ഫ്രാന്‍സിലെ കത്തുന്ന വിദ്യാർഥി പ്രക്ഷോഭം Burning student protests in France

 
Special Story

ഫ്രാന്‍സിലെ കത്തുന്ന വിദ്യാർഥി പ്രക്ഷോഭം

സ്‌കൂളുകളില്‍ മതിയായ അധ്യാപകരോ, കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Reena Varghese

അഡ്വ. ജി. സുഗുണന്‍

ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വിപ്ലവവീര്യം പകര്‍ന്നു നല്‍കിയ നാടാണ് ഫ്രാന്‍സ്. ഫാഷന്‍, സൗന്ദര്യം, സാഹിത്യം, സിനിമ, നാടകം, കല എന്നിവയുടെ പരീക്ഷണശാലയുമാണവിടം. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് അധികാരമേറ്റു. അദ്ദേഹത്തിനു ശേഷം രാജഭരണം വീണ്ടുമെത്തി. അധികാരം ധൂര്‍ത്തിന് വഴി മാറിയപ്പോള്‍ ജനങ്ങള്‍ വീണ്ടും വിപ്ലവത്തിലേക്ക് തിരിഞ്ഞു. 18, 19 നൂറ്റാണ്ടുകളില്‍ ഭരണവും കെടുകാര്യസ്ഥതയും വിപ്ലവവും മാറി മാറി അരങ്ങേറി. 1848ല്‍ വോട്ടവകാശം എല്ലാവര്‍ക്കും ലഭ്യമായതോടെ ജനാധിപത്യം വേരുപിടിച്ചു.

"രാജാധികാരം ദൈവദത്തമാണ്' എന്ന വാദമുയര്‍ത്തി ദുര്‍ഭരണം നടത്തിയിരുന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളാണ് ഫ്രഞ്ച് വിപ്ലവത്തിലേക്കു നയിച്ചത്. പ്രഭുക്കന്മാരും, പുരോഹിതന്മാരും ചേര്‍ന്ന് സാധാരണക്കാരെ ചൂഷണം ചെയ്തുപോന്നു. അക്കാലത്ത് ചിന്തകരായ റൂസോയും വോള്‍ട്ടെയറും ഉയര്‍ത്തിയ ആശയങ്ങള്‍ ജനതയെ ആവേശം കൊള്ളിച്ചു.

1804ല്‍ ഫ്രാന്‍സിന്‍റെ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന് ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു, വിധിയുടെ മനുഷ്യന്‍, ലിറ്റില്‍ കോര്‍പ്പറല്‍ എന്നീ അപരനാമങ്ങളുമുണ്ട്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് നിലനിന്ന അരാജകത്വവും അനിശ്ചിതാവസ്ഥയും മുതലെടുത്താണ് അദ്ദേഹം ഭരണം പിടിച്ചെടുത്തത്. ലോകം കണ്ട എക്കാലത്തെയും മികച്ച പടത്തലവന്മാരില്‍ ഒരാളായിരുന്നു നെപ്പോളിയന്‍.

ഫ്രഞ്ച് വിപ്ലവത്തിന്‍റെ ബൗദ്ധിക കേന്ദ്രങ്ങളായിരുന്നു മൊണ്ടസ്‌ക്യൂ, വോള്‍ട്ടെയര്‍, റൂസോ എന്നിവര്‍. മൊണ്ടസ്‌ക്യൂ "നിയമങ്ങളുടെ അന്തസത്ത' എന്ന പുസ്തകത്തിലൂടെ രാജഭരണത്തിലുള്ള തെറ്റുകള്‍ തുറന്നുകാട്ടി. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകന്‍ എന്നാണ് റൂസോ അറിയപ്പെട്ടത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധ ഗ്രന്ഥമാണ് "ദി സോഷ്യല്‍ കോണ്‍ട്രാക്റ്റ് '. മനുഷ്യന്‍ സ്വതന്ത്രനായാണ് പിറക്കുന്നത്. എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ് എന്നത് റൂസോയുടെ പ്രസിദ്ധമായ വാക്കുകളാണ്. ഫ്രാന്‍കോയിസ് മേരി അറവുറ്റിന്‍റെ പ്രസിദ്ധ തൂലികാ നാമമായിരുന്നു "വോള്‍ട്ടെയര്‍' എന്നത്. സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ പുതിയ രാഷ്‌ട്രീയ ബോധം ജനതയിലുണ്ടാക്കാന്‍ വോള്‍ട്ടെയര്‍ക്ക് കഴിഞ്ഞു.

ലോക രാഷ്‌ട്രീയത്തിലെ വിവിധ ധ്രുവങ്ങളെ സൂചിപ്പിക്കുന്ന "ഇടതും, വലതും' സംജ്ഞകള്‍ ഫ്രഞ്ച് വിപ്ലവകാലത്ത് ഉരുത്തിരിഞ്ഞതാണ്. 1791ല്‍ ഫ്രഞ്ച് അസംബ്ലിയില്‍ രാജഭരണത്തെ അനുകൂലിക്കുന്ന ഫൂയിലന്‍റ് വിഭാഗം ചേംബറിന്‍റെ വലതു വശത്തെ സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു. സ്വാതന്ത്ര്യവാദികളും, സോഷ്യലിസ്റ്റുകളുമായ മൊണ്ടഗ്നാര്‍ഡുകള്‍ ഇടതു വശത്തും ഇരുന്നു. ക്രമേണ ഇടതും വലതും പ്രയോഗങ്ങള്‍ ലോകവ്യപകമായി. ഫ്രഞ്ച് സെനറ്റിലും നാഷണല്‍ അസംബ്ലിയിലും ഈ ഇരിപ്പിട ക്രമീകരണം ഇപ്പോഴും തുടരുകയാണ്.

ലോകത്തെ വലിയ സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ് ഫ്രാന്‍സ്. എന്നാല്‍ മുതലാളിത്തത്തിന്‍റെ ഭാഗമായ ആഗോളവത്കരണവും പുത്തന്‍ സാമ്പത്തിക നയങ്ങയളും സാമ്രാജ്യത്വ പ്രീണനങ്ങളും എല്ലാം ഫ്രാന്‍സിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചു. സ്‌കൂളുകളില്‍ മതിയായ അധ്യാപകരോ, കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ കൂട്ടത്തോടെ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.

മുതലാളിത്ത - സാമ്പത്തിക നയങ്ങള്‍ മൂലം തകര്‍ന്നടിഞ്ഞ വിദ്യാലയങ്ങള്‍ നവീകരിക്കണമെന്നും അധ്യാപക ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വിദ്യാർഥി പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. രോഷം തെരുവിലേക്ക് പടരുന്നതോടെ 500ഓളം സ്‌കൂളുകള്‍ പൂർണമായോ, ഭാഗികമായോ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ആകെയുള്ള 3,700 വിദ്യാലയങ്ങളില്‍ 500 വരെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നതായി വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ജെഫ്രേ സമ്മതിച്ചു. വിദ്യാർഥി മുന്നേറ്റത്തെ തോക്കിന്‍ മുനയിലൂടെ അടിച്ചമര്‍ത്താനാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ വലതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്നതിനാണ് മുന്‍ഗണന എന്ന് സര്‍ക്കാര്‍ വക്താവ് മോഡ് ബ്രെഗണ്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം പാരീസിലെ പ്രാദേശിക സ്‌കൂളുകളില്‍ അധ്യാപക ക്ഷാമത്തിനെതിരേ ആരംഭിച്ച സമരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി ആളിപ്പടരുകയായിരുന്നു. 5,000ത്തോളം വിദ്യാർഥികളെയാണ് പൊലീസ് തടവിലാക്കിയത്. പ്രതിഷേധക്കാര്‍ക്ക് നേരെയെറിഞ്ഞ ഗ്രനേഡ് എടുത്തു മാറ്റുന്നതിനിടയില്‍ ഒരു കൗമാരക്കാരന്‍റെ കൈപ്പത്തി തകര്‍ന്നു. 78 അധ്യാപകര്‍ക്ക് പരിക്കേറ്റു, 24 സ്‌കൂളുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. പൊതുവിദ്യാഭ്യാസത്തെ കോര്‍പ്പറേറ്റുകള്‍ക്ക് ബലി കൊടുക്കുന്ന മാക്രോണ്‍ സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെയും, പൊലീസ് ഭീകരതയ്‌ക്കെതിരെയും വിദ്യാർഥി യൂണിയനുകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അധ്യാപക സംഘടനകളും, തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

2010നും 2024നും ഇടയ്ക്ക് ജനിച്ചവരാണ് സമരക്കാരില്‍ മഹാഭൂരിപക്ഷവും. ഈ സമരക്കാരുടെ പ്രക്ഷോഭത്തെ "ജെന്‍ ആല്‍ഫ പ്രക്ഷോഭം' എന്നാണിപ്പോള്‍ വിളിക്കുന്നത്. പാരീസില്‍ ഹൈസ്‌കൂള്‍ പഠനം അപ്പാടെ സ്തംഭിച്ചിരിക്കുകയാണ്. സെപ്തംബര്‍ 21ന് പാരീസിലെ ഹൈസ്‌കൂള്‍ വിദ്യാർഥികളാണ് ഈ പ്രതിഷേധത്തിന് തുടക്കമിട്ടത്. വിവിധ യൂണിയനുകളുടെ മുതിര്‍ന്ന വിദ്യാർഥികളും കൂടി സമരം ഏറ്റെടുത്തതോടെ അത് രാജ്യവ്യാപകമായി ആളിപ്പടര്‍ന്നു. ചില അധ്യാപക സംഘടനകളും ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി.

ക്ലാസ് മുറികളുടെ ശോച്യാവസ്ഥയ്ക്കും അധ്യാപക ക്ഷാമത്തിനുമെതിരേയാണ് വിദ്യാർഥികള്‍ സമരം തുടങ്ങിയത്. മുറികളുടെ വലുപ്പം, അധ്യാപക ക്ഷാമം, ദൈര്‍ഘ്യമേറിയ ക്ലാസ് സമയം എന്നിവയ്‌ക്കെതിരേ സംഘടിപ്പിച്ച പ്രതിഷേധ സമരം അക്രമാസക്തമായി. പാരീസില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ലില്ലേ, ലിയോണ്‍, ബോര്‍ഡോ റെന്നസ്, മാഴെ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചു. വടക്കന്‍ നഗരമായ ലില്ലേയില്‍ വിദ്യാർഥികള്‍ റോഡുകളില്‍ മാലിന്യ വീപ്പകള്‍ കൂട്ടിയിട്ട് കത്തിച്ചു, പൊലീസിനു നേരെ കല്ലുകളും കുപ്പികളും എറിയുകയും ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പരസ്യ ബോര്‍ഡുകളും തകര്‍ത്തതോടെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജുമൊക്കെ നടത്തി.

രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയുള്ള ക്ലാസ് സമയം കഠിനമാണെന്നും ഉറങ്ങുന്നതിനേക്കാള്‍ കൂടുതല്‍ സമയം പഠനത്തിനായി നീക്കി വയ്‌ക്കേണ്ടി വരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികള്‍ തെരുവിലിറങ്ങിയത്. ദരിദ്ര മേഖലകളിലെ സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരേ പാരീസ് പ്രാന്ത പ്രദേശമായ സീന്‍- സെന്‍റ്- ഡെനിസില്‍ നടന്ന മാര്‍ച്ചില്‍ മേയര്‍ ബാലി ബഗായോ കോയിങ് വിദ്യാർഥികള്‍ക്കൊപ്പം പങ്കുചേര്‍ന്നു. സര്‍ക്കാരിന്‍റെ ബജറ്റ് വെട്ടിച്ചുരുക്കലുകള്‍ക്കെതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കലിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്‌കൂള്‍ വിദ്യാർഥികളുടെ സമരം. പ്രാഥമിക സ്‌കൂളുകളിലെ 50 ശതമാനത്തോളം അധ്യാപകരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിയില്‍ നിന്നും വിട്ട് നിന്നിരുന്നു. ഒരു ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥയ്ക്കും, അധ്യാപക ക്ഷാമത്തിനുമെതിരേ സമരം ചെയ്ത 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായ അടിച്ചമര്‍ത്തല്‍ നടത്തുകയാണെന്ന് വിദ്യാർഥി യൂണിയന്‍ (യുഎസ്എല്‍) പ്രസിഡന്‍റ് റിയാദ് റാണി കുറ്റപ്പെടുത്തി. പ്രധാന അധ്യാപക സംഘടനയായ എഫ്എസ്‌യുവും വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് വഴി മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണു വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നടപടി ക്രൂരവും വംശീയ അധിക്ഷേപം നിറഞ്ഞതുമാണെന്ന് ഇടതു പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോവ്ഡ് നേതാവ് ജീന്‍ ലുക്ക് മെലന്‍ ഷോണ്‍ പറഞ്ഞു.

പൊലീസിന്‍റെ മര്‍ദനമുറകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാൻ അധ്യാപകരും രക്ഷിതാക്കളും തെരുവിലിറങ്ങി മനുഷ്യ ചങ്ങല തീര്‍ത്തു. വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറച്ച സര്‍ക്കാരിന്‍റെ നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഇടതുപക്ഷ നേതാവും പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ജീന്‍ ലുക്ക് മെലന്‍ഷോണ്‍ കുറ്റപ്പെടുത്തി. വിദ്യാർഥി പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം പൊലീസ് മര്‍ദ്ദനത്തെ അപലപിച്ചു. സമരം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ പ്രധാനമന്ത്രി മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ റദ്ദാക്കി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി അധ്യാപക സംഘനടകളുമായും വിദ്യാർഥി പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടനകള്‍.

ഈ വിദ്യാർഥി പ്രക്ഷോഭത്തെ കായികമായി അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരാഴ്ച്ചയ്ക്കിടെ മാത്രം 5,000ത്തോളം പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തീവ്ര ഇടതുപക്ഷ സംഘടനകള്‍ വിദ്യാർഥികളെ സ്വാധീനിക്കുകയാണെന്ന പതിവ് ആരോപണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചു ഫ്രാന്‍സിലെ വിദ്യാർഥി സമരം ശക്തമായി മുന്നോട്ട് നീങ്ങുകയാണ്.

വന്‍കിട മുതലാളിത്ത - സാമ്രാജ്യത്വ രാജ്യങ്ങളിലടക്കം ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളില്‍ വിദ്യാർഥി - യുവജന പ്രക്ഷോഭങ്ങള്‍ ശക്തമായി നടക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ അടുത്തു നടന്ന ചെറുപ്പക്കാരുടെ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്.

(ലേഖകന്‍റെ ഫോണ്‍ : 9847132428)