

നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നേഹ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി 23 ദിവസം നേഹ നിരാഹാര സമരം നടത്തുകയും ചെയ്തു. ഇതോടെയാണ് നേഹ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. സമരം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ ജെൻ സി നേതാവ് എന്ന നിലയിൽ നേഹ അറിയപ്പെടുകയും ചെയ്തു.