യൂറോപ്പിനു വേണ്ടി കാക്കിനടയിൽ നിർമിക്കുന്ന അമോണിയ പരിസ്ഥിതി ആശങ്കയ്ക്ക് കാരണമാകുന്നു.
ആന്ധ്ര പ്രദേശിലെ കാക്കിനട തീരത്ത് 10 ബില്യൺ ഡോളർ നിക്ഷേപത്തിൽ എ.എം ഗ്രീൻ സ്ഥാപിക്കുന്ന ഗ്രീൻ അമോണിയ പ്ലാന്റ് സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാകുന്നു. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ നീക്കങ്ങളും പ്രാദേശിക പരിസ്ഥിതി ആശങ്കകളും പരിശോധിക്കുന്ന റിപ്പോർട്ട്.
Kakinada 10 billion dollar AM Green ammonia project, National Green Hydrogen Mission, India EU FTA and coastal livelihood concerns.
സഫീന വാനി
കഴിഞ്ഞ 40 വർഷമായി ഫിഷിങ് ഹാർബറിൽ തടിവള്ളം തുഴഞ്ഞും ഫൈബർ ബോട്ടിൽ കടലിൽ പോയും മീൻപിടിക്കുന്നുണ്ട് ആദിനാരായണ. കടൽക്കാറ്റ് ജീവശ്വാസമാണ് അദ്ദേഹത്തിന്. ഓരോ ദിവസവും തീരത്തെ മണലിൽ കാൽ പൂഴ്ത്തി നിൽക്കുമ്പോൾ കടലിന്റെ ഓരോ സ്പന്ദനവും അയാളറിയും. കടൽ ഒച്ചുകൾ, ശംഖുകൾ, കക്കകൾ, ചിപ്പികൾ തുടങ്ങിയവ ശേഖരിച്ച് പ്രാദേശിക വിപണികളിലും ഹോട്ടലുകളിലും എത്തിച്ചാണ് കുടുംബം പോറ്റുന്നത്. സുന്ദർബൻസിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽക്കാടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ആദിനാരായണയുടെ കാക്കിനട. നെൽകൃഷിക്കും സമുദ്രോത്പന്ന കയറ്റുമതിക്കും പേരുകേട്ട ആന്ധ്ര പ്രദേശിന്റെ തീരനഗരം.
കാക്കിനടയിലെ മത്സ്യത്തൊഴിലാളി ക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് പ്രെസിംഗി ആദിനാരായണ. ഇന്ന് അയാളുടെ കൺമുന്നിൽക്കൂടി തീരക്കടലിന്റെ രൂപവും ഭാവവും മാറുകയാണ്. കാക്കിനട തുറമുഖ സമുച്ചയത്തിനു ചുറ്റുമുള്ള വ്യവസായവത്കരണം കാരണം രാസമാലിന്യങ്ങൾ കടലിലേക്ക് ഒഴുകിയെത്തുകയും വെള്ളത്തിനു മുകളിൽ വിഷമയമായ എണ്ണപ്പാട രൂപം കൊള്ളുകയും ചെയ്യുന്നു. ഇത് മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചു. "എണ്ണ പര്യവേക്ഷണ കമ്പനികളും വളം-മരുന്ന് നിർമാണ ശാലകളും പതിറ്റാണ്ടുകളായി കടലിനെയും വായുവിനെയും മലിനമാക്കുകയാണ്," ആദിനാരായണ പറയുന്നു.
ഈ ആശങ്കകൾക്കിടയിലേക്കാണ് 10 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ അമോണിയ പദ്ധതിയായ 'എഎം ഗ്രീൻ' (AM Green) കാക്കിനടയിൽ വരുന്നത്. പ്രതിവർഷം 1.5 ദശലക്ഷം ടൺ (MTPA) ഗ്രീൻ ഹൈഡ്രജനും ഗ്രീൻ അമോണിയയും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പ്ലാന്റ് പ്രധാനമായും കയറ്റുമതിക്കായാണ് സജ്ജമാക്കുന്നത്.
യൂറോപ്പിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാൻ ആന്ധ്ര പ്രദേശിലെ കാക്കിനടയിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അമോണിയ പ്ലാന്റിനെതിരേ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും.
"ഇത് കടലിനെ കൂടുതൽ മലിനമാക്കും. ഞങ്ങളുടെ ഗുരുതരമായ ആശങ്കയ്ക്കു മുന്നിൽ സർക്കാർ കുംഭകർണ നിദ്രയിലാണ്. പരാതികൾ ബോധിപ്പിക്കാൻ ഓഫിസുകൾ കയറിയിറങ്ങാൻ ഞങ്ങൾക്കിനി വയ്യ. ഞങ്ങളുടെ അഭിപ്രായം പറയാൻ യാതൊരു പൊതുജനാഭിപ്രായ ശേഖരണവും നടത്തിയിട്ടുമില്ല," ആദിനാരായണ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും സമുദ്ര ആവാസവ്യവസ്ഥയും അതിജീവനത്തിന്റെ ഏറ്റവും വലിയ യുദ്ധമുഖത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിലേക്ക് നേരിട്ട് ഹരിത ഊർജം കയറ്റുമതി ചെയ്യുന്നതിനുള്ള ഇടനാഴിയായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ ഗ്രേ ഹൈഡ്രജൻ ഉത്പാദിപ്പിച്ചിരുന്ന നാഗാർജുന ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ (NFCL) 1,127 ഏക്കർ ഭൂമിയിൽ നിന്ന് ഏറ്റെടുത്ത 495 ഏക്കറിലാണ് പുതിയ പ്ലാന്റ് വരുന്നത്. ഇതിൽ 2.97 ഏക്കർ ഇലക്ട്രോലൈസർ അസംബ്ലി യൂണിറ്റിനായും ബാക്കി 492.03 ഏക്കർ നിലവിലുള്ള അമോണിയ-യൂറിയ സമുച്ചയത്തിനും നിർദിഷ്ട ഗ്രീൻ അമോണിയ പ്ലാന്റിനുമായി നീക്കിവച്ചിരിക്കുന്നു.
പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകരുതെന്നും പരിസ്ഥിതി ആഘാത പഠനം (EIA) സമഗ്രമായി പരിഷ്കരിച്ച് ഉടൻ പബ്ലിക് ഹിയറിങ് നടത്തണമെന്നും ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് ഹ്യൂമൻ റൈറ്റ്സ് ഫോറം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിക്ക് കത്ത് നൽകിയിട്ടുണ്ട്. പുനരുപയോഗ ഊർജം ഉപയോഗിക്കുന്ന സ്വതന്ത്ര ഗ്രീൻ അമോണിയ പ്ലാന്റുകൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെങ്കിലും, നിലവിലുള്ള അമോണിയ-യൂറിയ പ്ലാന്റ് നവീകരിച്ച് മാറ്റം വരുത്തുന്നതിനാലാണ് കാക്കിനട പദ്ധതി പരിസ്ഥിതി അനുമതിയുടെ പരിധിയിൽ വരുന്നത്.
യൂറോപ്പിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാൻ ആന്ധ്ര പ്രദേശിലെ കാക്കിനടയിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അമോണിയ പ്ലാന്റിനെതിരേ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും.
2021-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗ്രീൻ ഹൈഡ്രജൻ മിഷൻ 2023-ൽ 'നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ' (NGHM) എന്ന പേരിൽ നയമായി രൂപീകരിച്ചു. 2030-ഓടെ പ്രതിവർഷം കുറഞ്ഞത് അഞ്ച് ദശലക്ഷം മെട്രിക് ടൺ (MMTPA) ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിച്ച് ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കയറ്റുമതി വിപണി വളരുന്നതനുസരിച്ച് ഇത് 10 MMTPA ആയി ഉയർത്താനും പദ്ധതിയുണ്ട്. സൈറ്റ് (SIGHT) പദ്ധതിക്ക് കീഴിൽ പ്രതിവർഷം 7,24,000 മെട്രിക് ടൺ ഗ്രീൻ അമോണിയ ഉത്പാദിപ്പിക്കാനാണ് കേന്ദ്ര നീക്കം.
2020-ൽ തന്നെ ജർമനി തങ്ങളുടെ ഹൈഡ്രജൻ നയം പ്രഖ്യാപിച്ചിരുന്നു. യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസിന്റെ (IEEFA) റിപ്പോർട്ട് പ്രകാരം ജർമനിയുടെ ഹൈഡ്രജൻ ആവശ്യകതയുടെ 70 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുക. പ്രാദേശിക ഉത്പാദനച്ചെലവ് വർധിച്ചതും യൂറോപ്യൻ യൂണിയന്റെ കർശന മാനദണ്ഡങ്ങളും കാരണം 2023-നു ശേഷം ഈ ഇറക്കുമതി ആശ്രിതത്വം വീണ്ടും കൂടി. ഈ വിപണിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
നിലവിൽ യൂറോപ്പിൽ ഒരു കിലോഗ്രാം ഗ്രീൻ ഹൈഡ്രജന് ശരാശരി 7.63 ഡോളർ ചെലവ് വരുമ്പോൾ ഇന്ത്യയിലത് നാല് മുതൽ അഞ്ച് ഡോളർ വരെയാണ്. എങ്കിലും കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് ഡോളർ മാത്രം ചെലവുള്ള ഗ്രേ ഹൈഡ്രജനാണ് ഇപ്പോഴും ഇന്ത്യൻ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. 2026-2030 കാലയളവിൽ കേന്ദ്ര സർക്കാർ 1.6 ബില്യൺ ഡോളർ നേരിട്ടുള്ള പ്രോത്സാഹന ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഇതുതന്നെയാണ്. ഉയർന്ന ഉത്പാദനച്ചെലവ് കാരണം 2024-ൽ ഇന്ത്യയിൽ കമ്മിഷൻ ചെയ്ത പൈലറ്റ് പദ്ധതികളുടെ ശേഷി 0.01 MMT-ൽ താഴെ മാത്രമായിരുന്നുവെന്ന് ബെയ്ൻ ആൻഡ് കമ്പനി, സിഐഐ, റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്ത റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
"ഉരുക്ക്, സിമന്റ് തുടങ്ങിയ വ്യവസായ മേഖലകളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഗ്രീൻ ഹൈഡ്രജൻ സഹായിക്കും," സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് (SAPACC) കോ-കൺവീനറും ഫ്രണ്ട്സ് ഓഫ് ദി എർത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗവുമായ ഡോ. സൗമ്യ ദത്ത പറയുന്നു. എന്നാൽ, ഒരു കിലോ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ഏകദേശം 50 മുതൽ 55 കിലോവാട്ട്-അവർ (180-200 മെഗാജൂൾ) പുനരുപയോഗ വൈദ്യുതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "നമ്മുടെ സ്വന്തം വ്യവസായ മേഖലകളെ മലിനീകരണ മുക്തമാക്കാനാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ ശരിയായ ദിശയിലാണ്. എന്നാൽ യൂറോപ്പിന് നൽകാനായി കയറ്റുമതി ചെയ്യുമ്പോൾ നമ്മുടെ ഭൂമിക്കും ജലസ്രോതസുകൾക്കും മേൽ വലിയ സമ്മർദമാണുണ്ടാകുന്നത്. ഇത് നമ്മുടെ വിഭവങ്ങളുടെയും ജനങ്ങളുടെയും ചൂഷണമായി മാറും," അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാൻ ആന്ധ്ര പ്രദേശിലെ കാക്കിനടയിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അമോണിയ പ്ലാന്റിനെതിരേ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും.
2007-ൽ തുടങ്ങിവച്ച് 2013-ൽ മുടങ്ങിപ്പോയ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) 2022-ൽ പുനരാരംഭിക്കുകയും 2026 ജനുവരിയിൽ ചർച്ചകൾ പൂർത്തിയാക്കി ഡിസംബറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുകയുമാണ്. ഇതിന് മുന്നോടിയായി യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന 10,000 ടൺ ഗ്രീൻ അമോണിയ ജർമനിയിലേക്ക് കയറ്റുമതി ചെയ്യാൻ എഎം ഗ്രീൻ ജർമൻ രാസഭീമനായ ബിഎഎസ്എഫുമായി (BASF) ധാരണാപത്രം ഒപ്പിട്ടു. ജർമനിയിലെ യൂണിപ്പർ, റോട്ടർഡാം തുറമുഖം എന്നിവയുമായും കമ്പനി കരാറിലേർപ്പെട്ടിട്ടുണ്ട്. 2027-ൽ കയറ്റുമതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ വ്യാപാര ബന്ധത്തെക്കുറിച്ച് ഇന്ത്യയിലെ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാങ്കേതികവിദ്യയ്ക്കായി ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനും ഈ കരാർ സഹായിക്കുമെന്ന് അന്താരാഷ്ട്ര വ്യാപാര വിദഗ്ധ പാരുൾ ബക്ഷി അഭിപ്രായപ്പെടുന്നു. എന്നാൽ, പുനരുപയോഗ ഊർജ വിപണിയിലും നിർണായക ധാതുക്കളുടെയും ബാറ്ററികളുടെയും വിതരണ ശൃംഖലയിലും ചൈനയ്ക്കുള്ള ആധിപത്യത്തെ യൂറോപ്പ് ഭയപ്പെടുന്നതുകൊണ്ടാണ് ബദലായി ഇന്ത്യയെ കൂട്ടുപിടിക്കുന്നതെന്ന് കശ്മീർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഗവേഷകൻ ഡോ. മുഹമ്മദ് സാഖിബ് വിലയിരുത്തുന്നു.
യൂറോപ്പിലേക്ക് ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാൻ ആന്ധ്ര പ്രദേശിലെ കാക്കിനടയിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അമോണിയ പ്ലാന്റിനെതിരേ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും.
2030-ഓടെ അഞ്ച് MMTPA ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ 15 ജിഗാവാട്ട് ഇലക്ട്രോലൈസർ ശേഷിയും 125 ജിഗാവാട്ട് പുനരുപയോഗ ഊർജവും ഇന്ത്യയ്ക്ക് ആവശ്യമാണ്. സൗരോർജ പാനലുകൾ വഴി മാത്രം 125 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏകദേശം 6,25,000 ഏക്കർ ഭൂമി വേണ്ടിവരും.
വിശാലമായ ഭൂപ്രദേശവും പസഫിക് സമുദ്രതീരവുമുള്ള അമെരിക്ക പോലുള്ള രാജ്യങ്ങളിലാണ് യൂറോപ്പ് നിക്ഷേപം നടത്തേണ്ടതെന്ന് ഡോ. സൗമ്യ ദത്ത പറയുന്നു. "ഇന്ത്യയിലെ കുറഞ്ഞ ഊർജ ചെലവും കുറഞ്ഞ വേതനവുമാണ് യൂറോപ്പിനെ ആകർഷിക്കുന്നത്. എന്നാൽ ജനസാന്ദ്രതയേറിയ, ഭൂമി പരിമിതമായ രാജ്യമാണ് ഇന്ത്യയെന്ന് നാം ഓർക്കണം. വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നത് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിന് കാരണമാകും," അദ്ദേഹം പറഞ്ഞു. ലാൻഡ് കോൺഫ്ലിക്റ്റ് വാച്ചിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പുനരുപയോഗ ഊർജ പദ്ധതികളുമായി ബന്ധപ്പെട്ട് 36,003 ഹെക്ടർ ഭൂമി ഇതിനോടകം തർക്കത്തിലാണ്.
ഗ്രീൻ ഹൈഡ്രജൻ വാതക രൂപത്തിൽ കപ്പലിൽ കൊണ്ടുപോകുന്നത് അപകടകരവും ചെലവേറിയതുമായതിനാൽ ദ്രാവക രൂപത്തിലുള്ള ഗ്രീൻ അമോണിയയാക്കി മാറ്റിയാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ പുനരുപയോഗ ഊർജം ഉപയോഗിച്ചുള്ള ഇലക്ട്രോലൈസിസ് വഴി ഹൈഡ്രജൻ നിർമിച്ചതുകൊണ്ട് മാത്രം അത് പൂർണമായും 'ഹരിത'മാകില്ലെന്ന് മുൻ കേന്ദ്ര ഊർജ സെക്രട്ടറിയും ആന്ധ്ര പ്രദേശിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഇ.എ.എസ് ശർമ ചൂണ്ടിക്കാണിക്കുന്നു. "സൗരോർജത്തിലോ കാറ്റാടി വൈദ്യുതിയിലോ പ്രവർത്തിക്കുന്ന പ്ലാന്റുകൾ രാത്രിയിൽ എങ്ങനെ പ്രവർത്തിക്കും? ഇന്ത്യയിൽ ബാറ്ററി സംഭരണ ശേഷി കുറവായതിനാൽ സ്വാഭാവികമായും നാഷണൽ ഗ്രിഡിനെ ആശ്രയിക്കേണ്ടി വരും. കൽക്കരി നിലയങ്ങളിൽ നിന്നാണ് ആ വൈദ്യുതി വരുന്നത്," അദ്ദേഹം വ്യക്തമാക്കുന്നു.
കാക്കിനട തീരത്ത് തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ പേരുകൾ ഒരു കടലാസിൽ കുറിച്ചിടുകയാണ് ആദിനാരായണ. ദിവസങ്ങളോളം ഉൾക്കടലിൽ പോയ എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ഉറപ്പുവരുത്താനാണ് ഈ കണക്കെടുപ്പ്.
"ഇത് വെറും അക്കങ്ങളല്ല, കുടുംബം പോറ്റാൻ ഒരാഴ്ചയിലേറെയായി കടലിൽ പണിയെടുക്കുന്ന മനുഷ്യരാണ്. നൂറ്റാണ്ടുകളായി തുടരുന്നതുപോലെ യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ ഉപജീവനം തുടരാൻ അനുവദിക്കണമെന്ന് മാത്രമാണ് ഇവരുടെ ആവശ്യം," ആദിനാരായണ പറഞ്ഞു നിർത്തുന്നു.
ജർമനിയിലെ ടാസ് പാന്റർ സ്റ്റിഫ്റ്റംഗിന്റെ (taz Panter Stiftung) 'ഇൻ-ഡയലോഗ്: ഇന്ത്യ-ജർമനി ഫെലോഷിപ്പ് പ്രോഗ്രാമിന്റെ' ഭാഗമായി തയാറാക്കിയ റിപ്പോർട്ട്.