ജെൻസൺ ഹുവാങ്  ആലീസ് ഹുവാങ്ങിനൊപ്പം

 
Special Story

"ഭാര്യയോട് വിശ്വാസവഞ്ചന കാണിച്ചു, മാപ്പ് ചോദിക്കുന്നു"; ചൈനീസ് ചാരവനിതയുമായുള്ള ബന്ധം സമ്മതിച്ച് എൻവിഡിയ സിഇഒ

കുടുംബത്തോടും ജീവനക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന ആമുഖത്തോടെയാണ് ഹുവാങ് ഇമെയിൽ അയച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ചൈനീസ് ചാരവനിതയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് യുഎസ് കമ്പനിയായ എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്. കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഹുവാങ് ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന കമ്പനിയുടെ മുൻ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്ന ആലീസ് ഹുവാങ്ങുമായാണ് സിഇഒക്ക് ബന്ധം ഉണ്ടായിരുന്നത്. അത്യാധുനിക ചിപ്പുകൾ നിർമിക്കുന്ന എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായുള്ള ഹുവാങ്ങുമായുള്ള ബന്ധത്തിലൂടെ പല നിർണായക വിവരങ്ങളും ചോർന്നിരിക്കാം എന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.

കുടുംബത്തോടും ജീവനക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന ആമുഖത്തോടെയാണ് ഹുവാങ് ഇമെയിൽ അയച്ചിരിക്കുന്നത്.

''ഞാൻ എന്‍റെ ഭാര്യയോട് വിശ്വാസവഞ്ചന കാണിച്ചു. എന്‍റെ പ്രവൃത്തികൾ അവളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും വേദനിപ്പിച്ചു. ഞാൻ ചെയ്തതിനു യാതൊരു ന്യായീകരണവും ഇല്ല. അഗാധമായി മാപ്പ് ചോദിക്കുന്നു.എന്‍റെ ജീവിതത്തിൽ ഉടനീളം കുടുംബം എനിക്ക് സ്നേഹവും പിന്തുണയും നൽകിയിരുന്നു. അവർ എന്‍റെ വിശ്വസ്തതയും ആത്മാർഥയും അർഹിക്കുന്നുണ്ട്. പക്ഷേ ഞാനവരെ തകർത്തു. ഒരുമിച്ചു പടുത്ത ജീവിതം നശിപ്പിച്ചു. ഞാൻ ചെയ്തു കൂട്ടിയതിന്‍റെയും അതു മൂലമുണ്ടായ വേദനയുടെയും ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു. അതിന്‍റെ പേരിലുള്ള വിമർശനങ്ങളെയും ഞാൻ സ്വീകരിക്കുന്നു.

എന്‍റെ ഭാര്യയോടും കുടുംബത്തോടും: ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. മാപ്പ് ചോദിച്ചതു കൊണ്ട് ഞാൻ ചെയ്തതൊന്നും ഇല്ലാതാകുന്നില്ലെന്ന് എനിക്കറിയാം. കാലം കഴിയുമ്പോൾ നമ്മുടെ കുടുംബം ഈ വേദനയെ അതിജീവിക്കുമെന്നും നിങ്ങളുടെ വിശ്വാസം നേടാൻ എനിക്ക് സാധിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ദശാബ്ദങ്ങളോളമായി എനിക്കൊപ്പം എൻവിഡിയയിൽ എനിക്കൊപ്പം ജോലി ചെയ്തിരുന്ന എന്‍റെ സഹപ്രവർത്തകരോട്, ബോർഡിനോട്, കമ്പനി പങ്കാളികളോട്, ലോകത്തെങ്ങുമുള്ള ഓഹരി ഉടമകളോട്, നിങ്ങളെല്ലാം എന്നിൽ നിന്ന് ഇതിലും മികച്ചത് അർഹിച്ചിരുന്നു.''

എൻവിഡിയയെ നയിക്കുക എന്നത് ജീവിതത്തിലെ സവിശേഷമായ കാര്യമായിരുന്നു. ഉത്തരവാദിത്തത്തിൽ വീഴ്ച പറ്റി. എൻവിഡിയയുമായി എന്നും പ്രതിജ്ഞാബന്ധമായിരിക്കും, നിങ്ങളുടെ വിശ്വാസം നേടാൻ പ്രയത്നിക്കും. രാജ്യ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻവിഡിയ ഡയറക്റ്റർ ബോർഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആ അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും കമ്പനിയെയും രാജ്യത്തെയും സ്നേഹിക്കുന്നുവെന്നും താൻ ചെയ്തതിന്‍റെ ഉത്തരവാദിത്തം കുടുംബത്തിനില്ല, അതു കൊണ്ട് അവരുടെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിൽ ഉള്ളത്.

ജെൻസൺ ഹുവാങ്ങിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെ്നും ദേശീയ സുരക്ഷയ്ക്ക് ഇടയാക്കുന്ന യാതൊന്നും തങ്ങളിൽ നിന്ന് ചോർന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും എൻവിഡിയ ബോർഡ് പറയുന്നു. ചാരവനിത എന്നു സംശയിക്കുന്ന ആലീസ് ഹുവാങ്ങിന്‍റെ മെഗാസ്പീഡ് എന്ന കമ്പനിയുമായുള്ള ഇടപാടുകൾ സാധാരണം എന്നാണ് ബോർഡ് വിശേഷിപ്പിക്കുന്നത്.