നിയമസഭയിൽ "വന്ദേമാതരം' മുഴുവൻ പാടാത്തതിൽ അതൃപ്തിയുമായി ഗവർണർ

 
Special Story

നിയമസഭയിൽ "വന്ദേമാതരം' ചരിത്രത്തിലാദ്യം, പിന്നാലെ വിവാദം

മുഴുവൻ പാടാത്തതിൽ അതൃപ്തിയുമായി ഗവർണർ

MV Desk

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായി പാടണമെന്നും പിന്നാലെ ദേശീയഗാനമായ ജനഗണമന പാടണമെന്നുമാണ് പുതിയ പ്രോട്ടോകോൾ.വന്ദേമാതരം മുഴുവൻ വായിക്കണമെന്ന് ലോക്ഭവന്‍റെ നിർദേശം ഉണ്ടായിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ, നിയമസഭയിൽ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പും ദേശീയ ഗീതമായ "വന്ദേമാതരം' ആലപിച്ചത് വിവാദമായി. സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് വന്ദേമാതരം ആലപിച്ചത്.

വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചതെങ്കിലും അതും വിവാദമായി. വന്ദേമാതരം മുഴുവൻ വായിക്കണമെന്ന് ലോക്ഭവന്‍റെ നിർദേശം ഉണ്ടായിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. മുഴുവനായി പാടേണ്ടെന്ന നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശനാണ് നൽകിയത്. എന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായി പാടണമെന്നും പിന്നാലെ ദേശീയഗാനമായ ജനഗണമന പാടണമെന്നുമാണ് പുതിയ പ്രോട്ടോകോൾ.

വന്ദേമാതര ഗാനത്തിന്‍റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ നിർദേശം കേന്ദ്രം നൽകിയത്. എന്നാൽ, ഹൈന്ദവ പ്രതീകങ്ങൾ ഉള്ളതിനാൽ മൂന്നാമത്തെ ഖണ്ഡിക മുതൽ പാടാൻ ബിജെപി ഇതര കക്ഷികൾ തയാറായിരുന്നില്ല.

വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം പൊലീസ് ബാൻഡ് വായിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര ആർലേക്കറും മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംഎൽഎയുമായ വി. മുരളീധരനും രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. എന്നാൽ, സർക്കാർ നടപടിയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയത് ശ്രദ്ധേയമായി.

ലോക്ഭവൻ നിർദേശം നൽകിയിട്ടും ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം മുഴവനായി പാടാതിരുന്നത് ശരിയായ നടപടിയല്ലെന്നും, അതു പ്രോട്ടോകോൾ ലംഘനമാണെന്നും, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഇക്കാര്യം സൂചിപ്പിച്ചെന്നും, അടുത്ത നടപടി കാത്തിരുന്നു കാണാമെന്നുമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. കടുത്ത അതൃപ്തിയാണ് അദ്ദേഹത്തിനുള്ളത്. താൻ സന്നിഹിതനാകുന്ന പരിപാടികളിൽ മേലിൽ ഇത് ആവർത്തിക്കരുതെന്ന് അദ്ദേഹം കർശന നിർദേശം നൽകിയതായും സൂചനയുണ്ട്.

സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, തങ്ങൾ അറിയാതെയാണ് സംഭവിച്ചതെന്നും അത് ലോക്ഭവൻ സംഘടിപ്പിച്ച ചടങ്ങായിരുന്നുവെന്നുമാണ് അന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്.

ഇത്രയും പാടിയാൽ മതിയെന്ന് പിണറായി

ദേശീയ ഗീതമായ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ആലപിച്ചതിൽ യാതൊരു തെറ്റുമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ല. ആദ്യ വരികൾ മാത്രം ചൊല്ലിയാൽ മതി. മുഴുവൻ ചൊല്ലുകയെന്നത് ആർഎസ്എസ് അജൻഡയാണ്. അതു കേരളത്തിൽ നടപ്പാക്കേണ്ടതില്ല. സത്യപ്രതിജ്ഞാ ചടങ്ങിൽ തെറ്റു പറ്റിയത് സർക്കാർ തിരിച്ചറിഞ്ഞു. അതാണ് തിരുത്തിയത്. വന്ദേമാതരം ആലപിക്കുമ്പോൾ സാധാരണ നിലയിൽ എഴുന്നേറ്റു നിൽക്കേണ്ടതില്ല. എന്നാലും തങ്ങൾ എണീറ്റു നിൽക്കുകയായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.

വൈഭവ് സൂര്യവംശിയെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ

"പിഎം ഗ്രാമീണ വീട് പദ്ധതി'ക്ക് 10,000 കോടി, കേരളവും ലിസ്റ്റിൽ

അതിവേഗ റെയ്ൽ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ഇ. ശ്രീധരൻ റിപ്പോർട്ട് കൈമാറി

കേരളത്തിൽ കനത്ത മഴ തുടരും

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു