ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂർണമായ ഭാവിക്കായി ആയുർവേദം
പ്രതാപ്‌റാവു ജാദവ്
ആരോഗ്യവാന്മാരായിരിക്കുക എന്നതിനെക്കുറിച്ച് ലോകം പുനർവിചിന്തനം നടത്തുകയാണ്. ഇന്നത്തെ ആരോഗ്യ പരിപാലനം രോഗചികിത്സയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല; മറിച്ച് രോഗപ്രതിരോധം, സൗഖ്യം ഉറപ്പാക്കൽ, മാറുന്ന ജീവിതശൈലികൾക്കും പാരിസ്ഥിതിക സമ്മർദങ്ങൾക്കും ഉയർന്നുവരുന്ന ആരോഗ്യ വെല്ലുവിളികൾക്കും അനുസൃതമായി പ്രവർത്തിക്കാൻ കഴിയുന്ന ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കൽ എന്നിവയ്ക്കും അത് പ്രാധാന്യം നൽകുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഭാവിസജ്ജവും സുപ്രധാനവുമായ ഒരു ദർശനം ആയുർവേദം മുന്നോട്ടുവയ്ക്കുന്നു.
"ഏകാരോഗ്യം, ഏക ഭാവി' (One Health, One Future) എന്ന ദർശനത്തിലൂന്നിയുള്ള 11ാമത് ആയുർവേദ ദിനത്തിന്‍റെ പ്രമേയമായ "കൂടുതൽ ആരോഗ്യപൂർണമായ ഭാവിയ്ക്കായി ആയുർവേദം' (Ayurveda for a Healthier Tomorrow) എന്നത് ഈ ആശയത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. മനുഷ്യന്‍റെ ആരോഗ്യം നിരപേക്ഷമായ ഒരു കാര്യമല്ല. വ്യക്തികൾ, സമൂഹങ്ങൾ, മൃഗങ്ങൾ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യം പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
പ്രതിരോധം, സന്തുലിതമായ ജീവിതം, ഉചിതമായ ഭക്ഷണക്രമം, ദിനചര്യകൾ, പ്രകൃതിയുമായുള്ള താദാത്മ്യം എന്നിവയ്ക്ക് ആയുർവേദം എപ്പോഴും ഗണ്യമായ ഊന്നൽ നൽകിയിട്ടുണ്ട്. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ, സമ്മർദം, മഹാമാരികൾ എന്നിവ സമൂഹങ്ങളിൽ വർധിത ഭാരം അടിച്ചേൽപ്പിക്കുന്ന ഒരു സമയത്ത്, ഈ തത്വങ്ങൾക്ക് നൂതനമായ പ്രസക്തിയുണ്ട്.
എന്നാൽ ആയുർവേദത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതിനർഥം പിന്നിലേക്കു നടക്കുക എന്നതല്ല. ഗവേഷണം, തെളിവുകൾ, നൂതനാശയങ്ങൾ, ഗുണനിലവാരം എന്നിവയിലൂടെയാണ് അതിന്‍റെ ഭാവി രൂപപ്പെടുത്തേണ്ടത്. ആയുർവേദവുമായി ബന്ധപ്പെട്ട അറിവ് സമകാലിക ശാസ്ത്രീയ രീതികളിലൂടെ പഠിക്കുകയും സമകാലിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയുന്ന പരിഹാരങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഈ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സുപ്രധാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആയുർവേദത്തിനും മറ്റ് ആയുഷ് (AYUSH) ചികിത്സാ രീതികൾക്കും ശക്തവും സ്ഥാപനപരവുമായ അടിത്തറയൊരുക്കുന്നതിൽ 2014ൽ "ആയുഷ് മന്ത്രാലയം' രൂപീകരിച്ചത് ഒരു സുപ്രധാന നാഴികക്കല്ലായി മാറി. അന്നുമുതൽ, ഈ മേഖലയിലെ പ്രവർത്തനങ്ങൾ കേവലം സംരക്ഷണത്തിലും പ്രചാരണത്തിലും മാത്രം ഒതുങ്ങിനിൽക്കാതെ ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യ സേവന വിതരണം, ഗുണനിലവാരം ഉറപ്പാക്കൽ, നൂതന ആശയങ്ങൾ, ആഗോള സഹകരണം എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു.
ആരോഗ്യപരിപാലനം എന്നത് ആത്യന്തികമായി രോഗിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം. ഉചിതമായ സാഹചര്യങ്ങളിലും ശാസ്ത്രീയ തെളിവുകളുടെ പിന്തുണയുള്ളപ്പോഴും, വിവിധ ചികിത്സാ രീതികൾക്ക് പരസ്പരം പൂരകമായി വർത്തിക്കാനും ആരോഗ്യപരിപാലനത്തിൽ കൂടുതൽ സമഗ്രമായ ഒരു സമീപനം കൈവരിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനത്തിൽ ആയുഷ് സേവനങ്ങൾ സമന്വയിപ്പിക്കുന്നതും "ആയുഷ്മാൻ ആരോഗ്യ മന്ദിറു'കളുടെ എണ്ണം വർധിപ്പിക്കുന്നതും, രോഗപ്രതിരോധത്തിനും സമഗ്രമായ ആരോഗ്യപരിപാലനത്തിനുമുള്ള സൗകര്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നത്.
ആയുർവേദത്തെ ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ഇന്ത്യയുടെ സമീപനങ്ങൾക്ക് ആഗോളതലത്തിൽ എപ്രകാരം സ്വീകാര്യത ലഭിക്കുമെന്ന് മുൻകാലങ്ങളിലെ "ആയുർവേദ ദിന' ആഘോഷങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആരോഗ്യ പാരമ്പര്യത്തിലേക്ക് ഒരു ആഗോള ജാലകം തുറന്നുകൊടുക്കാൻ "ആയുർവേദ ദിന'ത്തിന് സാധിച്ചു; ഒപ്പം, ക്ഷേമം, രോഗപ്രതിരോധം, സുസ്ഥിര ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ചർച്ചകളിൽ ആയുർവേദം ഇന്ന് ഒരു പ്രധാന പങ്ക് വഹിച്ചു വരികയാണ്.
ആഗോളതലത്തിൽ വർധിച്ചുവരുന്ന ഈ താൽപ്പര്യത്തിനൊപ്പം തുല്യപ്രാധാന്യമുള്ള ഒരു ഉത്തരവാദിത്തവുമുണ്ട്. വിശ്വസനീയമായ ഗവേഷണം, ക്ലിനിക്കൽ തെളിവുകൾ, ശക്തമായ ഗുണനിലവാര മാനദണ്ഡങ്ങൾ, ഉത്തരവാദിത്തപൂർണമായ ആശയവിനിമയം എന്നിവയിലൂടെ ആയുർവേദത്തിന് പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര സഹകരണങ്ങൾ, ആയുഷ് അക്കാദമിക് ചെയറുകൾ, ക്ലിനിക്കൽ ഗവേഷണം, നിയന്ത്രണ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ഇന്ത്യയ്ക്ക് പുറത്ത് ആയുർവേദത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. ഇതിലൂടെ ആഗോള വ്യാപനം വർധിപ്പിക്കുക മാത്രമല്ല, വളർച്ചയ്‌ക്കൊപ്പം വിശ്വാസവും ശാസ്ത്രീയ വിശ്വാസ്യതയും ഉറപ്പാക്കുക കൂടിയാണ് നമ്മുടെ ലക്ഷ്യം.
"ഏകാരോഗ്യം, ഏക ഭാവി' (One Health, One Future) എന്ന കാഴ്ചപ്പാട് ആശുപത്രികൾക്കും ഔഷധങ്ങൾക്കും അപ്പുറത്തേക്ക് നയിക്കുന്നു. ആരോഗ്യകരമായ ഒരു ഭാവി എന്നത് നമ്മുടെ പരിസ്ഥിതിയുടെയും, നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെയും, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ആശ്രയിക്കുന്ന പ്രകൃതിവിഭവങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഔഷധസസ്യങ്ങൾ ആരോഗ്യസംരക്ഷണത്തെ കൃഷി, ഉപജീവനമാർഗങ്ങൾ, ജൈവവൈവിധ്യം എന്നിവയുമായി ബന്ധിപ്പിക്കുന്നു. അവയുടെ സുസ്ഥിരമായ കൃഷിരീതി കർഷകർക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വിലപ്പെട്ട പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സംഭാവന നൽകുന്നു.
സാങ്കേതികവിദ്യയ്ക്കും വിപ്ലവകരമായ പങ്ക് വഹിക്കാൻ കഴിയും. വിപുലമായ ആയുർവേദ വിജ്ഞാനശേഖരത്തെ ആധുനിക ഗവേഷണ ശേഷി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഡാറ്റാ സയൻസ്, നിർമിത ബുദ്ധി തുടങ്ങിയ നൂതന സംവിധാനങ്ങളുമായി സമന്വയിപ്പിക്കാനുള്ള അവസരം ഇന്ന് ഇന്ത്യയ്ക്കുണ്ട്. ഈ സംയോജനം പരമ്പരാഗത രീതികളെ കൂടുതൽ കൃത്യതയോടെ പഠിക്കാനും നൂതനമായ ആശയങ്ങൾക്കും കണ്ടെത്തലുകൾക്കുമായി പുതുവഴികൾ വെട്ടിത്തുറക്കാനും ഗവേഷകരെ സഹായിക്കും.
എങ്കിലും, ഏറ്റവും പ്രധാനപ്പെട്ട മാറ്റം സംഭവിക്കേണ്ടത് ജനങ്ങളുടെ ജീവിതത്തിലാണ്. ആയുർവേദ ദിനം കേവലം ഒരു വാർഷികാചരണമായി മാത്രം ഒതുങ്ങരുത്. വീടുകൾ, വിദ്യാലയങ്ങൾ, തൊഴിലിടങ്ങൾ, ജനസമൂഹങ്ങൾ എന്നിവിയിലെല്ലാം ആരോഗ്യപൂർണമായ ജീവിതശൈലിയിലേക്കുള്ള വിപുലമായ മുന്നേറ്റത്തിന് അത് പ്രചോദനമാകണം. നാം കഴിക്കുന്ന ഭക്ഷണം, ശാരീരികമായ ഊർജസ്വലത, മാനസിക സമ്മർദം കൈകാര്യം ചെയ്യുന്ന രീതി, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തപൂർണമായ പെരുമാറ്റം എന്നിവയെല്ലാം നമ്മുടെ സമൂഹത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
ഈ യാത്രയിൽ യുവതലമുറയ്ക്ക് സവിശേഷമായ പങ്കുണ്ട്. ആയുർവേദത്തെ ഇന്ത്യയുടെ പൈതൃകത്തിന്‍റെ ഭാഗമായി മാത്രം അവതരിപ്പിക്കാതെ, ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിന് സഹായിക്കുന്ന ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലൊന്നായി അതിനെ ഉയർത്തിക്കാട്ടണം.
വിജ്ഞാനം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ ഒരു സവിശേഷ സംഗമസ്ഥാനത്താണ് ഇന്ത്യ ഇന്ന് നിലകൊള്ളുന്നത്. ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും, രോഗപരിപാലനത്തിനൊപ്പം ക്ഷേമത്തിനും, വികസനത്തിനൊപ്പം സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്ന ഒരു ആരോഗ്യപരിപാലന രീതി രൂപപ്പെടുത്തുന്നതിനായി ഈ ശക്തിയെ ഏകോപിപ്പിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാർഗം.
ആയുർവേദത്തെക്കുറിച്ചുള്ള ഫലപ്രദമായ ഗവേഷണം, അതിന്‍റെ ശാസ്ത്രീയ അടിത്തറ ശക്തിപ്പെടുത്തൽ, ഗുണനിലവാരം ഉറപ്പാക്കൽ, ജനങ്ങൾക്ക് അതിന്‍റെ പ്രയോജനങ്ങൾ ലഭ്യമാക്കൽ എന്നിവയിലൂടെയായിരിക്കും ആയുർവേദത്തിന്‍റെ ഭാവി അന്തിമമായി വിലയിരുത്തപ്പെടുക.
അതുകൊണ്ട്, "ആരോഗ്യപൂർണമായ ഭാവിയ്ക്കായി ആയുർവേദം' എന്നത് കേവലം ഒരു പ്രമേയം മാത്രമല്ല; അതൊരു ആരോഗ്യസംസ്കാരം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണ് - വ്യക്തികളെ ശാക്തീകരിക്കുകയും, സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും, നാം പങ്കിടുന്ന പരിസ്ഥിതിയെ ആദരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം.
11ാമത് ആയുർവേദ ദിനം ആചരിക്കുമ്പോൾ, "ഏകാരോഗ്യം, ഏക ഭാവി' എന്ന ദർശനത്തെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാം; ഒപ്പം ആരോഗ്യപൂർണമായ ഇന്ത്യയ്ക്കും ആരോഗ്യപൂർണമായ ലോകത്തിനുമായി ഒന്നിച്ച് പ്രവർത്തിക്കാം.
(ആയുഷ് മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രിയുമാണ് ലേഖകൻ)