ദേവൻ രാമചന്ദ്രൻ

 
Special Story

നീതിപീഠത്തിലെ മാനവികതയുടെ വെളിച്ചം

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിയിൽ പത്തു വർഷം പൂർത്തിയാക്കുന്നു

MV Desk

ജിബി സദാശിവൻ

നിയമത്തിന്‍റെ വരണ്ട താളുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ അക്ഷരങ്ങൾ തൊട്ടറിഞ്ഞ ന്യായാധിപൻ. കേവലം വിധികളുടെ അക്കപ്പെരുക്കമല്ല, ഓരോ ഉത്തരവിലും തുടിച്ചുനിന്ന കരുണയും നീതിബോധവുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന നാമത്തെ ജനമനസുകളിൽ വേറിട്ടുനിർത്തുന്നത്. കേരള ഹൈക്കോടതിയിൽ ന്യായാധിപനായി ചുമതലയേറ്റിട്ട് ഇന്ന് പത്തു വർഷം പൂർത്തിയാകുമ്പോൾ, നീതിന്യായ ചരിത്രത്തിലെ സൗമ്യവും എന്നാൽ ദൃഢവുമായ ഒരു ദശാബ്ദത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

പഠനമുറിയിലെ റാങ്കുകാരൻ

ഭാവൻസ് സ്കൂളിലെ പഠനത്തിനു ശേഷം എറണാകുളം ഗവ. ലോ കോളെജിൽനിന്ന് 1990ൽ ബിഎ എൽഎൽബിയിൽ ഒന്നാം റാങ്കോടെയാണ് അദ്ദേഹം നിയമലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പ്രശസ്ത അഭിഭാഷകനായ പിതാവ് ബാരിസ്റ്റർ എം.പി.ആർ. നായരുടെ ശിക്ഷണത്തിൽ 1991ൽ വക്കീൽ കുപ്പായമണിഞ്ഞു. വെറും 35-ാം വയസ്സിൽ ഹൈക്കോടതിയുടെ സ്റ്റാൻഡിങ് കൗൺസലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടം അദ്ദേഹത്തെ തേടിയെത്തി. 2015ൽ സീനിയർ അഡ്വക്കെറ്റായി നിയമിതനായപ്പോൾ മറ്റൊരു ചരിത്രം കൂടി പിറന്നു; ഒരേ ഹൈക്കോടതിയിൽനിന്ന് അച്ഛനും മകനും സീനിയർ പദവി ലഭിക്കുന്ന ആദ്യ അപൂർവത.

റോഡിന്‍റെ കാവലാൾ; ജനങ്ങളുടെ രക്ഷകൻ

2016 ഒക്റ്റോബർ അഞ്ചിനാണു കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചുമതലയേറ്റത്. നിയമപുസ്തകങ്ങൾ അടച്ചുവച്ച് ജനങ്ങളുടെ നിത്യജീവിതത്തിലേക്ക് നോക്കിയ ന്യായാധിപനാണ് അദ്ദേഹം. പൊതുനിരത്തുകളിലെ ദൃശ്യമലിനീകരണത്തിനെതിരേയുള്ള പോരാട്ടവും റോഡുകളിലെ കുഴികൾക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ജനശ്രദ്ധ നേടി. "റോഡിലെ കുഴിക്ക് എൻജിനീയർ ഉത്തരവാദിയാകണം" എന്ന നിർണായക ഉത്തരവ് ഓരോ യാത്രക്കാരന്‍റെയും ജീവന് കാവലായി. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകൾ, തോരണങ്ങൾ, കൊടിമരങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നിലപടാന് അദ്ദേഹം സ്വീകരിച്ചത്. കൊച്ചിയിലെ പേരണ്ടൂർ കനാൽ നവീകരണത്തിലും വെള്ളപ്പൊക്ക നിവാരണത്തിലും അദ്ദേഹം പുലർത്തിയ ദീർഘവീക്ഷണം നഗരത്തെ വെള്ളപ്പൊക്ക ദുരന്തങ്ങളിൽനിന്നാണ് കരകയറ്റിയത്.

അധികാരത്തിന്‍റെ ധാർഷ്ട്യത്തിനെതിരെ ഭരണഘടനാ തിളക്കം

"എടാ, നീ" എന്ന് പൗരന്മാരെ വിളിക്കുന്നത് കൊളോണിയൽ അടിമത്തത്തിന്‍റെ ബാക്കിപത്രമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള അദ്ദേഹത്തിന്‍റെ വിധി പൊലീസ് സേനയിൽ വൻ മാറ്റത്തിനാണ് വഴിതെളിച്ചത്. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മാന്യമായ പെരുമാറ്റം ഉറപ്പാക്കി സർക്കുലർ ഇറക്കേണ്ടിവന്നു. സാധാരണക്കാരനെ അനാവശ്യമായി കൈവിലങ്ങിട്ട പൊലീസ് ഉദ്യോഗസ്ഥനെ ജയിലിലടച്ച ചരിത്രവിധിയും ഈ ബെഞ്ചിൽനിന്നുണ്ടായി.

പെൺശരീരത്തിന്മേലുള്ള സ്ത്രീയുടെ സ്വയംഭരണാവകാശത്തെ ഉയർത്തിപ്പിടിച്ച "അവളുടെ ശരീരം അവളുടെ അവകാശം' എന്ന വിധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളിൽ വലിയൊരു നാഴികക്കല്ലാണ്.

രാഷ്ട്രീയ കൊലപാതങ്ങൾക്കെതിരേയും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. പെൺകുട്ടികൾ ഇരകളാക്കപ്പെടുന്ന കേസുകൾ പരിഗണിക്കുമ്പോൾ പലപ്പോഴും അദ്ദേഹമൊരു പിതാവാകും. നനവ് പടർന്ന കണ്ണുകൾ തുടച്ച്, ഇടറുന്ന വാക്കുകളിലൂടെ സ്വന്തം മകളുടെ സ്ഥാനത്തു കണ്ടാകും അദ്ദേഹം വിധി വായിച്ചു തീർക്കുക. വന്ദനദാസ് കൊലക്കേസ് കോടതിയിലെത്തിയപ്പോഴും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വികാരഭരിതനായി.

അർധരാത്രിയിലെ സിറ്റിങ്; നാടിന് കാവലായ വിധികൾ

അപകടമുണ്ടാക്കിയ ശേഷം രാജ്യതിർത്തി കടക്കാൻ ശ്രമിച്ച വിദേശ കപ്പലിനെ പിടിച്ചുകെട്ടാൻ അർധരാത്രി 11.30-ന് ഓൺലൈൻ സിറ്റിങ് നടത്തി കപ്പൽ ജപ്തി ചെയ്യാൻ ഉത്തരവിട്ട സംഭവം ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽത്തന്നെ ആദ്യത്തേതായിരുന്നു. ചെറിയ അളവിൽ ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് ആവർത്തിച്ചാൽ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കാമെന്ന അഞ്ചംഗ ബെഞ്ചിന്‍റെ ചരിത്രപരമായ വിധിക്കും അദ്ദേഹം നേതൃത്വം നൽകി. കൊവിഡ്19 മഹാമാരിയുടെ സമയത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

അരലക്ഷം വിധികൾ; അതിലേറെ കാരുണ്യം

പത്തു വർഷത്തെ സേവനത്തിനിടയിൽ അരലക്ഷത്തോളം കേസുകൾക്കാണ് അദ്ദേഹം തീർപ്പു കൽപ്പിച്ചത്. എന്നാൽ, ആ സംഖ്യകളേക്കാളേറെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ജനങ്ങൾ നെഞ്ചേറ്റുന്നത് ഓരോ വിധിയുടെ അന്തർധാരയായി മാറിയ മാനവികതയുടെ പേരിലാണ്. കോടതിയിൽ തന്റെ പരിഗണനയ്ക്ക് വരുന്ന കേസുകൾക്കപ്പുറം സാമൂഹ്യ ഇടപെടലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. അനേകം കുടുംബങ്ങൾക്ക് സാന്ത്വന സ്പർശമാകാനും അദ്ദേഹത്തിന് കഴിഞ്ഞു.

നിയമം എന്നത് മനുഷ്യന് വേണ്ടിയുള്ളതാണെന്ന് നിരന്തരം ഓർമിപ്പിച്ച, കാരുണ്യത്തിന്‍റെ ഈ ഒരു ദശാബ്ദം കേരള നീതിന്യായ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കും.