പോഷകാഹാരം: നമ്മുടെ പാത്രത്തിലുള്ളതും അതിലധികവും
പ്രിയങ്ക ജി. ബൻസാൽ,
അപർണ മുഖർജി
"നിങ്ങൾ ഇന്ന് എന്താണ് കഴിച്ചത്?'' എന്ന ചോദ്യം നമ്മുടെ ജീവിതത്തിൽ ഏറെ സാധാരണമാണ്. അത്താഴ മേശയിലോ, ഫോണിൽ സംസാരിക്കുമ്പോഴോ, ഒരു സംഭാഷണം കൊണ്ടുപോകുന്നതിനിടയിലോ നാം ഈ ചോദ്യം ചോദിക്കാറുണ്ട്. ലളിതമെന്ന് തോന്നുന്ന ഈ ചോദ്യത്തിന് ആഴമേറിയൊരു അർഥങ്ങളുണ്ട്. നാം കഴിക്കുന്ന ഭക്ഷണം ശരീര വളർച്ചയ്ക്കും ശരിയായ പ്രവർത്തനത്തിനും ആരോഗ്യ സംരക്ഷണത്തിനും പോഷകങ്ങൾ നൽകുന്നുണ്ടോ എന്ന ചിന്തയിലേക്ക് ഈ ചോദ്യം നമ്മെ നയിക്കുന്നു.
ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. കുട്ടികളുടെ ശാരീരിക- മാനസിക വളർച്ചയ്ക്കും കൗമാരക്കാരുടെ ആരോഗ്യ വികാസത്തിനും ഗർഭകാലത്ത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരം അനിവാര്യമാണ്. പ്രായപൂർത്തിയായവർക്ക് ആരോഗ്യം നിലനിർത്താനും പ്രായമായവർക്ക് സജീവവും ആരോഗ്യകരവുമായ ജീവിതം തുടരാനും സമീകൃത പോഷകാഹാരം സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല പോഷകാഹാരം; ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ആരോഗ്യവും ക്ഷേമവും നിലനിർത്തുന്നതിൽ അതിന് നിർണായക സ്ഥാനമുണ്ട്.
എല്ലാ വർഷവും സെപ്റ്റംബറിൽ ആചരിക്കുന്ന "പോഷൺ മാഹ്' ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാനുള്ള ഓർമപ്പെടുത്തൽ മാത്രമല്ല. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഭക്ഷണശീലങ്ങൾക്കും ആരോഗ്യ ആവശ്യങ്ങൾക്കും അനുസൃതമായി നമ്മുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ്. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണശീലം ജീവിത ഭാഗമാക്കാനും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും പോഷൺ മാഹ് ജനങ്ങളെ പ്രചോദിപ്പിക്കുന്നു.
ഇന്ത്യ ഇന്ന് വിവിധ തരം പോഷകാഹാര വെല്ലുവിളികളാണ് നേരിടുന്നത്. നിരവധി പേർക്ക് പോഷകാഹാരക്കുറവും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവവും നേരിടുന്നതിനൊപ്പം അമിതഭാരം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീജന്യ രോഗങ്ങളും വർധിച്ചുവരികയാണ്.
പോഷകാഹാരവും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വിവിധ കാരണങ്ങളുള്ളതിനാൽ, ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ ഒരു സമീപനമാണ് ആവശ്യം. രോഗങ്ങളെ നേരത്തേ തിരിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാനും അമിതമായ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സർക്കാർ പദ്ധതികളും പൊതുജനാരോഗ്യ സംരംഭങ്ങളും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. "ഈറ്റ് റൈറ്റ് ഇന്ത്യ മൂവ്‌മെന്‍റ് ', "ഖേലോ ഇന്ത്യ' തുടങ്ങിയ സംരംഭങ്ങൾ നൽകുന്ന പ്രധാന സന്ദേശം രോഗപ്രതിരോധത്തിൽ മാത്രം ഒതുങ്ങുന്നതല്ല; ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും ആരോഗ്യപൂർണവും സജീവവുമായ ജീവിതശൈലി പിന്തുടരുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം കൂടിയാണ് അവ മുന്നോട്ടുവയ്ക്കുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ഐസിഎംആർ) സംബന്ധിച്ചിടത്തോളം പോഷകാഹാരം ഒരു പ്രധാന ഗവേഷണ മേഖലയാണ്. സ്ഥാപനങ്ങളിലൂടെയും ഗവേഷണ പരിപാടികളിലൂടെയും ഐസിഎംആർ പോഷകാഹാരക്കുറവിന്‍റെ കാരണങ്ങൾ പഠിക്കുകയും, ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയും, വ്യത്യസ്ത പരിഹാരങ്ങൾ പരീക്ഷിക്കുകയും, ഗവേഷണ ഫലങ്ങളെ ആരോഗ്യ നയരൂപീകരണത്തിലേക്കും പദ്ധതികളിലേക്കും വിവർത്തനം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കുട്ടികളിലെ വിളർച്ചയും പോഷകാഹാരക്കുറവും പോലുള്ള ദീർഘകാല പ്രശ്‌നങ്ങളിൽ മാത്രമല്ല, ഗട്ട് മൈക്രോബയോം, ന്യൂട്രിജെനോമിക്സ്, മെറ്റബോളോമിക്സ് തുടങ്ങിയ നൂതന ഗവേഷണ മേഖലകളിലും ഈ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പോഷകാവസ്ഥയും വ്യക്തിഗത പോഷക ആവശ്യങ്ങളും കൃത്യമായി വിലയിരുത്താനും വ്യക്തിഗത ആരോഗ്യപരിചരണ സമീപനങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പരിശോധിക്കുന്നു.
മെച്ചപ്പെട്ട പോഷകാഹാരവും ആരോഗ്യവും ഉറപ്പാക്കാനുള്ള പ്രായോഗിക പരിഹാരങ്ങൾ രൂപപ്പെടുത്താൻ ശാസ്ത്രീയ ഗവേഷണത്തെ പ്രയോജനപ്പെടുത്തുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ചെലവു കുറഞ്ഞതും ജനങ്ങൾക്ക് സ്വീകാര്യവും ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ പിന്തുടരാവുന്നതുമായ ഭക്ഷണരീതികളും ജീവിതശൈലി പരിവർത്തനവും ഗവേഷകർ വികസിപ്പിക്കുകയും അവയുടെ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്യുന്നു. പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനും സാംക്രമികേതര രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുന്നതിനുമായി കൃഷി, ഭക്ഷ്യ ഉത്പാദനം, ഭക്ഷണ രീതികൾ എന്നിവയെ എങ്ങനെ പരസ്പരം ഏകോപിപ്പിക്കാമെന്നും ഗവേഷകർ പഠിക്കുന്നു.
വ്യത്യസ്ത ഭക്ഷണങ്ങൾ ശരീരത്തിന് വ്യത്യസ്ത പോഷകങ്ങൾ നൽകുന്നതിനാൽ, ആരോഗ്യകരമായ ജീവിതത്തിന് വൈവിധ്യമാർന്ന ഭക്ഷണക്രമം ഏറെ പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ, പരിപ്പുകൾ, വിത്തുകൾ, പാൽ, മറ്റ് പ്രോട്ടീൻ സ്രോതസുകൾ എന്നിവ ഉൾപ്പെടണം. ഓരോ ഭക്ഷണത്തിലും എല്ലാ പോഷകങ്ങളും കൃത്യമായ അളവിൽ ഉൾപ്പെടുത്തണമെന്നില്ല; പകരം, ദിവസം മുഴുവൻ വൈവിധ്യമാർന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കണം.
വർണാഭവും വൈവിധ്യപൂർണവുമായ ഒരു ഭക്ഷണത്തളിക നമ്മെ ഒരു പ്രധാന പാഠം പഠിപ്പിക്കുന്നു: ഒരൊറ്റ ഭക്ഷണത്തിന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ കഴിയില്ല. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലായി പോഷകസമൃദ്ധമായ ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുകൾ, വിത്തുകൾ, വിവിധതരം പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവയുടെ സമ്പന്നമായ വൈവിധ്യം നിലനിൽക്കുന്നു. അതിനാൽ, പുതിയ ""സൂപ്പർഫുഡുകൾ'' തേടുന്നതിന് പകരം, തനതായ ഭക്ഷണ പാരമ്പര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പോഷകസമൃദ്ധവും വൈവിധ്യപൂർണവുമായ ഭക്ഷണങ്ങളെ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
ആരോഗ്യകരമായ ഭക്ഷണരീതി എന്നത് ഭക്ഷണങ്ങളെ ""നല്ലത്'', ""മോശം'' എന്നിങ്ങനെ ലളിതമായി വേർതിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ്, കഴിക്കുന്നതിന്‍റെ ആവൃത്തി, തയ്യാറാക്കുന്ന രീതി, പോഷകമൂല്യം അടക്കം സമഗ്രമായ ഭക്ഷണരീതി പരിഗണിക്കേണ്ടതുണ്ട്. ഒരു ഭക്ഷണം പരമ്പരാഗതമാണെന്ന കാരണത്താൽ മാത്രം അത് ആരോഗ്യകരമാകണമെന്നില്ല; അതുപോലെ, പായ്ക്ക് ചെയ്തതാണെന്ന കാരണത്താൽ അത് അനാരോഗ്യകരവുമാകണമെന്നില്ല. അതിനാൽ, ഓരോ ഭക്ഷണത്തെയും ഒറ്റപ്പെട്ട് വിലയിരുത്തുന്നതിനുപകരം, വൈവിധ്യവും സന്തുലിതവും പോഷകസമൃദ്ധവുമായ സമഗ്ര ഭക്ഷണരീതിക്കാണ് പ്രാധാന്യം നൽകേണ്ടത്.
ഇന്ത്യയിൽ അമിതഭാരവും പൊണ്ണത്തടിയും വർധിച്ചുവരുന്നത് പോഷകാഹാര രംഗത്തെ പ്രധാന വെല്ലുവിളിയാണ്. പോഷകങ്ങളുടെയും ഭക്ഷണത്തിന്‍റെയും അപര്യാപ്തത മാത്രമല്ല, അമിതമായതും അനാരോഗ്യകരവുമായ ഭക്ഷണശീലങ്ങളും ശാരീരിക പ്രവർത്തനങ്ങളുടെ കുറവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ദേശീയ കുടുംബാരോഗ്യ സർവേയുടെ വിവിധ ഘട്ടങ്ങളിലെ കണക്കുകൾ പ്രകാരം, അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം ക്രമാനുഗതമായി ഉയരുകയാണ്. അതിനാൽ, ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകാഹാരക്കുറവിനൊപ്പം അമിതപോഷണത്തെയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെയും അഭിസംബോധന ചെയ്യുന്ന സമഗ്രമായ സമീപനം ഇന്ത്യയ്ക്ക് ആവശ്യമാണ്.
(പ്രിയങ്ക ബൻസാൽ ഡൽഹിയിലെ ഐസിഎംആർ ശാസ്ത്രജ്ഞയും, അപർണ മുഖർജി ഡൽഹി ഐസിഎംആർ ആർസിഎൻ, ക്ലിനിക്കൽ ട്രയൽസ് യൂണിറ്റ് വിഭാഗം മേധാവിയുമാണ്).