തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കം വയറ്റിൽനിന്നാവണം.

 

Representative graphics

Special Story

കുടലിൽനിന്ന് കേരളത്തിന്‍റെ തലച്ചോറിലേക്ക് ഒരു ഉൾവിളി

കുടലിലെ സൂക്ഷ്മജീവി അസന്തുലനം ഓർമക്കുറവിനും പാർക്കിൻസൺസിനും വഴിവയ്ക്കുമോ? കുസാറ്റ്, ശ്രീചിത്ര ഗവേഷകരുടെ പഠനങ്ങൾ വാർധക്യത്തിലേക്ക് നീങ്ങുന്ന കേരളത്തിന് നൽകുന്ന മുന്നറിയിപ്പ്

MV Desk

കേരളം ഒരു വയോജന സമൂഹമായി മാറുമ്പോൾ, രണ്ട് മുൻനിര പഠനങ്ങൾ കുടൽ-മസ്തിഷ്ക ബന്ധത്തിന്‍റെ കൗതുകകരമായ ഒരു ചിത്രം തുറന്നുകാട്ടുന്നു. കുടലിലെ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ ഓർമക്കുറവിനും പാർക്കിൻസൺസ് രോഗത്തിനും വഴിവയ്ക്കാമെന്നാണ് കണ്ടെത്തൽ. മസ്തിഷ്ക രോഗങ്ങൾ മനസിലാക്കാനും നേരത്തേ കണ്ടെത്താനും ചികിത്സിക്കാനുമുള്ള പുതിയ വഴികൾ ഇതുവഴി തുറന്നു കിട്ടുന്നു- വാർധക്യത്തിൽ തലച്ചോറിനെ സംരക്ഷിക്കുന്നതിന്‍റെ തുടക്കം, കുടലിൽനിന്നാകാമെന്നാണ് സൂചന.

അജയൻ

എഴുപതു വയസുള്ള കേരളത്തിന്‍റെ ജനസംഖ്യ അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുകയാണ്. എഴുപതു കടന്നവരുടെ എണ്ണം വർധിച്ചുവരുമ്പോൾ, വാർധക്യസഹജമായ അസുഖങ്ങൾക്കെതിരായ പോരാട്ടത്തിന് പുതിയൊരു അടിയന്തര സ്വഭാവം കൈവന്നിരിക്കുന്നു. കേരളം ക്രമേണ ഒരു വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കെ, മസ്തിഷ്ക രോഗങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് സമീപകാലത്തെ രണ്ടു പഠനങ്ങളിൽ ഗൗരവതരമായ മുന്നറിയിപ്പുകളുണ്ട്. അതിലേറെ കൗതുകകരമായ കാര്യം, വാർധക്യത്തിലെ തലച്ചോറിനെ മനസിലാക്കാനുള്ള അന്വേഷണത്തിൽ, അപ്രതീക്ഷിതമായ ഒരു മേഖലയിലേക്കാണ് ഇവ വിരൽ ചൂണ്ടുന്നത്: മനുഷ്യന്‍റെ കുടലേക്ക്!

അനാരോഗ്യകരമായ കുടൽ ആവാസവ്യവസ്ഥയുമായി പാർക്കിൻസൺസ് രോഗത്തിനു ബന്ധമുണ്ടാകാമെന്നു സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ഗവേഷണം, ഉയർന്നുവരുന്ന കുടൽ-മസ്തിഷ്ക ബന്ധത്തിലേക്കുള്ള സാധ്യതകൾ കൂടുതൽ ശക്തമാക്കുന്നു. സന്ദേശം വ്യക്തമാണ്: ആരോഗ്യമുള്ള തലച്ചോറിലേക്കുള്ള വഴി തുടങ്ങുന്നത് വയറ്റിൽനിന്നാകാം.

കുസാറ്റിലെ സെന്‍റർ ഫോർ ന്യൂറോസയൻസ് ഡയറക്റ്റർ ഡോ. പി.എസ്. ബേബി ചക്രപാണിയുടെയും, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (എസ്‌സിടിഐഎംഎസ്ടി) ഡോ. ശ്യാം കൃഷ്ണന്‍റെയും മാർഗനിർദേശത്തിൽ ഡോ. പി.എ. അനീസ നടത്തിയ ഒരു മുൻനിര പഠനം ഈ വളർന്നുവരുന്ന മേഖലയിൽ പുതിയ വഴി വെട്ടിത്തുറക്കുന്നതാണ്. കുടലിലെ സൂക്ഷ്മജീവി സമൂഹത്തിന്‍റെ (മൈക്രോബയോം) മാപ്പിങ്ങിനപ്പുറം, പാർക്കിൻസൺസ് രോഗത്തിൽ അതിനുള്ള പ്രവർത്തനപരമായ പങ്കും ഈ പഠനത്തിൽ അന്വേഷിക്കുന്നു. ഇന്ത്യൻ ജനവിഭാഗത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ അന്വേഷണമാണിത്. വളർന്നുവരുന്ന ആഗോള ശാസ്ത്രാന്വേഷണത്തിന് വ്യത്യസ്തമായൊരു പ്രാദേശിക മാനമാണ് ഇതിലൂടെ ലഭിക്കുന്നത്.

ജർമൻ ശാസ്ത്രജ്ഞരുമായി ചേർന്ന് ഡോ. ചക്രപാണി നടത്തിയ ഗവേഷണം എലികളിലെ കുടൽ-മസ്തിഷ്ക ബന്ധമാണ് പരിശോധിച്ചതെങ്കിൽ, ഏറ്റവും പുതിയ അന്വേഷണം മനുഷ്യരിലേക്ക് കടക്കുന്നു. എസ്‌സിടിഐഎംഎസ്ടിയിലെ മൂവ്മെന്‍റ് ഡിസോർഡേഴ്സിനായുള്ള കോംപ്രിഹെൻസീവ് കെയർ സെന്‍ററിൽ ചികിത്സ തേടുന്ന 65 പാർക്കിൻസൺസ് രോഗികളെ, ആരോഗ്യമുള്ള 65 വ്യക്തികളുമായി താരതമ്യം ചെയ്തു. രോഗികളുടെ പങ്കാളികളായിരുന്നു അവരിൽ ഭൂരിപക്ഷം പേരും. താരതമ്യ പഠനത്തിന് കഴിവതും പങ്കാളികളെ തന്നെ തെരഞ്ഞെടുത്തത് പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ഏതാണ്ട് സമാന ഭക്ഷണശീലങ്ങളും ജീവിത സാഹചര്യങ്ങളും പാരിസ്ഥിതിക സമ്പർക്കങ്ങളും പങ്കിടുന്ന ഇവർ, ജീവിതശൈലി സംബന്ധമായ വ്യതിയാനങ്ങൾക്കുള്ള സാധ്യത കുറച്ച്, കൂടുതൽ അർഥവത്തായ താരതമ്യത്തിന് അടിത്തറ നൽകി.

അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ പോർട്ട്ഫോളിയോ ജേണൽ 'എൻപിജെ പാർക്കിൻസൺസ് ഡിസീസി'ൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ, രോഗികളുടെയും ആരോഗ്യമുള്ളവരുടെയും കുടൽ ബാക്റ്റീരിയ പ്രൊഫൈലുകളിൽ കാര്യമായ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ കുടലിൽ വസിക്കുന്ന ട്രില്യൺ കണക്കിന് സൂക്ഷ്മജീവികൾക്ക്, ഇതുവരെ കരുതിയിരുന്നതിലും എത്രയോ വലിയ സ്വാധീനം മസ്തിഷ്കാരോഗ്യത്തിൽ ചെലുത്താനാവുമെന്നാണ് സൂചന.

പാർക്കിൻസൺസും കുടലും

ഡോപ്പമിൻ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങൾ ക്രമേണ നശിക്കുകയും, ചലനത്തെ നിയന്ത്രിക്കുന്ന രാസ സിഗ്നലുകൾ തടസപ്പെടുകയും ചെയ്യുന്ന, ക്രമാനുഗതമായി വഷളാകുന്ന ഒരു നാഡീവ്യൂഹ രോഗമാണ് പാർക്കിൻസൺസ്. വിറയൽ, ശരീരത്തിലെ മുറുക്കം, ചലനത്തിന്‍റെ മന്ദത എന്നിവയാണ് പരിചിത ലക്ഷണങ്ങൾ. എന്നാൽ, ഈ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുൻപു തന്നെ, രോഗം അതിന്‍റെ മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയേക്കും. ചലന സംബന്ധമായ ലക്ഷണങ്ങൾ തുടങ്ങുന്നതിന് വർഷങ്ങൾക്കു മുൻപേ മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. തലച്ചോറിന്‍റെ ആരോഗ്യത്തിൽ കുടലിനുള്ള സ്ഥാനത്തെക്കുറിച്ച് ഇത്തരത്തിൽ കൗതുകകരമായ സൂചനകളാണ് പഠനത്തിലുള്ളത്.

വീക്കത്തിനു കാരണമാകാവുന്ന ബാക്റ്റീരിയകളുടെ അളവ് പാർക്കിൻസൺസ് രോഗികളിൽ കൂടുതലാണെന്നും, ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കുന്ന ഗുണകരമായ ബാക്റ്റീരിയകളുടെ അളവ് കുറവാണെന്നും കണ്ടെത്തി. കുടലിന്‍റെ ആവരണം നിലനിർത്താനും രോഗപ്രതിരോധ പ്രതികരണങ്ങൾ നിയന്ത്രിക്കാനും സഹായിക്കുന്നതാണ് ഈ സംയുക്തങ്ങൾ. ഇവയുടെ കുറവ്, കുടലിന്‍റെ സംരക്ഷണ കവചത്തെ ദുർബലമാക്കാനും വീക്കം സ്ഥിരമാകാനും പടരാനും കാരണമായേക്കും.

അതിലുപരി, പ്രത്യേക ബാക്റ്റീരിയ സംഖ്യയിലെ വ്യതിയാനങ്ങൾ, രോഗത്തിന്‍റെ തീവ്രതയുമായും മറ്റു ക്ലിനിക്കൽ സവിശേഷതകളുമായും ശക്തമായ ബന്ധം കാണിക്കുന്നു. ചലനത്തെയും മറ്റു മസ്തിഷ്ക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന രണ്ട് സുപ്രധാന രാസവസ്തുക്കളായ ഡോപ്പമിൻ, ഗ്ലൂട്ടമേറ്റ് എന്നിവ ഉൾപ്പെട്ട പാതകളിലൂടെ ഈ സൂക്ഷ്മജീവികൾ രോഗത്തിന്‍റെ പുരോഗതിയെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു.നിർദേശിക്കുന്നു. ബയോഇൻഫൊർമാറ്റിഷ്യന്മാർ, മൈക്രോബയോളജിസ്റ്റുകൾ, ബയോടെക്നോളജിസ്റ്റുകൾ എന്നിവരടങ്ങിയ ബഹുവിഷയ സംഘത്തിന്‍റെ പിന്തുണയോടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

എന്തുകൊണ്ട് കേരളം

ഭക്ഷണം, പ്രായം, ലിംഗഭേദം, ജീവിതശൈലി, ജനിതക പശ്ചാത്തലം എന്നിവയാൽ രൂപപ്പെടുന്ന സവിശേഷമായ ഒരു സൂക്ഷ്മജീവി മുദ്രയാണ് കുടൽ ബാക്റ്റീരിയകൾ വഹിക്കുന്നത്. അതുകൊണ്ട്, വയറ്റിലെത്തുന്നതെന്തോ അത് മനുഷ്യശരീരത്തിൽ ഏറെ മുകളിൽ സംഭവിക്കുന്ന കാര്യങ്ങളെ വരെ സ്വാധീനിച്ചേക്കും. വിവിധ രാജ്യങ്ങളിലെ പഠനങ്ങൾ പാർക്കിൻസൺസുമായി ബന്ധപ്പെട്ട ബാക്റ്റീരിയ സവിശേഷതകൾ തിരിച്ചറിയാതിരുന്നതിനു കാരണം ഭക്ഷണശീലങ്ങളിലെയും ജീവിതരീതികളിലെയും പ്രാദേശിക വ്യത്യാസങ്ങളാവാം.

ഇവിടെയാണ് ഇന്ത്യൻ പഠനത്തിന്‍റെ പ്രസക്തി. മുൻകാല അന്വേഷണങ്ങൾ പ്രധാനമായും പാശ്ചാത്യ, കിഴക്കൻ ഏഷ്യൻ ജനവിഭാഗങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ, ദക്ഷിണേഷ്യക്കാർക്ക് കാര്യമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. കേരളത്തിലെ ജനവിഭാഗത്തിനു പ്രത്യേകമായി ബാക്റ്റീരിയ രീതികൾ തിരിച്ചറിയുന്നതു വഴി, രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള ലളിതമായ പരിശോധനകൾ വികസിപ്പിക്കാൻ സഹായിച്ചേക്കും. കുടലിന്‍റെ ആരോഗ്യം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ചികിത്സകൾക്ക് വഴിതുറക്കാനും ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇതിപ്പോഴും പ്രതീക്ഷ നൽകുന്ന സാധ്യത മാത്രമായാണ് ഗവേഷകർ കാണുന്നത്, അടിയന്തര ക്ലിനിക്കൽ ട്രയലായല്ല.

ഓർമയെ ഉലയ്ക്കുന്ന കുടൽ

ന്യൂറോ സയന്‍റിസ്റ്റ് ബേബി ചക്രപാണിയുടെ നേതൃത്വത്തിലുള്ള മുൻ പഠനം, ജൈവികമായ ഈ ആന്തരിക വിനിമയത്തിലേക്ക് കൗതുകകരമായ ഒരു ഉൾക്കാഴ്ച നേരത്തേതന്നെ നൽകിയിരുന്നു. 14 ദിവസത്തെ ബ്രോഡ്-സ്പെക്ട്രം ആന്‍റിബയോട്ടിക് കോഴ്സിലൂടെ, എലികളിൽ ഗവേഷകർ കുടൽ ഡിസ്ബയോസിസ് (സൂക്ഷ്മജീവി സന്തുലനത്തിലെ തകരാറ്) സൃഷ്ടിച്ചു. തുടർന്നു നടത്തിയ പെരുമാറ്റ പരിശോധനകളിൽ ശ്രദ്ധേയമായ ഒരു ഘടന വെളിപ്പെട്ടു: ഹ്രസ്വകാല ഓർമ ഏറെക്കുറെ കേടുകൂടാതെ നിന്നപ്പോൾ, ദീർഘകാല ഓർമ ഗണ്യമായി കുറഞ്ഞു.

മസ്തിഷ്കത്തിലെ ഹിപ്പോക്കാംപസിൽ കേന്ദ്രീകരിച്ചിരിക്കുന്ന പ്രക്രിയയായ ദീർഘകാല ഓർമ രൂപീകരണത്തിലായിരുന്നു ഏറ്റവും കൂടുതൽ തകരാറ്. കുടലിലെ തകരാറുകൾ, മസ്തിഷ്കത്തിലെ രോഗപ്രതിരോധ കോശങ്ങളെ ഉണർത്തി, നാഡീ ശൃംഖലകളെ തകരാറിലാക്കുന്ന വീക്കസംബന്ധമായ പ്രതികരണങ്ങൾക്ക് തുടക്കമിടുന്നത് എങ്ങനെയെന്നും ഗവേഷകർ പരിശോധിച്ചു.

ഓർമയും ചിന്താശേഷിയും മുതൽ പാർക്കിൻസൺസുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ വരെ, കുടലിന്‍റെ ആരോഗ്യം മസ്തിഷ്കത്തെ എങ്ങനെ സ്വാധീനിക്കാമെന്നതിലേക്ക് ഈ രണ്ടു പഠനങ്ങളും കൗതുകകരമായ ഒരു ജാലകം തുറക്കുന്നു. പരിചിതമായ ഒരു സന്ദേശം അവ ശാസ്ത്രീയമായി ആവർത്തിക്കുകയും ചെയ്യുന്നു: നാരുകൾ ധാരാളമുള്ള ഭക്ഷണം, പതിവായ വ്യായാമം, മതിയായ ഉറക്കം എന്നിവ കുടലിന്‍റെ ആരോഗ്യം ഉറപ്പാക്കും.

ഒറ്റപ്പെട്ട അവയവങ്ങളുടെ വെറുമൊരു ശേഖരമല്ല മനുഷ്യശരീരം. ലക്ഷണങ്ങൾ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന് ഏറെ അകലെ, വ്യവസ്ഥകൾ തമ്മിൽ നടത്തുന്ന സങ്കീർണമായൊരു വിനിമയമാണത്. കേവലം ദഹനത്തിന്‍റെ ചൂളയെന്നു പണ്ട് തള്ളിക്കളഞ്ഞിരുന്ന കുടൽ, മസ്തിഷ്കാരോഗ്യത്തിൽ ഒരു പ്രധാന പങ്കാളിയായി ഇപ്പോൾ തിരിച്ചറിയപ്പെടുന്നു. വാർധക്യം ബാധിക്കുന്ന കേരളത്തിൽ, ഈ കണ്ടെത്തൽ ശാസ്ത്രീയ കൗതുകത്തിനപ്പുറമുള്ള പരിഗണന അർഹിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യം ഉറപ്പാക്കാൻ ആദ്യം കുടലിനെ നന്നായി സംരക്ഷിക്കണം എന്ന തിരിച്ചറിവാണ് ആവശ്യം.