തെരഞ്ഞെടുപ്പ് കമ്മിഷനും കമ്മിഷണര്‍മാരും

 
Special Story

തെരഞ്ഞെടുപ്പ് കമ്മിഷനും കമ്മിഷണര്‍മാരും

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന നടപടിക്രമങ്ങളിലൂടെയല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കാന്‍ കഴിയില്ല

Reena Varghese

വിജയ് ചൗക്ക്|സുധീര്‍ നാഥ്

രാജ്യത്തിപ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ചാണ്. അതുകൊണ്ടുതന്നെ ഈ ലക്കം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ചു തന്നെയാകാം നമ്മുടെ ചര്‍ച്ചയും. പത്താമത് തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന മലയാളിയായ ടി.എന്‍. ശേഷന്‍ ആ കസേരയില്‍ ഇരുന്നപ്പോഴാണ് ഇങ്ങനെയൊരു കമ്മിഷനെ കുറിച്ച് സമൂഹമറിഞ്ഞത് എന്ന് വ്യാപകമായ ചര്‍ച്ചയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാരം എന്തെന്നു സമൂഹത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നു കേള്‍ക്കുമ്പോള്‍ അതു കൊണ്ടുതന്നെ ടി. എന്‍. ശേഷന്‍ എല്ലാവരുടെ മനസിലും ഓടിയെത്തുന്ന പേരാകും. രാജ്യത്തെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന ഭരണഘടനാ അംഗീകൃത സ്ഥാപനമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കും തെരഞ്ഞെടുപ്പുകള്‍ നടത്താൻ വിപുലമായ അധികാരങ്ങളാണ് ഈ കമ്മിഷനുള്ളത്.

1950ല്‍ സ്ഥാപിതമായതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 1950 ജനുവരി 25ന് ഇന്ത്യന്‍ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്. ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മാത്രമായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടനാപരമായി അധികാരപ്പെടുത്തിയ ഒരു സ്ഥാപനമായ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തലവനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയും ഉള്‍പ്പെടുന്ന മൂന്നംഗ സെലക്‌ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്‌ട്രപതിയാണ് ഒരു തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. സുകുമാര്‍ സെന്‍ 1950 മാര്‍ച്ച് 21 മുതല്‍ 1958 ഡിസംബര്‍ 19 വരെ 8 വര്‍ഷവും 273 ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷണറായി തുടര്‍ന്നു. 1990 ജനുവരി 1ന്, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഭേദഗതി നിയമം 1989 അംഗീകരിച്ചു. അതോടെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ചീഫ് തെരഞ്ഞെടുപ്പ് കമ്മിഷണറും 2 തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ഉള്‍പ്പെടെ 3 അംഗങ്ങളുള്ള ബോഡിയാക്കി മാറ്റി. കമ്മിഷന്‍ തീരുമാനങ്ങള്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് എടുക്കുന്നത്. സാധാരണ വിരമിച്ച ഐഎഎസ് ഓഫിസര്‍മാരാണ് തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറുടെ സ്ഥാനത്ത് നിയമിക്കപ്പെടുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ ശമ്പളവും അലവന്‍സുകളും അവര്‍ക്കുണ്ട്.

ഗവണ്‍മെന്‍റിന്‍റെ നിയമ- നീതി മന്ത്രാലയത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ). രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും നിയന്ത്രിക്കാനും ഭരണഘടന സ്ഥാപിച്ചതാണ് ഇത്. പാര്‍ലമെന്‍റ്, സംസ്ഥാന നിയമസഭകള്‍, പ്രസിഡന്‍റിന്‍റെ ഓഫിസ്, വൈസ് പ്രസിഡന്‍റിന്‍റെ ഓഫിസ് എന്നിവരുടെ ഓഫിസുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിയന്ത്രിക്കുന്നത് എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 അനുശാസിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവായതാണ്.

സംസ്ഥാന തലത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ സംസ്ഥാന ചീഫ് ഇലക്റ്ററല്‍ ഓഫിസറാണ് (സിഇഒ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സഹായിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവക്ക് തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ജില്ലാ തലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട ജില്ലാ കലക്റ്റര്‍മാര്‍ നേതൃത്വം നല്‍കുന്നു. ഇവരെ സഹായിക്കാനായി ഡെപ്യൂട്ടി കലക്റ്റര്‍മാരും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിയോഗിക്കപ്പെടുന്നു. സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളാണ് അതത് സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാന ഗവര്‍ണര്‍ നിയമിക്കുന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ തുടങ്ങിയ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ തുടങ്ങിയ പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നതും, പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നതും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയാണ്. സമീപകാലത്ത് വോട്ടർ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട വോട്ടുകളുടെ കണക്ക് അവര്‍ നിരത്തുന്നു. രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയിലൂടെ 13 കോടിയിലധികം വോട്ടര്‍മാരുടെ പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. 51,000 വോട്ടുകള്‍ വെട്ടി മാറ്റിയ മണ്ഡലത്തില്‍ മമത ബാനര്‍ജി തോറ്റത് 15,000 വോട്ടിനാണ്. ഒരു ലക്ഷം വോട്ട് വെട്ടി മാറ്റിയ തമിഴ്നാട്ടിലെ മണ്ഡലത്തില്‍ സ്റ്റാലിന്‍ തോറ്റത് 9,000 വോട്ടിനാണ്. 40,000 വോട്ടുകള്‍ ആണ് അവരവിന്ദ് കേജരിവാള്‍ തോറ്റിടത്ത് വെട്ടി മാറ്റിയത്. 4,000 വോട്ടിനാണ് അദ്ദേഹം തോറ്റത്. ഇത് കൂട്ടി വായിക്കപ്പെട്ടതോടെയാണ് സംശയം വർധിച്ചതും പ്രതിഷേധം ശക്തപ്പെട്ടതും. കുറെ നാളുകളായി വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്.

ഈ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം പുറത്തുവിട്ട വിവരങ്ങളാണു വിവാദം. 2025 ജൂണില്‍ ബിഹാറില്‍ ആരംഭിച്ച, വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പുതുക്കാനും ക്രമീകരിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ "സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍' (എസ്ഐആര്‍) നടപടി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിച്ചു. ആര്‍ക്കൊക്കെ വോട്ട് ചെയ്യാം, ആര്‍ക്കൊക്കെ പാടില്ല എന്ന് തീരുമാനിക്കുന്നതിലെ കമ്മിഷന്‍റെ പങ്കിനെച്ചൊല്ലി വലിയൊരു ചര്‍ച്ചയ്ക്ക് ഈ നടപടി വഴിയൊരുക്കിയിരിക്കുകയാണ്.

കമ്മിഷനിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി രേഖാമൂലം വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. 3 കമ്മിഷണര്‍മാരുടെയും മേല്‍നോട്ടത്തിലാണ് എസ്ഐആറിന്‍റെ ദേശീയതല നടത്തിപ്പ് എങ്കിലും 2 കമ്മിഷണര്‍മാരുടെ അറിവില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ വിവാദമായിരിക്കയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരേ ഒരു ദിവസം തന്നെ 4 തവണ 2 കമ്മിഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളുമുണ്ട്.

കമ്മിഷന്‍റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ടതാണ് വിയോജിപ്പുകള്‍. പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍, പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്ഐആര്‍ നടപടിക്രമത്തിലൂടെ വോട്ടര്‍മാരെ തിരിച്ചുകൊണ്ടുവരുന്ന ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍, കൂടാതെ വോട്ടര്‍ പട്ടികയുടെ തന്നെ സുരക്ഷയും സൂക്ഷിപ്പും എന്നിവയാണവ. ഇതുമായി ബന്ധപ്പെട്ട എല്ലാ വിയോജിപ്പുകളുടെയും പകര്‍പ്പ് ചീഫ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും നല്‍കിയിരുന്നു. ചിലത് അവരുടെ കീഴിലുള്ള ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും നല്‍കി. അത്തരമൊരു രേഖാമൂലമുള്ള വിയോജിപ്പില്‍ 2 കമ്മിഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായി കമ്മിഷന്‍ പ്രവര്‍ത്തിച്ചുവെന്ന് സന്ധു പരാതിപ്പെടുകയും, ആ നടപടി "അംഗീകാരമില്ലാത്തതും നിയമവിരുദ്ധവുമാണ്' എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി, പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ജോഷിയും സന്ധുവും പ്രത്യേകം കത്തുകള്‍ എഴുതി.

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന നടപടിക്രമങ്ങളിലൂടെയല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കാന്‍ കഴിയില്ല എന്നതാണ് ചട്ടം. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്റ്റ് അനുസരിച്ച് പാര്‍ലമെന്‍റിന്‍റെ ഏതെങ്കിലും ഒരു സഭയില്‍ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കാം (ലോക്സഭയില്‍ 100, രാജ്യസഭയില്‍ 50 എംപിമാരുടെ പിന്തുണ വേണം). സ്പീക്കര്‍ക്കോ അധ്യക്ഷനോ ആണ് ഈ പ്രമേയം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം.

എന്നിരുന്നാലും, ഈ കമ്മിഷണര്‍മാരെ നിയമിക്കുന്നതിനുള്ള 2023ലെ പുതിയ നിയമം തന്നെ നിലവില്‍ വലിയ സംശയ നിഴലിലാണ്. ഈ നിയമം വഴി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമന പ്രക്രിയ എക്സിക്യൂട്ടീവിന് (ഭരണകൂടത്തിന്) അനുകൂലമായി മാറിയെന്ന് പ്രതിപക്ഷവും പൊതു സമൂഹവും ശക്തമായി വാദിക്കുന്നു. ഈ നിയമത്തിനെതിരേയുള്ള ഹര്‍ജികളില്‍ അടുത്ത നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്നതില്‍ ഈ നിയമം എക്സിക്യൂട്ടീവിന് പ്രഥമദൃഷ്ട്യാ ഫലപ്രദമായ വീറ്റോ അധികാരം നല്‍കുന്നുണ്ടെന്നും ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത തന്‍റെ നിരീക്ഷണത്തില്‍ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്വയംഭരണാധികാരവും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൂടുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്നുറപ്പാണ്.

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ