"ഗതി ശക്തി' മനോഭാവം:
പൗരന് പ്രഥമസ്ഥാനം,
ഫലപ്രാപ്തിക്ക് മുന്‍ഗണന
രാജീവ് ഗൗബ
കേന്ദ്രത്തിലും സംസ്ഥാനത്തിലും ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്‍റുകളുടെ മേധാവി എന്ന നിലയില്‍, തന്‍റെ 25 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ നരേന്ദ്ര മോദി അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ വ്യാപ്തിയിലും ഗുണനിലവാരത്തിലും വലിയൊരു മുന്നേറ്റത്തിന് നേതൃത്വം നല്‍കി; ആദ്യം ഗുജറാത്തിലും പിന്നീട് രാജ്യത്തുടനീളവും.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണകാലത്ത് റോഡുകള്‍, വൈദ്യതി, തുറമുഖങ്ങള്‍, ഗതാഗത- വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എന്നിവയില്‍ ഗുജറാത്ത് കൈവരിച്ച പരിവര്‍ത്തനം ആ സംസ്ഥാനത്തിന്‍റെ വികസന ചരിത്രത്തിലെ സുപ്രധാന ഏടായി. ദേശീയതലത്തിലാകട്ടെ, അടിസ്ഥാനസൗകര്യ മേഖലയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. വിമാനത്താവളങ്ങളുടെ ശൃംഖല 2014ലെ 74ല്‍ നിന്ന് 165ലധികമെന്ന കണക്കെ ഇരട്ടിയിലധികമായി വർധിച്ചു. ഇതില്‍ പലതും ലോകത്തെ തന്നെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്ക കാലത്ത് ഞാന്‍ സേവനമനുഷ്ഠിച്ച ചില സ്ഥലങ്ങളായ ദര്‍ഭംഗ, ഗയ തുടങ്ങിയ ചെറു പട്ടണങ്ങളെപ്പോലും ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ച് ദിവസേനയുള്ള വിമാന സര്‍വീസുകള്‍ ഇന്ന് കാണാം.
ചരക്കു ഗതാഗതത്തിനായി മാത്രമുള്ള പ്രത്യേക റെയ്ല്‍ പാതകള്‍, റെയ്‌ല്‍വേ വൈദ്യുതീകരണം, വന്ദേ ഭാരത് ട്രെയ്‌നുകള്‍ നല്‍കുന്ന മികച്ച യാത്രാനുഭവം, പുനര്‍വികസിപ്പിച്ച റെയ്‌ല്‍വേ സ്റ്റേഷനുകള്‍ എന്നിവയിലൂടെ റെയ്‌ല്‍വേ സംവിധാനം വന്‍ വളര്‍ച്ചയ്ക്കും നവീകരണത്തിനും സാക്ഷ്യം വഹിച്ചു. ദേശീയ പാതകള്‍ ഗണ്യമായി വികസിക്കുകയും പുതിയ അതിവേഗ പാതകള്‍, തുറമുഖങ്ങള്‍, മെട്രൊ സംവിധാനങ്ങള്‍ എന്നിവ രാജ്യത്തിന്‍റെ ഗതാഗത ശൃംഖലയുടെ ഭൂപടത്തെ തന്നെ മാറ്റിയെഴുതുകയും ചെയ്തു. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക്, മുന്‍പ് വിദേശ യാത്രകളില്‍ മാത്രം ലഭിച്ചിരുന്ന തരത്തിലുള്ള റോഡ് യാത്രാനുഭവം ആസ്വദിക്കാം.
ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് പ്രകടന റാങ്കിങ്ങില്‍ വലിയ പുരോഗതിയുണ്ടായി; 2014ല്‍ 54ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ല്‍ 38ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം, ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 7.97 ശതമാനമായി കുറഞ്ഞത് രാജ്യത്തിന്‍റെ സാമ്പത്തിക മത്സരശേഷി വർധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ കാണുന്ന ഈ മാറ്റങ്ങള്‍ സ്വാഭാവികമായും വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും, മോദിയുടെ ഭരണകാലത്ത് ഉണ്ടായ ഏറ്റവും കാതലായ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും അവ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലുമുള്ള മൗലികമായ മാറ്റം തന്നെയാണ്.
മുമ്പ്, അടിസ്ഥാനസൗകര്യ വികസനത്തില്‍ ഓരോ മന്ത്രാലയവും വകുപ്പും ഏജന്‍സിയും ഗവണ്മെന്‍റിന്‍റെ വിവിധ തലങ്ങളും തങ്ങളുടെ പദ്ധതികള്‍ വെവ്വേറെ നടപ്പിലാക്കുന്ന രീതിയായിരുന്നു. എന്നാല്‍, സാധാരണ പൗരന്മാരോ ബിസിനസ് സംരംഭങ്ങളോ അടിസ്ഥാന സൗകര്യങ്ങളെ വകുപ്പുകളുടെ അടിസ്ഥാനത്തിലല്ല കാണുന്നത്. ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നയാളായാലും, വിളകള്‍ വിപണിയിലേക്ക് കൊണ്ടുപോകുന്ന കര്‍ഷകരായാലും, വിതരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഒരു നിർമാതാവായാലും; ഇവര്‍ക്കെല്ലാം റോഡുകള്‍, റെയ്‌ല്‍വേ, തുറമുഖങ്ങള്‍, ജലസേചനം, വൈദ്യുതി എന്നിവയെല്ലാം ഒരൊറ്റ സംയോജിത സംവിധാനമായാണ് അനുഭവപ്പെടുന്നത്. ഈ ശൃംഖലയിലെ ഒരു കണ്ണിയെങ്കിലും ദുര്‍ബലമാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍, മറ്റു നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടങ്ങളും ജീവിതസൗകര്യങ്ങളും തകരാറിലാകുന്നു.
ഒരു ഹൈവേയുടെ അരികിലുള്ള തുറമുഖത്ത് തിരക്ക് മൂലം തടസങ്ങളുണ്ടെങ്കില്‍ ആ ഹൈവേ കൊണ്ട് വലിയ പ്രയോജനമില്ല. വിശ്വസനീയമായ വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ഒരു വ്യവസായ പാര്‍ക്കിന് അതിന്‍റെ പൂർണ ശേഷി കൈവരിക്കാനാവില്ല; അത് സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് മികച്ച ഗതാഗത- വാര്‍ത്താവിനിമയ ബന്ധങ്ങളില്ലെങ്കില്‍ ഒരു പുതിയ വിമാനത്താവളത്തിന് അതിന്‍റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയില്ല.
എന്‍റെ അനുഭവത്തില്‍, അടിസ്ഥാന സൗകര്യ ഭരണനിർവഹണത്തിലെ പ്രതിസന്ധികള്‍ പലപ്പോഴും ഒറ്റപ്പെട്ട ഏതെങ്കിലും ഒരു തെറ്റായ തീരുമാനത്തില്‍ നിന്നല്ല ഉണ്ടാകുന്നത്. വ്യക്തിഗതമായി ശരിയെന്ന് തോന്നുന്ന, എന്നാല്‍ ഉദ്ദേശിച്ച ഫലത്തിലേക്ക് എത്തിച്ചേരാത്ത ഒന്നിലധികം തീരുമാനങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് അവയുണ്ടാകുന്നത്. നരേന്ദ്ര മോദിക്ക് ഇത് ഉള്‍ക്കാഴ്ചയോടെ മനസിലാക്കാന്‍ സാധിച്ചിരുന്നു.
ഒരു നിശ്ചിത പദ്ധതി നടപ്പിലാക്കുന്ന വകുപ്പിന്‍റെ കാഴ്ചപ്പാടിലൂടെ മാത്രം അടിസ്ഥാന സൗകര്യങ്ങളെ കാണുന്നതിന് പകരം, അത് കൈവരിക്കേണ്ട വലിയ ഫലപ്രാപ്തിയിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫലാധിഷ്ഠിതവും പൗരകേന്ദ്രീകൃതവുമായ ഈ കാഴ്ചപ്പാട് അദ്ദേഹത്തിന്‍റെ ഭരണരീതിയുടെ പ്രധാന സവിശേഷതയാണ്.
ഈ സമീപനത്തിന്‍റെ തുടക്കം ഗുജറാത്തിലെ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് തന്നെ കാണാം. അവിടെ, വിവിധ പ്രദേശങ്ങളുടെ പ്രത്യേക ആവശ്യങ്ങളും അവയെ പിന്തുണയ്ക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തുകൊണ്ടായിരുന്നു അടിസ്ഥാന സൗകര്യ ആസൂത്രണം നടത്തിയത്. പ്രഗതി പഥ്, പ്രവാസി പഥ്, വികാസ് പഥ്, കിസാന്‍ പഥ് തുടങ്ങിയ പദ്ധതികള്‍ വ്യത്യസ്തമായ ഗതാഗത- വിവരവിനിമയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തവയാണ്. ധൊലേര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് റീജ്യന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക നിക്ഷേപ മേഖലകളുടെ വികസനം, വലിയ സാമ്പത്തിക കേന്ദ്രങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചു. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു, അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ എവിടെയാണ്, വ്യവസായങ്ങള്‍ എവിടെ വളരാന്‍ സാധ്യതയുണ്ട്, ചരക്കുകള്‍ എങ്ങനെ നീങ്ങണം ഇവയെല്ലാം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു മോദിയുടെ കാഴ്ചപ്പാട്.
മോദിയുടെ സമീപനത്തിന്‍റെ പ്രധാനപ്പെട്ട മറ്റൊരു തലം സാങ്കേതികവിദ്യയുടെ ഉപയോഗമായിരുന്നു. ഗുജറാത്തില്‍, 'ബിസാഗ്' വഴി ഉപഗ്രഹ അധിഷ്ഠിത ആപ്ലിക്കേഷനുകള്‍, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, സ്‌പേഷ്യല്‍ പ്ലാനിങ് എന്നിവയില്‍ വിപുലമായ ശേഷികള്‍ വികസിപ്പിച്ചെടുത്തു. ഭൂമി, റോഡുകള്‍, ജല സ്രോതസുകള്‍, ജനവാസ കേന്ദ്രങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച്, സംസ്ഥാനത്തിന്‍റെ ഭൗതിക ഭൂപ്രകൃതിയിലൂടെ വികസനത്തെ നോക്കിക്കാണാന്‍ ജിയോസ്പേഷ്യല്‍ വിവരങ്ങള്‍ സഹായിച്ചു.
ഈ പശ്ചാത്തലത്തിലാണ് ദേശീയതലത്തില്‍ ഗതി ശക്തിയുടെ തുടക്കം സാധ്യമായത്. ഗുജറാത്തില്‍ നിലനിന്ന സംവിധാനത്തിന്‍റെ ഒരു പകര്‍പ്പ് എന്നതിലല്ല ഇതിന്‍റെ പ്രാധാന്യം. ഭൂമിശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പരസ്പരബന്ധിതമായി കാണുന്ന ഭരണപരമായ ഉള്‍ക്കാഴ്ച ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തു എന്നതിലാണ്.
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയെ ഒന്നിപ്പിച്ച് സംയോജിത ആസൂത്രണവും ഏകോപിപ്പിച്ചുള്ള പദ്ധതി നിർവഹണവും ഉറപ്പാക്കുന്ന "മുഴുവന്‍ ഭരണ സംവിധാനത്തിന്‍റെയും സമഗ്രമായ സമീപനം' സാധ്യമാക്കാന്‍ ഗതി ശക്തിക്ക് കഴിഞ്ഞു.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നേക്കാം. ഗതി ശക്തിക്ക് മുന്‍പ് വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നില്ലേ? തീര്‍ച്ചയായും ഉണ്ടായിരുന്നു. എന്നാല്‍ ഗവണ്‍മെന്‍റുകള്‍ പരമ്പരാഗതമായി പിന്തുടര്‍ന്നുപോന്ന ഏകോപന രീതിയും, ഗതി ശക്തി ഒരു സ്ഥാപനവല്‍കൃത രീതിയായി മാറ്റാന്‍ ശ്രമിക്കുന്ന സമീപനവും തമ്മില്‍ വ്യത്യാസമുണ്ട്.
പരമ്പരാഗതമായി, വകുപ്പുകള്‍ തമ്മിലുള്ള ആശ്രയത്വം ഒരു പ്രശ്‌നമായി മാറിയ ശേഷമാണ് ഏകോപനം ആരംഭിച്ചിരുന്നത്. ഒരു റോഡിന് റെയ്‌ല്‍വേ ക്രോസിങ് ആവശ്യമായി വരുന്നു; റോഡിന്‍റെ ദിശയുമായി ഒരു പൈപ്പ് ലൈന്‍ തടസമുണ്ടാക്കുന്നു; ഒരു പദ്ധതിക്ക് മറ്റൊരു അധികാരിയില്‍ നിന്ന് അനുമതി ആവശ്യമായി വരുന്നു. തുടര്‍ന്ന് വകുപ്പുതല യോഗം വിളിച്ചുചേര്‍ക്കുകയും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗതി ശക്തി ഈ ഏകോപനത്തെ ആസൂത്രണ ഘട്ടത്തിലേക്ക് തന്നെ മുന്‍കൂട്ടി കൊണ്ടുവരുന്നു.
പദ്ധതികള്‍ രൂപരേഖാ ഘട്ടത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ആസൂത്രകര്‍ തടസങ്ങൾ തിരിച്ചറിയുന്നു. ഒരു റോഡ് രൂപകല്‍പ്പന ചെയ്യുന്നതിന് മുന്‍പ്, ആ പാതയിലൂടെ മറ്റെന്തൊക്കെ പദ്ധതികളാണ് വരാന്‍ പോകുന്നത്? ഒരു വ്യവസായ കേന്ദ്രം വിജ്ഞാപനം ചെയ്യുന്നതിന് മുന്‍പ് അതിന് ആവശ്യമായ റെയ്ല്‍, റോഡ്, വൈദ്യുതി, ജലം, ലോജിസ്റ്റിക്‌സ് ബന്ധങ്ങള്‍ എന്തൊക്കെയാണ്? ഒരു തുറമുഖം വിശാലമായ പ്രദേശത്തിന് സേവനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അതിന്‍റെ ഉള്‍പ്രദേശങ്ങളുമായി അത് എങ്ങനെ ബന്ധിപ്പിക്കപ്പെടും, ഒരു പദ്ധതി പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ മറ്റൊന്നു കൂടി തയ്യാറാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ എങ്ങനെ ക്രമീകരിക്കാം എന്നിവയെല്ലാം ഇതിലൂടെ ആസൂത്രണം ചെയ്യുന്നു.
ഇത് പദ്ധതിച്ചെലവുകള്‍ പരമാവധി കുറയ്ക്കാനും, ദൂരവും ഭൂമിയേറ്റെടുക്കല്‍ ആവശ്യകതകളും വനഭൂമിയുടെ ഉപയോഗവും ലഘൂകരിക്കാനും സഹായിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹായിച്ചു.
ഗതി ശക്തിക്ക് കീഴില്‍ രൂപീകരിച്ച നെറ്റ്‌വര്‍ക്ക് പ്ലാനിങ് ഗ്രൂപ്പ് ഈ സമീപനത്തിന് ശക്തമായ ഭരണസംവിധാനം നല്‍കുന്നു. പ്രധാനമന്ത്രി ഗതി ശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാന്‍ 3,291ലധികം ഡാറ്റാ ലെയറുകള്‍ ഉപയോഗപ്പെടുത്തി 58 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള അടിസ്ഥാന സൗകര്യ വികസന ആസൂത്രണത്തെ സംയോജിപ്പിച്ചിരിക്കുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ച്, മൊത്തം 18 ലക്ഷം കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന 396 അടിസ്ഥാനസൗകര്യ പദ്ധതികള്‍ നെറ്റ്‌വര്‍ക്ക് പ്ലാനിങ് ഗ്രൂപ്പ് സംവിധാനത്തിലൂടെ വിലയിരുത്തിക്കഴിഞ്ഞു.
ഇപ്പോള്‍, ഗതി ശക്തി കേവലം ഗതാഗത- അടിസ്ഥാനസൗകര്യ മേഖലകള്‍ക്കും അപ്പുറത്തേക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നു. 10 ലക്ഷത്തിലധികം അങ്കണവാടി കേന്ദ്രങ്ങള്‍ ഇതിനോടകം മാപ്പ് ചെയ്തുകഴിഞ്ഞു; പുതിയ സ്‌കൂളുകള്‍ ആവശ്യമായ, എന്നാല്‍ സൗകര്യങ്ങള്‍ കുറഞ്ഞ പ്രദേശങ്ങള്‍ കണ്ടെത്താൻ ചില സംസ്ഥാനങ്ങള്‍ സംസ്ഥാനതല പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നുമുണ്ട്.
ഗതി ശക്തിയെ കേവലമൊരു അടിസ്ഥാനസൗകരണ പരിഷ്‌കരണമായി വിശേഷിപ്പിക്കാമെങ്കിലും അതിലും വലിയ ഒന്നാണത്. ഗവണ്‍മെന്‍റുകള്‍ പൊതുനിക്ഷേപങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിലുണ്ടായ കൂടുതല്‍ മൗലികമായ മാറ്റത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഗതി ശക്തിയിലൂടെ നരേന്ദ്ര മോദി പ്രവര്‍ത്തനരീതിയെ മാത്രമല്ല മാറ്റിയത്, പൊതുനിക്ഷേപം നടത്തുന്നതിനെക്കുറിച്ചുള്ള ഭരണപരമായ മനോഭാവത്തില്‍ തന്നെയാണ് മാറ്റം കൊണ്ടുവന്നത്.
ഈ സമീപനത്തിന്‍റെ സാമ്പത്തിക പ്രാധാന്യം ഇന്നത്തെ സാഹചര്യത്തില്‍ എടുത്തുപറയണം. ആഗോള വിപണികളില്‍ ഇന്ത്യന്‍ ബിസിനസുകള്‍ മത്സരിക്കുമ്പോള്‍ ലോജിസ്റ്റിക്‌സ് ചെലവുകള്‍, വിശ്വാസ്യത, ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സമയം എന്നിവയെല്ലാം ഒരു ഉത്പന്നത്തിന്‍റെ അന്തിമ വിലയെ സ്വാധീനിക്കുന്നു. ഇന്ത്യ പുതിയ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടുകയും ആഗോള വിതരണ ശൃംഖലകളില്‍ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, അസംസ്‌കൃത വസ്തുക്കളും അന്തിമ ഉത്പന്നങ്ങളും കാര്യക്ഷമമായി എത്തിക്കാനുള്ള ശേഷി രാജ്യത്തിന്‍റെ മത്സരശേഷിയുടെ പ്രധാന ഭാഗമായി മാറുന്നു. അതിനാല്‍ ലോജിസ്റ്റിക്‌സ് ചെലവുകള്‍ കുറയ്ക്കുക എന്നത് റോഡുകള്‍, റെയ്‌ല്‍വേ, തുറമുഖങ്ങള്‍, ജലപാതകള്‍, വെയര്‍ഹൗസുകള്‍, വ്യവസായ മേഖലകള്‍ എന്നിവ സംയോജിതമായി ആസൂത്രണം ചെയ്യുന്ന രീതിയില്‍ നിന്ന് വേര്‍പെടുത്തി കാണാനാവില്ല.
നിർവഹണ ഘട്ടത്തില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കല്‍, നിയമ അനുമതികള്‍, സേവന ശൃംഖലകള്‍ മാറ്റുന്നത്, ക്രമസമാധാനം, വിവിധ മന്ത്രാലയങ്ങള്‍ തമ്മിലും കേന്ദ്ര- സംസ്ഥാന ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പദ്ധതികള്‍ അവലോകനം ചെയ്യാനും നിർവഹണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിതരണം വേഗത്തിലാക്കാനും ബന്ധപ്പെട്ട അധികാരികളെ ഒന്നിപ്പിച്ചുകൊണ്ട് ഇത്തരം വെല്ലുവിളികളെ കൃത്യമായി നേരിടാനാണ് "പ്രഗതി' ആവിഷ്‌കരിച്ചത്.
മുമ്പ് വ്യക്തിഗത പദ്ധതികളെക്കുറിച്ചുള്ള ഇത്തരമൊരു വന്‍തോതിലുള്ള നിരീക്ഷണം ഗവണ്മെന്‍റിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍, അതായത് പ്രധാനമന്ത്രിയുടെ തലത്തില്‍ ഉണ്ടായിരുന്നില്ല. പദ്ധതികള്‍ മന്ത്രാലയങ്ങള്‍, പൊതുവെ ഉദ്യോഗസ്ഥ തലത്തിലോ ചിലപ്പോള്‍ മന്ത്രിതലത്തിലോ ആണ് അവലോകനം ചെയ്തിരുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങളിലെയും അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഒരൊറ്റ പോര്‍ട്ടലില്‍ അവലോകനം ചെയ്തിരുന്നില്ല. "പ്രഗതി'യിലൂടെ പ്രതിമാസം 2,530 പദ്ധതികള്‍ പ്രധാനമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്നു. ഇതില്‍ കേന്ദ്ര ഗവണ്മെന്‍റിന്‍റെ എല്ലാ സെക്രട്ടറിമാരും സംസ്ഥാന ചീഫ് സെക്രട്ടറിമാരും പങ്കെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഈ തുടര്‍ച്ചയായ ശ്രദ്ധ പദ്ധതി നിർവഹണത്തിന് പുതിയൊരു വേഗതയും ഉത്തരവാദിത്തവും നല്‍കി.
വ്യക്തിഗത പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുറമെ, അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്യാനും, നിയമങ്ങളിലോ നിയന്ത്രണങ്ങളിലോ പരിഷ്‌കാരങ്ങള്‍ വരുത്താനും മോദി അഭിപ്രായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. ഇതുവഴി സംവിധാനത്തിലാകെ പുരോഗതിയുണ്ടാവുകയും കാലതാമസത്തിന്‍റെ മൂലകാരണങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.
ഗതിശക്തിയും പ്രഗതിയും ചേര്‍ന്ന് ഭരണ നിർവഹണത്തോടുള്ള മോദിയുടെ സമീപനത്തിന്‍റെ ഒരു പ്രധാന സവിശേഷത വ്യക്തമാക്കുന്നു: ഒരു വ്യക്തിഗത പദ്ധതിയെ തടസപ്പെടുത്താന്‍ കഴിയുന്ന പ്രത്യേക തടസങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുമ്പോള്‍ തന്നെ വലിയൊരു സംവിധാനത്തെ മൊത്തത്തില്‍ കാണാനുള്ള ശേഷിയാണത്. ആത്യന്തികമായി, പൊതുജീവിതത്തിലെ മോദിയുടെ 25 വര്‍ഷങ്ങളുടെ പ്രാധാന്യം, നിർമിക്കപ്പെട്ട ഭൗതിക ആസ്തികളില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഗവണ്മെന്‍റിന്‍റെ ചിന്താഗതിയെ തന്നെ അദ്ദേഹം എങ്ങനെ പുനര്‍നിർമിച്ചു എന്നതിലാണ്.
(നിതി ആയോഗ് അംഗവും മുന്‍ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ലേഖകന്‍)