ദ്രൗപദി മുർമു

രാഷ്‌ട്രപതി

 
Special Story

വികസിത ഇന്ത്യ: ആയുർവേദ സ്ഥാപനങ്ങൾക്കും വലിയ പങ്ക്

തൃശൂരിലെ വൈദ്യരത്‌നം ആയുര്‍വേദ കോളെജിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗം.

Reena Varghese

ദ്രൗപദി മുർമു

രാഷ്‌ട്രപതി

വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവാന്‍ ശിവന് എന്‍റെ വിനീതമായ പ്രണാമം.

ഇന്ന് നിങ്ങളോടൊപ്പം ഈ വേദിയില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ആയുര്‍വേദ പാരമ്പര്യത്തിന്‍റെ സുപ്രധാന കേന്ദ്രമാണ് തൃശൂര്‍. വൈദ്യരത്‌നം ആയുര്‍വേദ കോളെജിന്‍റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകവും വിജ്ഞാന പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ തൃശൂരിന് സവിശേഷമായ സ്ഥാനമുണ്ട്. 2022ല്‍ യുനെസ്‌കോയുടെ ""ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസില്‍'' ഇടം നേടിയതോടെ ഈ സംഭാവനയ്ക്ക് പ്രത്യേക അംഗീകാരം ലഭിച്ചു.

ആയുര്‍വേദത്തിന്‍റെ അന്താരാഷ്‌ട്ര പ്രശസ്തി വർധിപ്പിക്കുന്നതിലുപരിയാണ് കേരളത്തിന്‍റെ സംഭാവന. ശാസ്ത്രീയ ആയുര്‍വേദ പഠനത്തിന്‍റെ സമ്പന്നവും സജീവവുമായ പാരമ്പര്യത്തെ കേരളം പരിപോഷിപ്പിച്ചിട്ടുണ്ട്. തലമുറകളായി വൈദ്യ കുടുംബങ്ങളിലൂടെ കൈമാറിവന്ന വൈദ്യശാസ്ത്ര വിജ്ഞാനത്തെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ആധികാരികമായ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കുന്നതിലുള്ള കേരളത്തിന്‍റെ പാരമ്പര്യം അഭംഗുരം തുടരുന്നു.

കേരളത്തിലെ അഷ്ടവൈദ്യന്മാര്‍ ആയുര്‍വേദ ചികിത്സാരംഗത്ത് മാത്രം ഒതുങ്ങിനിന്നവരല്ല. അഗാധമായ പാണ്ഡിത്യവും മികച്ച അധ്യാപനശേഷിയും ഉള്ളവരാണെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. വൈദ്യരത്‌നം ഗ്രൂപ്പ് ഈ പാരമ്പര്യം പ്രതിബദ്ധതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു.

ആയുര്‍വേദത്തിന്‍റെ ശ്രദ്ധേയമായ ഒരു സവിശേഷത, അതിന്‍റെ ആധികാരിക ഗ്രന്ഥങ്ങള്‍ ഒരിക്കലും സംസ്‌കൃതത്തില്‍ മാത്രം പരിമിതപ്പെട്ടിരുന്നില്ല എന്നതാണ്. കേരളത്തില്‍ മലയാളത്തിലും മണിപ്രവാളത്തിലും നിരവധി മൗലിക കൃതികളും വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ചികിത്സാ മഞ്ജരി, ആലത്തൂര്‍ മണിപ്രവാളം, സഹസ്ര യോഗം തുടങ്ങിയ മൗലിക കൃതികള്‍ പ്രഗത്ഭരായ കേരളീയ വൈദ്യന്മാരാല്‍ രചിക്കപ്പെട്ടവയാണ്.

ആയുര്‍വേദത്തിന്‍റെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെയും വികസനത്തില്‍ നമ്മുടെ ഭരണഘടനാ ശില്പികള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ചികിത്സാരംഗത്തും വിദ്യാഭ്യാസ രംഗത്തും വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട് ഒരുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഭരണഘടനാ നിര്‍മാണ സഭയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ആയുര്‍വേദത്തിലെ ഗവേഷണത്തിന്‍റെ ആവശ്യകത എച്ച്.വി. കമ്മത്ത് പ്രത്യേകം ഉന്നയിച്ചു. ""പുരാതന ഇന്ത്യന്‍ ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തില്‍ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളെ രാഷ്‌ട്രം സജീവമായി പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും വേണം,'' എന്ന് അദ്ദേഹം പറഞ്ഞു. ആര്‍.വി. ധുലേക്കറും സേഠ് ഗോവിന്ദ് ദാസും വിവിധ അവസരങ്ങളില്‍ ഈ വിഷയങ്ങളില്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവച്ചു. അവിഭക്ത മദ്രാസ് പ്രവിശ്യയെ പ്രതിനിധീകരിച്ചിരുന്ന ഡോ. ബി. പട്ടാഭി സീതാരാമയ്യയും ഇതുമായി ബന്ധപ്പെട്ട ഒരു വിഷയം സഭയില്‍ ഉന്നയിച്ചു.

ഇന്ന് ദേശീയവും അന്തര്‍ദേശീയവുമായ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമാനമായ വിഷയങ്ങള്‍ നമ്മുടെ ഭരണഘടനാ ശില്പികള്‍ അന്നേ ഉന്നയിച്ചിരുന്നു എന്നത് സന്തോഷകരമാണ്. അവരുടെ ദീര്‍ഘവീക്ഷണത്തിന്‍റെ സാക്ഷ്യപത്രമാണിത്.

ഈ മേഖലയിലെ അഷ്ടവൈദ്യ കുടുംബങ്ങള്‍ അഷ്ടാംഗ ഹൃദയത്തിലെയും ശാസ്ത്രീയ ആയുര്‍വേദത്തിലെയും പാഠങ്ങള്‍ പഠിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പ്രയോഗിക്കുന്നതിലും സമ്പന്നമായ ഒരു പാരമ്പര്യം വളര്‍ത്തിയെടുത്തിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ പാരമ്പര്യത്തിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍, കൈയെഴുത്തു പ്രതികള്‍, ചികിത്സാ രീതികള്‍, പ്രായോഗിക അറിവുകള്‍ എന്നിവ വ്യവസ്ഥാപിതമായി രേഖപ്പെടുത്തുന്നത് ദേശീയ പ്രാധാന്യമുള്ള ഒരു ദൗത്യമാണ്.

ഈ മേഖലയിലെ വൈദ്യന്മാര്‍ അഗദ തന്ത്രം (വിഷ ചികിത്സ), കൗമാര ഭൃത്യം (ബാല ചികിത്സ), മര്‍മ ചികിത്സ എന്നിവയുടെ പാരമ്പര്യങ്ങളും സംരക്ഷിച്ചു പോരുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. വിവിധ സമൂഹങ്ങള്‍ ഔഷധ സസ്യങ്ങള്‍ ഉപയോഗിക്കുന്ന രീതികളും ഈ പൈതൃകത്തിന്‍റെ വിലപ്പെട്ട മറ്റൊരു വശമാണ്.

രാജ്യത്തെ സമ്പന്നമായ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്ക് ആധുനിക ശാസ്ത്രീയ അടിത്തറ നല്‍കുന്നതിനായി ആയുഷ് മന്ത്രാലയവും അതിനു കീഴിലുള്ള പ്രമുഖ ഗവേഷണ കൗണ്‍സിലുകളും ""വണ്‍ ഹെര്‍ബ്, വണ്‍ സ്റ്റാന്‍ഡേര്‍ഡ്'' പോലുള്ള നിരവധി സംരംഭങ്ങള്‍ നടപ്പാക്കിവരുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. ആധുനിക ശാസ്ത്രം, ഡാറ്റ, സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്തെ ആഗോള വിജ്ഞാന കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാംനഗറില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സര്‍ക്കാര്‍ ഏജന്‍സികളുമായും പ്രമുഖ അന്താരാഷ്‌ട്ര സ്ഥാപനങ്ങളുമായും സഹകരിച്ച് സംയുക്ത ഗവേഷണ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കേരളത്തിലെ ആയുര്‍വേദ കോളെജുകള്‍ക്ക് കഴിയും.

പ്രാദേശിക മണ്ണ്, ജലം, ഋതുക്കള്‍, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ എന്നിവ ഔഷധ സസ്യങ്ങളുടെ ഗുണനിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചരക സംഹിത, ശുശ്രുത സംഹിത, അഷ്ടാംഗ ഹൃദയം എന്നീ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഘടകങ്ങളെല്ലാം സംയോജിതമായി പഠിക്കുന്നതിലൂടെ കോളേജുകള്‍ക്ക് സ്വന്തം വൈദഗ്ധ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. ആയുര്‍വേദത്തിനായി സമഗ്രമായ ഒരു വിജ്ഞാന ഡാറ്റാ ബേസ് വികസിപ്പിക്കുന്നതിനും ഇത്തരം പഠനങ്ങള്‍ സഹായകമാകും.

ആയുഷ് സേവന മേഖലയെക്കുറിച്ച് അടുത്തിടെ നടത്തിയ ഒരു ആധികാരിക പഠനം സൂചിപ്പിക്കുന്നത്, ആധികാരികവും ശാസ്ത്രീയമായി വിലയിരുത്തപ്പെട്ടതുമായ പഞ്ചകര്‍മ ചികിത്സയുടെ അന്താരാഷ്‌ട്ര റഫറന്‍സ് കേന്ദ്രമായി മാറാന്‍ കേരളത്തിന് കഴിയുമെന്നാണ്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പഞ്ചകര്‍മ ഗവേഷണത്തിലും സംസ്ഥാനം മുന്‍നിരയിലെത്താന്‍ പരിശ്രമിക്കണം. നിങ്ങളുടേതുപോലുള്ള കോളെജുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ഓരോ ആയുര്‍വേദ കോളെജും ആധികാരികവും ഫലപ്രദവുമായ ആയുര്‍വേദ ചികിത്സയിലൂടെ സമൂഹത്തെ സേവിക്കണം. അതോടൊപ്പം കാലിക പ്രസക്തിയുള്ള ആയുര്‍വേദ വിദ്യാഭ്യാസവും നല്‍കണം. ഈ രണ്ട് ലക്ഷ്യങ്ങളും നിറവേറ്റുന്ന സ്ഥാപനങ്ങള്‍ക്ക് പ്രഗത്ഭരായ വൈദ്യന്മാരെയും ഗവേഷകരെയും വാര്‍ത്തെടുക്കാന്‍ കഴിയും. വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളിലെയും ആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള വിവേകം ഇത്തരം വിദഗ്ധര്‍ക്കുണ്ടാകും. നിങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനരീതി ഈ തത്വത്തിന് അനുസൃതമാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

2047ഓടെ ആരോഗ്യകരവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നിങ്ങളുടേതുപോലുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുവഹിക്കാനുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ കോളെജുകളിലെ വിജ്ഞാന സമ്പത്ത് പ്രയോജനപ്പെടുത്തി ബോധപൂര്‍വവും സജീവവുമായ ഒരു സഹകരണ മാതൃക വികസിപ്പിച്ചെടുത്താല്‍ ദേശീയ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ അത് സഹായകമാകും.

കേരളത്തിലെ ആയുര്‍വേദ പാരമ്പര്യത്തിന് ഒരു സവിശേഷതയുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ആയുര്‍വേദ ചികിത്സാരീതികളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി അത് മികച്ച രീതിയില്‍ സമന്വയിപ്പിക്കുന്നു. പഠനകാലത്ത് നിങ്ങള്‍ ഇത് നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. തൊഴില്‍ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പരമ്പരാഗത അറിവില്‍ അധിഷ്ഠിതമായ സംരംഭകത്വവും അശരണര്‍ക്കുള്ള സേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ നിങ്ങള്‍ മറക്കരുത്.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ബൗദ്ധികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. അന്‍പത് വര്‍ഷക്കാലം തുടര്‍ച്ചയായി തൊഴില്‍പരമായ മികവ് നിലനിര്‍ത്തിയത് പ്രശംസനീയമാണ്. കാലത്തിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനും വരാനിരിക്കുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുമുള്ള നിശ്ചയദാര്‍ഢ്യവും അഭിനന്ദനാര്‍ഹമാണ്. ഈ സ്ഥാപനം ഈ രണ്ടു കാര്യങ്ങളും വിജയകരമായി ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

വൈദ്യരത്‌നം ആയുര്‍വേദ കോളെജ് കുടുംബത്തിലെ എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍ നേരുന്നു. മനുഷ്യരാശിയെ, പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കുന്നതിനായി ആയുര്‍വേദത്തിന്‍റെ വർധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ഭാവി ശോഭനമാകട്ടെ.

നന്ദി! ജയ് ഹിന്ദ്!

ജയ് ഭാരത്! ജയ് കേരളം!